Tuesday, July 23, 2024
Homeഅനുഷ്ഠാനംചെരുപ്പ് ധരിച്ച് നമസ്‌കരിക്കുന്നതിന്റെ വിധി

ചെരുപ്പ് ധരിച്ച് നമസ്‌കരിക്കുന്നതിന്റെ വിധി

ചെരുപ്പ് ധരിച്ച് നമസ്‌കരിക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ്? അപ്രകാരം ചെയ്യുന്നവരെ നമ്മുടെ സമൂഹത്തില്‍ തീരെ കാണാറില്ല. പാദരക്ഷയണിഞ്ഞ് നമസ്‌കരിക്കുന്നത് ഇസ്‌ലാം വിലക്കിയിട്ടുണ്ടോ? അനിവാര്യ സാഹചര്യങ്ങളില്‍ അപ്രകാരം ചെയ്യാമോ? -ഹസീബ് വളാഞ്ചേരി-

ചെരുപ്പ് ധരിച്ച് നമസ്‌കരിക്കുകയെന്നത് പ്രവാചകന്‍ (സ) മാതൃക കാണിച്ച പ്രവര്‍ത്തനങ്ങളില്‍പെട്ടതാണ്. നബി തിരുമേനി(സ) ചെരുപ്പ് ധരിച്ച് നമസ്‌കരിക്കാറുണ്ടായിരുന്നുവെന്ന് അനസ് ബിന്‍ മാലിക് (റ) പറഞ്ഞതായി സ്വഹീഹുല്‍ ബുഖാരി റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നു (ബുഖാരി 386, മുസലിം 555). ചെരുപ്പ് ധരിച്ച് നമസ്‌കരിക്കാന്‍ ചില സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍ (സ) കല്‍പിച്ചതായി അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്നു. (ഈ ഹദീസ് സ്വഹീഹാണെന്ന് ഇമാം ദഹബി വ്യക്തമാക്കുന്നു).
പാദരക്ഷയില്‍ വ്യക്തമായ അഴുക്കോ, ചെളിയോ, നജസോ ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് നമസ്‌കരിക്കേണ്ടത്. അവയെന്തെങ്കിലുമുണ്ടെങ്കില്‍ ചെരുപ്പ് നിലത്ത് ഉരച്ചതിന് ശേഷമാണ് നമസ്‌കരിക്കാന്‍ നില്‍ക്കേണ്ടത്.

അബൂസഈദില്‍ ഖുദ്‌രിയ്യ (റ) ഉദ്ധരിക്കുന്നു. ‘പ്രവാചകന്‍ (സ) തന്റെ അനുയായികളോട് ഒന്നിച്ച് നമസ്‌കരിക്കുകയായിരുന്നു. അദ്ദേഹം ചെരുപ്പ് അഴിച്ച് ഇടത് വശത്ത് വെച്ചു. അത് കണ്ട അനുചരന്മാരും ചെരുപ്പ് അഴിച്ച് വെച്ചു. നമസ്‌കാരം പൂര്‍ത്തീകരിച്ചതിന് ശേഷം പ്രവാചകന്‍ (സ) ചോദിച്ചു ‘നിങ്ങളെന്ത് കൊണ്ടാണ് ചെരുപ്പ് അഴിച്ച് വെച്ചത്?’ അവര്‍ പറഞ്ഞു ‘താങ്കള്‍ ചെരുപ്പ് അഴിച്ചത് കണ്ടപ്പോള്‍ ഞങ്ങളും അപ്രകാരം ചെയ്തു.’ പ്രവാചകന്‍ (സ) അവരോട് പറഞ്ഞു ‘എന്റെ ചെരുപ്പില്‍ അഴുക്കുണ്ടെന്ന് ജിബ്‌രീല്‍ വന്ന് അറിയിച്ചത് കൊണ്ടാണ് ഞാന്‍ അഴിച്ചുവെച്ചത്.’ എന്നിട്ട് അദ്ദേഹം തുടര്‍ന്നു ‘നിങ്ങളിലാരെങ്കിലും നമസ്‌കാരസ്ഥലത്തേക്ക് വന്നാല്‍ തന്റെ ചെരുപ്പ് പരിശോധിച്ച് കൊള്ളട്ടെ. അതില്‍ ചെളിയോ അഴുക്കോ ഉണ്ടെങ്കില്‍ അവനത് മണ്ണില്‍ ഉരച്ചതിന് ശേഷം അത് ധരിച്ച് കൊണ്ട് തന്നെ നമസ്‌കരിക്കട്ടെ.’ അബൂദാവൂദ്.

യഅ്‌ല ബിന്‍ ശദ്ദാദില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി തിരുമേനി (സ) അരുള്‍ ചെയ്തു ‘നിങ്ങള്‍ യഹൂദികള്‍ക്ക് വിപരീതം പ്രവര്‍ത്തിക്കുക. അവര്‍ ചെരുപ്പോ ഷൂവോ ധരിച്ച് നമസ്‌കരിക്കാറില്ല’ (അബൂദാവൂദ് 652). അംറ് ബിന്‍ ശുഐബ് തന്റെ പിതാവ് വഴി പ്രപിതാവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘പ്രവാചകന്‍ (സ) ചെരുപ്പ് ധരിച്ചും, ധരിക്കാതെയും നമസ്‌കരിക്കുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്.’ ഇബ്‌നു മാജ

ശൈഖ് ഇബ്‌നു ബാസിനോട് അതേക്കുറിച്ച് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. വൃത്തിയുള്ളതാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം പാദരക്ഷയണിഞ്ഞ് നമസ്‌കരിക്കല്‍ അഭികാമ്യമാണ്. കാരണം നബി തിരുമേനി (സ) ചെരുപ്പണിഞ്ഞ് നമസ്‌കരിക്കാറുണ്ടായിരുന്നു. അദ്ദേഹം തന്നെ അരുള്‍ ചെയ്തത് ഇപ്രകാരമാണ്. ‘ യഹൂദികളും, ക്രൈസ്തവരും ചെരുപ്പോ, ഷൂവോ അണിഞ്ഞ് നമസ്‌കരിക്കാറില്ല, അതിനാല്‍ നിങ്ങള്‍ അവര്‍ക്ക് വിപരീതം പ്രവര്‍ത്തിക്കുക.’ ഇതു തന്നെയാണ് മറ്റൊരു സലഫി പണ്ഡിതനായ ഇബ്‌നു ഉഥൈമിന്റെയും അഭിപ്രായം.

മേലുദ്ധരിച്ച പ്രവാചകവചനങ്ങള്‍ കുറിക്കുന്നത് ഇസലാമിന്റെ അടിസ്ഥാനപരമായ നിയമങ്ങളെയാണോ, അതല്ല സവിശേഷമായ സാഹചര്യത്തില്‍ അനുവദിക്കപ്പെട്ട ഇളവുകളാണോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഏതായിരുന്നാലും പ്രവാചക കാലത്തെ പള്ളികളുടെ നിലം മണല്‍ നിറഞ്ഞതായിരുന്നുവെന്നും അവിടെ ചെരുപ്പ് ധരിച്ച് നമസ്‌കരിക്കാന്‍ പ്രവാചകന്‍ (സ) അനുവാദം നിലനില്‍ക്കുന്ന സമൂഹത്തില്‍ ആവശ്യമായ സാഹചര്യത്തില്‍ ഉപയോഗപ്പെടുത്താമെന്നതും തര്‍ക്കരഹിതമായ അഭിപ്രായമാണ്. മയ്യിത്ത് നമസ്‌കാര സന്ദര്‍ഭത്തില്‍ പള്ളി ജനനിബിഢമാവുകയോ, പെരുന്നാള്‍ നമസ്‌കാരത്തിന് മൈതാനം തെരഞ്ഞെടുക്കുകയോ, മറ്റ് പ്രദേശങ്ങളില്‍ നിന്ന് നമസ്‌കരിക്കേണ്ടി വരികയോ ചെയ്യുമ്പോള്‍ ഈ വിധി ഉപയോഗപ്പെടുത്താവുന്നതാണ്. മാത്രമല്ല, ചില സമ്മേളന നഗരികളില്‍ ചെരുപ്പ് കാലില്‍ ധരിച്ച് നമസ്‌കരിക്കുന്നതിനെക്കുറിച്ച് അറിയാത്തവര്‍ അവയെടുത്ത് മറ്റുള്ളവരുടെ തലഭാഗത്തോ, വസ്ത്രത്തിനടുത്തോ വെക്കുകയോ, കൈയ്യില്‍ പിടിച്ച് നടക്കുകയോ ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ചെരുപ്പ് ധരിച്ച് നമസ്‌കരിക്കുകയാണ് ഉത്തമം. ചെരുപ്പ് ധരിച്ച് നമസ്‌കരിക്കുന്നത് മറ്റുള്ളവര്‍ക്ക് വസ്‌വാസുണ്ടാക്കുകയോ, അസ്വാരസ്യമുണ്ടാക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പ്രവാചകന്‍ (സ) അപ്രകാരം ചെയ്തുവെന്നതിന്റെ പേരില്‍ അതിനായി ശഠിക്കേണ്ടതില്ല.

സുന്ദരമായ മേത്തരം പരവതാനി വിരിച്ച പള്ളിയില്‍ ചെരുപ്പ് ധരിച്ച് പ്രവേശിക്കണമെന്നല്ല ഇതിന്റെ അര്‍ത്ഥം. മറിച്ച്, പള്ളികളുടെ മുറ്റത്തോ, മറ്റ് പ്രദേശങ്ങളിലോ വെച്ച് നമസ്‌കരിക്കുന്ന പക്ഷം അപ്രകാരം ചെയ്യാവുന്നതാണ് എന്നാണ് ഉദ്ദേശ്യം. ഇക്കാര്യം ശൈഖ് അല്‍ബാനി വിശദീകരിച്ചിട്ടുണ്ട്. ‘ചെരുപ്പ് ധരിച്ച് നമസ്‌കരിക്കുകയെന്ന കാര്യത്തില്‍ എന്റെ സഹോദരന്മാര്‍ തീവ്രത പുലര്‍ത്തരുതെന്ന് ഞാന്‍ ഉപദേശിക്കുകയാണ്. ഇന്നത്തെ പരവതാനി വിരിച്ച പള്ളിയും പ്രവാചക കാലത്തെ പള്ളിയും തമ്മില്‍ വളരെ വലിയ അന്തരമുണ്ട്.’
പാദരക്ഷയണിഞ്ഞ് നമസ്‌കരിക്കുന്നത് അനുവദനീയമാണ് എന്നല്ല, പ്രവാചകചര്യ ജനങ്ങള്‍ക്ക് അറിയിച്ച് കൊടുക്കുകയെന്ന അര്‍ത്ഥത്തില്‍ അത് ചില സന്ദര്‍ഭങ്ങളില്‍ അഭികാമ്യവുമാണെന്ന് പണ്ഡിതന്മാര്‍ സൂചിപ്പിക്കുന്നു.
 

Recent Posts

Related Posts

error: Content is protected !!