നമസ്‌കാരം ജംഉം ഖസ്‌റുമായി നമസ്‌കരിക്കാനുള്ള മാനദണ്ഡം എന്താണ്? കിലോമീറ്റര്‍ കണക്കാക്കിയുള്ള വഴിദൂരമോ യാത്രയിലെ പ്രയാസങ്ങളോ ഇതില്‍ പരിഗണിക്കപ്പെടുക? പ്രാസ്ഥാനിക യോഗങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും വേണ്ടി ജംഉം ഖസ്‌റുമായി നമസ്‌കരിക്കാല്‍ അനുവദനീയമാണോ? -ഫൈസല്‍ അങ്ങാടിപ്പുറം-
അല്ലാഹു തന്റെ അടിമകള്‍ക്ക് നിര്‍ബന്ധമാക്കിയ ആരാധനാകര്‍മങ്ങളില്‍, സവിശേഷ സാഹചര്യങ്ങളും, ആവശ്യങ്ങളും പരിഗണിച്ച് ധാരാളം ഇളവുകള്‍ നല്‍കിയിരിക്കുന്നു. നമസ്‌കാരത്തിന്റെ കാര്യത്തില്‍ അപ്രകാരം നല്‍കപ്പെട്ട ഇളവുകളാണ് ജംഅ് അഥവാ രണ്ട് നമസ്‌കാരങ്ങള്‍ ഒന്നിച്ച് നമസ്‌കരിക്കുക, ഖസ്ര്‍ അഥവാ ചുരുക്കി നമസ്‌കരിക്കുക എന്നിവ.
നബി തിരുമേനി(സ) യാത്രയില്‍ ചുരുക്കി നമസ്‌കരിക്കുകയായിരുന്നു ചെയ്തിരുന്നത്. തന്റെ എല്ലാ യാത്രകളിലും തിരുമേനി ചുരുക്കിയായിരുന്നു നമസ്‌കരിച്ചിരുന്നതെന്നും, അപ്രകാരം തന്നെയാണ് അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍(റ) തുടങ്ങിയവര്‍ ചെയ്തിരുന്നതെന്നും ഇബ്‌നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്(ബുഖാരി 1102). അതിനാല്‍ തന്നെ യാത്രക്കാരന് ചുരുക്കി നമസ്‌കരിക്കലാണ് യാത്രക്കാരന് ഉത്തമമെന്നതില്‍ പണ്ഡിതന്മാര്‍ യോജിച്ചിരിക്കുന്നു. എന്നല്ല യാത്രക്കാരന് ചുരുക്കി നമസ്‌കരിക്കല്‍ നിര്‍ബന്ധമാണെന്ന അഭിപ്രായമാണ് ഹനഫി പണ്ഡിതര്‍ക്കുള്ളത്. (അല്‍ഇജ്മാണഅ് 27, മുഗ്നി 1/382).
ചുരുക്കി നമസ്‌കരിക്കല്‍ അനുവദനീയമായ ദൂരദൈര്‍ഘ്യത്തിന്റെ കാര്യത്തിലും, എത്ര കാലത്തോളം അത്തരത്തില്‍ നമസ്‌കരിക്കാമെന്ന വിഷയത്തിലും പണ്ഡിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. പല പണ്ഡിതന്മാരും കിലോമീറ്ററുകള്‍ കണക്കാക്കി ഖസ്ര്‍ അനുവദനീയമായ യാത്രയെ നിര്‍ണിയിച്ചിട്ടുണ്ടെന്നത് ശരി തന്നെയാണ്. എന്നാല്‍ പ്രസ്തുത നിര്‍ണയത്തിന് പ്രമാണികമായ യാതൊരു ബലവുമില്ല. മാത്രമല്ല, നിലവിലുള്ള ലോകത്ത് കിലോമീറ്ററുകള്‍ വളരെ കുറഞ്ഞ സമയത്തില്‍ പ്രയാസരഹിതമായി യാത്ര ചെയ്യാന്‍ സാധിക്കുകയും ചെയ്യും. യാത്രക്കാരന്റെ പ്രയാസം തന്നെയാണ് ഖസ്‌റിനുള്ള മാനദണ്ഡം. അവ ദൂരത്തിലോ സമയത്തിലോ ക്ലിപ്തപ്പെടുത്താന്‍ സാധിച്ച് കൊള്ളണമെന്നില്ല. വളരെ കുറഞ്ഞ ദൂരം തന്നെ, ട്രാഫിക് അസൗകര്യം മൂലം പതിവായി ദീര്‍ഘനേരം യാത്ര ചെയ്യേണ്ടുന്നവരും, വളരെ ദീര്‍ഘ ദൂരത്തേക്ക് വ്യോമമാര്‍ഗത്തിലൂടെ മണിക്കൂറുകള്‍ക്കകം എത്തിച്ചേരുന്നവരും നമ്മുടെ സമൂഹത്തിലുണ്ടായിരിക്കെ പ്രത്യേകിച്ചും.
ചുരുക്കി നമസ്‌കരിക്കാവുന്ന കാലപരിധിയും ഇപ്രകാരം തന്നെയാണ്. പ്രവാചകന്‍(സ) ഹജ്ജിന് വേണ്ടി എത്തിയ സന്ദര്‍ഭത്തില്‍ നാല് ദിവസം ചുരുക്കി നമസ്‌കരിച്ചുവെന്ന് ഹദീസുകള്‍ കൊണ്ട് പ്രബലമായ കാര്യമാണ്. ആവശ്യമാവുന്ന പക്ഷം അപ്രകാരം ചെയ്യാവുന്നതാണെന്നതില്‍ സംശയമില്ല.
എന്നാല്‍ ജംഅ് ഇതില്‍ നിന്നും ഭിന്നമാണ്. സവിശേഷമായ കാരണങ്ങളുള്ള പക്ഷം രണ്ട് നമസ്‌കാരങ്ങള്‍ ചേര്‍ത്ത് ജംഅ് ചെയ്ത് നമസ്‌കരിക്കാവുന്നതാണ്. പ്രവാചകന്‍(സ)യില്‍ നിന്നും സ്ഥിരപ്പെട്ട കാര്യമാണ് അത്. യാത്ര, രോഗം, മഴ തുടങ്ങിയ കാരണങ്ങള്‍ ഇവയില്‍ ഉള്‍പെടുന്നു. എന്നാല്‍ ചുരുക്കി നമസ്‌കരിക്കല്‍ യാത്രയില്‍ മാത്രമെ അനുവദനീയമുള്ളൂ. വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണിത്(നിസാഅ് 101). ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ പറയുന്നു ‘യാത്ര മാത്രമാണ് ഖസ്‌റിന് കാരണമായിട്ടുള്ളത്. അല്ലാത്ത സന്ദര്‍ഭത്തില്‍ അത് അനുവദനീയമല്ല. എന്നാല്‍ ജംഅ് കാരണങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ്. ചെറുതോ, വലുതോ ആയ യാത്രയിലും, മഴ, രോഗം തുടങ്ങിയവയോ അല്ലാത്തതോ ആയ കാരണങ്ങളോ പരിഗണിച്ച് അത് ചെയ്യാവുന്നതാണ്. അത് കൊണ്ടുള്ള ലക്ഷ്യം ഉമ്മതില്‍ നിന്ന് പ്രയാസങ്ങള്‍ ഒഴിവാക്കുകയെന്നതാണ്.’ (മജ്മൂഉല്‍ ഫതാവാ 22/293)
പ്രാസ്ഥാനികമായ യോഗങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ജംഅ് ആക്കി നമസ്‌കരിക്കാമെന്ന് മേല്‍പറഞ്ഞതില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഖസ്ര്‍ ചെയ്ത് നമസ്‌കരിക്കാന്‍ യാത്രക്കാരന് മാത്രമേ അനുവാദമുള്ളൂ. അതോടൊപ്പം തന്നെ നാട്ടുവാസിയെ തുടര്‍ന്ന് നമസ്‌കരിക്കുന്ന യാത്രക്കാരന്‍ പൂര്‍ത്തിയാക്കി നമസ്‌കരിക്കുകയും വേണം. (തംഹീദ് 16/311-312)