ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളും സിനിമകളും പരമ്പരകളും കാണുന്നത് നോമ്പിനെ നിഷ്ഫലമാക്കുമോ?
മറുപടി: നന്മയും തിന്മയും ഉള്‍ച്ചേര്‍ന്നിട്ടുള്ള മാധ്യമങ്ങളില്‍ ഒന്നാണ് ടെലിവിഷന്‍. മാധ്യമങ്ങളുടെ വിധി എല്ലായ്‌പ്പോഴും അതിന്റെ ഉദ്ദേശ്യം പരിഗണിച്ചാണ്. റേഡിയോ, പത്രം എന്നിവ പോലെ ടെലിവിഷനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അതിന്റെ ചീത്തവശങ്ങളെ വെടിഞ്ഞ് അതിലെ നന്മയെ സ്വീകരിക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്. അത് നോമ്പുകാരനാണെങ്കിലും അല്ലെങ്കിലും പാലിക്കേണ്ടത കാര്യമാണ്. എന്നാല്‍ നോമ്പുകാരനായിരിക്കുമ്പോള്‍ വിശ്വാസി കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. നോമ്പ് നിഷ്ഫലമായി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണത്.
ടെലിവിഷന്‍ കാണുന്നത് നിരുപാധികം അനുവദനീയമാണെന്നോ നിരുപാധികം നിഷിദ്ധമാണെന്നോ ഞാന്‍ വിധി പറയുന്നില്ല. അതിലൂടെ എന്താണ് കാണുന്നത് എന്നതിനെ ആശ്രയിച്ചാണത് തീരുമാനിക്കേണ്ടത്. നല്ല കാര്യങ്ങളാണെങ്കില്‍ ആ കാഴ്ച്ചക്കും കേള്‍വിക്കും അവന് പ്രതിഫലമുണ്ട്. നന്മക്ക് പ്രേരണ നല്‍കുന്ന പരിപാടികളും വൈജ്ഞാനിക പരിപാടികളും അത്തരത്തിലുള്ളവയാണ്. നഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള നൃത്തം പോലുള്ള മോശപ്പെട്ട കാഴ്ച്ചകളാണെങ്കില്‍ അത് നിഷിദ്ധവുമാണ്. റമദാനില്‍ മാത്രമല്ല എല്ലാ കാലത്തും അത്തരം പരിപാടികള്‍ കാണുന്നത് നിഷിദ്ധം തന്നെ.
അപ്രകാരം നിഷിദ്ധത്തിന്റെ പരിധിയിലെത്തുന്നില്ലെങ്കിലും നിരുത്സാഹപ്പെടുത്തേണ്ടതായിട്ടുള്ള പരിപാടികളുമുണ്ട്. ദൈവസ്മരണയില്‍ നിന്ന് നമ്മെ തെറ്റിക്കുന്ന എല്ലാ പരിപാടികളും നിഷിദ്ധമാണെന്നതാണ് അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട കാര്യം. ടെലിവിഷന്‍ പരിപാടികളോ റേഡിയോ കേള്‍ക്കുന്നതോ അല്ലാഹു നമുക്ക് മേല്‍ നിര്‍ബന്ധമാക്കിയ നമസ്‌കാരം പോലുള്ള കാര്യങ്ങളില്‍ നിന്ന് അശ്രദ്ധരാക്കുന്നുണ്ടെങ്കില്‍ അവ നിഷിദ്ധത്തിന്റെ പരിധിയിലാണ് വരിക. ഒരാളെ നമസ്‌കാരത്തില്‍ നിന്ന് തെറ്റിക്കുന്നത് കാര്യം എന്താണെങ്കിലും അത് നിഷിദ്ധമാണ്. മദ്യവും ചൂതാട്ടവും നിഷിദ്ധമാക്കി കൊണ്ടുള്ള സൂക്തത്തില്‍ അതിന്റെ കാരണങ്ങള്‍ അല്ലാഹു വിവരിക്കുന്നത് കാണുക: ‘മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതിനും ദൈവസ്മരണയില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുന്നതിനും മാത്രമാകുന്നു ചെകുത്താന്‍ ആഗ്രഹിക്കുന്നത്.’ (5:91)
മൊഴിമാറ്റം: നസീഫ്