ജമാഅത്തായി നടക്കുന്ന തറാവീഹ് നമസ്‌കാരത്തിന്റെ അവസാനത്തില്‍ ഇമാം വിത്‌റിലേക്ക് കടക്കുമ്പോള്‍ രാത്രി വീണ്ടും എഴുന്നേറ്റ് നമസ്‌കരിക്കാനുദ്ദേശിക്കുന്നവര്‍ നമസ്‌കാരം അവസാനിപ്പിച്ച് പോകുന്നത് പല മസ്ജിദുകളിലും കാണുന്ന കാഴ്ച്ചയാണ്. ഇമാമിനോടൊപ്പം തുടര്‍ന്ന് വിത്ര്‍ നമസ്‌കരിച്ച് ഇമാം സലാം വീട്ടിയ ശേഷം ഒരു റക്അത്ത് കൂടി നമസ്‌കരിക്കുന്നവരെയും കാണാം. ഇതില്‍ ഏതാണ് ഏറ്റവും ശരിയായ നിലപാട്?
മറുപടി: ‘ഇമാം നമസ്‌കാരം അവസാനിപ്പിക്കുന്നത് വരെ അദ്ദേഹത്തോടൊപ്പം നമസ്‌കരിക്കുന്നവന്ന് ഒരു രാത്രിയിലെ നമസ്‌കാരം രേഖപ്പെടുത്തപ്പെടും’ എന്ന് പ്രവാചകന്‍(സ)യില്‍ നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ട് വന്നിട്ടുണ്ട്. അപ്രകാരം ഒറ്റ രാത്രിയില്‍ തന്നെ രണ്ട് തവണ വിത്ര്‍ നമസ്‌കരിക്കുന്നത് വിലക്കി കൊണ്ട് ‘ഒരു രാത്രിയില്‍ രണ്ട് വിത്‌റുകളില്ല’ (തിര്‍മിദി) എന്നും നബി തിരുമേനി പറഞ്ഞിട്ടുണ്ട്. ‘നിങ്ങളുടെ രാത്രിയിലെ അവസാന നമസ്‌കാരം ഒറ്റയാക്കുക.’ (ബുഖാരി, മുസ്‌ലിം) എന്ന് മറ്റൊരു ഹദീസിലും കാണാം.
ഒന്നാമത്തെ ഹദീസ് അനുസരിച്ച് ഇമാമിനോടൊപ്പം വിത്ര്‍ പൂര്‍ത്തീകരിക്കുകയാണ് വേണ്ടത്. എന്നാല്‍ രണ്ടാമത്തെ ഹദീസില്‍ ഒരു രാത്രി തന്നെ രണ്ട് തവണ വിത്ര്‍ നമസ്‌കരിക്കുന്നത് വിലക്കുകയും ചെയ്യുന്നു. ഒരാളുടെ രാത്രിയിലെ അവസാന നമസ്‌കാരം വിത്‌റായിരിക്കണെന്ന് മൂന്നാമത്തെ ഹദീസും പറയുന്നു. ഇവയുടെ അടിസ്ഥാനത്തില്‍ രാത്രിയില്‍ വീണ്ടും എഴുന്നേറ്റ് നമസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇമാമിനോടൊപ്പം വിത്ര്‍ നമസ്‌കരിക്കുകയും പിന്നീട് ഇമാം സലാം വീട്ടിയ ശേഷം എഴുന്നേറ്റ് ഒരു റക്അത്ത് കൂടി നമസ്‌കരിച്ച് ഇരട്ടയാക്കുകയുമാണ് വേണ്ടതെന്ന് അറിവുള്ളവര്‍ അഭിപ്രായപ്പെടുന്നു. പിന്നീട് രാത്രിയില്‍ എഴുന്നേറ്റ് രണ്ട് വീതം നമസ്‌കരിക്കുകയും അവസാനത്തില്‍ വിത്‌റാക്കുകയുമാണ് ചെയ്യേണ്ടത്.
ഇബ്‌നു ഖുദാമ അദ്ദേഹത്തിന്റെ ‘അല്‍-കാഫി’യില്‍ പറയുന്നു: വിത്ര്‍ പിന്തിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇമാമിനോടൊപ്പം തറാവീഹും വിത്‌റും നമസ്‌കരിക്കട്ടെ. ഇമാം സലാം വീട്ടിയാല്‍ അവന്‍ എഴുന്നേറ്റ് വിത്‌റിനോടൊപ്പം ഒരു റക്അത്ത് കൂടി ചേര്‍ത്ത് അതിനെ ഇരട്ടയാക്കട്ടെ.
ഉറങ്ങുന്നതിന് മുമ്പ് വിത്‌റാക്കിയ ഒരാള്‍ പിന്നീട് എഴുന്നേറ്റ് നമസ്‌കരിക്കുമ്പോള്‍ എങ്ങനെയാണ് വിത്‌റാക്കേണ്ടത് എന്നതിനെ കുറിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായമുണ്ട്.
1- രണ്ട് വിത്ര്‍ പാടില്ലെന്ന വിലക്ക് പരിഗണിച്ച് വിത്ര്‍ ആവര്‍ത്തിക്കാതെ നമസ്‌കാരം നിര്‍വഹിക്കണം എന്നതാണ് ഒരഭിപ്രായം.
2- ഉറങ്ങി എണീറ്റാല്‍ ഒരു റക്അത്ത് നമസ്‌കരിച്ച് നേരത്തെ ഒറ്റയായി അവസാനിപ്പിച്ചതിനെ ഇരട്ടയാക്കുകയും തുടര്‍ന്ന് ഇഷ്ടമുള്ളത്ര നമസ്‌കരിച്ച് അവസാനം ഒറ്റയായി അവസാനിപ്പിക്കുകയും വേണമെന്നതാണ് രണ്ടാമത്തെ അഭിപ്രായം.
ഇമാം തിര്‍മിദി പറയുന്നു: രാത്രിയുടെ ആദ്യത്തില്‍ വിത്‌റാക്കുകയും പിന്നീട് രാത്രിയുടെ അവസാന സമയത്ത് എഴുന്നേറ്റ് നമസ്‌കരിക്കുകയും ചെയ്യുന്നതില്‍ പണ്ഡിതന്‍മാര്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരിക്കുന്നു. സഹാബികളും അവര്‍ക്ക് ശേഷം വന്നവരുമായ ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് വിത്‌റിനെ റദ്ദാക്കാനാണ്. അതിലേക്ക് ഒരു റക്അത്ത് കൂടി ചേര്‍ത്ത് പിന്നീട് അവര്‍ക്ക് ഇഷ്ടമുള്ളത്ര നമസ്‌കരിക്കട്ടെ. നമസ്‌കാരത്തിന്റെ അവസാനം ഒറ്റയായി അവസാനിപ്പിക്കുകയും ചെയ്യട്ടെ. കാരണം ഒരു രാത്രിയില്‍ രണ്ട് വിത്‌റുകളില്ല. ഇസ്ഹാഖ് അഭിപ്രായപ്പെട്ടിരിക്കുന്നത് ഈ അഭിപ്രായമാണ്. സഹാബികളും അല്ലാത്തവരുമായ മറ്റു ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് രാത്രിയുടെ ആദ്യത്തില്‍ വിത്‌റാക്കി ഉറങ്ങിയ ഒരാള്‍ രാത്രിയുടെ അവസാനത്തില്‍ വീണ്ടും എഴുന്നേറ്റ് നമസ്‌കരിക്കുകയാണെങ്കില്‍ അവനുദ്ദേശിക്കുന്നത് നമസ്‌കരിക്കട്ടെ വിത്‌റിനെ റദ്ദാക്കേണ്ടതില്ല എന്നാണ്. സുഫ്‌യാനു ഥൗരി, മാലിക് ബിന്‍ അനസ്, ഇബ്‌നുല്‍ മുബാറക്, അഹ്മദ് തുടങ്ങിയവര്‍ക്ക് ഈ അഭിപ്രായമാണുള്ളത്. ഇതാണ് ഏറ്റവും ശരിയായ അഭിപ്രായം. വിത്‌റിന് ശേഷം നബി(സ) നമസ്‌കരിച്ചതായി നിവേദനം ചെയ്യപ്പെട്ട് വന്നിട്ടുണ്ടെന്നുള്ളതാണ് കാരണം.
അവലംബം: islamweb.net