മറുപടി : സ്ത്രീകള്‍ മാത്രമാണെങ്കിലും ജമാഅത്തായി അവര്‍ക്ക് നമസ്‌കരിക്കാമെന്നും അതിന് നേതൃത്വം നല്‍കുന്ന സ്ത്രീ സ്വഫ്ഫില്‍ തന്നെ അതിന്റെ മധ്യത്തിലായി വരുന്ന രൂപത്തില്‍ നില്‍ക്കണമെന്നുമാണ് പണ്ഡിതമാര്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇബ്‌നു ഖുദാമ പറയുന്നത് കാണുക : ഏതവസ്ഥയിലും സ്ത്രീകളുടെ ഇമാമത് അവരുടെ മധ്യത്തില്‍ നില്‍ക്കുന്നതാണ് ചര്യയാക്കപ്പെട്ടട്ടുളളത്. (അല്‍-മുഗ്നി) ഇമാം നവവി ഇതിനെ സംബന്ധിച്ച് പറയുന്നു : ചര്യയാക്കപ്പെട്ടിരിക്കുന്നത് സ്ത്രീകളുടെ ഇമാമത്ത് അവരുടെ മധ്യത്തില്‍ നില്‍ക്കുകയെന്നതാണ്. ആഇശ(റ)ഉം ഉമ്മുസലമ(റ)വും സ്ത്രീകളുടെ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയപ്പോള്‍ അവരുടെ നടുവിലായിരുന്നു അവര്‍ നിന്നത്. (മജ്മൂഉ ശറഹുല്‍ മുഹദ്ദബ്)
അതിനാല്‍ സ്ത്രീകള്‍ മാത്രം ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ അതിന് നേതൃത്വം നല്‍കുന്നവര്‍ സ്വഫ്ഫിന്റെ നടുവിലാണ് നില്‍ക്കേണ്ടത്. സാധ്യമാകുന്നത്ര മറ സ്വീകരിക്കാനാണ് സ്ത്രീകള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. സ്വഫ്ഫില്‍ നിന്ന് മുന്തി നില്‍ക്കുന്നതിനേക്കാള്‍ അവര്‍ക്ക് മറ ലഭിക്കുക സ്വഫ്ഫിനിടയിലായിരിക്കുമ്പോഴാണെന്നതില്‍ തര്‍ക്കമില്ല. ആഇശ(റ) നമസ്‌കാരത്തിന് നേതൃത്വം നല്‍കിയപ്പോള്‍ അവര്‍ക്ക് മധ്യത്തിലായിരുന്നു നിന്നത് എന്ന ഹദീസാണിതിന് തെളിവ്. സഹാബികളുടെ പ്രവര്‍ത്തനം വിശുദ്ധ ഖുര്‍ആനിനും പ്രവാചക ചര്യക്കും വിരുദ്ധമാകുന്നില്ലെങ്കില്‍ തെളിവായി സ്വീകരിക്കാവുന്നതാണ്.