ചോദ്യം: സാധാരണ നമസ്‌ക്കരിക്കും മുമ്പ് മൊബൈല്‍ ഓഫാക്കിയാണ് നമസ്‌ക്കരിക്കാറുള്ളത്, എന്നാല്‍ ഒരിക്കല്‍ ഓഫാക്കാന്‍ മറന്നു പോയി, അങ്ങനെ നമസ്‌ക്കരിച്ചു കൊണ്ടിരിക്കേ മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി. അതെടുത്ത് ഓഫാക്കുന്നത് നമസ്‌ക്കാരം ബാത്വിലാക്കുമോ എന്ന ഭയം കാരണം എല്ലാവര്‍ക്കും ശല്ല്യമായിക്കൊണ്ട മൊബൈല്‍ ബെല്ലടിച്ചു കൊണ്ടേയിരുന്നു. യഥാര്‍ഥത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് ചെയ്യേണ്ടത്?
ഉത്തരം: പണ്ട് കാലത്ത് ഇല്ലാതിരുന്നതും, എന്നാല്‍ ഇക്കാലത്ത് സാര്‍വത്രികവുമായ ഒന്നാണ് മൊബൈല്‍ ഫോണ്‍. അതു കൊണ്ട് തന്നെ സ്വാഭാവികമായും ഒരാളുടെ മൊബൈല്‍ അയാള്‍ നമസ്‌ക്കരിച്ചു കൊണ്ടിരിക്കേ, എന്തു ചെയ്യണമെന്ന വിഷയത്തെപ്പറ്റി പരാമര്‍ശ്ശിക്കില്ലല്ലോ. എങ്കിലും നമസ്‌ക്കാരത്തില്‍ എന്തെല്ലാം അനുവദനീയമാണ് എന്ന വിഷയം പ്രബലമായ ചില ഹദീസുകളുടെ അടിസ്ഥാനത്തില്‍ ഫുഖഹാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണമായി രണ്ട് ഹദീസുകള്‍ ഇവിടെ ഉദ്ധരിക്കുന്നു:
അബൂഹുറൈറ (റ) പറയുന്നു: ഞങ്ങള്‍ റസൂലിനോടൊപ്പം ഇശാഅ് നമസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രവാചകന്‍ സുജൂദിലായ വേളയില്‍ ഹസനും ഹുസൈനും അദ്ദേഹത്തിന്റെ മുതുകില്‍ കയറി. അദ്ദേഹം തലയുയര്‍ത്തിയപ്പോള്‍ ഇരുവരെയും വളരെ പതുക്കെ പിടിച്ച് താഴെ വെച്ചു, അദ്ദേഹം വീണ്ടും സുജൂദ് ചെയ്തപ്പോള്‍ ഇരുവരും വീണ്ടും അദ്ദേഹത്തിന്റെ മുതുകില്‍ കയറി. അങ്ങനെ നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞപ്പോള്‍ രണ്ടെണ്ണത്തിനെയും പിടിച്ച് തന്റെ മടിയിലിരുത്തി. അബൂഹുറൈറ പറയുന്നു : ഞാന്‍ എഴുന്നേറ്റ് ചെന്ന് പ്രവാചകനോട് ചോദിച്ചു, ഇരുവരെയും ഞാന്‍ വീട്ടിലാക്കണമോ? അപ്പോള്‍ ആകാശത്ത് ഒരു മിന്നല്‍ പിണറുണ്ടായി, പ്രവാചകന്‍ ഹസനോടും ഹുസൈനോടും പറഞ്ഞു ‘നിങ്ങള്‍ ഉമ്മയുടെ അടുത്തേക്ക് പോയിക്കൊള്ളൂ’. (അഹ്മദ്: 10659).
ആയിശാ (റ) പറയുന്നു: നബി (സ) കതകടച്ച നിലയില്‍ വീടിനകത്ത് നമസ്‌ക്കരിക്കുകയായിരുന്നു, അങ്ങനെ ഞാന്‍ ചെന്ന് കതക് തുറക്കാനാവശ്യപ്പെട്ടു, അപ്പോള്‍ തിരുമേനി നടന്നു വന്ന് എനിക്ക് വാതില്‍ തുറന്നു തരികയും എന്നിട്ട് നമസ്‌ക്കാര സ്ഥലത്തേക്ക് തന്നെ തിരിച്ച് പോവുയും ചെയ്തു. (തിര്‍മിദി : 604, അബൂദാവൂദ്: 923).
അബൂ ഖതാദത്തുല്‍ അന്‍സ്വാരി പറഞ്ഞു: അബുല്‍ ആസ്വിന്റ മകളായ ഉമാമയെ ചുമലില്‍ വഹിച്ചുകൊണ്ട് റസൂല്‍ (സ) ജനങ്ങള്‍ക്ക് ഇമാമായി നിന്ന് തമസ്‌ക്കരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി, റുകൂഇലേക്ക് പോവുമ്പോള്‍ അവളെ താഴെ വെക്കുകയും, സുജൂദില്‍ നിന്നുയരുമ്പോള്‍ അവളെ വീണ്ടും എടുക്കുകയും ചെയ്യുകയായിരുന്നു. (നസാഇ: 827).
സമാനമായ മറ്റൊരു നിവേദനം ഉദ്ധരിച്ച ശേഷം അതിന്റെ ചുവടെ ഇമാം നവവി ഇങ്ങനെ രേഖപ്പെടുത്തി: കുറഞ്ഞ രൂപത്തിലുള്ളതോ, വേറിട്ടതോ ആയ വിധത്തിലാണെങ്കില്‍ അത്തരം പ്രവൃത്തികള്‍ നമസ്‌ക്കാരത്തെ ബാത്വിലാക്കുകയില്ല. നബി (സ) ഇത് ചെയ്തത് മറ്റുള്ളവര്‍ക്ക് ഇങ്ങനെ ചെയ്യുന്നത് അനുവദനീയമാണെന്ന് വ്യക്തമാക്കാനാണ്….. ഇതില്‍ പലതും മനസ്സിലാക്കാനുണ്ട്, അതില്‍പ്പെട്ടതാണ് ….. ലഘുവായ ചെയ്തികള്‍ തമസ്‌കാരത്തില്‍ അനുവദനീയമാണ്ട്, അതു പോലെ രണ്ടടി വെക്കല്‍ കൊണ്ട് നമസ്‌കാരം ബാത്വിലാവുകയില്ലാ, തുടങ്ങിയ കാര്യങ്ങള്‍, എന്നാല്‍ എന്തെങ്കിലും ആവശ്യം വന്നെങ്കിലാണിത്, യാതൊരാവശ്യവും ഇല്ലായെങ്കില്‍ അതവദനീയമാവില്ല. എന്നാല്‍ വല്ല ആവശ്യവുമുണ്ടായിട്ടാ ണെങ്കില്‍ യാതൊരു കുഴപ്പവുമില്ല. … (ശറഹു മുസ്ലിം: 845)
ഇമാം റംലി പറയുന്നു: തേള് മുതലായവയെ കൊല്ലുക പോലുള്ളതിന് ചെറിയ ചലനങ്ങള്‍ അഭികാമ്യമാണ്. അല്ലാത്തതിന് വേണ്ടിയുള്ള ചലനം അഭികാമ്യമല്ല. ( നിഹായതുല്‍ മുഹ്താജ്: 5/88)
ഇമാം മുഹമ്മദ് ശ്ശര്‍ബീനി പറയുന്നു: ഒരു പുസ്തകം നിവര്‍ത്തുകയും, എന്നിട്ടതില്‍ പറഞ്ഞത് മനസ്സിലാക്കുകയോ, അല്ലെങ്കില്‍ മുസ്ഹഫ് നോക്കി ഓതുകയോ ചെയ്താല്‍, അത് ഇടക്കൊക്കെ പേജുകള്‍ മറിച്ചു കൊണ്ടായാല്‍ പോലും നമസ്‌ക്കാരം ബാത്വിലാവുകയില്ല. കാരണം അതൊക്കെ ലഘുവാണ്, തുര്‍ച്ചയായ ചലനമൊട്ടല്ലതാനും. നമസ്‌കാരത്തോട് വിമുഖത പ്രകടിപ്പിക്കുകയാണെന്ന് തോന്നുകയുമില്ല. ( മുഗിനി അല്‍ മുഹ്താജ്: 3/ 31)
ഇതിന്റെയൊക്കെ വെളിച്ചത്തില്‍ ഒരാള്‍ നമസ്‌ക്കരിച്ചു കൊണ്ടിരിക്കേ, തന്റെ കൈവശമിരിക്കുന്ന മൊബൈല്‍ ശബ്ദിച്ചാല്‍ അത് കയ്യിലെടുത്ത് ഓഫാക്കുന്നതിന് യാതൊരു കുഴപ്പവുമില്ല. വിശിഷ്യാ ജമാഅത്ത് നമസ്‌ക്കാരത്തില്‍, കാരണം ബാക്കിയുള്ളവരുടെ നമസ്‌ക്കാരം പോലും അലങ്കോലപ്പെടാനും, നമസ്‌ക്കാരത്തില്‍ ശ്രദ്ധ നഷ്ടപ്പെടാനും, ശല്ല്യപ്പെടുത്തിയതിന് വെറുപ്പ് തോന്നാനുമൊക്കെ ഇടവരുത്തും.
അതിനാല്‍ തല്‍ക്ഷണം അത് എടുത്ത് ഓഫാക്കുകയാണ് വേണ്ടത്. അതിന് യാതൊരു കുഴപ്പവുമില്ല. നമസ്‌ക്കാരം ബാത്വിലാകുന്ന പ്രശ്‌നം തന്നെ ഉദിക്കുന്നില്ല. എന്നാല്‍ താന്‍ നമസ്‌ക്കാരത്തിലാണെന്ന ബോധം ഉണ്ടായിരിക്കേണ്ടതാണ്, അല്ലാതെ യാതൊരു ശ്രദ്ധയുമില്ലാതെ അലംഭാവത്തോടെയാകരുതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.