Monday, May 13, 2024
Homeഅനുഷ്ഠാനംനോമ്പ്കാരണം കൂടാതെ നോമ്പുകൾ നോറ്റുവീട്ടിയില്ലെങ്കിൽ

കാരണം കൂടാതെ നോമ്പുകൾ നോറ്റുവീട്ടിയില്ലെങ്കിൽ

ചോദ്യം: കഴിഞ്ഞ വർഷത്തെ നോമ്പെടുക്കാൻ സാധിച്ചില്ല. കുഞ്ഞിന് മുലയൂട്ടുന്നതിനാലും മറ്റ് പ്രയാസങ്ങളാലും ഈ റമദാന് മുമ്പ് നോറ്റുവീട്ടാനുമായില്ല. ഇനി എന്താണ് ചെയ്യുക?

ഉത്തരം: നഷ്ടപ്പെട്ട നോമ്പുകൾ പിറ്റേ വർഷത്തെ റമദാനിന് മുമ്പ് തന്നെ നോറ്റുവീട്ടേണ്ടതാണ്. തനിക്ക് നോറ്റുവീട്ടേണ്ട നോമ്പുകൾ ഉണ്ടാവാറുണ്ടെന്നും എന്നാൽ ശഅ്ബാനിലല്ലാതെ തനിക്കത് നോറ്റുവീട്ടാൻ കഴിയാറില്ലായിരുന്നു എന്നും ആഇശ (റ) പറഞ്ഞത് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട് (1930). ശഅ്ബാൻ വരെ ഖദാ വീട്ടാൻ അവസരമുണ്ടെന്നും അതിലപ്പുറം നീട്ടിവെക്കാവതല്ലെന്നും ഇത് തെളിവായി ഉദ്ധരിച്ച് ഇമാം ഇബ്‌നു ഹജർ വ്യക്തമാക്കുന്നു (ഫത്ഹുൽ ബാരി: 6/209).

അടുത്ത റമദാന് മുമ്പ് ന്യായമായ കാരണം കൂടാതെ നോമ്പുകൾ നോറ്റുവീട്ടിയില്ലെങ്കിൽ, പിന്നീടവ നോറ്റുവീട്ടുന്നതിന് പുറമേ ഒരഗതിക്ക് ഭക്ഷണം നൽകുക കൂടിവേണമെന്നാണ് ഇമാം മാലിക്, ശാഫിഈ, അഹ്മദ് തുടങ്ങിയ ഇമാമുമാരുടെ അഭിപ്രായം. അബൂഹുറയ്‌റ, ഇബ്‌നു അബ്ബാസ് തുടങ്ങിയ പ്രമുഖ സ്വഹാബിമാരുടെ ഫത്വ്‌വയാണ് അതിനു ആധാരം. എന്നാൽ ഇമാം അബൂ ഹനീഫ, അത്തരക്കാർ നോറ്റുവീട്ടുക മാത്രമേ ചെയ്യേണ്ടതുള്ളൂ എന്ന അഭിപ്രായക്കാരനാണ് (അൽ മജ്മൂഅ്: 6/266). ഇമാം ബുഖാരിയും, അതേ വീക്ഷണമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഇങ്ങനെ ന്യായമില്ലാതെ വീഴ്ച വരുത്തുകയും അലംഭാവം കാണിക്കുകയും ചെയ്താൽ ഫിദ്‌യ കൊടുക്കുന്നത് നിർബന്ധമല്ലെങ്കിൽ പോലും അതുകൂടി ചെയ്യുന്നതാണ് ഉത്തമമെന്നും സ്വഹാബിമാരുടെ അഭിപ്രായത്തെ ആ അർഥത്തിലാണെടുക്കേണ്ടതെന്നുമാണ് ശൈഖ് ഖറദാവിയുടെ അഭിപ്രായം (ഫിഖ്ഹുസ്സിയാം).

ഇമാം ബുഖാരി പറയുന്നു: നോമ്പ് നോറ്റുവിട്ടുന്നതിൽ ഉപേക്ഷ കാണിക്കുകയും അങ്ങനെ അടുത്ത റമദാൻ ആഗതമാവുകയും ചെയ്താൽ അത് രണ്ടും നോൽക്കുക. ഭക്ഷണം കൊടുക്കേണ്ടതില്ല. ഇങ്ങനെയാണ് ഇമാം ഇബ്റാഹിം നഖഈ അഭിപ്രായപ്പെട്ടിരിക്കുന്നത്, എന്നാൽ അബൂ ഹുറയ്റയിൽ നിന്നും, ഇബ്നു അബ്ബാസിൽ നിന്നും ഉദ്ധരിക്കപ്പെടുന്നത് അങ്ങനെയുള്ളവർ ഭക്ഷണം നൽകുക കൂടി വേണമെന്നാണ്. അല്ലാഹുവാകട്ടെ മറ്റു ദിവസങ്ങളിൽ നോറ്റുവീട്ടണമെന്നേ പറഞ്ഞിട്ടുള്ളൂ, അല്ലാതെ ഭക്ഷണം നൽകുന്ന കാര്യം പരാമർശിച്ചിട്ടില്ല.-(ബുഖാരി: റമദാൻ ഖദാവീട്ടേണ്ടത് എപ്പോഴാണ് എന്ന അധ്യായം).

وَقَالَ إِبْرَاهِيمُ إِذَا فَرَّطَ حَتَّى جَاءَ رَمَضَانُ آخَرُ يَصُومُهُمَا وَلَمْ يَرَ عَلَيْهِ طَعَامًا وَيُذْكَرُ عَنْ أَبِي هُرَيْرَةَ مُرْسَلًا وَابْنِ عَبَّاسٍ أَنَّهُ يُطْعِمُ وَلَمْ يَذْكُرْ اللَّهُ الْإِطْعَامَ إِنَّمَا قَالَ {فَعِدَّةٌ مِنْ أَيَّامٍ أُخَرَ}.- رَوَاهُ الْبُخَارِيُّ: بَابُ مَتَى يُقْضَى قَضَاءُ رَمَضَانَ.

ഇതിൻറെ ചുവടെ ഹാഫിള് ഇബ്നു ഹജർ പറഞ്ഞു: അബൂ ഹുറയ്റയിൽ നിന്ന് നിവേദനം, ഏതൊരു മനുഷ്യൻ റമദാനിൽ രോഗിയാവുകയും, പിന്നീട് ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു, എന്നിട്ടവൻ അടുത്ത റമദാൻ വരുന്നത് വരെ നോറ്റു വീട്ടിയില്ല എങ്കിൽ അവൻ ആ റമദാൻ നോമ്പെടുക്കണം, പിന്നീട് മറ്റേത് നോറ്റുവീട്ടണം, ഓരോ നോമ്പിനും ഒരഗതിക്ക് ഭക്ഷണമൂട്ടുകയും വേണം. ….. ഇവ്വിഷയകമായി നബി (സ) യിൽ നിന്ന് യാതൊന്നും സ്ഥിരപ്പെട്ടിട്ടില്ല, എന്നാൽ ഒരു പറ്റം സ്വഹാബിമാരിൽ നിന്ന് വന്നിട്ടുണ്ട്, അതിൽ നേരത്തെ പറഞ്ഞവരുണ്ട്, ഉമറും അക്കൂട്ടത്തിൽപ്പെടുന്നു. കൂടാതെ ആറോളം സ്വഹാബിമാർ അങ്ങനെ അഭിപ്രായപ്പെട്ടതായും, ആരെങ്കിലും അവരോട് എതിർ പ്രകടിപ്പിച്ചതായി തനിക്കറിയില്ലെന്നും ഇമാം ത്വഹാവി രേഖപ്പെടുത്തുന്നു. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം ഇതു തന്നെ. എന്നാൽ ഇമാം ഇബ്റാഹീം നഖഈ ഇമാം അബൂ ഹനീഫയും അദ്ദേഹത്തിൻ്റെ കൂട്ടുകാരും ഇതിനോട് വിയോജിച്ചിരിക്കുന്നു. അവരിത് അംഗീകരിച്ചിട്ടില്ല.-(ഫത്ഹുൽ ബാരി: റമദാൻ ഖദാവീട്ടേണ്ടത് എപ്പോഴാണ് എന്ന അധ്യായം).

وَقَالَ الْحَافِظُ ابْنُ حَجَرٍ: عَنْ أَبِي هُرَيْرَة قَالَ: أَيّ إِنْسَان مَرِضَ فِي رَمَضَان ثُمَّ صَحَّ فَلَمْ يَقْضِهِ حَتَّى أَدْرَكَهُ رَمَضَانُ آخَرُ فَلْيَصُمْ الَّذِي حَدَثَ ثُمَّ يَقْضِ الْآخَرَ وَيُطْعِم مَعَ كُلّ يَوْم مِسْكِينًا ……..وَلَمْ يَثْبُت فِيهِ شَيْء مَرْفُوع وَإِنَّمَا جَاءَ فِيهِ عَنْ جَمَاعَة مِنْ الصَّحَابَة مِنْهُمْ مَنْ ذُكِرَ وَمِنْهُمْ عُمَر عِنْد عَبْد الرَّزَّاق ، وَنَقَلَ الطَّحَاوِيُّ عَنْ يَحْيَى بْن أَكْثَمَ قَالَ : وَجَدْته عَنْ سِتَّةٍ مِنْ الصَّحَابَة لَا أَعْلَم لَهُمْ فِيهِ مُخَالِفًا . اِنْتَهَى . وَهُوَ قَوْل الْجُمْهُور، وَخَالَفَ فِي ذَلِكَ إِبْرَاهِيم النَّخَعِيُّ وَأَبُو حَنِيفَة وَأَصْحَابه.-فَتْحُ الْبَارِي: بَابُ مَتَى يُقْضَى قَضَاءُ رَمَضَانَ.

അബൂഹുറയ്റയുടെ ഈ അഭിപ്രായം ഇമാം ദാറ ഖുത്വിനി ഉദ്ധരിക്കുകയും, തുടർന്ന് ഇതിൻറെ നിവേദക പരമ്പര സ്വഹീഹാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു.-( ദാറ ഖുത്വിനി:.2344).

عَنْ أَبِي هُرَيْرَةَ فِي رَجُلٍ مَرِضَ فِي رَمَضَانَ، ثُمَّ صَحَّ فَلَمْ يَصُمْ حَتَّى أَدْرَكَهُ رَمَضَانُ آخَرُ قَالَ « يَصُومُ هَذَا مَعَ النَّاسِ وَيَصُومُ الَّذِي فَرَّطَ فِيهِ وَيُطْعِمُ لِكُلِّ يَوْمٍ مِسْكِينًا ».-رَوَاهُ الدَّارَقُطْنِيّ: 2344، وَقَالَ: إسْنَادٌ صَحِيحٌ مَوْقُوفٌ.

ശാഫിഈ മദ്ഹബിൻറെ വീക്ഷണം:
ഇമാം റംലി പറയുന്നു:
നോറ്റു വീട്ടാൻ കഴിയുമാറ് ആരോഗ്യവാനായി നാട്ടിൽ തന്നെ ഉണ്ടായിരിക്കേ റമദാൻ മുഴുവനുമോ, അല്ലെങ്കിൽ അതിൽ നിന്ന് ഏതെങ്കിലുമോ നോറ്റു വീട്ടാതെ അടുത്ത റമദാൻ വന്നണയുന്നതു വരെ വൈകിപ്പിച്ചാൽ, അവനെ സംബന്ധിച്ചിടത്തോളം അതു നോറ്റു വീട്ടുന്നതോടൊപ്പം ഒരോ നോമ്പിനും ഒരു മുദ്ദ് വീതം നൽകൽ നിർബന്ധമാകും. അവൻ കുറ്റക്കാരനുമായിരിക്കും. തത്സംബന്ധമായി നബിയിൽ നിന്ന് ദുർബലമായതും, എന്നാൽ സ്വഹാബിമാരിൽ നിന്ന് സ്വഹീഹായ രൂപത്തിലും വന്ന ഹദീസുകുടെ അടിസ്ഥാനത്തിലാണ് ഇത്. യാതൊരെതിർപ്പുമില്ലാത്ത വിധം ആറോളം സ്വഹാബിമാരുടെ ഫത്‌വ ഇതിന് പിൻബലം നൽകുന്നുമുണ്ട്.- (നിഹായതുൽ മുഹ്താജ്: നിർബന്ധ നോമ്പിൻറെ ഫിദ്യ എന്ന അധ്യായം).

قَالَ الْإِمَامُ الرَّمْلِيّ: وَمَنْ أَخَّرَ قَضَاءَ رَمَضَانَ أَوْ شَيْئًا مِنْهُ، مَعَ إمْكَانِهِ بِأَنْ كَانَ صَحِيحًا مُقِيمًا، حَتَّى دَخَلَ رَمَضَانُ آخَرُ لَزِمَهُ مَعَ الْقَضَاءِ لِكُلِّ يَوْمٍ مُدٌّ، وَهُوَ آثِمٌ. كَمَا فِي الْمَجْمُوعِ لِخَبَرٍ فِيهِ ضَعِيفٍ، لَكِنَّهُ رُوِيَ مَوْقُوفًا عَلَى رَاوِيهِ بِإِسْنَادٍ صَحِيحٍ، وَيُعَضِّدُهُ إفْتَاءُ سِتَّةٍ مِنَ الصَّحَابَةِ وَلَا مُخَالِفَ لَهُمْ.-نِهَايَةُ الْمُحْتَاجِ: فَصْلٌ فِي فِدْيَةِ الصَّوْمِ الْوَاجِبِ.

ഇൽയാസ് മൗലവി
1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.

Recent Posts

Related Posts

error: Content is protected !!