Friday, March 22, 2024
Homeഫിഖ്ഹ്സ്വര്‍ണ്ണപ്പല്ല് അനുവദനീയമാണോ?

സ്വര്‍ണ്ണപ്പല്ല് അനുവദനീയമാണോ?

ചോദ്യം: പുരുഷന്മാര്‍ക്ക് സ്വര്‍ണ്ണത്തിന്റെ റിസ്റ്റ് വാച്ചുകളുകള്‍ ധരിക്കാന്‍ അനുവാദമുണ്ടോ? അനിവാര്യമായോ അല്ലാതെയോ സ്വര്‍ണ്ണപ്പല്ല് വെക്കാന്‍ പറ്റുമോ? ആഭരാണാവശ്യങ്ങള്‍ക്ക് മാത്രമാണോ നിരോധമുള്ളത്, അതല്ല എല്ലാത്തിനും ബാധകമോ?
മറുപടി: പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും പാത്രത്തില്‍ ആഹരിക്കുന്നത് പ്രവാചകന്‍ വിലക്കിയിട്ടുണ്ടെന്നുള്ളത് വളരെ വ്യക്തമായ കാര്യമാണ്. ‘നബി (സ) പറയുന്നു: നിങ്ങള്‍ ആഢംഭരം നിറഞ്ഞ പട്ട് വസ്ത്രങ്ങള്‍ ധരിക്കരുത്. സ്വര്‍ണ്ണത്തിന്റെ വെള്ളിയുടെയും ചഷകങ്ങളില്‍ കുടിക്കുകയോ അവയുടെ പാത്രങ്ങളില്‍ ആഹരിക്കുകയോ ചെയ്യരുത്. നിശ്ചയം അവയൊക്കെ ദുന്‍യാവിന്റേതാണ്. നമുക്ക് വേണ്ടതാവട്ടെ പരലോകവും’
ഈ നിരോധനം ദൈനംദിനമുപയോഗിക്കുന്ന വീട്ടുപകരണങ്ങളോടും അടുക്കള സാമഗ്രികളുമായെല്ലാം ബന്ധപ്പെട്ടു നില്‍ക്കുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും നിരുപാധികം അനുവദിക്കപ്പെട്ടിരിക്കുന്നു. അവ കൊണ്ടുള്ള കമ്മലും വളയും ബ്രേസ്‌ലറ്റും മാലയും നെക്ലസും എല്ലാം അതിലുള്‍പ്പെടും. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്വര്‍ണ്ണവും വെള്ളിയും പൊതുവെ ഹറാമാണെങ്കിലും വെള്ളികൊണ്ടുള്ള മോതിരം അതില്‍ നിന്ന് ഒഴിവാണ്. യുദ്ധ സാമഗ്രികളിലും വെള്ളി ഉപോയോഗിക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ അതു കൊണ്ടുള്ള പോക്കറ്റ് വാച്ചായാലും കൈയില്‍ കെട്ടുന്ന വാച്ചായാലും വളയായാലും മാലയായയാലും ഹറാം തന്നെയാണ്. കണ്ണടയും ഊന്നുവടിയും പേനയും സീലും അതിലുള്‍പ്പെടും.
വെള്ളികൊണ്ടുള്ള പല്ല് പിടിപ്പിക്കല്‍ അനുവദനീയമാണ്. എന്നാല്‍ സ്വര്‍ണ്ണം അടിസ്ഥാനപരമായി തന്നെ ഹറാമാണെന്നതിനാല്‍ അനുവദനീയമല്ല എന്നാണ് പൊതുവായ അഭിപ്രായം. അതനുവദനീയമാകുന്നത് അനിവാര്യഘട്ടത്തില്‍ മാത്രമാണ്. പല്ലിന് വെള്ളിയുപയോഗിക്കാമെന്നതിനാല്‍ സ്വര്‍ണ്ണം ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യവുമില്ല. അബൂ ഹനീഫ(റ)യുടെ സുഹൃത്തായ മുഹമ്മദ് ബിന്‍ ഹസന്‍ ഇത് അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട്. അതിന് തെളിവായി സ്വീകരിച്ചത് അര്‍ഫജ എന്ന വ്യക്തിക്ക് മൂക്കിന് ക്ഷതമേറ്റപ്പോള്‍ സ്വര്‍ണ്ണത്താലുള്ള മൂക്ക് പ്രവാചകന്‍ അനുവദിച്ചുകൊടുത്ത സംഭവമാണ്. ഇത് പല്ലിന്റെ വിഷയത്തിലും ബാധകമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അബൂഈസ പറയുന്നത് അര്‍ഫജയുടെ സംഭവം പ്രത്യേക പശ്ചാത്തലത്തില്‍ അനിവാര്യഘട്ടത്തിലായിരുന്നുവെന്നാണ്.
എന്നാല്‍ ഇന്ന് പല ആളുകളും ചെയ്യുന്ന പോലെ നിലവിലുള്ള ആരോഗ്യമുള്ള പല്ല് പറിച്ചെടുത്ത് ആഭരണലക്ഷ്യത്തോടെയോ അലങ്കാരത്തിന് വേണ്ടിയോ സ്വര്‍ണ്ണപ്പല്ല് ധരിക്കുന്നത് തന്നെ അനുവദനീയമല്ലെന്ന് വ്യക്തമാക്കപ്പെട്ടതാണ്. ഹദീസില്‍ വന്നതുപോലെ ‘ഇവ രണ്ടും എന്റെ ഉമ്മത്തിലെ പുരുഷന്മാര്‍ക്ക് ഹറാമും സ്ത്രീകള്‍ക്ക് അനുവദനീയവുമാണ്’. എന്നതാണ് അടിസ്ഥാനം.
ഇമാം നവവി ശറഹു മുസ്‌ലിമില്‍ പറയുന്നു: സ്ത്രീകള്‍ക്ക് സ്വര്‍ണ്ണമോതിരമിടുന്നത് അനുവദിക്കപ്പെട്ടതാണെങ്കിലും അത് പുരുഷന്മാര്‍ ധരിക്കുന്നത് നിഷിദ്ധമെന്നതിലും മുസ്‌ലംകള്‍ യോജിച്ചിരിക്കുന്നു. പുരുഷന്മാര്‍ക്ക് സ്വര്‍ണ്ണം നിഷിദ്ധമാക്കിയതിന്റെ താല്‍പര്യം അത് ധരിക്കുന്നതില്‍ മാത്രമാണ്. സ്വര്‍ണ്ണം കൈകാര്യം ചെയ്യുന്നതിനോ കച്ചവടം നടത്തുന്നതിനോ ചിലവഴിക്കുന്നതിനോ അത് തടസ്സമല്ല. അതിന്റെ പാത്രങ്ങളില്‍ ഭക്ഷിക്കുന്നതാവട്ടെ സ്ത്രീ-പുരുഷന്‍മാര്‍ക്കെല്ലാം നിഷിദ്ധവുമാണ്.
ബര്‍റാഅ് ബ്ന്‍ ആരിബില്‍ നിന്നും നിവേദനം ചെയ്യപ്പെട്ട ഹദീസില്‍ പ്രവാചകന്‍ നിഷിദ്ധമാക്കി എണ്ണിപ്പറഞ്ഞ കാര്യങ്ങളില്‍ സ്വര്‍ണ്ണമോതിരം, വെള്ളിപ്പാത്രത്തിലെ പാനം, പട്ടുവസ്ത്രം ധരിക്കല്‍, അത്തരം ആഢംബരവാഹനമുപയോഗികക്കല്‍ മുതലായവയും ഉള്‍പ്പെടുന്നു.
ത്വബ്‌റാനി തന്റെ മുഅ്ജമില്‍ അബ്ദുല്ലാഹിബ്‌നു ഉമറില്‍ നിന്നുള്ള ഒരു ഹദീസ് ഉദ്ദരിക്കുന്നു. ഒരിക്കല്‍ ഒരാളുടെ മുന്‍പല്ല് കൊഴിഞ്ഞപ്പോള്‍ പ്രവാചകന്‍(സ) സ്വര്‍ണ്ണപ്പല്ല് ധരിക്കാന്‍ കല്‍പ്പിച്ചു. മുഹമ്മദ് ബ്‌നു സുഅ്ദാന്‍ (ത്വബ്‌റാനി), ഇബ്രാഹിമുബ്‌നു അബ്ദുറഹ്മാന്‍( നസാഇ), അംറ്ബ്‌നു ഹൈസം (ത്വബഖാത്) എന്നിവരില്‍ നിന്നെല്ലാം സമാനമായ സംഭവങ്ങള്‍ ഉദ്ദരിക്കുന്നുണ്ട്.
ചുരുക്കത്തില്‍ സ്വര്‍ണ്ണവാച്ചുകള്‍ കെട്ടാനോ പോക്കറ്റിലിട്ടു നടക്കാനോ അനുവാദമില്ല. സ്വര്‍ണ്ണപ്പല്ലുകള്‍ ആവശ്യമെങ്കില്‍ ധരിക്കാം. അലങ്കാരത്തിനായി സ്വര്‍ണ്ണപ്പല്ല് വെക്കാന്‍ പാടില്ല. എന്നാല്‍ വെള്ളിയോ മറ്റോ തെരഞ്ഞെടുക്കുന്നതില്‍ പരിമിതപ്പെടുത്തുകയുമാവാം.സ്വര്‍ണ്ണം ധരിക്കുന്നതില്‍ മാത്രമാണ് വിരോധമുള്ളത്. അത് കൈകാര്യ ചെയ്യുന്നതില്‍ കുഴപ്പമില്ല.
വിവ: സുഹൈറലി തിരുവിഴാംകുന്ന്

Recent Posts

Related Posts

error: Content is protected !!