Wednesday, July 17, 2024
Homeഅനുഷ്ഠാനംജമുഅ: സാധുവാകുന്ന ആളെണ്ണം

ജമുഅ: സാധുവാകുന്ന ആളെണ്ണം

ചോ: ജമുഅ സാധുവാകുന്നതിനുള്ള ആളുകളുടെ എണ്ണത്തെക്കുറിച്ച് 15 അഭിപ്രായങ്ങളുണ്ടെന്നു പറയുന്നുണ്ടല്ലോ. അവ ഏതൊക്കെയാണെന്നറിയിച്ചുതരാമോ?
ഉ:  പ്രസ്തുത അഭിപ്രായഭേദങ്ങൾ ഇമാം ഇബ്നുഹജർ തന്റെ ഫത് ഹുൽ ബാരിയിൽ ഉദ്ധരിച്ചിട്ടുള്ളത് ഇപ്രകാരമാകുന്നു:
1 ഇബ്നുഹസം: ഒരാൾ.
2. ളാഹിരികൾ, നഖഈ, ഹസനുബുനുഹയ്യ് : രണ്ടാൾ.
3. അബൂയൂസുഫ് മുഹമ്മദ്: ഇമാം അടക്കം രണ്ട്.
4, അബൂഹനീഫ: ഇമാം അടക്കം മൂന്ന്.
5. ഇക് രിമ: ഏഴ്.
6. റബീഅ: ഒൻപത്.
7. റബീഅ: പ്രന്തണ്ട്.
8. ഇസ്ഹാഖ് : ഇമാമിനെ കൂടാതെ പ്രന്തണ്ട്.
9. മാലിക്ക് (ഇബ്നുഹബീബിന്റെ നിവേദനമനുസരിച്ച്) : ഇരുപത്.
10. മാലിക്ക്: മുപ്പത്.
11. ശാഫിയ: ഇമാം ഉൾപ്പെടെ നാൽപത്.
12. ശാഫിഈയും ഉമറുബ്നു അബ്ദിൽ അസീസും മറ്റും: ഇമാം ഉൾപ്പെ
ടാതെ നാൽപത്
13. ഇമാം അഹ്മദ്, ഉമറുബ്നു അബ്ദിൽ അസീസ്: അമ്പത്.
14. മാസിരി: എൺപത്.
15. പല പണ്ഡിതന്മാർ: ക്ലിപ്തമല്ലാത്ത വലിയൊരു സംഖ്യ.
ഇതിലൊരഭിപ്രായവും ഖുർആനിലൂടെയോ സുന്നത്തിലൂടെയോ ഖണ്ഡിതമായി സ്ഥാപിക്കപ്പെട്ടിട്ടില്ല. സംഘടിതമായ ഒരു ഇബാദത്താണല്ലോ ജുമുഅഃ. സംഘം എന്നു പറയുന്നത് സാധുവാകുന്നതിന്ന് ചുരുങ്ങിയത് മൂന്നു പേരുണ്ടായാൽ മതി. രണ്ടാളെയും സംഘമെന്നു വിശേഷിപ്പിക്കാമെന്നുമുണ്ട്. അതിനാൽ ജുമുഅ നിർബന്ധമുള്ള രണ്ടോ മൂന്നോ പേർ മാത്രമുള്ള ഒരു മഹല്ലിലും ജുമുഅ: നടത്തുന്നത് സാധുവാകുന്നു.

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!