ചോദ്യം: ഇസ്‌ലാമികമല്ലാത്ത ബാങ്കില്‍ ഒരുപാട് കാലം ഞാന്‍ ജോലിചെയ്തിട്ടുണ്ട്. ആ സമയം ഞാനും എന്റെ ഇണയും ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്ന് മാറി പുതിയൊരു ജോലിയിലേക്ക് ഞാനിപ്പോള്‍ പ്രവേശിച്ചിരിക്കുന്നു. ഇസ്‌ലാമികമല്ലാത്ത ബാങ്കിലായിരുന്നപ്പോള്‍ ഹജ്ജ് നിര്‍വിച്ചത് കൊണ്ട് വീണ്ടും എനിക്ക് ഹജ്ജ് ചെയ്യേണ്ടതുണ്ടോ?
ഉത്തരം: ചോദ്യകര്‍ത്താവ് പലിശയുമായ ബന്ധപ്പെട്ട ബാങ്കിലെ ജോലി, ജീവിതം മുന്നോട്ട് കൊണ്ട് പോകുവാന്‍ മറ്റൊരു ജോലിയും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ നിര്‍ബന്ധിതനായി സ്വീകരിച്ചതാണെങ്കില്‍ പ്രശ്‌നമില്ല. ആവശ്യം അനിവാര്യതയുടെ സ്ഥാനത്ത് വരികയും അനിവാര്യത നിഷിദ്ധത്തെ താല്‍ക്കാലികമായി റദ്ദ് ചെയ്യുന്നതുമാണ്. അതിനാല്‍, പ്രത്യേക സാഹചര്യത്തെ മുന്‍നിര്‍ത്തി അദ്ദേഹത്തിന് ബാങ്കിലെ ജോലി അനുവദനീയമാകുന്നു. അതുപോലെ, ഉന്നതരായ പണ്ഡിതരുടെ ഫത്‌വകള്‍ മുഖേന, പലിശയുമായി ബന്ധപ്പെട്ട ബാങ്കിലെ വ്യവസ്ഥകള്‍ ഘട്ടംഘട്ടമായി മനസ്സിലാക്കുന്നതിനും തുടര്‍ന്ന് ഇസ്‌ലാമിക ബാങ്കിങ് രംഗത്ത് സേവനം ചെയ്യുന്നതിനും വേണ്ടി ജോലി ചെയ്യുന്നതും അനുവദനീയമാകുന്നു.
എന്നാല്‍, സൂക്ഷമതയുടെ തലത്തില്‍ നിന്നാണ് ഞാനിത് നോക്കികാണുന്നത്. ഞാന്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുന്നത് പൂര്‍ണമായും ഹലാലായ സമ്പത്ത് കൊണ്ട് വീണ്ടും ഹജ്ജ് നിര്‍വഹിക്കണം എന്നതാണ്. കാരണം, സ്വീകാര്യമായ ഹജ്ജിന് പൂര്‍ണമായും ഹലാലായ പണമായിരിക്കണമെന്ന നിബന്ധനയുണ്ട്. പലിശയുമായ ബന്ധപ്പെട്ട ബാങ്കിലെ ശമ്പളം ഹലാലായ സമ്പത്താവുകയില്ല. പൂര്‍ണസംതൃപ്തി ലഭിക്കേണ്ടതിന് വീണ്ടും ഹജ്ജ് നിര്‍വഹിക്കേണ്ടതുണ്ട്. ശരിയായ രീതിയില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ അല്ലാഹു വീണ്ടും അവസരം നല്‍കട്ടെ.
വിവ.അര്‍ശദ് കാരക്കാട്