Tuesday, July 23, 2024
Homeഅനുഷ്ഠാനംമ്ലേഛമായ സംസാരം മൂലം വുദു മുറിയുമോ

മ്ലേഛമായ സംസാരം മൂലം വുദു മുറിയുമോ

ചോദ്യം :  മ്ലേഛവും അശഌലവുമായ സംസാരം വുദു മുറിക്കുമെന്ന് സഹോദരന്‍ പറയുന്നത് കേട്ടു. അതിന് വല്ല തെളിവുകളുമുണ്ടോ

ഉത്തരം :  ഉറക്കം, മുന്‍ദ്വാരത്തിലൂടെയും പിന്‍ദ്വാരത്തിലൂടെയും വല്ലതും പുറപ്പെടല്‍,  ശരീരത്തില്‍ നിന്ന് മാലിന്യം പുറപ്പെടല്‍, ഒട്ടക മാംസം ഭക്ഷിക്കല്‍, സ്ത്രീകളെ വികാരത്തോടെ സ്പര്‍ശിക്കല്‍, മറയില്ലാതെ ഗുഹ്യഭാഗം സ്പര്‍ശിക്കുക, മതപരിത്യാഗം(മുര്‍തദ്ദ്) നടത്തുക തുടങ്ങിയവയാണ്  വുദു മുറിയുന്ന കാര്യങ്ങള്‍. എന്നാല്‍ മോശവും മ്ലേഛവുമായ സംസാരം വുദു മുറിയുന്ന കാര്യങ്ങളില്‍ പെട്ടതല്ല. അത് ഉറക്കെ പറഞ്ഞാലും പതുക്കെ പറഞ്ഞാലും ശരി.

എന്നാല്‍ ഈ സംസാരം കേവലം പരദൂഷണം ആണെങ്കില്‍ ഒരു മുസ്‌ലിം തന്റെ സഹോദരനെ പരദൂഷണം പറയുന്നത് അല്ലാഹു വിലക്കിയതായി കാണാം. ‘ നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് ( ശവം തിന്നുന്നത് ) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക'(അല്‍ ഹുജുറാത്ത് 12).
അവന്റെ സംസാരം കൊണ്ടുദ്ദേശിക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാണ്ടാക്കലാണെങ്കില്‍ അത് വലിയ പാപമാണ്. ‘സത്യവിശ്വാസികളെയും വിശ്വാസിനികളെയും, അവര്‍ തെറ്റൊന്നും ചെയ്യാതിരിക്കെ ദ്രോഹിക്കുന്നവര്‍ കള്ളവാര്‍ത്ത ചമച്ചവരത്രെ. പ്രകടമായ കുറ്റം ചെയ്തവരും'(അഹ്‌സാബ് 58). തന്റെ സഹോദരന്റെ അഭിമാനത്തിന് ക്ഷതമേല്‍പിക്കലാണ് ലക്ഷ്യമെങ്കില്‍ അതും കുറ്റകരം തന്നെ. പ്രവാചകന്‍(സ) പഠിപ്പിച്ചു. നിങ്ങളുടെ രക്തവും സമ്പത്തും അഭിമാനവും പവിത്രമാണ്.(ബുഖാരി)
സഹോദരനെ തെറി പറയലാണ് സംസാരത്തിന്റെ ഉദ്ദേശ്യമെങ്കില്‍ അതും മുസ്‌ലിമിന് ചേര്‍ന്നതല്ല. ‘മുസ്‌ലിം ആക്ഷേപിക്കുന്നവനോ മ്ലേഛമായി സംസാരിക്കുന്നവനോ ചീത്തപറയുന്നവനോ അല്ല’ (തിര്‍മുദി)

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Recent Posts

Related Posts

error: Content is protected !!