ചോദ്യം : കേരളത്തിലെ മിക്ക മഹല്ലുകളിലും ദാരിദ്ര്യം ഇന്ന് പ്രധാന വിഷയമല്ല. എല്ലാ വീട്ടിലും കേരളത്തിലെ മുഖ്യ ഭക്ഷണവിഭവമായ അരി ലഭ്യമാണ്. ബി.പി.എല്ലുകാര്‍ക്ക് റേഷന്‍ കടകള്‍ വഴി കുറഞ്ഞ രൂപക്ക് അരി ലഭ്യമാണ്. എന്നാല്‍ പെരുന്നാള്‍ ദിനത്തില്‍ വിശേഷവിഭവങ്ങളായ ബിരിയാണിയോ നെയ്‌ച്ചോറോ ഉണ്ടാക്കുന്ന അരി വാങ്ങാന്‍ കഴിയാത്ത ഒട്ടനവധി കുടുംബങ്ങള്‍ ഇന്നുമുണ്ട്. സാധാരണ അരി സുലഭമായിരിക്കെ ഫിത്ര്‍ സകാത്തായി ഇത്തരം അരി നല്‍കുന്നതല്ലേ കൂടുതല്‍ നല്ലത്. അങ്ങനെയെങ്കില്‍ അതിന്റെ അളവ് എങ്ങനെ കണക്കാക്കാം?
മറുപടി : സകാത്തുല്‍ ഫിത്വ്‌റിനെപ്പറ്റി വന്ന ഒറ്റ ഹദീസിലും അരിയെപ്പറ്റി പരാമര്‍ശമില്ല. പ്രത്യുത ഗോതമ്പ്, യവം, പാല്‍ക്കട്ടി, ഈത്തപ്പഴം എന്നു തുടങ്ങി ആ കാലത്തെ ആഹാര വിഭവങ്ങള്‍ മാത്രമാണ് പരാമര്‍ശിക്കപ്പെടുന്നത്. അവയുടെ അളവ് ഒരു സ്വാഅ് എന്നാണ് വന്നിട്ടുള്ളത്. ഇന്നത്തെ കണക്കനുസരിച്ച് 2200 ഗ്രാം.
ഹദീസില്‍ പറഞ്ഞിട്ടുള്ള വിഭവങ്ങളോട് ഖിയാസാക്കിയാണ് ഇവിടെയുള്ള പണ്ഡിതന്മാര്‍ അരി മതിയാകുമെന്ന് പറഞ്ഞത്. തിരുമേനി അവ നിര്‍ബന്ധമാക്കിയതിന്റെ മുഖ്യന്യായം (ഇല്ലത്ത്) അവയെല്ലാം അവിടത്തെ മുഖ്യ ആഹാരങ്ങളില്‍ പെട്ടവയായിരുന്നു എന്നതാണ്. അതേ ന്യായം വെച്ച് നമ്മുടെ നാട്ടില്‍ അരി മതിയാകും.
ഏത് തരം അരി? ഒരു ഗതിയുമില്ലാത്തവന്‍ നിര്‍ബന്ധിതാവസ്ഥയില്‍ വാങ്ങാറുള്ള താണ തരവുമല്ല, എന്നാല്‍ നല്ല വിലയുള്ള ഏറ്റവും മുന്തിയ തരവുമല്ല, ഇടത്തരം നിലവാരത്തിലുള്ള അരിയാണ് സകാത്തുല്‍ ഫിത്വ്‌റായി നല്‍കേണ്ടത്. കുറുവ, ജയ തുടങ്ങിയവ ഉദാഹരണം. എന്നാല്‍ ചോദ്യത്തില്‍ പറഞ്ഞ ബിരിയാണി അരി, ബസ്മതി തുടങ്ങിയവ നല്‍കിയാല്‍ അത്രയും നല്ലത്. അവ 2200 ഗ്രാം തന്നെ നല്‍കണമോ എന്ന ചോദ്യത്തിന് ഒരു സ്വാഅ് എന്ന് തിരുമേനി(സ) വ്യക്തമാക്കിയിരിക്കെ അത്ര തന്നെ നല്‍കണമെന്നാണ് ഒരഭിപ്രായം.
എന്നാല്‍ മുന്തിയ ഇനമാണെങ്കില്‍ പകുതി നല്‍കിയാല്‍ മതി എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഇമാം അബൂഹനീഫയുടെ മദ്ഹബ് അതാണ്. അബൂ സഈദുല്‍ ഖുദ്‌രി റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് അവരുടെ മുഖ്യ അവലംബം. ”അല്ലാഹുവിന്റെ റസൂല്‍ ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്ന കാലം മുതല്‍ സകാത്തുല്‍ ഫിത്വ്‌റായി ഞങ്ങള്‍ നല്‍കിയിരുന്നത് ഒരു സ്വാഅ് ഭക്ഷണം അല്ലെങ്കില്‍ ഒരു സ്വാഅ് യവം അല്ലെങ്കില്‍ ഒരു സ്വാഅ് ഈത്തപ്പഴം, അല്ലെങ്കില്‍ ഒരു സ്വാഅ് ഉണക്കമുന്തിരി എന്നിങ്ങനെയായിരുന്നു. അങ്ങനെയിരിക്കെ മുആവിയ(റ)യുടെ കാലത്ത് അദ്ദേഹം ഹജ്ജിനോ ഉംറക്കോ മറ്റോ ആയി വന്നപ്പോള്‍ മദീനയില്‍ വരികയും മിമ്പറില്‍ വെച്ച് ജനങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കുകയുമുണ്ടായി. കൂട്ടത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു, ‘രണ്ട് മുദ്ദ് (അര സ്വാഅ്) സിറിയന്‍ ഗോതമ്പ് ഒരു സ്വാഅ് ഈത്തപ്പഴത്തിന് തുല്യമാണെന്ന് ഞാന്‍ കാണുന്നു.’ അനന്തരം ജനങ്ങള്‍ അത് അംഗീകരിക്കുകയും സ്വീകരിക്കുകയുമുണ്ടായി. ഞാനാവട്ടെ പഴയപടിതന്നെ തുടരുകയും ചെയ്തു, മരിക്കുവോളം ഞാനങ്ങനെയേ ചെയ്യൂ എന്നും വെച്ചു” (മുസ്‌ലിം 2331). ഇമാം നവവി പറഞ്ഞു, ഈ ഹദീസാണ് ഇമാം അബൂ ഹനീഫയുടെയും അദ്ദേഹത്തോട് യോജിക്കുന്നവരുടെയും ‘അര സ്വാഅ് മതി’ എന്ന അഭിപ്രായത്തിന് തെളിവ്. എന്നാല്‍ ഇത് കേവലം ഒരു സ്വഹാബിയുടെ കാഴ്ചപ്പാട് മാത്രമാണ് എന്നാണ് ഭൂരിപക്ഷത്തിന്റെ നിലപാട് (ശറഹു മുസ്‌ലിം 3/417).
ഇത് കേവലം ഒരു സ്വഹാബിയുടെ അഭിപ്രായം മാത്രമായി കാണാന്‍ കഴിയില്ല. മദീനക്കാരുടെ മുമ്പില്‍ വെച്ച് അദ്ദേഹം ഇക്കാര്യം പറഞ്ഞപ്പോള്‍ ‘ജനങ്ങള്‍ അത് സ്വീകരിക്കുകയുണ്ടായി’ എന്ന് വളരെ വ്യക്തമായി പരാമര്‍ശിച്ചിരിക്കെ, ഈ അഭിപ്രായം പൊതുവെ എല്ലാവരും സ്വീകരിച്ചു എന്നാണ് മനസ്സിലാവുന്നത്. സ്വഹാബിമാര്‍ ഉള്‍ക്കൊള്ളുന്ന മദീനക്കാര്‍ അത് പിന്‍പറ്റി എന്നര്‍ഥം. ഈ മദ്ഹബനുസരിച്ച് 2200 ഗ്രാം കുറുവയോ ജയയോ മറ്റോ നല്‍കുന്നതിന് പകരം 1100 ഗ്രാം ബിരിയാണി അരി നല്‍കിയാലും മതിയാകും. അഗതികള്‍ക്ക് അതാണുത്തമമെങ്കില്‍ അതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അര സ്വാഅ് മതിയെന്ന ഇമാം അബൂ ഹനീഫയുടെ മദ്ഹബും അതുതന്നെയാണെന്ന് സൂചിപ്പിച്ചല്ലോ. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ പിന്‍പറ്റുന്ന മദ്ഹബ് കൂടിയാണത്.
അര സ്വാഅ് മുന്തിയ ഇനം ഗോതമ്പ് മതി എന്ന പ്രമുഖ സ്വഹാബി മുആവിയ(റ)യുടെയും അദ്ദേഹത്തിന്റെ വീക്ഷണത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന മറ്റു സ്വഹാബിമാരുടെയും ആധാരം ഗോതമ്പല്ലാത്തവയുടെ മൂല്യം ഏതാണ്ട് തുല്യമാണെന്നടിസ്ഥാനത്തിലുള്ള ഇജ്തിഹാദാണ്. ഗോതമ്പാകട്ടെ അന്ന് വമ്പിച്ച വിലയുള്ള ധാന്യവുമായിരുന്നു.
ആയതിനാല്‍ അടിസ്ഥാനം നാട്ടിലെയോ വ്യക്തിയുടെയോ മുഖ്യാഹാരമേതാണോ അത് ഒരു സ്വാഅ് എന്നതായിരിക്കേണ്ടതാണ്. ഇനി ഗോതമ്പ് വിതരണം ചെയ്യണമെന്നുണ്ടെങ്കില്‍ അതിന് നല്ല വിലയുണ്ടെങ്കില്‍ അര സ്വാഅ് വിതരണം ചെയ്യുന്നതും സാധുവാകുന്നതാണ്. അതിന്റെ വില നാട്ടിലെ മുഖ്യാഹാരത്തിന്റെ വിലയോട് സമാനമായിരിക്കണമെന്ന് മാത്രം. വിലയുടെ അടിസ്ഥാനത്തില്‍ ഗോതമ്പ് നല്‍കാമെന്ന സ്വഹാബിമാരുടെ ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ഏതവസ്ഥയിലും ഒരു സ്വാഅ് തന്നെ നല്‍കലാണ് സൂക്ഷ്മത. അഭിപ്രായവ്യത്യാസം ഒഴിവാക്കാനും സ്ഥിരപ്പെട്ട പ്രമാണങ്ങളെ പിന്‍പറ്റുന്നു എന്നര്‍ഥത്തിലും അതുതന്നെയാണ് നല്ലത്. സംശയമുള്ളത് വിട്ട് സംശയമില്ലാത്തത് സ്വീകരിക്കുക എന്ന തത്ത്വത്തിന്റെ തേട്ടവും അതുതന്നെയാണ്. അലി(റ) പറഞ്ഞതുപോലെ, ആര്‍ക്കെങ്കിലും അല്ലാഹു അനുഗ്രഹം വിശാലമാക്കിയിട്ടുണ്ടെങ്കില്‍ അവനും വിശാലത കാണിക്കട്ടെ (ഫിഖ്ഹുസ്സകാത്ത് 2/408)