ഈദുല്‍ ഫിത്വ്‌റിന്റെയും ഈദുല്‍ അദ്ഹായുടെയും നമസ്‌കാര സമയം എന്നത് സൂര്യന്‍ ഉദിച്ചുയര്‍ന്ന് തെറ്റുന്നതിനു മുമ്പാണ്. ആര്‍ക്കെങ്കിലം പെരുന്നാള്‍ നമസ്‌കാരം നഷ്ടമായാല്‍ തക്ബീറുകള്‍ കൂടാതെ അത് നാല് റക്അത് നിസ്‌കരിക്കണമെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. ചിലര്‍ പറയുന്നത് ജമാഅത്തായി നിസ്‌കരിക്കുന്നത് പോലെ തന്നെ അതു നിര്‍വഹിക്കണമെന്നാണ്. മൂന്നാമതൊരു വിഭാഗത്തിന്റെ അഭിപ്രായത്തില്‍ അതിനെ മടക്കി നിര്‍വഹിക്കേണ്ടതില്ല എന്നാണ്.
രണ്ട് പെരുന്നാള്‍ നമസ്‌കാരങ്ങളുടെയും സമയം എന്നത് സൂര്യനുദിച്ച് കഴിഞ്ഞ് കുറച്ചു നേരത്തേക്ക് മാത്രമാണ്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ അത് ളുഹ്‌റിന്റെ സമയം വരെ നീണ്ടു നില്‍ക്കുന്നു എന്നാണ്. അപ്പോള്‍ ഈ സമയത്ത് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാം എന്നാണ് ഉദ്ദേശ്യം. ഇനി അത് നഷ്ടമായാല്‍ അതിനെ ഖദാഅ് വീട്ടണോ വേണ്ടയോ?
ഹനഫീ മദ്ഹബ് പറയുന്നു : രണ്ട് പെരുന്നാള്‍ നമസ്‌കാരത്തും ജമാഅത്തായി നമസ്‌കരിക്കല്‍ അതിന്റെ നിബന്ധനകളില്‍ പെട്ടതാകുന്നു. അഥവാ അത് ആര്‍ക്കെങ്കിലും നഷ്ടപ്പെട്ടാല്‍ തിരിച്ചു നിര്‍വഹിക്കേണ്ടതില്ല. അതിന്റെ സമയമാണെങ്കിലും അല്ലെങ്കിലും ശരി. ഇനി ആര്‍ക്കെങ്കിലും അത് നിര്‍വഹിക്കാന്‍ താല്‍പര്യം തോന്നിയാല്‍ ആവര്‍ത്തിച്ചുള്ള തക്ബീറുകള്‍ ചൊല്ലാതെ അത് നാല് റക്അത് നമസ്‌കരിക്കാവുന്നതാണ്. ഒരാള്‍ക്ക് ജുമുഅ നഷ്ടപ്പെട്ടാല്‍ നാല് റക്അത്ത് മടക്കി നിസ്‌കരിക്കുന്നത് പോലെ അത് നിര്‍വഹിക്കാം.
എന്നാല്‍ മാലിക്കി മദ്ഹബില്‍ ഇപ്രകാരം പറയുന്നു : പെരുന്നാള്‍ നമസ്‌കാരം സുന്നത്താണെങ്കിലും ജമാഅതായി നിസ്‌കരിക്കുക എന്നത് അതിന്റെ നിബന്ധന ആകുന്നു. അതാര്‍ക്കെങ്കിലും നഷ്ടമാകുകയാണെങ്കില്‍ ളുഹ്‌റിന്റെ സമയം വരെയുള്ള സമയത്തില്‍ അത് നിര്‍വഹിച്ചു വീട്ടല്‍ സുന്നത്താണ്. ആ സമയവും കഴിഞ്ഞിട്ടാണെങ്കില്‍ ഖദാഅ് വീട്ടേണ്ടതില്ല.
ശാഫീ മദ്ഹബില്‍ അതിനെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു : ഹാജിമാര്‍ക്കല്ലാത്തവര്‍ക്ക് പെരുന്നാള്‍ നമസ്‌കാരം ജമാഅതായി നിസ്‌കരിക്കല്‍ സുന്നത്താകുന്നു. അത് ഇമാമിന്റെ കൂടെ നിസ്‌കരിക്കുന്നതില്‍ നിന്നും ഒരാള്‍ ഒഴിവായാല്‍ ളുഹ്‌റിന്റെ സമയം ആകുന്നതിനു മുമ്പ് അത് നിര്‍വഹിക്കണം.
ഇതാണ് ഈ വിഷയത്തില്‍ പണ്ഡിതന്മാരുടെ കാഴ്ചപ്പാട്. അല്ലാഹു അഅ്‌ലം.
വിവ : ശഫീഅ് മുനീസ്.ടി