Thursday, March 28, 2024
Homeഅനുഷ്ഠാനംശസ്ത്രക്രിയക്ക് ശേഷം - വ്രതമനുഷ്ഠിക്കുന്നത്

ശസ്ത്രക്രിയക്ക് ശേഷം – വ്രതമനുഷ്ഠിക്കുന്നത്

ചോദ്യം- ഞാൻ ഒട്ടേറെ ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ട്. വ്രതമനുഷ്ഠിക്കുന്നത് ഡോക്ടർ വിലക്കുകയുണ്ടായി. എങ്കിലും ഓപ്പറേഷനു ശേഷം രണ്ടു വർഷം നോമ്പെടുത്തു. വല്ലാതെ ക്ഷീണിച്ചുവെന്നതായിരുന്നു ഫലം. ഞാൻ ബുദ്ധിപരമായ ജോലികളിലേർപ്പെടുന്നവനാണ്. അപ്പോഴെനിക്ക് നോമ്പിനുപകരം തെണ്ടം കൊടുത്താൽ മതിയാകുമോ? അത് പണമായി നല്കാമോ?

ഉത്തരം- രോഗിക്ക് നോമ്പൊഴിവാക്കാമെന്ന കാര്യത്തിൽ പണ്ഡിതൻമാർക്കിടയിൽ അഭിപ്രായ ഭിന്നതയില്ല. സൂറതുൽ ബഖറയിലെ 185-ാം സൂക്തത്തിൽ “വല്ലവനും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്യുന്നപക്ഷം മറ്റു ദിവസങ്ങളിൽ എണ്ണം പൂർത്തീകരിക്കേണ്ടതാകുന്നു’ എന്ന ഭാഗമാണതിന്നാധാരം. അതിനാൽ വ്യക്തമായ പ്രമാണങ്ങളും (നസ്സ്വ്) പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായവും രോഗിക്ക് നോമ്പൊഴിവാക്കുന്നതിനുള്ള അനുമതി നല്കുന്നു. പക്ഷേ, നോമ്പൊഴിവാക്കൽ അനുവദനീയമാകുന്ന രോഗമേത്? നോമ്പ് നോൽക്കുന്നതുമൂലം അധികരിക്കുന്നതോ ശമനത്തിന് കാലതാമസം നേരിടുന്നതോ നോമ്പുകാരന് കഠിനമായ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതോ – ഉദാഹരണമായി ഉപജീവനം നേടിക്കൊടുക്കുന്ന തൊഴിൽ ചെയ്യുവാൻ സാധിക്കാതിരിക്കുക- ആയ രോഗങ്ങൾ ബാധിച്ചവർക്കാണ് നോമ്പൊഴിവാക്കാൻ അനുവാദമുള്ളത്. ഇമാം അഹ്മദിനോട് ഒരാൾ ചോദിച്ചു: “രോഗി എപ്പോഴാണ് നോമ്പൊഴിവാക്കേണ്ടത്?’ അദ്ദേഹം പറഞ്ഞു: “സാധിക്കാതെ വരുമ്പോൾ.’ വീണ്ടും ചോദ്യം: “പനിപോലെ?’ അദ്ദേഹം പറഞ്ഞു: “പനിയേക്കാൾ കഠിനമായ രോഗം വേറേയേത്?’ രോഗങ്ങൾ പല വിധമുണ്ടെന്നർഥം. അവയിൽ ചിലത് നോമ്പിനെ ഒട്ടും ബാധിക്കില്ല. പല്ലു വേദന, വിരലിലെ മുറിവ് തുടങ്ങിയ രോഗങ്ങൾ ഉദാഹരണം. ചില രോഗങ്ങൾക്ക് വ്രതം നല്ലൊരു ചികിത്സയാണ്. ദഹനക്കേട്, വയറിളക്കം തുടങ്ങി വയറിനെ ബാധിക്കുന്ന മിക്ക രോഗങ്ങളും അതിൽപ്പെടുന്നു. ഇത്തരം രോഗങ്ങൾക്ക് നോമ്പൊഴിവാക്കൽ അനുവദനീയമല്ല. കാരണം വ്രതം രോഗിക്ക് ദോഷകരമല്ലെന്നു മാത്രമല്ല പ്രയോജനപ്രദം കൂടിയാണ്. നോമ്പെടുക്കുന്നത് രോഗിക്ക് ദോഷം ചെയ്യുമെന്ന് തോന്നുന്നുവെങ്കിൽ മാത്രമേ നോമ്പൊഴിവാക്കുന്നത് അനുവദനീയമാകൂ. നോമ്പെടുക്കുന്നതുകൊണ്ട് രോഗം വർധിക്കുമെന്ന് ആശങ്കയുള്ള രോഗിക്ക് നോമ്പ് ഒഴിവാക്കാൻ അനുവാദമുള്ളതുപോലെ നോമ്പു മൂലം രോഗം വരുമെന്ന് ഭയപ്പെടുന്ന രോഗമില്ലാത്ത ഒരാൾക്കും നോമ്പൊഴിവാക്കുന്നത് അനുവദനീയമാണ്. ഇതെല്ലാം തീരുമാനിക്കുവാൻ ചില മാനദണ്ഡങ്ങളുണ്ട്.

ഒന്നുകിൽ വ്യക്തിപരമായ അനുഭവപരിചയം; അല്ലെങ്കിൽ, വിദഗ്ധനും വിശ്വസ്തനും മതനിഷ്ഠയുള്ളവനുമായ ഒരു ഭിഷഗ്വരന്റെ നിർദേശം. വിദഗ്ധനും മതനിഷ്ഠയുള്ളവനുമായ ഒരു ഡോക്ടർ ഒരാൾക്ക് വ്രതാനുഷ്ഠാനം ദോഷകരമെന്ന് വിധിക്കുന്നപക്ഷം അയാൾ നോമ്പൊഴിവാക്കേണ്ടത് നിർബന്ധമാണ്. നോമ്പൊഴിവാക്കാൻ അനുവാദമുള്ള രോഗി ക്ലേശങ്ങൾ സഹിച്ച് നോമ്പെടുക്കുന്നുവെങ്കിൽ, അയാൾ കറാഹത്തായ കാര്യമാണ് ചെയ്യുന്നത്. കാരണം സ്വശരീരത്തെ പീഡിപ്പിക്കുകയാണയാൾ. നോമ്പ് ഒഴിവാക്കുക എന്നത് അല്ലാഹു അനുവദിച്ച ഒരിളവ് സ്വീകരിക്കലാണ്. അയാളുടെ നോമ്പ് സ്വീകാര്യമായിത്തീരുമെന്നത് മറ്റൊരു കാര്യം. വ്രതം വമ്പിച്ച ദോഷം ചെയ്യുമെന്ന് തീർച്ചപ്പെട്ടു കഴിഞ്ഞതിനു ശേഷം നോമ്പു നോല്ക്കുമെന്ന് വാശിപിടിക്കുന്നവൻ ഒരു “ഹറാം’ പ്രവർത്തിക്കുകയാണ്. ദാസന്റെ ശരീരത്തെ പീഡിപ്പിക്കേണ്ട ഒരാവശ്യവും അല്ലാഹുവിന്നില്ല. അല്ലാഹു പറയുന്നു: “”നിങ്ങൾ നിങ്ങളെത്തന്നെ വധിക്കരുത്; നിശ്ചയം, നിങ്ങളോട് ഏറ്റം കരുണയുള്ളവനത്രേ, അല്ലാഹു.”

ചോദ്യകർത്താവുന്നയിച്ച ഒരു പ്രശ്നം കൂടിയുണ്ട്. നോമ്പുപേക്ഷിച്ച ദിവസങ്ങൾക്കു പകരം അഗതിക്ക് ആഹാരം നല്കാമോ? രോഗം രണ്ടുവിധമുണ്ട്. നിശ്ചിത കാലത്തിന്നകം ശമനം പ്രതീക്ഷിക്കാവുന്നത്; ഇത്തരം രോഗങ്ങൾക്ക് തെണ്ടം സ്വീകാര്യമല്ല. നഷ്ടപ്പെട്ട നോമ്പ് രോഗം സുഖപ്പെട്ട ശേഷം നോറ്റുവീട്ടുകതന്നെവേണം. “മറ്റു ദിവസങ്ങളിൽ എണ്ണം പൂർത്തീകരിക്കേണ്ടതാകുന്നു’ എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. വിട്ടുമാറാത്ത രോഗം ബാധിച്ചവർ നോമ്പൊഴിവാക്കുന്ന കാര്യത്തിൽ പടുവൃദ്ധരുടെ കൂട്ടത്തിൽ പെടുന്നു. രോഗം വിട്ടുമാറാത്തതാണോ എന്നു തീരുമാനിക്കേണ്ടത് സ്വന്തം അനുഭവപരിചയത്തിലൂടെയോ ഡോക്ടർമാരുടെ അഭിപ്രായപ്രകാരമോ ആവാം. അത്തരക്കാർ തെണ്ടം നല്കണം -ഒരു നോമ്പിന് പകരം ഒരു അഗതിക്ക് ആഹാരം. ഇമാം അബൂഹനീഫയെപ്പോലുള്ള ചില പണ്ഡിതരുടെ വീക്ഷണത്തിൽ ആഹാരത്തിന്റെ വില പണമായി, ദരിദ്രർക്കു നല്കിയാൽ മതിയാകുന്നതാണ്.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!