ചോദ്യം: അത്താഴത്തിനിടയിൽ ബാങ്കു വിളിച്ചാൽ ബാങ്കു കൊടുത്തു തീരും വരെ അത്താഴം കഴിക്കാമോ?
ഉത്തരം: ബാങ്കുവിളിക്കുന്നത് നിശ്ചിത സമയത്ത് തന്നെയാണെന്നുറപ്പുണ്ടെങ്കിൽ ബാങ്കുകേട്ട ഉടനെത്തന്നെ തീറ്റയും കുടിയും നിർത്തേണ്ടത് നിർബന്ധമാണ്. വായിൽ ഭക്ഷണമുണ്ടെങ്കിൽ അത് തുപ്പിക്കളയുകയും വേണം. എങ്കിലേ നോമ്പ് ശരിയാവൂ. അബൂഹുറയ്‌റ നിവേദനം ചെയ്യുന്നു; നബി (സ) പറഞ്ഞു: ”പാത്രം കൈയിലിരിക്കെ നിങ്ങളാരെങ്കിലും ബാങ്കുവിളി കേട്ടാൽ തന്റെ ആവശ്യം പൂർത്തീകരിക്കുന്നതുവരെ പാത്രം താഴെ വെക്കേണ്ടതില്ല”(അബൂദാവൂദ്: 2352). ഈ ഹദീസ് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. സമയമായാലും ബാങ്ക് കൊടുത്തു കഴിയുംവരെ തീറ്റയും കുടിയും നിർബാധം തുടരണമെന്നാണ് അവർ മനസ്സിലാക്കിവെച്ചിരിക്കുന്നത്.
ഇമാം നവവി പറയുന്നു: ആരുടെയെങ്കിലും വായിൽ ഭക്ഷണമുണ്ടായിരിക്കേ പ്രഭാതമുദിച്ചാൽ അതു തുപ്പിക്കളയുകയും എന്നിട്ടയാൾ തന്റെ നോമ്പ് പൂർത്തിയാക്കുകയും ചെയ്തു കൊള്ളട്ടെ. പ്രഭാതമായി എന്ന അറിവ് തനിക്ക് ബോധ്യമായ ശേഷം ആ ഭക്ഷണം ഇറക്കിയാൽ അയാളുടെ നോമ്പ് ബാത്വിലായി. ഇത് തർക്കമില്ലാത്ത കാര്യമാണ്. ഇബ്നു ഉമറിന്റെയും, ആയിശയുടെയും ഹദീസാണ് അതിന്റ തെളിവ്. “ ബിലാൽ രാത്രിയിലാണ് ബാങ്കുവിളിക്കുക, അതിനാൽ ഇബ്‌നു ഉമ്മിമക്തൂം ബാങ്കുവിളിക്കുന്നതു വരെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക”.-( ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്). ഇതേ ആശയമുള്ള ഹദീസുകൾ വേറെയും സ്വഹീഹിൽ വന്നിട്ടുണ്ട്. എന്നാൽ അബൂഹുറയ്‌റ നബി (സ) യിൽ നിന്നുദ്ധരിച്ച: ”പാത്രം കൈയിലിരിക്കെ നിങ്ങളാരെങ്കിലും ബാങ്കുവിളി കേട്ടാൽ തന്റെ ആവശ്യം പൂർത്തീകരിക്കുന്നതുവരെ പാത്രം താഴെ വെക്കേണ്ടതില്ല”. മറ്റൊരു നിവേദനത്തിൽ “ ഉഷസ്സുദിച്ചാലായിരുന്നു മുഅദ്ദിൻ ബാങ്ക് വിളിച്ചിരുന്നത് “, എന്നുകൂടിയുണ്ട്. ഇതുദ്ധരിച്ച ശേഷം ഇമാം ബൈഹഖി പറയുന്നു: ഈ ഹദീസ് സ്വഹീഹാണെങ്കിൽ തന്നെ അതിന്റെയർത്ഥം: പ്രഭാതോദയത്തിനു തൊട്ടുമുമ്പ് വെള്ളം കുടിക്കാൻ പാകത്തിൽ പ്രഭാതോദയത്തിനു മുമ്പു തന്നെ ബാങ്കു കൊടുക്കാറുണ്ടായിരുന്നു എന്ന വിവരം നബി (സ) ക്ക് അറിയാമായിരുന്നു എന്നാണ്. ഇതാണ് പൊതുവെ പണ്ഡിതന്മാരുടെയടുത്ത് അതിന്റെയർത്ഥം. ബൈഹഖി തുടരുന്നു: ഹദീസിൽ വന്ന “ ഉഷസ്സുദിച്ചാൽ “ എന്ന വാക്ക് അബൂഹുറയ്റക്കു താഴെയുള്ളവരുടെ വാക്കാകാനും സാധ്യതയുണ്ട്. അല്ലെങ്കിൽ അത് രണ്ടാമത്തെ ബാങ്കിനെ സംബന്ധിച്ചാകാനും സാധ്യതയുണ്ട് ആ നിലക്ക് “ പാത്രം കയ്യിലിരിക്കേ നിങ്ങളാരെങ്കിലും ബാങ്കു കേട്ടാൽ ….” എന്നു പറഞ്ഞത് ഒന്നാമത്തെ ബാങ്കിനെ സംബന്ധിച്ചുമായിരിക്കും. അപ്പോഴേ ഇബ്നു ഉമറിന്റെയും ആയിശയുടെയും ഹദീസിനോട് അത് ഒത്തു വരികയുള്ളൂ. ബൈഹഖി തുടരുന്നു: ഈയടിസ്ഥാനത്തിൽ എല്ലാ ഹദീസുകളും പരസ്പര പൂരകങ്ങളായി തീരുന്നു.-(ശർഹുൽ മുഹദ്ദബ്).
ഇമാം ഖത്ത്വാബി പറഞ്ഞു: ഈ പറഞ്ഞത് ‘ബിലാൽ രാത്രിയിലാണ് ബാങ്കുവിളിക്കുക, അതിനാൽ ഇബ്‌നു ഉമ്മിമക്തൂം ബാങ്കുവിളിക്കുന്നതു വരെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക’ (ബുഖാരി: 623) എന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കേണ്ടതാണ്. അതല്ലെങ്കിൽ സ്വുബ്ഹ് ആയോ എന്ന് സംശയം തോന്നുന്ന അവസ്ഥയിൽ ബാങ്കു കേൾക്കുമ്പോഴാണ്. ഉദാഹരണത്തിന്, ആകാശം മേഘാവൃതമായിരിക്കുന്ന അവസ്ഥയിൽ, ഫജ്‌റ് ആയെന്ന് മനസ്സിലാക്കാനുതകുന്ന യാതൊരു ലക്ഷണവും ഉണ്ടാവില്ല. ബാങ്കു കൊടുക്കുന്നയാൾക്ക് അത് വെളിവായാൽ സ്വാഭാവികമായും ഇദ്ദേഹത്തിനും അത് വെളിവാകുമല്ലോ. പ്രഭാതം വിടർന്നു എന്ന് ബോധ്യമായാൽ പിന്നെ സ്വുബ്ഹ് ബാങ്കു കേൾക്കണ്ടതുമില്ല. കാരണം പ്രഭാതം വിടരുന്നതോടെ അന്നപാനീയങ്ങൾ നിർത്തിവെക്കണമെന്നാണ് നിർദേശം (മആലിമുസ്സുനൻ: 526).
ഫിഖ്ഹുസ്സുന്ന യിൽ ശൈഖ് സയ്യിദ് സാബിഖ് പറയുന്നു: നോമ്പുകാരന് പ്രഭാതോദയംവരെ രാത്രി അന്നപാനവും സംഭോഗവും അനുവദനീയമാണ്. എന്നാൽ വായിൽ ഭക്ഷണം ഉണ്ടായിരിക്കവെ പ്രഭാതം ഉദിച്ചെന്നുറപ്പായാൽ അത് തുപ്പിക്കളയൽ നിർബന്ധമാണ്. അപ്രകാരം തന്നെ പ്രഭാതം ഉദിക്കുമ്പോൾ സംയോഗത്തിലാണെങ്കിൽ ഉടനെ വിരമിക്കേണ്ടതും നിർബന്ധമാകുന്നു. അങ്ങനെ ചെയ്താൽ മാത്രമേ നോമ്പ് ശരിയാവുകയുള്ളൂ. ഒരാൾ വായിലെ ഭക്ഷണം തുപ്പിക്കളയാതെ ഇറക്കുകയോ, സംയോഗം നിറുത്താതിരിക്കുകയോ ചെയ്യുന്ന പക്ഷം അയാൾക്ക് നോമ്പില്ലെന്നതാണ് വാസ്തവം. ബുഖാരിയും മുസ്ലിമും ആഇശ(റ)യിൽ നിന്ൻ ഉദ്ധരിക്കുന്നു: നബി (സ) പറഞ്ഞു: “ ബിലാൽ രാത്രിയിലാണ് ബാങ്ക് വിളിക്കുക. അതിനാൽ ഇബ്നു ഉമ്മിമക്തും ബാങ്ക് വിളിക്കുന്നതുവരെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക “.-(ഫിഖ്ഹുസ്സുന്ന).
ശൈഖ് ഖറദാവിയുടെ അഭിപ്രായവും ഇതുതന്നെ. ഇവ്വിഷയകമായി ശൈഖ് ഖറദാവിക്ക് വന്ന ഒരു ചോദ്യവും ഉത്തരവും കാണുക:
ചോദ്യം: ഉറക്കത്തിൽ പെട്ടു പോവുക പോലെയുള്ള നിർബന്ധിത സാഹചര്യം കാരണമായി ഒരാൾ അത്താഴത്തിന് വൈകിപ്പോയി, അങ്ങനെ അത്താഴം കഴിച്ചു കൊണ്ടിരിക്കേ ബാങ്കു കേട്ടു, എങ്കിൽ ബാങ്കു കേട്ട മാത്രയിൽ തന്നെ അയാൾ ഭക്ഷണം ഒഴിവാക്കേണ്ടതുണ്ടോ? അതോ ബാങ്കു കൊടുത്തു കഴിയുന്നതു വരെ അയാൾക്ക് തീറ്റി തുടരാമോ?
ശൈഖിന്റെ മറുപടി: സുബ്ഹ് ബാങ്ക് നോമ്പനുഷ്ഠിക്കുന്ന പ്രദേശത്തെ കലണ്ടർ പ്രകാരം അതിന്റെ നിശ്ചിത സമയത്ത് തന്നെയാണ് എന്നുറപ്പുണ്ടെങ്കിൽ ബാങ്കു കേട്ട മാത്രയിൽ തന്നെ തീറ്റിയും കുടിയും ഉപേക്ഷിക്കൽ അയാൾക്കു നിർബന്ധമാണ്. എന്നല്ല, അയാളുടെ വായിൽ വല്ല ഭക്ഷണവുമുണ്ടെങ്കിൽ അത് തുപ്പിക്കളയലും അയാൾക്കു നിർബന്ധമാണ്. എങ്കിൽ മാത്രമേ അയാളുടെ നോമ്പ് സാധുവാകയുള്ളൂ. എന്നാൽ നിശ്ചിത സമയത്തേക്കാൾ ഏതാനും മിനിറ്റുകൾക്ക് മുമ്പാണ്, അല്ലെങ്കിൽ ചുരുങ്ങിയ പക്ഷം അങ്ങനെ സംശയമെങ്കിലും ഉണ്ടെങ്കിൽ ഉഷസ്സ് ഉദിച്ചു എന്നുറപ്പാകുവോളം തിന്നാനും കുടിക്കാനും അയാൾക്കവകാശമുണ്ട്. കൃത്യമായ സമയ വിവരപ്പട്ടിക വഴി അത് ഉറപ്പു വരുത്തുക എളുപ്പമാണ്. അതില്ലാത്ത ഒരു വീടും ഇന്നുണ്ടാവില്ല.-(ഖറദാവിയുടെ ഫത്‌വകൾ).
പ്രഭാതം വരെയാണ് അത്താഴ സമയം. ബാങ്കുവിളിച്ചാലും ഇല്ലെങ്കിലും അതിനുമുമ്പേ തീറ്റിയും കുടിയുമെല്ലാം അവസാനിപ്പിച്ചുകൊള്ളണം. അതാണ് സൂക്ഷ്മത. കാരണം. നമസ്‌കാരസമയത്തിന്റെ കൃത്യതക്കുവേണ്ടി ബാങ്കിന്റെ സമയം അൽപം പിന്തിപ്പിച്ചേക്കാം. ബാങ്കുകേൾക്കുന്നതു വരെ വാരിവലിച്ചു തിന്നുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം.