മറുപടി: ഇഹ്‌റാമിന്നു മുമ്പ് തല തുറന്നിടാന്‍ പുരുഷന്മാര്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍, ഇഹ്‌റാമിന്നു മുമ്പായി വിഗ്ഗ് നീക്കം ചെയ്യേണ്ടതാണ്. ഇതൊരു മാനസിക വിഷമത്തിന്ന് ഹേതുവാകുന്നതെങ്ങനെ എന്ന് എനിക്ക് മനസ്സിലാകുന്നില്ല. കഷണ്ടിക്കാരെയും മൊട്ടയടിച്ചവരെയും നാം കാണുന്നുണ്ടല്ലോ. ചിലര്‍ അതൊരു ഫാഷനായി പോലും സ്വീകരിച്ചിരിക്കുന്നു.
അതിനാല്‍, ഒരു മനസ്ത്രജ്ഞന്റെ ഉപദേശം നിങ്ങള്‍ തേടേണ്ടിയിരിക്കുന്നു. കഷണ്ടിയുമായി ബന്ധപ്പെട്ട അപമാനത്തില്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നു അദ്ദേഹം നിങ്ങളെ ഉപദേശിക്കും.
മുടി കൂട്ടിച്ചേര്‍ക്കുന്നത് സംബന്ധിച്ച്, ഡോ. മുഹമ്മദ് സഅദി(പ്രൊഫ. അസ്ഹര്‍ യൂനിവേഴ്‌സിറ്റി, ഇസ്ലാം ഓണ്‍ലൈന്‍ , മുന്‍ ഫത്‌വാ മേധാവി) മറുപടി പറയുന്നു:
മുടി കൂട്ടിച്ചേര്‍ക്കുക, വിഗ്ഗ് ധരിക്കുക എന്നിവ പൊതുവെ, അഭിപ്രായ വ്യത്യാസങ്ങളുള്ള കാര്യങ്ങളത്രെ. ചിലര്‍, തികച്ചും അത് നിരോധിക്കുന്നു. മറ്റു ചിലര്‍, ചില വ്യവസ്ഥകളോടെ അനുവദനീയമാക്കുകയും ചെയ്യുന്നു. ഇതല്‍പം വിശദീകരിക്കാം.
1. വെപ്പുമുടിയുടെയോ വിഗ്ഗിന്റെയോ സ്രോതസ്സ് മനുഷ്യമുടിയാണെങ്കില്‍, ധരിക്കാന്‍ പാടില്ലെന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം.
2. മൃഗങ്ങള്‍ പൊലുള്ളവയുടെ മുടിയാണെങ്കില്‍, അത് ധരിക്കുന്നതിനെ കുറിച്ചു വ്യത്യസ്താഭിപ്രായങ്ങളാണുള്ളത്.
– ഹനഫി മദ്ഹബില്‍ ഇമാം അബൂ യൂസുഫിന്റെ അഭിപ്രായമനുസരിച്ച്, അത് അനുവദനീയമാണ്.
– മാലികി മദ്ഹബ് പ്രകാരം, നിഷിദ്ധമാണ്
– സഹധര്‍മ്മിണിയെ പ്രീതിപ്പെടുത്താനായി, ഭര്‍ത്താവാണ് ധരിക്കുന്നതെങ്കില്‍, അനുവദനീയമാണെന്നാണ് ശാഫീ വീക്ഷണം.
– മാലികികളുടെ അതേ വീക്ഷണം തന്നെയാണ്, ഹമ്പലികള്‍ക്കുമുള്ളത്. എന്നാല്‍, കറാഹത്താണെന്ന മറ്റൊരു അഭിപ്രായം കൂടി അതിലുണ്ടെന്നു പറയപ്പെടുന്നു.
3. മുടിയുടെ സ്രോതസ്സ് അശുദ്ധമാണെങ്കില്‍, നിഷിദ്ധമാണെന്ന് പണ്ഡിതന്മാര്‍ ഏകോപിച്ചു പറയുന്നു.
4. കൃത്രിമ മുടി അനുവദനീയമാണെന്നാണ് പണ്ഡിതന്മാര്‍ കരുതുന്നത്. സൗന്ദര്യാര്‍ത്ഥമോ, ഫാഷന്നു വേണ്ടിയോ ഭര്‍തൃമതിയായ ഒരു സ്ത്രീയാണതുപയോഗിക്കുന്നതെങ്കില്‍, ഭര്‍ത്താവിന്റെ അനുമതിക്ക് ശേഷമേ പാടുള്ളു. ആള്‍മാറാട്ടത്തിന്നോ, സൂത്രപ്പണിക്കോ അങ്ങനെ ചെയ്യുന്നത് അനുവദനീയമല്ല.
അപ്പോള്‍, ചില വ്യവസ്ഥകളോടെ, പുരുഷന്മാര്‍ക്ക് വിഗ്ഗ് ധരിക്കാമെന്നു പറയാം. അനിവാര്യത ഉദാഹരണം. അതിനാല്‍, താങ്കള്‍ക്ക് വല്ല രോഗമോ, പരിഗണനാര്‍ഹമായ മാനസിക പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍, അനുവദനീയ സ്രോതസ്സുകളില്‍ നിന്നുള്ള വിഗ്ഗ് ധരിക്കാവുന്നതാണ്.
വിവ. കെ. എ ഖാദര്‍ ഫൈസി