Friday, April 26, 2024
Homeഅനുഷ്ഠാനംശഅ്ബാനിൽ നോമ്പുനോൽക്കൽ സുന്നത്തായ നിശ്ചിത ദിനങ്ങളുണ്ടോ?

ശഅ്ബാനിൽ നോമ്പുനോൽക്കൽ സുന്നത്തായ നിശ്ചിത ദിനങ്ങളുണ്ടോ?

ചോദ്യം- ശഅ്ബാനിൽ നോമ്പുനോൽക്കൽ സുന്നത്തായ നിശ്ചിത ദിനങ്ങളുണ്ടോ?

ഉത്തരം- റസൂൽ തിരുമേനി മറ്റു മാസങ്ങളെ അപേക്ഷിച്ച് കൂടുതൽ നോമ്പ് നോല്ക്കാൻ താത്പര്യം കാണിച്ചിരുന്ന മാസം ശഅ്ബാനായിരുന്നു. ആഇശ (റ) റിപ്പോർട്ട് ചെയ്യുന്നു: “”തിരുദൂതർ റമദാനിലല്ലാതെ മറ്റൊരു മാസത്തിലും മുഴുവൻ ദിവസവും നോമ്പു നോല്ക്കാറുണ്ടായിരുന്നില്ല.”
അറബി നാട്ടിൽ ചിലർ ഇതിനു വിപരീതമായി പ്രവർത്തിച്ചുകാണുന്നു. അവർ റജബ്, ശഅ്ബാൻ, റമദാൻ മാസങ്ങളിൽ തുടർച്ചയായി നോമ്പു നോല്ക്കും. ശവ്വാലിലെ ആറു ദിവസങ്ങൾ വേറെയും. ഇങ്ങനെ തുടർച്ചയായി നോമ്പ് നോല്ക്കുന്നതിന് റസൂൽ തിരുമേനിയിലോ സഹാബികളിലോ താബിഉകളിലോ മാതൃകയില്ല.

തിരുമേനി എല്ലാ മാസത്തിലും ചില ദിവസങ്ങൾ വ്രതമനുഷ്ഠിച്ചിരുന്നു. ആഇശ(റ) പറയുന്നു: “”അദ്ദേഹം നോമ്പ് ഒഴിവാക്കുകയില്ല എന്ന് ഞങ്ങൾ പറഞ്ഞുപോകുമാറ് തിരുദൂതർ നോമ്പ് നോല്ക്കും. അദ്ദേഹം ഇനി നോമ്പു നോല്ക്കുകയില്ല എന്ന് പറഞ്ഞുപോകുമാറ് തിരുദൂതർ നോമ്പൊഴിവാക്കുകയും ചെയ്യും.” ചിലപ്പോൾ തിങ്കളാഴ്ചയും വ്യാഴാഴ്ചയും തിരുമേനി നോമ്പ് എടുക്കും. മറ്റു ചിലപ്പോൾ എല്ലാ മാസവും മൂന്നു ദിവസം. വിശിഷ്യാ വെളുത്ത രാവുകളിൽ. ചിലപ്പോൾ ദാവൂദി(അ)നെ അനുകരിച്ച് ഒരു ദിവസം നോമ്പെടുക്കുകയും അതിനടുത്ത ദിവസം ഒഴിവാക്കുകയും ചെയ്യും. അദ്ദേഹം പറയുമായിരുന്നു: “”അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പ് ദാവൂദി(അ) ന്റെ നോമ്പാണ്. അദ്ദേഹം ഒരു ദിവസം നോമ്പെടുക്കുകയും അതിന്നടുത്ത ദിവസം നോമ്പൊവാഴിക്കുകയും ചെയ്തിരുന്നു.”

തിരുദൂതർ ഏറെ ദിവസങ്ങൾ നോമ്പെടുത്തിരുന്നത് ശഅ്ബാനിലായിരുന്നു. റമദാൻമാസത്തെ സ്വാഗതം ചെയ്യുന്നതിനുള്ള സന്നാഹം എന്ന നിലയിലായിരുന്നു ഇത്. എന്നാൽ, അദ്ദേഹം ശഅ്ബാനിലെ ചില നിശ്ചിത ദിവസങ്ങൾ നോമ്പുനോറ്റിരുന്നതായി ഒരു തെളിവുമില്ല.
നോമ്പുനോൽക്കാൻ പ്രത്യേക ദിവസങ്ങളും രാത്രി നമസ്കാരത്തിന് പ്രത്യേക രാത്രികളും നിർണയിക്കുവാൻ വ്യക്തികൾക്ക് ശരീഅത്ത് അനുവാദം നല്കുന്നില്ല. അതിന് ശർഇയായ നിദാനങ്ങൾ വേണം. അത് നിയമദാതാവിന്റെ മാത്രം അവകാശത്തിൽ പെട്ടതാണ്. ആരാധനക്കുവേണ്ടിയുള്ള സമയനിർണയം, സ്ഥലനിർണയം, നോമ്പിന്റെ സംഖ്യാനിർണയം തുടങ്ങിയവ അല്ലാഹുവിന്റെ അവകാശങ്ങളിൽപ്പെട്ടതാണ്; മനുഷ്യരുടെയല്ല.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!