ചോദ്യം: ജോലി സമയത്തിനിടക്ക് നമസ്‌കാരത്തിനായി അര മണിക്കൂറും ഒരു മണിക്കൂറുമെല്ലാം ചിലവഴിക്കുന്ന ചില ആളുകളുണ്ട്. അത് പലപ്പോഴും ആളുകള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഈ വിഷയത്തില്‍ വ്യക്തമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.
മറുപടി: സര്‍ക്കാര്‍ മേഖലയിലോ സര്‍ക്കാറിതര മേഖലകളിലോ പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ക്ക് നിര്‍ബന്ധ നമസ്‌കാരത്തിനുള്ള അവസരം നല്‍കുകയെന്നത് സുത്യര്‍ഹമായ പ്രതിഭാസമാണ്. ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭമായി കണക്കാക്കുന്ന അതിന് അവസരം ഒരുക്കല്‍ മുസ്‌ലിം സമൂഹത്തില്‍ നിര്‍ബന്ധവുമാണ്. ഉമ്മത്തിന്റെയും രാഷ്ട്രത്തിന്റെയും സംസ്‌കരണത്തിന് അത് അനിവാര്യമാണ്. അല്ലാഹു പറയുന്നു: ‘ഭൂമിയില്‍ നാം അധികാരം നല്‍കുകയാണെങ്കില്‍ അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കും. സകാത്ത് നല്‍കും. നന്മ കല്‍പിക്കും.തിന്മ തടയും.’ (അല്‍ ഹജ്ജ്: 41)
നിങ്ങളുടെ ഏറ്റവും സുപ്രധാനമായ കാര്യം നമസ്‌കാരമാണ് ആര്‍ അത് നഷ്ടപ്പെടുത്തിയവന്‍ അതിന് പുറമെ അതിനേക്കാള്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയവനായിരിക്കും. എന്ന് ഉമര്‍(റ) തന്റെ ഗവര്‍ണ്ണര്‍മാരോട് കല്‍പ്പിക്കാറുണ്ടായിരുന്നു.
നമസ്‌കാരത്തെ മുറുകെ പിടിക്കുകയെന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചെടത്തോളം നിര്‍ബന്ധ ബാധ്യതയാണ്. ജോലി സ്ഥലത്ത് കമ്പനികള്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ട്. നമസ്‌കാരം നിര്‍വ്വഹിക്കാനാവശ്യമായ സമയം മാത്രം അവര്‍ക്ക് ഇളവ് നല്‍കിയാല്‍ മതി. ജോലി സ്ഥലത്തേക്ക് വുദു എടുത്തു പോവുകയും സമയം നഷ്ടപ്പെടുത്താതെ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്യാം. അതിന് പ്രയാസപ്പെടുന്ന ആളുകള്‍ കാലുറ ധരിക്കുകയും വുദു നഷ്ടപ്പെട്ടാല്‍ കാലുറ തടവി വുദുവെടുക്കുകയും ചെയ്യാം. അതിലൂടെ സമയം ലാഭിക്കാവുന്നതാണ്. പത്തിലധികം സഹാബികള്‍ അത് അനുവദനീയമാണെന്ന് ഫത്‌വ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഫത്‌വ നല്‍കാന്‍ ഞാന്‍ ധൈര്യപ്പെടുന്നു.
നമസ്‌കാരത്തിന് പത്ത് മിനുറ്റിലധികം സമയം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ദീര്‍ഘസമയം നമസ്‌കരിക്കുന്നതിനും വുദുവെടുക്കുന്നതിനുമായി ജോലി സമയത്ത് ഉപയോഗിക്കുകയോ സുന്നത്ത് നമസ്‌കാരത്തിനായി സമയം ചിലവഴിക്കുകയോ ചെയ്യേണ്ടതില്ല.
വിവ: അഹ്മദ് നസീഫ് തിരുവമ്പാടി