Home അനുഷ്ഠാനം നമസ്‌കാരത്തില്‍ പ്രാദേശിക ഭാഷയില്‍ പ്രാര്‍ഥിക്കാമോ?

നമസ്‌കാരത്തില്‍ പ്രാദേശിക ഭാഷയില്‍ പ്രാര്‍ഥിക്കാമോ?

ചോദ്യം: ഒരാള്‍ നമസ്‌കാരത്തില്‍ തന്റെ സ്വന്തം ഭാഷയില്‍ പ്രാര്‍ഥിക്കുന്നതിന്റെ വിധി എന്താണ്? അത് നമസ്‌കാരത്തെ അസാധുവാക്കുമോ? സുന്നത്തു നമസ്‌കാരങ്ങളില്‍ മാത്രമാണോ അതനുവദനീയമായിട്ടുള്ളത്?

മറുപടി: നമസ്‌കാരത്തിലല്ലാത്തപ്പോള്‍ ഒരാള്‍ക്ക് ഏത് ഭാഷയിലും പ്രാര്‍ഥിക്കാം. എന്നാല്‍ അറബി ഭാഷയില്‍ പരിജ്ഞാനമുള്ള ഒരാള്‍ നമസ്‌കാരത്തില്‍ മറ്റു ഭാഷകളില്‍ പ്രാര്‍ഥിക്കുന്നത് ശരിയല്ല എന്നതാണ് പണ്ഡിതന്‍മാരുടെ പ്രബലമായ അഭിപ്രായം. എന്നാല്‍ അറബി ഭാഷാ പരിജ്ഞാനമില്ലാത്ത ഒരാള്‍ നമസ്‌കാരത്തില്‍ തന്റെ സ്വന്തം ഭാഷയില്‍ പ്രാര്‍ഥിക്കുന്നതില്‍ തെറ്റില്ല.

നമസ്‌കാരത്തിന്റെ രൂപവും ആത്മാവും അല്ലാഹുവില്‍ നിന്ന് വഹ്‌യ് മുഖേനെ പ്രവാചകന്‍(സ)ക്ക് ലഭിച്ചിട്ടുള്ളതാണ്. നബി(സ) പറഞ്ഞു: ‘ഞാന്‍ നമസ്‌കരിക്കുന്നത് എങ്ങനെയാണോ നിങ്ങള്‍ കണ്ടിട്ടുള്ളത് അതുപോലെ നമസ്‌കരിക്കുക.’

നമസ്‌കാരത്തില്‍ എന്തൊക്കെയാണ് പാരായണം ചെയ്യേണ്ടതെന്നും പ്രാര്‍ഥിക്കേണ്ടതെന്നം നബി(സ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അതുകൊണ്ട് നമസ്‌കാരം ആ രൂപത്തില്‍ തന്നെ നിര്‍വഹിക്കേണ്ടത് പ്രധാനമാണ്. ഒരാള്‍ക്ക് അറബി ഭാഷില്‍ അത് നിര്‍വഹിക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ തന്നെയാണത് നിര്‍വഹിക്കേണ്ടത്. എന്നാല്‍ ഒരാള്‍ക്ക് ആ രൂപത്തില്‍ അറബിയില്‍ സാധിക്കുന്നില്ലെങ്കില്‍ അതിന് സാധിക്കുന്നത് വരെ തന്റെ ഭാഷയില്‍ ആ പ്രാര്‍ഥനകളുടെ അര്‍ഥം ചൊല്ലാവുന്നതാണ്. അതോടൊപ്പം അറബിയില്‍ തന്നെ അത് പഠിക്കാനുള്ള ശ്രമവും തുടര്‍ന്നു കൊണ്ടിരിക്കണം. നമസ്‌കാരത്തില്‍ ചൊല്ലേണ്ട പ്രാര്‍ഥനകളെല്ലാം അറബിയില്‍ പഠിച്ച ഒരാള്‍ക്ക്, തന്റെ സ്വന്തമായ പ്രാര്‍ഥനകള്‍ ചൊല്ലാവുന്നതാണ്, പ്രത്യേകിച്ചും സുജൂദില്‍. നബി(സ) പറഞ്ഞു: ‘ഒരാള്‍ അല്ലാഹുവിലേക്ക് ഏറ്റവുമധികം അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കുമ്പോഴാണ്. അതുകൊണ്ട് സുജൂദില്‍ ധാരാളമായി പ്രാര്‍ഥിക്കുക, നിങ്ങളുടെ പ്രാര്‍ഥനക്കുത്തരം ലഭിച്ചേക്കാം.’

മൂന്ന് തവണ തസ്ബീഹ് (സുബ്ഹാന റബ്ബിയല്‍ അഅ്‌ലാ) ചൊല്ലിയതിന് ശേഷം ഒരാള്‍ക്ക് തന്റെ സ്വന്തം ഭാഷയില്‍ പ്രാര്‍ഥിക്കാവുന്നതാണ്. അത് വിലക്കുന്ന തെളിവുകളൊന്നുമില്ല.

ഇമാം ഇബ്‌നു തൈമിയ പറയുന്നു: ‘ഒരാള്‍ക്ക് അറബിയിലോ മറ്റേതെങ്കിലും ഭാഷയിലോ പ്രാര്‍ഥന നടത്താവുന്നതാണ്. പ്രാര്‍ഥിക്കുന്നവന് അത് പ്രകടിപ്പിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും വിവിധങ്ങളായ ഭാഷയിലോ ശൈലിയിലോ ആണെങ്കിലും പ്രാര്‍ഥിക്കുന്നവന്റെ ഉദ്ദേശ്യവും ലക്ഷ്യവും അല്ലാഹുവിനറിയാം.’ സുജൂദില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പ്രാര്‍ഥനക്ക് പുറമെ നിങ്ങളുടെ സ്വന്തം ഭാഷയില്‍ നിങ്ങള്‍ക്ക് പ്രാര്‍ഥിക്കാവുന്നതാണെന്ന് ചുരുക്കം.

error: Content is protected !!