നല്ല ഒരു കോളേജില്‍ അഡ്മിഷന്‍ കിട്ടുന്നതിന് വേണ്ടി ഞാന്‍ തഹജ്ജുദ് നമസ്‌കരിച്ചു പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ എനിക്ക് എവിടെയും അഡ്മിഷന്‍ കിട്ടിയില്ല. എല്ലായിടത്തും അഡ്മിഷന്‍ പൂര്‍ത്തിയാവുകയും ചെയ്തു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
മറുപടി: നിങ്ങള്‍ക്കിഷ്ടപ്പെട്ട വിഷയം പഠിക്കുന്നതിന് അഡ്മിഷന്‍ കിട്ടുന്നതിനായി നിങ്ങള്‍ തഹജ്ജുദ് നമസ്‌കരിച്ചു പ്രാര്‍ഥിച്ചു എന്നത് ശരിയാണ്. എന്നാല്‍ തഹജ്ജുദ് നമസ്‌കരിച്ചു പ്രാര്‍ഥിച്ചു എന്നത് കൊണ്ട് ഒരു കാര്യം ഉറപ്പാക്കാനാവില്ല. പ്രാര്‍ഥന ഒരിക്കലും കഠിനമായ പരിശ്രമത്തിന് പകരമാവില്ല. നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ച ശേഷം അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ നമുക്ക് അവകാശമുണ്ട്. നിര്‍ണിതമായ പ്രാപഞ്ചിക നിയമങ്ങളോടെയാണ് അല്ലാഹു ഈ ലോകത്തെ സംവിധാനിച്ചിരിക്കുന്നത്. അതനുസരിച്ച് വിജയിക്കാനാവശ്യമായ ഘടകങ്ങള്‍ ഒരാള്‍ പൂര്‍ത്തീകരിക്കുകയാണെങ്കില്‍ അയാള്‍ വിജയിക്കുന്നു. ചില നിയമങ്ങല്‍ ഈ ലോകത്തെ വിജയത്തിനുള്ളതാണെങ്കില്‍ മറ്റുചിലത് പരലോക വിജയത്തിനുള്ളതാണ്. ഈ ലോകത്തെ വിജയത്തിന് വേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് (അതിന്റെ പ്രാപഞ്ചിക നിയമങ്ങള്‍ പ്രകാരം) അതില്‍ വിജയിക്കാനാവുമെന്നും പരലോക വിജയത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതില്‍ വിജയിക്കാനാവുമെന്നും ഖുര്‍ആനിലൂടെ അല്ലാഹു നമുക്ക് ഉറപ്പു നല്‍കുന്നുണ്ട്. വിജയിക്കുന്നതിന് വേണ്ട പരിശ്രമങ്ങള്‍ നടത്താത്തവര്‍ പഴിക്കേണ്ടത് സ്വന്തത്തെ മാത്രമാണ്.
ഒരു കര്‍ഷകന്‍ ശ്രദ്ധയോടെ തന്റെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് നോക്കൂ. അയാള്‍ ശരിയായ വിത്തുകള്‍ തെരെഞ്ഞെടുത്ത് മുന്‍കൂട്ടി അതിന് നിലം ഒരുക്കുന്നു. എന്നിട്ട് വിതക്കേണ്ട സമയമാവാന്‍ കാത്തുനില്‍ക്കുകയാണ്. എന്നിട്ട് മണ്ണില്‍ ആവശ്യമായ വളവും ജൈവാംശങ്ങളും ചേര്‍ത്ത് വിത്തുകള്‍ പാകുന്നു. തുടര്‍ന്നും അതിന് വേണ്ട പരിചരണങ്ങളെല്ലാം നല്‍കുന്നു. ഇങ്ങനെ താന്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തതിന് ശേഷം നല്ല വിള ലഭിക്കാനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അതേസമയം നല്ല വിളവ് ലഭിക്കാന്‍ അല്ലാഹു നിശ്ചയിച്ച നിയമങ്ങളൊന്നും പാലിക്കാതെ അലക്ഷ്യമായ കുറച്ച് വിത്തെറിഞ്ഞ ശേഷം അല്ലാഹുവിനോട് പ്രാര്‍ഥിച്ചതു കൊണ്ട് നല്ല ഫലം പ്രതീക്ഷിക്കാനാവില്ല.
ലോകത്തെ ഏറ്റവും വിജയിയായ വ്യക്തിയായിരുന്നു പ്രവാചകന്‍ എന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. സൂക്ഷ്മമായ ആസൂത്രണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായിരുന്നു അദ്ദേഹത്തിന്റെ അസാമാന്യമായ വിജയങ്ങള്‍. എവിടെയെങ്കിലും ഇരുന്ന് പ്രാര്‍ഥിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. മറിച്ച് തന്റെ കഴിവിന്റെ പരമാവധി ശ്രമങ്ങള്‍ നടത്തിയ ശേഷമായിരുന്നു അദ്ദേഹം അല്ലാഹുവോട് വിജയത്തെ തേടിയിരുന്നത്. വളരെ മനോഹരമായി ഒരു ഹദീഥില്‍ അത് വിവരിക്കുന്നത് കാണാം. ”നിനക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങളില്‍ നീ താല്‍പര്യം കാണിക്കുക. ഒപ്പം അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യുക. നീ അശക്തനാവരുത്. നിന്നെ വല്ലതും ബാധിച്ചാല്‍ ഞാന്‍ ഇന്നയിന്ന രൂപത്തില്‍ ചെയ്തിരുന്നുവെങ്കില്‍ (അത് സംഭവിക്കില്ലായിരുന്നു) എന്ന് പറയരുത്. മറിച്ച് അല്ലാഹുവിന്റെ വിധിയാണത്, അവനുദ്ദേശിച്ചത് സംഭവിച്ചു എന്ന് പറയുക. നിശ്ചയം ‘ആയിരുന്നെങ്കില്‍’ എന്നുള്ളത് പിശാചിന് വാതില്‍ തുറന്നു കൊടുക്കലാണ്.”
അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നത് നിങ്ങളുടെ പരാജയ കാരണങ്ങള്‍ വിലയിരുത്തി വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നാണ്. വിജയത്തിന്റെ പ്രാപഞ്ചിക നിയമങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച്ചയാവാം ഒരുപക്ഷേ നിങ്ങളുടെ പരാജയ കാരണം. നിങ്ങളുടെ നയത്തെയും പഠന രീതിയെയും കുറിച്ച് പുനരാലോചന നടത്താനുള്ള സമയമാണിത്. ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദരുടെ സഹായം അതിനായി നിങ്ങള്‍ക്ക് തേടാം.
ആദ്യ ശ്രമത്തിലുള്ള പരാജയം നിങ്ങളെ ഒരിക്കലും അതില്‍ നിന്ന് പിന്തിരിപ്പിക്കരുത്. നിങ്ങള്‍ വിജയം നേടാന്‍ നിശ്ചയിക്കുകയും അതിന് വേണ്ട ശ്രമങ്ങള്‍ നടത്തുകയും ചെയ്താല്‍ അതില്‍ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിക്കാം. അബ്രഹാം ലിങ്കണെയും എഡിസനെയും പോലുള്ള വലിയ നേതാക്കളും കണ്ടുപിടുത്തങ്ങളുടെ ഉപജ്ഞാതാക്കളും അവരുടെ വീഴ്ച്ചകളില്‍ നിന്നായിരുന്നു പാഠം പഠിച്ച് ഉയര്‍ന്ന നിലയിലെത്തിയതെന്ന് ഓര്‍ക്കുക.
‘ഒട്ടകത്തെ കെട്ടിയിടുക, ശേഷം അല്ലാഹുവില്‍ ഭരമേല്‍പിക്കുക’ എന്നാണ് പ്രവാചകന്‍(സ) കല്‍പിച്ചിരിക്കുന്നത്.
വിവ: നസീഫ്