നമസ്‌കരിക്കുമ്പോള്‍ പുരുഷന്‍മാര്‍ തല മറക്കാതിരിക്കുന്നത് കറാഹത്ത് (അനഭികാമ്യം) ആണോ?
മറുപടി: പുരുഷന്‍മാരെ സംബന്ധിച്ചടത്തോളം നമസ്‌കാരത്തിന്റെ അനിവാര്യതയില്‍ പെട്ട ഒന്നല്ല തലമറക്കല്‍. അങ്ങനെ തലമറക്കണം എന്നാവശ്യപ്പെടുന്ന ആധികാരിക തെളിവുകള്‍ ഖുര്‍ആനിലോ സുന്നത്തിലോ ഇല്ല എന്നത് തന്നെയാണതിന് കാരണം. നമസ്‌കരിക്കുമ്പോള്‍ തല മറക്കേണ്ടത് ആവശ്യമായിരുന്നെങ്കില്‍ നബി(സ) അതിനെ കുറിച്ച് മൗനം പാലിക്കില്ലായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള പ്രബലമായ ഹദീഥുകള്‍ ഒന്നും തന്നെ കാണാനാവുന്നില്ല.
ഇതൊടൊപ്പം തന്നെ സൂചിപ്പിക്കേണ്ട മറ്റൊരു കാര്യമാണ് മസ്ജിദുകളില്‍ വരുമ്പോള്‍ അന്തസ്സിന് നിരക്കുന്ന രീതിയില്‍ ആകര്‍ഷകമായി വസ്ത്രം ധരിച്ച് വരാന്‍ വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നുണ്ട്. സംസ്‌കാരങ്ങള്‍ മാറുന്നതിനനുസരിച്ച് വസ്ത്ര ധാരണത്തിന്റെ രീതികളിലും മാറ്റങ്ങളുണ്ടാവും. ഒരു സംസ്‌കാരത്തില്‍ തല മറക്കുന്നത് അന്തസ്സും ആകര്‍ഷണീയതയുമാണെങ്കില്‍ മറ്റൊന്നില്‍ തല മറക്കാതിരിക്കുന്നതാവാം അന്തസ്സും ആകര്‍ഷണീയതയും. അതുകൊണ്ട് തലമറക്കുന്നത് അന്തസ്സിന്റെ ഭാഗമായി കണക്കാക്കുന്ന സമൂഹത്തില്‍ മസ്ജിദില്‍ നമസ്‌കരിക്കാന്‍ പോകുമ്പോള്‍ നാം തല മറക്കണം. അങ്ങനെയല്ലാത്ത സംസ്‌കാരമുള്ളിടത്ത് തല മറക്കേണ്ടതുമില്ല.