Thursday, April 25, 2024
Homeഅനുഷ്ഠാനംആർത്തവം തടയുന്ന ഗുളികകൾ ഉപയോഗിക്കുന്നത്

ആർത്തവം തടയുന്ന ഗുളികകൾ ഉപയോഗിക്കുന്നത്

ചോദ്യം- റമദാനിലെ എല്ലാ ദിനങ്ങളും പുണ്യവും അനുഗ്രഹവും നിറഞ്ഞതാണെന്ന് ഞങ്ങൾക്കറിയാം. അതിനാൽ റമദാനിലെ ഏതാനും ദിവസങ്ങളിൽ നോമ്പും നമസ്കാരവുമില്ലാതെ കഴിച്ചുകൂട്ടുന്നത് ഞങ്ങളിഷ്ടപ്പെടുന്നില്ല. അതൊഴിവാക്കുവാൻ ആർത്തവം തടയുന്ന ഗുളികകൾ ഉപയോഗിക്കുന്നത് അനുവദനീയമാണോ? അവയിൽ ചിലത് ദ്രോഹകാരികളല്ലെന്ന് അനുഭത്തിന്റെ വെളിച്ചത്തിൽ പറയാൻ കഴിയും?

ഉത്തരം- റമദാനിൽ മാസമുറയെത്തുന്ന മുസ്ലിം സ്ത്രീ നോമ്പു നോല്ക്കുവാൻ പാടില്ലെന്നും അത് മറ്റു ദിവസങ്ങളിൽ നോറ്റു വീട്ടുകയാണ് വേണ്ടതെന്നുമുള്ള കാര്യം മുസ്ലിംകൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ലാത്ത ഒന്നാണ്. ശരീരം ക്ഷീണിക്കുകയും നാഡികൾക്ക് മുറുക്കമേറുകയും ചെയ്യുന്ന അക്കാലത്ത് സ്ത്രീകൾക്ക് അല്ലാഹു അനുവദിച്ച ഒരിളവും കാരുണ്യവുമാണത്. ആർത്തവ കാലത്ത് നോമ്പൊഴിവാക്കുന്നത് അനുവദനീയമല്ല എന്നല്ല; അത് നിർബന്ധമാണ്. നോമ്പെടുക്കുന്ന പക്ഷം അത് സ്വീകരിക്കപ്പെടുകയോ അതിനു പ്രതിഫലം നല്കപ്പെടുകയോ ഇല്ല. അതിനു പകരം മറ്റു ദിവസങ്ങളിൽ നോമ്പെടുത്തേ പറ്റൂ. പ്രവാചക പത്നിമാരും സഹാബീ വനിതകളും മറ്റു മുൻകാല മഹതികളും ഇൗ ചര്യയാണ് അനുവർത്തിച്ചു വന്നത്. അതിനാൽ, റമദാനിൽ മാസമുറ എത്തിയാൽ നോമ്പൊഴിക്കുകയും അത് മറ്റു നാളുകളിൽ നോറ്റുവീട്ടുകയും ചെയ്യുന്നതിൽ ഒരു കുഴപ്പവും ഇല്ല. ആഇശ പറയുകയുണ്ടായി: “”നോമ്പ് നോറ്റു വീട്ടാൻ ഞങ്ങൾ ആജ്ഞാപിക്കപ്പെട്ടിരുന്നു; നമസ്കാരം അനുഷ്ഠിച്ചു തീർക്കാൻ ആജ്ഞാപിക്കപ്പെട്ടിരുന്നില്ല.”

പ്രകൃതിയുടേയും സ്വാഭാവികതയുടേയും താത്പര്യമനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരെയാണ് ഞാൻ ശ്രേഷ്ഠരായി കാണുന്നത്. ആർത്തവം പ്രകൃത്യായുള്ളതും സ്വാഭാവികവുമായ ഒരു പ്രക്രിയയാണെന്നിരിക്കെ അതിനെ അല്ലാഹു നിശ്ചയിച്ച ക്രമത്തിന് വിടുന്നതാണുത്തമം. എന്നാൽ ഗർഭധാരണം തടയുന്ന ചില ഗുളികകളെപ്പോലെ, ആർത്തവം തടയാനും ഗുളികകളുണ്ടെങ്കിൽ റമദാനിലെ ചില ദിവസങ്ങളിൽ നോമ്പ് നഷ്ടപ്പെടുന്നത് ഒഴിവാക്കുവാൻ വേണ്ടി, ശുദ്ധികാലം ദീർഘിപ്പിക്കുന്ന പ്രസ്തുത ഗുളികകൾ കഴിക്കുന്നതിൽ തെറ്റില്ല. പക്ഷേ, ഒരു ഉപാധിയുണ്ട്: അത് ഒരുതരത്തിലും ദ്രോഹകാരിയല്ലെന്ന് ഉറപ്പുവരുത്തണം. ഡോക്ടറുടെ ഉപദേശം തേടിയിരിക്കണം. അതുറപ്പു കിട്ടിയ ശേഷം ഗുളിക കഴിക്കുകയും തൻമൂലം ആർത്തവം താമസിക്കുകയും ചെയ്താൽ നോമ്പ് നോൽക്കാം. ആ നോമ്പ് സ്വീകാര്യമായിരിക്കും.

ചോദ്യം- കഴിഞ്ഞ റമദാനിൽ മാസമുറ എത്തിയത് മൂലം എനിക്ക് ആറു ദിവസത്തെ നോമ്പ് നഷ്ടപ്പെടുകയുണ്ടായി. ശഅ്ബാൻ ഇരുപത് മുതൽ ഞാനത് നോറ്റുവീട്ടാൻ തുടങ്ങുമ്പോഴേക്കും പലരും എന്നെ സമീപിച്ച് ശഅ്ബാനിൽ നോമ്പ് നോറ്റുവീട്ടുന്നത് അനുവദനീയമേയല്ല എന്ന് പറയുകയുണ്ടായി. എന്താണ് ശരി?

ഉത്തരം- റമദാനിൽ നഷ്ടപ്പെട്ട നോമ്പ് ഏതു മാസത്തിലും, ശഅ്ബാനിൽതന്നെയും നോറ്റു വീട്ടാം. എന്നല്ല, ആഇശയിൽ നിന്നുദ്ധരിക്കപ്പെടുന്ന ഒരു വചനത്തിൽ, നഷ്ടപ്പെട്ട നോമ്പുകൾ നോറ്റുവീട്ടുന്നത് അവർ ശഅ്ബാൻ മാസംവരെ താമസിപ്പിക്കാറുണ്ടായിരുന്നു എന്നുണ്ട്. അതിനാൽ ശഅ്ബാനിൽതന്നെ കടമുള്ള നോമ്പുകൾ മനസ്സമാധാനത്തോടെ നോറ്റു കൊള്ളുക.

ചോദ്യം- 18 വയസ്സുണ്ടെനിക്ക്. ആദ്യമായി ആർത്തവമുണ്ടായപ്പോൾ ഒരു വെളുത്ത ദ്രാവകം ഒഴുകിവന്നു. അതെന്താണെന്ന് എനിക്കറിയില്ല. അത്തരം ഘട്ടങ്ങളിൽ നോമ്പ് നോൽക്കുന്നതും നമസ്കരിക്കുന്നതും സ്വീകാര്യമാവുമോ?

ഉത്തരം- സ്ത്രീകൾക്ക് -യുവതികൾക്ക് പ്രത്യേകിച്ച്- സ്വാഭാവികമായി ഉണ്ടാകാറുള്ള ഒരു സ്രവമാണിത്. രക്തസ്രാവം ഹേതുവായി മാത്രമേ നോമ്പും നമസ്കാരവും ഒഴിവാക്കേണ്ടതുള്ളൂ. കടുത്ത ചുവപ്പു നിറമുള്ള രക്തമാണ് ആർത്തവ രക്തം. രക്തമല്ലെങ്കിൽപിന്നെ അത് മറ്റു വല്ല സ്രവവസ്തുവുമാകും. അതിൽ ആശങ്കിക്കാനില്ല. ചോദ്യമുന്നയിച്ച സഹോദരിക്ക് നോമ്പു നോൽക്കുകയും നമസ്കരിക്കുകയുമാവാം.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!