Thursday, March 28, 2024
Homeഅനുഷ്ഠാനംകസേരയില്‍ ഇരുന്നുള്ള നമസ്‌കാരവും ഫര്‍ദായ നിറുത്തവും?

കസേരയില്‍ ഇരുന്നുള്ള നമസ്‌കാരവും ഫര്‍ദായ നിറുത്തവും?

ചോദ്യം:ഫര്‍ള് നമസ്‌കാരത്തില്‍ ഖിയാമി(നിറുത്തം)ന്റെ സ്ഥാനമെന്താണ്? നില്‍ക്കാന്‍ പറ്റുന്നവര്‍ക്കും ഇരുന്ന് നമസ്‌കരിക്കാന്‍ പറ്റുമോ?
കാല്‍മുട്ടു രോഗികള്‍ക്ക് നില്‍ക്കുന്നതിന് പ്രയാസമില്ലെങ്കിലും സുജൂദിലും തശഹ്ഹുദിലും അവര്‍ക്ക് കസേരയുടെ സഹായമാവശ്യമുള്ളതിനാല്‍ നിന്ന് നമസ്‌കരിക്കുമ്പോള്‍ സ്വഫ്ഫില്‍ കൃത്യമായി അണിചേര്‍ന്നു നില്‍ക്കാന്‍ പറ്റുകയില്ല. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഇരുന്ന് നമസ്‌കരിച്ചു കൂടേ?

ഉത്തരം:ഖിയാം (നിറുത്തം) എന്നത് ഫര്‍ദ് നമസ്‌കാരങ്ങളില്‍ അടിസ്ഥാന ഘടകം (റുക്ന്‍) ആണെന്നതില്‍ സംശയമില്ല.

റസൂല്‍ (സ) അക്കാര്യം വളരെ സ്പഷ്ടമായി തന്നെ പഠിപ്പിച്ചിരിക്കുന്നു.

عَنْ ابْنِ بُرَيْدَةَ عَنْ عِمْرَانَ بْنِ حُصَيْنٍ رَضِيَ اللَّهُ عَنْهُ قَالَ: كَانَتْ بِي بَوَاسِيرُ فَسَأَلْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ: « صَلِّ قَائِمًا، فَإِنْ لَمْ تَسْتَطِعْ فَقَاعِدًا، فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ ».- رَوَاهُ الْبُخَارِيُّ: 1117.

ഇംറാനുബ്‌നു ഹുസൈന്‍ പറയുന്നു: എനിക്ക് പൈല്‍സിന്റെ അസുഖമുണ്ടായിരുന്നു. നമസ്‌കരിക്കുന്നതിനെക്കുറിച്ച് ഞാന്‍ നബി (സ) യോട് സംശയം ചോദിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ നിന്ന് തന്നെ നമസ്‌കരിക്കണം. അതിന് പറ്റിയില്ലെങ്കില്‍ ഇരുന്നും അതിനും പറ്റിയില്ലെങ്കില്‍ ചരിഞ്ഞു കിടന്നും നമസ്‌കരിക്കുക (ബുഖാരി).

ഇമാം ഇബ്‌നുഖുദാമ പറഞ്ഞു: നിന്നു നമസ്‌കരിക്കാന്‍ പറ്റാത്തവര്‍ക്ക് ഇരുന്ന് നമസ്‌കരിക്കാമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു (മുഗ്‌നി: 1/444).

ഇതേ കാര്യം ഇമാം നവവിയും വ്യക്തമാക്കിയിട്ടുണ്ട്. ഫര്‍ദ് നമസ്‌കാരത്തില്‍ പോലും നില്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇരുന്ന് നമസ്‌കരിക്കാമെന്നും അത് പിന്നീട് മടക്കി നമസ്‌കരിക്കേണ്ട കാര്യമില്ലെന്നും ന്യായമായ കാരണമുള്ളതിനാല്‍ അതിന്റെ പേരില്‍ പ്രതിഫലം കുറയുമോ എന്ന ആശങ്ക വേണ്ടതില്ലെന്നുമൊക്കെ അദ്ദേഹം തെളിവു സഹിതം പ്രതിപാദിച്ചിട്ടുണ്ട് (ശറഹുല്‍ മുഹദ്ദബ്: 4/226).

എന്നാല്‍ നില്‍ക്കാന്‍ പ്രത്യേകിച്ച് പ്രതിബന്ധങ്ങളൊന്നും ഇല്ല, എന്നാല്‍ റുകൂഅ്, സുജൂദ്, തശഹ്ഹുദിന്റെ ഇരുത്തം തുടങ്ങിയവക്ക് പ്രയാസമുണ്ടുതാനും, ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം നില്‍ക്കുക തന്നെ വേണമെന്നതാണ് നിയമം. അക്കാര്യം ഇമാം ഇബ്‌നു ഖുദാമ വ്യക്തമാക്കുന്നത് കാണുക:

ഒരാള്‍ക്ക് നില്‍ക്കാന്‍ കഴിയുകയും എന്നാല്‍ റുകൂഓ സുജൂദോ ചെയ്യാന്‍ സാധിക്കാതിരിക്കുകയുമാണെങ്കില്‍ നില്‍ക്കുക എന്ന ബാധ്യത അദ്ദേഹത്തില്‍ നിന്ന് ഒഴിവാകുന്നില്ല. പ്രത്യുത അദ്ദേഹം നിന്നുകൊണ്ടുതന്നെ നമസ്‌കരിക്കേണ്ടതാണ്. എന്നിട്ട് റുകൂഉം സുജൂദും ആംഗ്യ രൂപേണ ചെയ്യണം. ഇമാം ശാഫിഈയും ഇങ്ങനെയാണ് പഠിപ്പിച്ചിട്ടുള്ളത്. നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നില്‍ക്കുവിന്‍ (അല്‍ ബഖറ: 238), നീ നിന്നുതന്നെ നമസ്‌കരിക്കുക (ബുഖാരി: 1117). തുടങ്ങിയ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണിത്. എന്തുകൊണ്ടെന്നാല്‍ നിറുത്തം ഖുര്‍ആന്‍ പാരായണം പോലെത്തന്നെ നമസ്‌കാരത്തിന്റെ റുക്ന്‍ (അനിവാര്യമായും പാലിച്ചിരിക്കേണ്ട ഘടകം) ആണ്. മറ്റു കാര്യങ്ങള്‍ക്കുള്ള തടസ്സം നിറുത്തമെന്ന റുക്‌നിനെ ഒഴിവാക്കാന്‍ ന്യായമാവുകയില്ല (മുഗ്‌നി: 1/444).

കസേരയിടുന്നതിന്റെ രൂപം

ഇരിപ്പിടം സ്വഫ്ഫിന് ഒപ്പിച്ചിടുകയാണ് വേണ്ടതെന്നാണ് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നത് (തുഹ്ഫ:2/157). ഒരു പറ്റം പ്രഗത്ഭ പണ്ഡിതന്മാര്‍ തയാറാക്കിയ ഫിഖ്ഹ് വിജ്ഞാനകോശത്തില്‍, ആസനസ്ഥനാകുന്ന സ്ഥലമാണ് സ്വഫ്ഫ് ഒപ്പിക്കുമ്പോള്‍ പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കുന്നു (അല്‍ മൗസൂഅതുല്‍ ഫിഖ്ഹിയ്യ: 6/21). മാത്രമല്ല, കസേര പിന്നോട്ടിട്ട് നമസ്‌കരിക്കുന്നവര്‍ തൊട്ടുപിന്നിലുള്ളവര്‍ക്ക് സുജൂദ് ചെയ്യാനുള്ള സ്ഥലം കൂടി എടുക്കുമെന്നതിനാല്‍ അവര്‍ക്കും പ്രയാസം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്; സ്വഫ്ഫുകള്‍ കൃത്യമായി നിര്‍ണയിക്കും വിധം പായയോ കാര്‍പ്പെറ്റോ വിരിച്ച പള്ളികളില്‍ വിശേഷിച്ചും. അതിനാല്‍ നമസ്‌കാരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഇരിക്കുന്നവരാണെങ്കില്‍ കസേര സ്വഫ്ഫിന് ഒപ്പിച്ചിടുകയും സ്വഫ്ഫില്‍ നിന്ന് തെറ്റാതെ ഇരിക്കുകയുമാണ് വേണ്ടത്. എന്നാല്‍ നിന്നുകൊണ്ട് നമസ്‌കരിക്കുകയും കുനിയാനും സുജൂദ്, തശഹുദ് തുടങ്ങിയവക്കും കഴിയാത്തതിനാല്‍ അപ്പോള്‍ മാത്രം ഇരിക്കുകയും ചെയ്യുന്നവര്‍ കസേര അല്‍പം പിന്നോട്ട് മാറ്റിയിട്ട് പിന്നിലുള്ളവര്‍ക്ക് പ്രയാസം ഉണ്ടാക്കാത്ത വിധം സ്വഫ്ഫ് ഒപ്പിച്ചുതന്നെ നിന്ന് നമസ്‌കരിക്കുകയാണ് കരണീയം. ഇതേക്കുറിച്ച് പ്രമാണങ്ങളോ മുന്‍കാല ഇമാമുമാരുടെ പരാമര്‍ശങ്ങളോ ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ ചില ആധുനിക പണ്ഡിതന്മാര്‍ ഫത്‌വ നല്‍കിയിട്ടുമുണ്ട്.

==========
കസേരയിട്ട് നമസ്‌കരിക്കുന്ന ഒന്നിലധികം പേരുണ്ടെങ്കില്‍ സ്വഫ്ഫുകളുടെ ഏതെങ്കിലും ഒരറ്റത്തോ, മൂലയിലോ ഇടം കണ്ടെത്തിയാല്‍ ഇടയില്‍വെച്ച് വരി മുറിയുന്ന അവസ്ഥ ഒഴിവാക്കാം. ആനുകൂല്യത്തിനര്‍ഹരായവരെ മറ്റുള്ളവര്‍ സഹായിക്കുകയാണ് വേണ്ടത്. തങ്ങള്‍ മറ്റുള്ളവരുടെ സുഗമമായ ആരാധനാനുഷ്ഠാനങ്ങള്‍ക്ക് തടസ്സവും പ്രയാസവും സൃഷ്ടിക്കുന്ന ശല്ല്യക്കാരാവാതിരിക്കാന്‍ ഇത്തരക്കാരും ശ്രദ്ധിക്കേണ്ടതാണ്. വാശിയും ദുര്‍വാശിയുമല്ല, ഈമാനും തഖ്‌വയുമാണ് ലക്ഷ്യം. അതാകട്ടെ വിട്ടുവീഴ്ചാ മനസ്സുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ടതുമാണല്ലോ.

Recent Posts

Related Posts

error: Content is protected !!