ശരീരത്തില്‍ നിന്ന് മൂത്രം പുറത്തു കളയുന്നതിനായി യൂറിന്‍ ബാഗ് ശരീരത്തോട് ഘടിപ്പിക്കപ്പട്ടിട്ടുള്ള രോഗി എങ്ങനെയാണ് നമസ്‌കരിക്കേണ്ടതും അംഗശുദ്ധി വരുത്തേണ്ടതും?
മറുപടി: മൂത്രവാര്‍ച്ച, സ്ത്രീകള്‍ക്കുണ്ടാവുന്ന രക്തവാര്‍ച്ച പോലുള്ള അസുഖങ്ങള്‍ക്ക് സമാനമായ അവസ്ഥ തന്നെയാണിത്. അതുകൊണ്ട് നമസ്‌കാര സമയമാകുമ്പോള്‍ ഏത് അവസ്ഥിലാണോ ഉള്ളത് ആ അവസ്ഥയില്‍ നമസ്‌കരിക്കുകയാണ് വേണ്ടത്. വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള രോഗമാണെങ്കില്‍ തയമ്മും ചെയ്ത് നമസ്‌കരിക്കണം. വെള്ളം ഉപയോഗിച്ച് വുദൂവെടുക്കാന്‍ സാധിക്കുന്നവര്‍ അങ്ങനെ ചെയ്യല്‍ നിര്‍ബന്ധമാണ്. ‘കഴിയുന്നിടത്തോളം അല്ലാഹുവിനോട് സൂക്ഷ്മത പുലര്‍ത്തുവിന്‍.’ (അത്തഗാബുന്‍: 16) എന്നാണല്ലോ അല്ലാഹു കല്‍പിച്ചിരിക്കുന്നത്.
അംഗശുദ്ധിക്ക് ശേഷം പുറത്തു വരുന്നത് പ്രശ്‌നമാക്കേണ്ടതില്ല. എന്നാല്‍ നമസ്‌കാര സമയമായതിന് ശേഷം മാത്രമേ അംഗശുദ്ധി വരുത്താവൂ. മൂത്രവാര്‍ച്ചക്കാരനായ രോഗിയില്‍ നിന്ന് മൂത്രം പുറത്തു പോയിക്കൊണ്ടിരിക്കുന്നത് നമസ്‌കാരത്തിന് തടസ്സമാകാത്തത് പോലെ മൂത്രത്തിന് ട്യൂബ് ഘടിപ്പിച്ച രോഗിയില്‍ നിന്നും മൂത്രം പോകുന്നത് നമസ്‌കാരത്തിന് തടസ്സമാകുന്നില്ല. രക്തവാര്‍ച്ചയുള്ള (ആര്‍ത്തവ, പ്രസവ രക്തങ്ങളല്ല) സ്ത്രീകളുടെ വിധി ഇതാണെന്ന് ഹദീസില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. അത്തരത്തിലുള്ള പ്രയാസമനുഭവിക്കുന്നവര്‍ ഓരോ നമസ്‌കാരത്തിനും അംഗശുദ്ധി വരുത്തട്ടെ (വുദൂഅ്) എന്നാണ് നബി തിരുമേനി(സ) കല്‍പിച്ചിട്ടുള്ളത്.