Monday, May 13, 2024
Homeഅനുഷ്ഠാനംനോമ്പ്നോമ്പിൻറെ ഫിദ്‌യ

നോമ്പിൻറെ ഫിദ്‌യ

ചോദ്യം: റമദാനിൽ നോമ്പെടുക്കാനോ, പിന്നീടത് നോറ്റുവീട്ടുവാനോ കഴിയാത്തവർ ഫിദ് യ നൽകണമെന്നാണല്ലോ വിധി, എന്താണ് ഫിദ് യകൊണ്ടുദ്ദേശ്യം? എത്രയാണ് നൽകേണ്ടത്?

ഉത്തരം: നോമ്പ് എടുക്കാൻ കഴിയാതിരിക്കയും പിന്നീട് നോറ്റുവീട്ടാൻ നിർവാഹമില്ലാത്തവരുമായവർ ഒഴിവാക്കുന്ന ഓരോ നോമ്പിനും പകരമായി ഫിദ്‌യ നൽകണമെന്നാണ് ഖുർആനും സുന്നത്തും പഠിപ്പിക്കുന്നത്. ഒരഗതിയുടെ ആഹാരം എന്ന് പറയുകയല്ലാതെ അതിന്റെ തോതോ, അളവോ, ഇനമോ വ്യക്തമായി പരാമർശിച്ചിട്ടില്ല. അതു കൊണ്ട് തന്നെ അതിൽ സ്വഹാബിമാർ മുതലിങ്ങോട്ട് ഭിന്ന വീക്ഷണങ്ങൾ കാണാം.

ഇങ്ങനെ നൽകുന്ന ഭക്ഷണം എന്തായിരിക്കണമെന്നോ, എത്രയായിരിക്കണമെന്നോ വ്യക്തമായ പ്രമാണങ്ങളൊന്നും തന്നെയില്ല. അതു കൊണ്ട് തന്നെ ഈ കാര്യത്തിൽ പല അഭിപ്രായങ്ങളും കാണാം. ഒരു മുദ്ദ് (രണ്ടുകൈകളും ചേർത്ത് പിടിച്ചാൽ കൊള്ളുന്ന അളവ് അഥവാ 543 ഗ്രാം), രണ്ട് മുദ്ദ് അഥവാ അര സ്വാഅ് (1.100 ഗ്രാം). ഇങ്ങനെയൊക്കെ പറഞ്ഞതു കാണാം.

പക്ഷേ ഇതെല്ലാം പണ്ഡിതന്മാരുടെ അഭിപ്രായങ്ങളാണെന്നല്ലാതെ ഖുർആനിലോ സുന്നത്തിലോ വ്യക്തമായി വന്നിട്ടുള്ളതല്ല. അങ്ങനെ വരാത്തതിനാലാണീ അഭിപ്രായാന്തരവും. എന്തായാലും ഒരാൾക്ക് മാന്യമായി ഭക്ഷണം കഴിക്കാനുള്ള വക നൽകണം. അത് ഭക്ഷണമായോ, ലഭിക്കുന്നവർക്ക് സൗകര്യം അതിന്റെ വിലയാണെങ്കിൽ വിലയായോ നൽകിയാൽ മതിയാകും. കാലദേശങ്ങൾക്കനുസരിച്ച് തോത് വ്യത്യസ്തമായിരിക്കും.

കേരളത്തിലിന്ന് ഇരുനൂറ് രൂപ കണക്കാക്കിയാൽ രണ്ടുനേരം ഭക്ഷണം വാങ്ങാനുള്ള കാശായി. ഹോട്ടലിൽ കയറി ഇടത്തരം ഭക്ഷണം കഴിക്കാനും ഏതാണ്ടിത് മതിയാകും. അങ്ങനെ വരുമ്പോൾ ഒരു മാസത്തെ റമദാന് 6000 രൂപ കൊടുക്കാം. ഉത്തരേന്ത്യയിൽ പട്ടിണി കിടക്കുന്ന ധാരാളമാളുകളുണ്ട്. ഒരു നേരത്തെ ആഹാരത്തിന് കൊതിക്കുന്നവർ. അവർക്ക് ശരിയാംവണ്ണം അത് എത്തിച്ചു കൊടുക്കാനുള്ള സംവിധാനങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ ഉള്ള സ്ഥിതിക്ക് അത് ഉപയോഗപ്പെടുത്തുന്നതാവും ഏറെ ഉചിതം.

സ്വന്തം പ്രദേശത്തും അറിവിലും അങ്ങനെ വല്ലവരും ഉണ്ടെങ്കിൽ അവർക്കാണ് മുൻഗണന നൽകേണ്ടത്. ഫിദ് യയുടെ വിവക്ഷപറഞ്ഞ കൂട്ടത്തിൽ, നോമ്പുതുറക്കാനും അത്താഴത്തിനുമുളള ഭക്ഷണം എന്ന് കൂടി പറഞ്ഞിരിക്കെ വിശേഷിച്ചും. ഒരഗതിക്ക് ഒരു ദിവസം അത്താഴത്തിനും നോമ്പുതുറക്കാനും ഉതകുന്ന തരത്തിൽ ഭക്ഷണമോ ഭക്ഷണം വാങ്ങിച്ചു കഴിക്കാനുളള തുകയോ ഏതാണോ അവർക്ക് ഗുണകരം അതു ചെയ്തു കൊടുക്കാവുന്നതാണ്.

ഇമാം ബഗവി പറയുന്നു: അനസ് (റ) ൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു, അദ്ദേഹം പ്രായാധിക്യം കാരണം നോമ്പെടുക്കാൻ ശക്തിയില്ലാതായി,അപ്പോഴദ്ദേഹം അഗതികൾക്ക് ഭക്ഷണം നൽകാൻ ആജ്ഞാപിച്ചു. അങ്ങനെയവർ വയറ് നിറയുവോളം ഇറച്ചിയും പത്തിരിയും ഭക്ഷിപ്പിക്കുകയുണ്ടായി. (ഇതിൻറെ നിവേദക പരമ്പര കുറ്റമറ്റതും സ്വഹീഹുമാണെന്ന് ഹാഫിള് ഇബ്നു ഹജർ രേഖപ്പെടുത്തിയിട്ടുണ്ട്).

ഇമാം ബഗവി തുടരുന്നു: നോമ്പെടുക്കാൻ ശേഷിയില്ലാത്ത പടുകിഴവൻമാർ ഭക്ഷണം നൽകൽ നിർബന്ധമാണ്. എന്നാൽ നിർബന്ധമില്ല അഭികാമ്യമേയുള്ളൂ എന്നാണ് ഇമാം മാലിക് പറയുന്നത്…… ഭക്ഷണത്തിൻറെ അളവിൻറെ കാര്യത്തിലും പണ്ഡിതന്മാർ ഭിന്നിച്ചിരിക്കുന്നു. ഓരോ നോമ്പിനും പകരമായി ഒരഗതിക്ക് ഒരു മുദ്ദ് ഭക്ഷണം നൽകണമെന്ന് ഒരു വിഭാഗം. ഇബ്നു ഉമർ, അബൂ ഹുറയ്റ, തുടങ്ങിയ സഹാബിമാരുടെ അഭിപ്രായം അതാണ്….ഇമാമുമാരായ മാലിക്, ശാഫിഈ, അഹ്മദ് തുടങ്ങിയവരുടെയും വീക്ഷണവും ഇതു തന്നെ. എന്നാൽ അര സാഅ് (രണ്ട് മുദ്ദ്) നൽകണമെന്നാണ് വേറെരു വിഭാഗം. ഇബ്നു അബ്ബാസ്, ഹനഫീ വീക്ഷണക്കാർ തുടങ്ങിയവർ ഈ അഭിപ്രായക്കാരാണ്. എന്നാൽ നോമ്പില്ലാത്തവർ സാധാരണ ഒരു ദിവസം കഴിക്കുന്ന മുഖ്യ ആഹാരം നൽകണമെന്നാണ് ചില ഫുഖഹാക്കളുടെ അഭിപ്രായം. നോമ്പുതുറക്കാനും അത്താഴം കഴിക്കാനും പാകത്തിൽ ഓരോ അഗതിക്കും നൽകുകയാണ് വേണ്ടതെന്നും ഇബ്നു അബ്ബാസിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.-(ശർഹുസ്സുന്ന: ഗർഭിണിക്കും മുലയൂട്ടുന്നവൾക്കും ഇളവുണ്ട് എന്ന അധ്യായം).

قَالَ الْإِمَامُ الْبَغَوِيُّ :
وَرُوِيَ عَنْ أَنَسٍ أَنَّهُ ضَعُفَ عَنْ صَوْمِ شَهْرٍ رَمَضَانَ وَكَبُرَ، فَأَمَر بِإِطْعَامِ مَسَاكِينَ، فَأَطْعَمُوا خُبْزًا وَلَحْمًا حَتَّى أَشْبَعُوا.-( وَذَكَرَهُ الْحَافِظُ ابْنُ حَجَرٍ الْعَسْقَلَانِيُّ فِي تَغْلِيقِ التَّعْلِيقِ بِأَسَانِيدَ صَحِيحَةٍ). وَالْإِطْعَامُ وَاجِبٌ عَلَى الشَّيْخِ الْكَبِيرِ الَّذِي لَا يُطِيقُ الصَّوْمَ، وَقَالَ مَالِكٌ: مُسْتَحَبٌّ غَيْرُ وَاجِبٍ، وَقَالَ رَبِيعَةُ: لَا فِدْيَةَ عَلَيْهِ وَلَا قَضَاءَ. وَاخْتَلَفُوا فِي قَدْرِ الطَّعَامِ عَنْ كُلِّ يَوْمٍ، فَذَهَبَ قَوْمٌ إلَى أَنَّهُ يُطْعِمُ عَنْ كُلِّ يَوْمٍ مِسْكِينًا مُدًّا، وَهُوَ قَوْلُ ابْنِ عُمَرَ وَأَبِي هُرَيْرَةَ، وَبِهِ قَالَ عَطَاءٌ، وَإِلَيْهِ ذَهَبَ مَالِكٌ، وَاللَّيْثُ بْنُ سَعْدٍ، وَالْأَوْزَاعِيّ، وَالشَّافِعِيِّ وَأَحْمَدَ. وَقَالَ قَوْمٌ: يُطْعِم كُلِّ مِسْكِينٍ نِصْفُ صَاعٍ، وَهُوَ قَوْلُ ابْنِ عَبَّاسٍ، وَبِه قَالَ الثَّوْرِيُّ، وَأَصْحَابَ الرَّأْيِ. وَقَالَ بَعْضُ الْفُقَهَاءِ: مَا كَانَ الْمُفْطِرُ يَتَقَوَّتُهُ يَوْمَهُ، وَرُوِيَ عَنْ ابْنِ عَبَّاسٍ يُعْطِي كُلَّ مِسْكِينٍ عَشَاءَهَ حَتَّى يُفْطِرَ، وَسُحُورَهُ حَتَّى يَتَسَحَّرَ.-شَرْحُ السُّنَّة: بَابُ الرُّخْصَةِ فِي الْإِفْطَارِ لِلْحَامِل وَالْمُرْضِع.

ഉപേക്ഷിക്കുന്ന ഓരോ നോമ്പിനും പകരം ഒരു അഗതിക്ക് ആഹാരം നൽകിയാൽ മതിയാകും. 30 നോമ്പുപേക്ഷിക്കുന്നവർ 30 അഗതികൾക്ക് ഒരു തവണയായോ, ഒരു അഗതിക്ക് 30 തവണയായോ സൗകര്യംപോലെ ആഹാരം നൽകാവുന്നതാണ്.
എന്നാൽ, ഇങ്ങനെ നൽകാൻ സാമ്പത്തിക ഞെരുക്കം മൂലം വല്ലവർക്കും സാധ്യമാകുന്നില്ലെങ്കിൽ അതിൽ ആശങ്കപ്പെടുകയോ ദുഃഖിക്കുകയോ വേണ്ടതില്ല. അല്ലാഹു പറഞ്ഞല്ലോ ‘ഒരാൾക്ക് കഴിയാത്തത് അല്ലാഹു കൽപ്പിക്കുകയില്ല…’ (അൽ ബഖറ 286, അത്ത്വലാഖ്:7). അത്തരക്കാർ ദിക്‌റുകളും പ്രാർഥനകളും വർധിപ്പിക്കുക, തൗബ പുതുക്കിക്കൊണ്ടിരിക്കുക, തങ്ങളാലാകുന്ന സൽകർമങ്ങൾ, ഖുർആൻ പഠനം, പാരായണം മറ്റു ഉപകാരപ്രദമായ കാര്യങ്ങൾ തുടങ്ങിയവ വർധിപ്പിക്കുക. മനസ്സു കൊണ്ട് നോമ്പുകാരനായിരിക്കുക; സർവോപരി അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുക.

ഇൽയാസ് മൗലവി
1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.

Recent Posts

Related Posts

error: Content is protected !!