Thursday, October 3, 2024
Homeഅനുഷ്ഠാനംസുബ്ഹി നമസ്‌കാരത്തില്‍ ഖുനൂത് മറന്നാല്‍

സുബ്ഹി നമസ്‌കാരത്തില്‍ ഖുനൂത് മറന്നാല്‍

ചോദ്യം : സുബ്ഹി നമസ്‌കാരത്തില്‍ ഒരാള്‍ ഖുനൂത് ഓതാന്‍ മറന്നാല്‍ എന്താണതിന്റെ വിധി?

മറുപടി : സുബ്ഹി നമസ്‌കാരത്തിലെ ഖുനൂതിനെ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. അതിനെ നമസ്‌കാരത്തിന്റെ സുന്നത്തുകളുടെ കൂട്ടത്തില്‍ എണ്ണിയവരുണ്ട്. അത് സുന്നത്തല്ലെന്ന അഭിപ്രായമുള്ളവരും ഉണ്ട്. നബി(സ) സുബ്ഹി നമസ്‌കാരത്തില്‍ ഖുനൂത് ഓതിയതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ മുശ്‌രികുകളായ ഒരു വിഭാഗം മുസ്‌ലിംകളെ ആക്രമിച്ച സമയത്തായിരുന്നു അതെന്ന് ഹദീസുകളുടെ വിശദീകരങ്ങളില്‍ പറയുന്നു. അശക്തരായ വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു അതിലൂടെ ചെയ്തത്. പ്രത്യേക സാഹചര്യത്തിലും സന്ദര്‍ഭത്തിലുമുള്ള ഖുനൂതാണത്. ഫുഖഹാക്കള്‍ അതിനെ ‘ഖുനൂതുന്നവാസില്‍’ എന്നാണ് വിശേഷിപ്പിച്ചത്. മുസ്‌ലിംകള്‍ക്ക് എന്തെങ്കിലും ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ‘ജഹ്‌രി’യായ (ഉച്ചത്തില്‍ ഓതുന്ന) നമസ്‌കാരങ്ങളില്‍ ഖുനൂത് ചൊല്ലുന്നത് പ്രവാചക മാതൃകയുള്ളതും ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കുന്നതുമായ കാര്യമാണ്. പ്രയാസവും പ്രതിസന്ധിയും മാറികിട്ടാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുയാണതില്‍ ചെയ്യുന്നത്. സുബ്ഹി നമസ്‌കാരത്തില്‍ സ്ഥിരമായി ഖുനൂത് ഓതുന്നത് ഇമാം ശാഇഈയെ പോലുള്ള കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ സുന്നത്തായി കാണുന്നു. ഇതൊക്കെയാണെങ്കിലും ഇത്തരം കാര്യങ്ങളില്‍ രണ്ട് നിലപാടും അനുവദനീയമാണ്. ഒരാള്‍ അതുപേക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ല. ഇമാം ശാഫിഈ ബാഗ്ദാദില്‍ പോയപ്പോള്‍ ഇമാം അബൂഹനീഫയോടുള്ള ആദരവ് കാരണം ഖുനൂത് ഓതാതെ നമസ്‌കരിച്ചത് പ്രബല ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. കടുപിടുത്തം കാണിക്കേണ്ടതില്ലാത്ത ഒരു കാര്യമാണ് സുബ്ഹിയുടെ ഖുനൂത് എന്ന് ഇത് വ്യക്തമാക്കുന്നു.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!