ചോദ്യം : ആളുകള്‍ക്ക് ഹജ്ജ് യാത്രക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്ന നിരവധി ഹജ്ജ് ടൂര്‍ കമ്പനികള്‍ ഇന്നുണ്ട്. ഹജ്ജ് യാത്രകള്‍ സംഘടിപ്പിച്ച് അതിലൂടെ ലാഭം നേടുന്നത് ഇസ്‌ലാം അനുവദിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഇത്തരത്തില്‍ എത്ര ശതമാനം വരെ ലാഭമെടുക്കാവുന്നതാണ്?
മറുപടി : ഹജ്ജ് ടൂര്‍ സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തിന് ആവശ്യമായ ഒരു സേവനമാണ് അവര്‍ നിര്‍വഹിക്കുന്നത്. മറ്റ് സേവനങ്ങള്‍ക്കെന്ന പോലെ അവരുടെ സേവനത്തിനും പണം ഈടാക്കാവുന്നതുമാണ്. തങ്ങള്‍ ചെയ്യുന്നത് സൗജന്യ സേവനമാണെന്ന് അവര്‍ പരസ്യപ്പെടുത്തുകയോ പ്രകടിപ്പിക്കുകയോ ചെയ്യാത്ത കാലത്തോളം ന്യായമായ ലാഭം അതില്‍ നിന്ന് അവര്‍ക്ക് സ്വീകരിക്കാവുന്നതാണ്. അമിത ചാര്‍ജ്ജ് ഈടാക്കുന്നില്ലെങ്കില്‍ ഇത്തരം സേവനങ്ങളിലൂടെ വരുമാനം കണ്ടെത്തുന്നത് ശരീഅത്ത് വിലക്കുന്നില്ല.
ഇത്തരം സേവനങ്ങള്‍ നല്‍കുന്നവര്‍ അവരുടെ നയങ്ങളിലും രീതിയിലും സത്യസന്ധത പുലര്‍ത്തുകയും ഇടപാടുകളില്‍ അവ സുതാര്യത കാണിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഇസ്‌ലാമില്‍ ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്വങ്ങളുടെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളില്‍ സത്യസന്ധമായ സമീപനം സ്വീകരിക്കുക എന്നത് വളരെ പ്രധാനമാണ്. സേവന ദാതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യമാണിത്. എന്നാല്‍ ഇത്തരം സേവന ദാതാക്കളുടെ കാര്യത്തില്‍ സമുദായവും ശ്രദ്ധവെക്കേണ്ടതുണ്ട്. തെളിവുകളില്ലാതെ കേട്ടുകേള്‍വിയുടെയോ ഊഹങ്ങളുടെയോ അടിസ്ഥാനത്തില്‍ ഒരാളെ വിലയിരുത്തുന്നത് അനുവദനീയമല്ല. മറ്റുള്ളവര്‍ നമ്മെ എങ്ങനെ വിലയിരുത്തണമെന്നാണോ നാം താല്‍പര്യപ്പെടുന്നത് അത് പോലെയാണ് മറ്റുള്ളവരെ നാം വിലയിരുത്തേണ്ടത്.
നല്‍കുന്ന സേവനത്തിന് ന്യായമായ ചാര്‍ജ് തന്നെയാണ് വാങ്ങുന്നതെന്ന് എങ്ങനെ ഒരാള്‍ക്ക് ഉറപ്പാക്കാം? ഇത്തരം സേവനങ്ങള്‍ക്ക് നിലവില്‍ മാര്‍ക്കറ്റിലെ അവസ്ഥയെ വിലയിരുത്തിയാണ് അക്കാര്യം തീരുമാനിക്കേണ്ടത്. സമാനമായ സേവനങ്ങള്‍ക്ക് ശരാശരി ഈടാക്കുന്ന ചാര്‍ജ്ജ് അവര്‍ക്കും ഈടാക്കാം. ഈ താരതമ്യത്തിന് മതമൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന സേവനദാതാക്കളെയാണ് തെരെഞ്ഞെടുക്കേണ്ടത്.