ചോദ്യം- ഉറങ്ങിപ്പോയതുമൂലമോ മറ്റോ ഒരാൾ അത്താഴം കഴിക്കാൻ വൈകിപ്പോകുന്നു. അത്താഴം കഴിച്ചുകൊണ്ടിരിക്കെ ബാങ്കുവിളി കേൾക്കുന്നു. ഉടനെ അത്താഴം നിർത്തേണ്ടതുണ്ടോ? ബാങ്കുവിളി തീരുവോളം തുടരാമോ?
ഉത്തരം- ബാങ്കുവിളിക്കുന്നത് നിശ്ചിത സമയത്ത് തന്നെയാണെന്നുറപ്പുണ്ടെങ്കിൽ ബാങ്കുകേട്ട ഉടനെത്തന്നെ തീറ്റിയും കുടിയും നിർത്തേണ്ടത് നിർബന്ധമാണ്. വായിൽ ഭക്ഷണമുണ്ടെങ്കിൽ അത് തുപ്പിക്കളയുകയും വേണം. എങ്കിലേ നോമ്പ് ശരിയാവൂ. എന്നാൽ നിശ്ചിത സമയത്തിന് അൽപം നിമിഷങ്ങൾ മുമ്പാണ് ബാങ്ക് വിളിച്ചിരിക്കുന്നത് എന്ന് അറിവുണ്ടെങ്കിൽ ചുരുങ്ങിയത് സംശയമെങ്കിലും ഉണ്ടെങ്കിൽ ഉഷസ്സിന്റെ ഉദയം ഉറപ്പാകുവോളം ഭക്ഷിക്കാവുന്നതാണ്. ഇക്കാലത്ത് ഇത് പ്രയാസമുള്ള കാര്യമല്ല. ഒരു കലണ്ടറും ഘടികാരവുമില്ലാത്ത വീടുകൾ ഉണ്ടാവില്ലല്ലോ.
ഇബ്നു അബ്ബാസിനോട് ഒരാൾ ചോദിച്ചു: “”അത്താഴം കഴിച്ചുകൊണ്ടിരിക്കെ എനിക്ക് സംശയം തോന്നിയാൽ ഞാൻ നിർത്തേണ്ടതുണ്ടോ?” അദ്ദേഹം പറഞ്ഞു: “”തിന്നോളൂ! സംശയം ഇല്ലാതാകുവോളം തിന്നോളൂ!” ഇമാം അഹ്മദ് പറയുന്നു: “”ഉഷസ്സിന്റെ കാര്യത്തിൽ സംശയം ജനിച്ചാൽ ഉഷസ്സിന്റെ ഉദയം ഉറപ്പാകും വരെ ഭക്ഷിക്കാം.”
ഇമാം നവവി പറയുന്നു: “ഉഷസ്സിൽ സംശയം ജനിക്കുന്ന ഒരാൾക്ക് ഭക്ഷണം കഴിക്കുന്നത് തുടരാൻ അനുവാദമുണ്ടെന്ന കാര്യത്തിൽ ഇമാം ശാഫിഇയുടെ ശിഷ്യൻമാർക്കിടയിൽ ഏകാഭിപ്രായമാണുള്ളത്. ഉഷസ്സ് വേർതിരിഞ്ഞുകാണുന്ന പരിധിവരെ നോമ്പിന്റെ രാത്രിയിൽ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളാൻ അല്ലാഹു അനുവദിച്ചിരിക്കുന്നു എന്നുള്ളതാണ് അതിന്റെ തെളിവ്. സംശയമുള്ളൊരാൾക്ക് ഉഷസ്സ് വേർതിരിഞ്ഞിട്ടുണ്ടാവില്ലല്ലോ. അല്ലാഹു പറയുന്നു: “”ഇനിമേൽ നിങ്ങൾ അവരുമായി സമ്പർക്കം പുലർത്തുകയും അല്ലാഹു നിങ്ങൾക്ക് വിധിച്ചത് കാംക്ഷിക്കുകയും തിന്നുകയും കുടിക്കുകയും ചെയ്തുകൊൾക- ഉഷസ്സിലെ വെളളനൂൽ കറുപ്പുനൂലുമായി വേർതിരിഞ്ഞു കാണുന്നതുവരെ.” ഇതിൽനിന്ന്, ഉഷസ്സിന് വളരെ മുമ്പു തന്നെ പതിവായി വ്രതാനുഷ്ഠാനം ആരംഭിക്കുന്നത് അല്ലാഹുവിന്റെ ഗ്രന്ഥത്തിലോ തിരുദൂതരുടെ ചര്യയിലോ മാതൃകയില്ലാത്ത നടപടിയാണെന്ന് മനസ്സിലാക്കാം. അതൊരുതരം തീവ്രതയും അത്താഴം പിന്തിക്കുക എന്ന തിരുചര്യയുടെ നിരാസവുമാണ്.
ചോദ്യം- റമദാനിന്റെ പ്രാരംഭനാളുകളിൽ പലരും, ഓർക്കാതെ ഒരു കപ്പ് വെള്ളമോ ഒരു സിഗരറ്റോ വായിൽ വെച്ചുപോകാറുണ്ട്. പിന്നീടാണ് താൻ നോമ്പുകാരനാണല്ലോ എന്ന് ഓർക്കുക. ഫലത്തിൽ അയാൾ തിന്നുകയോ കുടിക്കുകയോ ചെയ്തതിന് തുല്യമാണല്ലോ അത്. അയാൾ ആ ദിവസത്തെ നോമ്പ് പൂർത്തിയാക്കേണ്ടതുണ്ടോ?
ഉത്തരം- അബൂഹുറയ്റയിൽനിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു തിരുവചനത്തിൽ ഇപ്രകാരം കാണാം: “”വല്ലവനും നോമ്പുകാരനായിരിക്കെ, മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്തുപോയാൽ അയാൾ തന്റെ വ്രതം പൂർത്തിയാക്കിക്കൊള്ളട്ടെ. അല്ലാഹുവാണ് അവനെ തീറ്റിച്ചതും കുടിപ്പിച്ചതും.” ദാറഖുത്വ്നിയുടെ റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്: “”അല്ലാഹു കൊണ്ടുവന്നുകൊടുത്ത ഒരു ആഹാരമാണത്; അതവൻ നോറ്റുവീട്ടേണ്ടതില്ല…” ദാറഖുത്വ്നി, ഇബ്നു മാജ, ഇബ്നു ഹിബ്ബാൻ, ഹാകിം എന്നിവർ നിവേദനം ചെയ്ത ഒരു ഹദീസ് ഇങ്ങനെയാണ്: “”ആരെങ്കിലും റമദാനിൽ മറന്നുകൊണ്ട് നോമ്പ് മുറിച്ചാൽ അയാൾ പകരം നോമ്പു നോൽക്കുകയോ തെണ്ടം കൊടുക്കുകയോ വേണ്ടതില്ല.” മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താൽ അത് നോമ്പിനെ ഒരു വിധത്തിലും ബാധിക്കുകയില്ലെന്ന് ഈ തിരുവചനങ്ങൾ സ്പഷ്ടമായി തെളിയിക്കുന്നു. ഇത് “”ഞങ്ങളുടെ നാഥാ! ഞങ്ങൾക്ക് മറവി പറ്റുകയോ പിഴവ് സംഭവിക്കുകയോ ചെയ്താൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ!” എന്ന ഖുർആൻ വാക്യത്തെ അന്വർഥമാക്കുകയും ചെയ്യുന്നു. ഈ പ്രാർഥനക്ക് അല്ലാഹു നൽകിയ മറുപടി തിരുവചനങ്ങളിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നു. ഒരു തിരുവചനത്തിൽ ഇങ്ങനെ കാണാം: “”പിഴവും മറവിയും മൂലവും നിർബന്ധിതമായും ചെയ്ത കാര്യങ്ങളെ അല്ലാഹു ഈ സമുദായത്തിന്റെ ബാധ്യതയിൽനിന്ന് എടുത്തുമാറ്റിയിരിക്കുന്നു.”