Friday, March 29, 2024
Homeഅനുഷ്ഠാനംയാത്രക്കാരന് നോമ്പ് ഒഴിവാക്കാവുന്ന ദൂരം

യാത്രക്കാരന് നോമ്പ് ഒഴിവാക്കാവുന്ന ദൂരം

ചോദ്യം- യാത്രക്കാരന് നോമ്പ് ഒഴിവാക്കുവാൻ എത്ര ദൂരം യാത്ര ചെയ്യണം? അത് 81 കിലോമീറ്ററാണോ? യാത്രയിൽ ഒരു ക്ലേശവും ഇല്ലെങ്കിലും ഒഴിവാക്കേണ്ടതുണ്ടോ?

ഉത്തരം- യാത്രക്കാരന് നോമ്പ് ഒഴിവാക്കാമെന്ന് ഖുർആൻ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. “”നിങ്ങളിലൊരാൾ രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ എണ്ണം പൂർത്തീകരിക്കേണ്ടതാകുന്നു.” എന്നാൽ, ദൂരത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. പക്ഷേ, ചോദ്യകർത്താവു സൂചിപ്പിച്ച ദൂരം-80 കിലോമീറ്ററിൽ കൂടുതൽ -യാത്ര ചെയ്യുന്നവന് നോമ്പൊഴിവാക്കാമെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ടാവില്ലെന്നാണെന്റെ വിശ്വാസം. നമസ്കാരം ചുരുക്കി നമസ്കരിക്കുന്നതിനും നോമ്പ് ഒഴിവാക്കുന്നതിനും മിക്ക പണ്ഡിതരും നിശ്ചയിച്ചിട്ടുള്ള ദൂരം ഏതാണ്ട് 84 കിലോമീറ്ററാണ്. ഈ ദൂരനിർണയം ഏകദേശക്കണക്ക് മാത്രമാണ്. നബി(സ)യോ അനുചരൻമാരോ മീറ്ററും കിലോമീറ്ററും കണക്കുകൂട്ടി ദൂരം നിർണയിച്ചു തന്നിട്ടില്ല. ചില പണ്ഡിതൻമാരുടെ അഭിപ്രായത്തിൽ ദൂരം ഒരുപാധിയേയല്ല. ഭാഷാപരമായും പ്രാദേശികമര്യാദയനുസരിച്ചും “യാത്ര’ എന്നു വിളിക്കാവുന്ന എല്ലാ യാത്രകളിലും നമസ്കാരം ചുരുക്കുകയും നോമ്പ് ഒഴിവാക്കുകയും ചെയ്യാം. ഖുർആനും സുന്നത്തും അങ്ങനെയാണത് നിശ്ചയിച്ചത്. ഒരിക്കൽ തിരുദൂതരോടൊപ്പം യാത്ര ചെയ്ത അനുചരൻമാർ ഇപ്രകാരം പറയുകയുണ്ടായി: “”ഞങ്ങളുടെ കൂട്ടത്തിൽ നോമ്പെടുത്തവരും നോമ്പൊഴിവാക്കിയവരും ഉണ്ടായിരുന്നു. നോമ്പെടുത്തവർ നോമ്പൊഴിവാക്കിയവരെയോ മറിച്ചോ ആക്ഷേപിക്കുകയുണ്ടായില്ല.” എന്നാൽ, കടുത്ത വിഷമങ്ങൾ അനുഭവിക്കേണ്ടിവരുന്ന ഒരു യാത്രക്കാരൻ നോമ്പെടുക്കുന്നത് കറാഹത്താണ്. ചിലപ്പോഴത് “ഹറാം’ വരെയാകാം. നോമ്പുനോറ്റു തളർച്ച ബാധിച്ച ഒരു യാത്രക്കാരന് തണൽ വിരിച്ചു കൊടുക്കുന്നതു കണ്ട തിരുമേനി തളർച്ചയുടെ കാരണമാരാഞ്ഞു. “അയാൾ നോമ്പുനോറ്റിരിക്കുന്നു’ എന്നു കൂട്ടുകാർ മറുപടി നൽകി. അപ്പോൾ തിരുമേനി പറഞ്ഞു: “യാത്രയിൽ നോമ്പുനോൽക്കുന്നത് പുണ്യമല്ല.’ യാത്രാക്ലേശം കഠിനമാകുന്ന സന്ദർഭത്തിലാണിത്. യാത്ര ക്ലേശകരമല്ലെങ്കിൽ നോമ്പെടുക്കാനും നോമ്പൊഴിവാക്കാനും യാത്രക്കാരന് സ്വാതന്ത്യമുണ്ട്. പക്ഷേ, ഏതാണ് കൂടുതൽ ശ്രേഷ്ഠം?

നോമ്പെടുക്കുന്നതാണ് ശ്രേഷ്ഠമെന്നും നോമ്പൊഴിവാക്കുന്നതാണ് ശ്രേഷ്ഠമെന്നും പറയുന്നവരുമുണ്ട്. “രണ്ടിൽ ലഘുവായത് ശ്രേഷ്ഠം’ എന്ന് ഉമറുബ്നു അബ്ദിൽ അസീസ് പറയുകയുണ്ടായി. മറ്റുള്ളവർ നോമ്പെടുക്കാത്ത കാലത്ത് നോമ്പ് നോറ്റുവീട്ടുന്നതിനേക്കാൾ എല്ലാവരും നോമ്പുനോൽക്കുന്ന കാലത്ത് അവരോടൊപ്പം അത് ചെയ്യുന്നതാണ് ചിലർക്ക് സൗകര്യം. അവർ റമദാനിൽ നോമ്പുനോറ്റുകൊള്ളട്ടെ. മറ്റു ചിലർക്ക് മറിച്ചായിരിക്കും അനുഭവം. അവർ റമദാനിലെ യാത്രകളിൽ നോമ്പൊഴിവാക്കി മറ്റു ദിവസങ്ങളിൽ നോറ്റുവീട്ടിക്കൊള്ളട്ടെ. നോമ്പു നോൽക്കുന്നവന്ന് ഏതാണോ എളുപ്പം അതാണ് ശ്രേഷ്ഠം. ഒരു സംഭവം നോക്കുക:

ഹംസതുബ്നു ആമിറിൽ അസ് ലമിയിൽനിന്ന് അബൂദാവൂദ് ഉദ്ധരിക്കുന്നു: ഹംസതുബ്നുആമിർ തിരുദൂതരോട് പറഞ്ഞു: “”തിരുദൂതരേ, ഒരു വാഹനം കൈവശമുള്ളയാളാണ് ഞാൻ; അതിന്റെ പുറത്താണ് ഞാൻ യാത്ര ചെയ്യാറ്. ചിലപ്പോൾ ഈ മാസമെത്തിയാൽ എനിക്ക് ശക്തി അനുഭവപ്പെടും. ഞാനൊരു യുവാവാണ്. മറ്റു ദിവസങ്ങളിലേക്ക് നീട്ടിവെച്ച് കടം പേറുന്നതിനെക്കാൾ യാത്രയിൽ നോമ്പു നോൽക്കുന്നതാണ് എനിക്ക് എളുപ്പമായിത്തോന്നുന്നത്. ഞാൻ നോമ്പുനോൽക്കട്ടെയോ തിരുദൂതരേ! അതോ നോമ്പൊഴിവാക്കേണ്ടതുണ്ടോ?” തിരുദൂതർ പറഞ്ഞു: “”താങ്കളുടെ ഇഷ്ടം പോലെ ചെയ്തോളൂ, ഹംസാ!”

ഇതേ സംഭവം ഉദ്ധരിക്കുന്ന നസാഇയിൽ ഇപ്രകാരം കാണാം: ഹംസ പറഞ്ഞു: “”യാത്രയിൽ നോമ്പു നോൽക്കാൻ എനിക്ക് ശക്തിയുണ്ട്. അങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ?” തിരുദൂതർ പറഞ്ഞു: “”അത് അല്ലാഹു നിനക്കു നല്കിയ ഒരിളവാണ്. സ്വീകരിച്ചാൽ നല്ലത്. വല്ലവരും നോമ്പു നോൽക്കാനിഷ്ടപ്പെടുന്നുവെങ്കിൽ കുറ്റമില്ല.” ഇതാണ് യാത്രക്കാരനെക്കുറിച്ച അല്ലാഹുവിന്റെ നിയമം. യാത്രാക്ലേശം കഠിനമാകണമെന്നതോ ക്ലേശം തന്നെ ഉണ്ടാകണമെന്നതോ ഈ ഇളവ് സ്വീകരിക്കുന്നതിനുള്ള അനിവാര്യതയോ ഉപാധിപോലുമോ അല്ല. മറിച്ച്, യാത്ര സ്വയംതന്നെ നോമ്പ് ഒഴിവാക്കാൻ അനുവാദമുള്ളതാണ്. യാത്രാക്ലേശത്തെ ഒരു മാനദണ്ഡമായി നിശ്ചയിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്കിടയിൽ വമ്പിച്ച ഭിന്നിപ്പ് ഉണ്ടാകുമായിരുന്നു. കരുത്തരായ ആളുകൾ ഏതു ക്ലേശവും സഹിക്കും. അയാൾ പറയും: “ഇതൊക്കെ ഒരു ക്ലേശമാണോ?’ എന്നിട്ടയാൾ സ്വശരീരത്തെ ഞെരുക്കിയും പീഡിപ്പിച്ചും പല വിഷമങ്ങളും സഹിക്കും. എന്നാൽ, അല്ലാഹു തന്റെ ദാസൻമാരെ പീഡിപ്പിക്കാനുദ്ദേശിക്കുന്നില്ല. അതേസമയം, ഇളവ് സ്വീകരിക്കണമെന്നുള്ളവൻ ഏറ്റവും ചെറിയ ക്ലേശംപോലും വലുതായി കാണുകയും ചെയ്യും.
അതിനാൽ, നോമ്പൊഴിവാക്കാനുള്ള അനുമതിയെ അല്ലാഹു യാത്രാക്ലേശവുമായി ബന്ധിപ്പിക്കാതെ യാത്രയുമായി മാത്രം ബന്ധിപ്പിച്ചു. ഒരാൾ യാത്ര ചെയ്യുന്നത് വിമാനത്തിലോ തീവണ്ടിയിലോ കാറിലോ ആയാൽപോലും അയാൾക്ക് നോമ്പ് ഒഴിവാക്കാം. പ്രശ്നം അയാൾക്കതു കടമായി ശേഷിക്കും എന്നുള്ളതാണ്. മറ്റു ദിവസങ്ങളിൽ അത് നോറ്റു വിട്ടേണ്ടിവരും. നോമ്പിന്റെ ബാധ്യതയിൽനിന്ന് അയാൾ എന്നന്നേക്കുമായി മോചിതനാവുന്നില്ല. തല്ക്കാലത്തേക്കു മാത്രമുള്ള ഒരു മോചനമാണത്. ഇക്കാരണത്താൽ യാത്ര വൻക്ലേശങ്ങൾ സൃഷ്ടിക്കുന്നില്ലെങ്കിൽ നോമ്പെടുക്കാനും നോമ്പൊഴിവാക്കാനും അയാൾക്ക് സ്വാതന്ത്ര്യമുണ്ട്. യാത്രയെന്നാൽ ഒരു തരം ശിക്ഷയാണെന്ന് അനുഭവസ്ഥർക്കറിയാം. അത് വിമാനത്തിലാവട്ടെ, മൃഗങ്ങളുടെ പുറത്താവട്ടെ. വാസസ്ഥലത്തുനിന്നും സ്വകുടുംബത്തിൽനിന്നുമുള്ള അകല്ച്ച മാത്രം മതി, ഒരു തരം അസ്വാഭാവികതയും അസാധാരണത്വവും അനുഭവപ്പെടാൻ. ശാരീരിക ക്ലേശങ്ങളേക്കാളേറെ ഈ മാനസികാവസ്ഥയായിരിക്കണം, അല്ലാഹു നോമ്പൊഴിവാക്കുന്നതിനുള്ള അനുമതി നല്കാൻ കാരണം. നമുക്കറിയാവുന്നതും അറിയാൻ കഴിയാത്തതുമായ മറ്റു കാരണങ്ങളും ഉണ്ടാവാം. ഖുർആന്റെ വ്യക്തമായ ശാസനയിൽ ഒതുങ്ങിനില്ക്കുന്നതും “”അല്ലാഹു അനുവദിച്ച ഒരിളവ് പാഴാക്കാതിരിക്കുന്നതുമായിരിക്കും നമുക്ക് ഗുണകരം. “”അല്ലാഹു നിങ്ങൾക്ക് എളുപ്പമാണുദ്ദേശിക്കുന്നത്: അവൻ നിങ്ങൾക്ക് ഞെരുക്കം ആഗ്രഹിക്കുന്നില്ല.”

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!