Home അനുഷ്ഠാനം നമസ്‌കാരത്തില്‍ മനസ്സാന്നിധ്യം ലഭിക്കുന്നില്ല

നമസ്‌കാരത്തില്‍ മനസ്സാന്നിധ്യം ലഭിക്കുന്നില്ല

എനിക്ക് നമസ്‌കാരത്തില്‍ തീരെ മനസ്സാന്നിധ്യം ലഭിക്കുന്നില്ല. മറ്റ് ഇബാദത്തുകളിലും മനസ്സിനെ ഒന്നില്‍ കേന്ദ്രീകരിക്കാന്‍ ഞാന്‍ പ്രയാസപ്പെടുന്നു. ഓര്‍മശക്തി വേണ്ടത്രയില്ല. അതുകൊണ്ട് ഒരു പരിഹാര മാര്‍ഗം നിര്‍ദേശിക്കണമെന്ന് അപേക്ഷിക്കുന്നു.

മറുപടി: ചോദ്യകര്‍ത്താവിന് ഓര്‍മശക്തിയും മനസ്സാന്നിധ്യവും നല്‍കി അനുഗ്രഹിക്കട്ടെയെന്ന് ആദ്യമായി അല്ലാഹുവോട് പ്രാര്‍ഥിക്കുകയാണ്. മറന്നു പോയ പലതും നമസ്‌കാരത്തില്‍ ഓര്‍മവരുന്നു എന്നത് നമ്മില്‍ പലരും അനുഭവിക്കുന്ന പ്രശ്‌നമാണ്. പൂര്‍ണമായി മനസ്സിനെ നമസ്‌കാരത്തില്‍ കേന്ദ്രീകരിക്കാന്‍ കഴിയാത്തതിന്റെ കാരണമെന്താണ്? നമസ്‌കാരം കേവലം ശീലവും സമ്പ്രദായവുമായി ഒരു ബാധ്യത കഴിച്ചു കൂട്ടലുമായി മാറുമ്പോള്‍ തീര്‍ച്ചയായും ഇങ്ങനെ സംഭവിക്കും. ഓരോ നമസ്‌കാരവും അതിന്റെ പൂര്‍ണതയോട് കൂടി അനുഷ്ടിക്കാന്‍ കഴിയണമെങ്കില്‍ നമ്മുടെ മനസ്സ് പൂര്‍ണമായും അതിന് പാകപ്പെടണം. എന്താണ് നമസ്‌കാരം, എന്തിനാണ് നമസ്‌കാരം, ആരുടെ മുന്നിലാണ് ഞാന്‍ നില്‍ക്കുന്നത് എന്ന് മനസ്സിനെ രൂപപ്പെടുത്തിയെടുക്കല്‍ ആവശ്യമാണ്. നാം ഒരു ഉദ്യോഗസ്ഥനെ കാണാന്‍ പോകുമ്പോള്‍ അയാള്‍ എന്തൊക്കെ ചോദിക്കും, അതിന് എന്ത് മറുപടി പറയണം എന്നൊക്കെ ഒരു ധാരണ വരുത്തിയിട്ടാണ് പോകാറുള്ളത്. ഒരു മന്ത്രിയെയോ മുഖ്യമന്ത്രിയെയോ കാണാന്‍ പോകുകയാണെങ്കില്‍ കൃത്യമായി അതിന് ഒരുങ്ങിയിട്ടാണ് നാം അങ്ങോട്ട് ചെല്ലാറുള്ളത്. കാരണം തന്നെക്കാളും ഉയര്‍ന്ന ഒരാളുടെ അടുത്തേക്കാണ് താന്‍ പോകുന്നത് എന്ന ബോധം തന്നെ. സകല പ്രപഞ്ചത്തെയും സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥന്റെ മുന്നിലേക്കാണ് നാം നമസ്‌കാരത്തില്‍ പോകുന്നത്. എന്തൊക്കെ മുന്നൊരുക്കങ്ങളാണ് അതിന് നടത്തുന്നത്? ശരീര ശുദ്ധി വരുത്തുന്നു, കുളി ആവശ്യമെങ്കില്‍ കുളിക്കുന്നു, അംഗശുദ്ധി ചെയ്യുന്നു, വസ്ത്രം വൃത്തിയുള്ളതാവണം, സമയമാവണം, ഖിബ്‌ലക്ക് നേരെ തിരിഞ്ഞുകൊണ്ടാവണം എന്നൊക്കെ നിര്‍ദേശിക്കപ്പെട്ടത് ഒരു കൂടിക്കാഴ്ച്ചയുടെ മാനസികാവസ്ഥയിലേക്ക് നമ്മെ എത്തിക്കുന്നതിനാണ്. സുഗന്ധം പൂശുക എന്നത് പോലും അതില്‍ അഭികാമ്യമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. കാരണം കാണാന്‍ പോകുന്നത് പ്രപഞ്ചനാഥനായ അല്ലാഹുവെയാണ്. അത്തരം ഒരു മാനസികാവസ്ഥ രൂപപ്പെടുത്തിയ ശേഷമാണ് നമസ്‌കാരത്തിലേക്ക് പ്രവേശിക്കേണ്ടത്.

അല്ലാഹുമായുള്ള മുഖാമുഖമാണ് നമസ്‌കാരത്തില്‍ നടക്കുന്നത്. ഇഹലോകത്ത് വെച്ച് അല്ലാഹുവെ കാണാനാവില്ലെന്ന് മൂസാ നബി(അ) ബോധ്യപ്പെടുത്തി കൊടുത്തത് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെയെല്ലാം മനസ്സിലുള്ള ഒന്നാണ് പരലോകത്ത് അവനുമായുള്ള കൂടിക്കാഴ്ച്ച. ഈ ലോകത്തു വെച്ചു തന്നെ അവനുമായി മാനസികമായ ഒരു കൂടിക്കാഴ്ച്ച സാധ്യമാക്കുകയാണ് നമസ്‌കാരം. മനസ്സ് അതിന് പാകപ്പെടലാണ് മുഖ്യം. നമസ്‌കരിക്കാന്‍ നില്‍ക്കുന്നത് കേവലം മുസ്വല്ലയിലല്ല, മറിച്ച് സര്‍വലോക രക്ഷിതാവിന്റെ സിംഹാസനത്തിന് മുന്നിലാണ് എന്ന് നമ്മുടെ മനസ്സിനെ കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിയണം. ആ മാനസികാവസ്ഥയിലെത്തിയാല്‍ ശരീരം വിറകൊള്ളും. അല്ലാഹുവിന്റെ സാമീപ്യം അനുഭവിച്ചറിയാന്‍ കഴിയും. ‘നമസ്‌കാരത്തില്‍ എനിക്ക് കണ്‍കുളിര്‍മ അനുഭവപ്പെടുന്നു’ എന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ടല്ലോ. എന്തെങ്കിലും പ്രയാസമുണ്ടായാല്‍ നമസ്‌കാരത്തില്‍ പ്രവേശിച്ചാല്‍ ഞാന്‍ അതെല്ലാം മറക്കുന്നു എന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ആ അവസ്ഥയിലേക്ക് മനസ്സിനെ പാകപ്പെടുത്തലാണ് മുഖ്യം.

സൂറത്തുല്‍ ഫാതിഹ പരിശോധിക്കുമ്പോള്‍ അതിലെ ആദ്യ ആയത്തുകളില്‍ ‘അവന്‍’ എന്ന പ്രഥമ പുരുഷനിലാണ് അഭിസംബോധനയെന്ന് കാണാം. ‘പ്രതിഫല ദിവസത്തിന്നധിപനാണവന്‍’ എന്നതിന് ശേഷം ‘നിനക്കുമാത്രം ഞങ്ങള്‍ ഇബാദത്തുചെയ്യുന്നു’ എന്നതിലെത്തുമ്പോള്‍ ‘നീ’ എന്ന മധ്യമ പുരുഷനിലേക്ക് അഭിസംബോധന മാറുന്നു. അഭിസംബോധനയില്‍ പെട്ടന്ന് വരുന്ന ഈ മാറ്റത്തിന് പിന്നില്‍ വലിയൊരു യുക്തിയുണ്ട്. അടിമ അല്ലാഹു അറിഞ്ഞ് അവനിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. പിന്നീട് അവന്റെ സമക്ഷത്തില്‍ എത്തിചേര്‍ന്ന ശേഷമാണ് ‘നിന്നോട്’, ‘നിനക്ക് മാത്രം’ എന്നൊക്കെ പറയുന്നത്. അതിനനുസരിച്ച് മനസ്സ് അല്ലാഹുവിലേക്ക് ചെന്ന് ചേരണം. ‘നമസ്‌കാരം വിശ്വാസിയുടെ മിഅ്‌റാജാണ് (ആകാശാരോഹണം)’ എന്ന് പണ്ഡിതന്‍മാര്‍ പറഞ്ഞത് അതുകൊണ്ടാണ്.

നമസ്‌കാരത്തില്‍ എങ്ങനെയാണ് ഖുശൂഅ് നേടുന്നതെന്ന് ചോദിച്ചപ്പോള്‍ ഒരു ജ്ഞാനി പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. ‘മനസ്സാന്നിധ്യത്തോടെ ഞാന്‍ തക്ബീര്‍ ചൊല്ലും, പിന്നെ അവധാനതയോടെ ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യും, ഖുശൂഓടെ റുകൂഅ് ചെയ്യും, കീഴ്‌വണക്കത്തോടെ സൂജൂദ് ചെയ്യും. എന്റെ വലതുവശത്ത് സ്വര്‍ഗമാണ് ഇടതുവശത്ത് നരകവും, എന്റെ കാല്‍ചുവട്ടില്‍ സ്വിറാതാണ്, മുന്നില്‍ കഅ്ബയാണ്, തലക്ക് മുകളില്‍ മരണത്തിന്റെ മലക്കാണ്, എന്റെ പാപകങ്ങള്‍ എന്നെ വലയം ചെയ്തിരിക്കുകയാണ്, അല്ലാഹുവിന്റെ കണ്ണുകള്‍ എന്നെ നോക്കി കൊണ്ടിരിക്കുകയാണ് എന്ന ബോധമായിരിക്കും എന്നില്‍. എന്റെ ആയുസ്സിലെ അവസാന നമസ്‌കാരമായി ഞാനതിനെ കണക്കാക്കും.’ ഇത്തരത്തില്‍ മനസ്സിനെ പാകപ്പെടുത്തിയെടുത്താല്‍ നമുക്കും അത് അനുഭവിക്കാന്‍ കഴിയും. ഹസന്‍(റ) നമസ്‌കരിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ വീടിന് തീ പിടിച്ച സംഭവം ചരിത്രത്തില്‍ കാണാം. നാട്ടുകാര്‍ ഓടിക്കൂടി തീയണച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ ശാന്തനായി ഹസന്‍(റ) വീട്ടില്‍ നിന്ന് ഇറങ്ങി വന്നു. ഇതൊന്നും നിങ്ങള്‍ അറിഞ്ഞില്ലേ എന്ന ആളുകളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി: ‘ഞാന്‍ അറിഞ്ഞിരുന്നു. പക്ഷെ, അതിനേക്കാള്‍ വലിയ കത്തിയാളുന്ന നരകത്തിന്റെ മുന്നിലായിരുന്നു ഞാന്‍. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിതേടുകയായിരുന്നു ഞാന്‍.’ അതായത് അദ്ദേഹം നമസ്‌കാരത്തിലായിരുന്നു എന്ന്.

മനസ്സ് അല്ലാഹുവില്‍ കേന്ദ്രീകരിക്കാന്‍ പരിശീലിക്കേണ്ടതുണ്ട്. സുന്നത്ത് നമസ്‌കാരങ്ങള്‍ അതിനുള്ള മാര്‍ഗമാണ്. പ്രത്യേകിച്ചും രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴുള്ള തഹജ്ജുദ് നമസ്‌കാരത്തിലൂടെ മനസ്സാന്നിധ്യം നേടിയെടുക്കാന്‍ നാം പരിശീലിക്കേണ്ടതുണ്ട്. മനസ്സാന്നിധ്യത്തോടെ അല്ലാഹുവിനെ അഭിമുഖീരിക്കാന്‍ അവന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

error: Content is protected !!