Tuesday, September 17, 2024
Homeഅനുഷ്ഠാനംനോമ്പ്നോമ്പിന്‍റെ ഫിദ്‌യ

നോമ്പിന്‍റെ ഫിദ്‌യ

ചോദ്യം: റമദാനിൽ നോമ്പെടുക്കാനോ, പിന്നീടത് നോറ്റുവീട്ടുവാനോ കഴിയാത്തവർ ഫിദ് യ നൽകണമെന്നാണല്ലോ വിധി, എന്താണ് ഫിദ് യകൊണ്ടുദ്ദേശ്യം? എത്രയാണ് നൽകേണ്ടത്?

ഉത്തരം: നോമ്പ് എടുക്കാൻ കഴിയാതിരിക്കയും പിന്നീട് നോറ്റുവീട്ടാൻ നിർവാഹമില്ലാത്തവരുമായവർ ഒഴിവാക്കുന്ന ഓരോ നോമ്പിനും പകരമായി ഫിദ്‌യ നൽകണമെന്നാണ് ഖുർആനും സുന്നത്തും പഠിപ്പിക്കുന്നത്. ഒരഗതിയുടെ ആഹാരം എന്ന് പറയുകയല്ലാതെ അതിന്റെ തോതോ, അളവോ, ഇനമോ വ്യക്തമായി പരാമർശിച്ചിട്ടില്ല. അതു കൊണ്ട് തന്നെ അതിൽ സ്വഹാബിമാർ മുതലിങ്ങോട്ട്ഭിന്ന വീക്ഷണങ്ങൾ കാണാം.

ഇങ്ങനെ നല്കുന്ന ഭക്ഷണം എന്തായിരിക്കണമെന്നോ, എത്രയായിരിക്കണമെന്നോ വ്യക്തമായ പ്രമാണങ്ങളൊന്നും തന്നെയില്ല. അതു കൊണ്ട് തന്നെ ഈ കാര്യത്തില് പല അഭിപ്രായങ്ങളും കാണാം. ഒരു മുദ്ദ് (രണ്ടുകൈകളും ചേര്ത്ത് പിടിച്ചാല് കൊള്ളുന്ന അളവ് അഥവാ 543 ഗ്രാം), രണ്ട് മുദ്ദ് അഥവാ അര സ്വാഅ് (1.100 ഗ്രാം). ഇങ്ങനെയൊക്കെ പറഞ്ഞതു കാണാം. പക്ഷേ ഇതെല്ലാം പണ്ഡിതന്മാരുടെ അഭിപ്രായങ്ങളാണെന്നല്ലാതെ ഖുര്ആനിലോ സുന്നത്തിലോ വ്യക്തമായി വന്നിട്ടുള്ളതല്ല. അങ്ങനെ വരാത്തതിനാലാണീ അഭിപ്രായാന്തരവും. എന്തായാലും ഒരാള്ക്ക് മാന്യമായി ഭക്ഷണം കഴിക്കാനുള്ള വക നല്കണം. അത് ഭക്ഷണമായോ, ലഭിക്കുന്നവര്ക്ക് സൗകര്യം അതിന്റെ വിലയാണെങ്കില് വിലയായോ നല്കിയാല് മതിയാകും. കാലദേശങ്ങള്ക്കനുസരിച്ച് തോത് വ്യത്യസ്തമായിരിക്കും.
കേരളത്തിലിന്ന് ഇരുനൂറ് രൂപ കണക്കാക്കിയാല് രണ്ടുനേരം ഭക്ഷണം വാങ്ങാനുള്ള കാശായി. ഹോട്ടലില് കയറി ഇടത്തരം ഭക്ഷണം കഴിക്കാനും ഏതാണ്ടിത് മതിയാകും. അങ്ങനെ വരുമ്പോള് ഒരു മാസത്തെ റമദാന് 6000 രൂപ കൊടുക്കാം. (ഇതൊക്കെ മാറാവുന്ന നിഗമനങ്ങളാണ്), ഉത്തരേന്ത്യയില് പട്ടിണി കിടക്കുന്ന ധാരാളമാളുകളുണ്ട്. ഒരു നേരത്തെ ആഹാരത്തിന് കൊതിക്കുന്നവര്. അവര്ക്ക് ശരിയാംവണ്ണം അത് എത്തിച്ചു കൊടുക്കാനുള്ള സംവിധാനങ്ങള് ഇന്ന് നമ്മുടെ നാട്ടില് ഉള്ള സ്ഥിതിക്ക് അത് ഉപയോഗപ്പെടുത്തുന്നതാവും ഏറെ ഉചിതം. സ്വന്തം പ്രദേശത്തും അറിവിലും അങ്ങനെ വല്ലവരും ഉണ്ടെങ്കില് അവര്ക്കാണ് മുന്ഗണന നല്കേണ്ടത്. ഫിദ് യയുടെ വിവക്ഷപറഞ്ഞ കൂട്ടത്തിൽ, നോമ്പുതുറക്കാനും അത്താഴത്തിനുമുളള ഭക്ഷണം എന്ന് കൂടി പറഞ്ഞിരിക്കെ വിശേഷിച്ചും. ഒരഗതിക്ക് ഒരു ദിവസം അത്താഴത്തിനും നോമ്പുതുറക്കാനും ഉതകുന്ന തരത്തിൽ ഭക്ഷണമോ ഭക്ഷണം വാങ്ങിച്ചു കഴിക്കാനുളള തുകയോ ഏതാണോ അവർക്ക് ഗുണകരം അതു ചെയ്തു കൊടുക്കാവുന്നതാണ്.

Also read: റമദാനില്‍ നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്ത ഗര്‍ഭിണികളും മുലയൂട്ടുന്നവരും

ഇമാം ബഗവി പറയുന്നു: അനസ് (റ) ൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു, അദ്ദേഹം പ്രായാധിക്യം കാരണം നോമ്പെടുക്കാൻ ശക്തിയില്ലാതായി,അപ്പോഴദ്ദേഹം അഗതികൾക്ക് ഭക്ഷണം നൽകാൻ ആജ്ഞാപിച്ചു. അങ്ങനെയവർ വയറ് നിറയുവോളം ഇറച്ചിയും പത്തിരിയും ഭക്ഷിപ്പിക്കുകയുണ്ടായി. (ഇതിന്റെ നിവേദക പരമ്പര കുറ്റമറ്റതും സ്വഹീഹുമാണെന്ന് ഹാഫിള് ഇബ്നു ഹജർ രേഖപ്പെടുത്തിയിട്ടുണ്ട്).

ഇമാം ബഗവി തുടരുന്നു: നോമ്പെടുക്കാൻ ശേഷിയില്ലാത്ത പടുകിഴവൻമാർ ഭക്ഷണം നൽകൽ നിർബന്ധമാണ്. എന്നാൽ നിർബന്ധമില്ല അഭികാമ്യമേയുള്ളൂ എന്നാണ് ഇമാം മാലിക് പറയുന്നത്…… ഭക്ഷണത്തിന്റെ അളവിന്റെ കാര്യത്തിലും പണ്ഡിതന്മാർ ഭിന്നിച്ചിരിക്കുന്നു. ഓരോ നോമ്പിനും പകരമായി ഒരഗതിക്ക് ഒരു മുദ്ദ് ഭക്ഷണം നൽകണമെന്ന് ഒരു വിഭാഗം. ഇബ്നു ഉമർ, അബൂ ഹുറയ്റ, തുടങ്ങിയ സഹാബിമാരുടെ അഭിപ്രായം അതാണ്….ഇമാമുമാരായ മാലിക്, ശാഫിഈ, അഹ്മദ് തുടങ്ങിയവരുടെയും വീക്ഷണവും ഇതു തന്നെ. എന്നാൽ അര സാഅ് (രണ്ട് മുദ്ദ്) നൽകണമെന്നാണ് വേറെരു വിഭാഗം. ഇബ്നു അബ്ബാസ്, ഹനഫീ വീക്ഷണക്കാർ തുടങ്ങിയവർ ഈ അഭിപ്രായക്കാരാണ്. എന്നാൽ നോമ്പില്ലാത്തവർ സാധാരണ ഒരു ദിവസം കഴിക്കുന്ന മുഖ്യ ആഹാരം നൽകണമെന്നാണ് ചില ഫുഖഹാക്കളുടെ അഭിപ്രായം. നോമ്പുതുറക്കാനും അത്താഴം കഴിക്കാനും പാകത്തിൽ ഓരോ അഗതിക്കും നൽകുകയാണ് വേണ്ടതെന്നും ഇബ്നു അബ്ബാസിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.-(ശർഹുസ്സുന്ന: ഗർഭിണിക്കും മുലയൂട്ടുന്നവൾക്കും ഇളവുണ്ട് എന്ന അധ്യായം).

قَالَ الْإِمَامُ الْبَغَوِيُّ :

وَرُوِيَ عَنْ أَنَسٍ أَنَّهُ ضَعُفَ عَنْ صَوْمِ شَهْرٍ رَمَضَانَ وَكَبُرَ، فَأَمَر بِإِطْعَامِ مَسَاكِينَ، فَأَطْعَمُوا خُبْزًا وَلَحْمًا حَتَّى أَشْبَعُوا.-( وَذَكَرَهُ الْحَافِظُ ابْنُ حَجَرٍ الْعَسْقَلَانِيُّ فِي تَغْلِيقِ التَّعْلِيقِ بِأَسَانِيدَ صَحِيحَةٍ). وَالْإِطْعَامُ وَاجِبٌ عَلَى الشَّيْخِ الْكَبِيرِ الَّذِي لَا يُطِيقُ الصَّوْمَ، وَقَالَ مَالِكٌ: مُسْتَحَبٌّ غَيْرُ وَاجِبٍ، وَقَالَ رَبِيعَةُ: لَا فِدْيَةَ عَلَيْهِ وَلَا قَضَاءَ. وَاخْتَلَفُوا فِي قَدْرِ الطَّعَامِ عَنْ كُلِّ يَوْمٍ، فَذَهَبَ قَوْمٌ إلَى أَنَّهُ يُطْعِمُ عَنْ كُلِّ يَوْمٍ مِسْكِينًا مُدًّا، وَهُوَ قَوْلُ ابْنِ عُمَرَ وَأَبِي هُرَيْرَةَ، وَبِهِ قَالَ عَطَاءٌ، وَإِلَيْهِ ذَهَبَ مَالِكٌ، وَاللَّيْثُ بْنُ سَعْدٍ، وَالْأَوْزَاعِيّ، وَالشَّافِعِيِّ وَأَحْمَدَ. وَقَالَ قَوْمٌ: يُطْعِم كُلِّ مِسْكِينٍ نِصْفُ صَاعٍ، وَهُوَ قَوْلُ ابْنِ عَبَّاسٍ، وَبِه قَالَ الثَّوْرِيُّ، وَأَصْحَابَ الرَّأْيِ. وَقَالَ بَعْضُ الْفُقَهَاءِ: مَا كَانَ الْمُفْطِرُ يَتَقَوَّتُهُ يَوْمَهُ، وَرُوِيَ عَنْ ابْنِ عَبَّاسٍ يُعْطِي كُلَّ مِسْكِينٍ عَشَاءَهَ حَتَّى يُفْطِرَ، وَسُحُورَهُ حَتَّى يَتَسَحَّرَ.-شَرْحُ السُّنَّة: بَابُ الرُّخْصَةِ فِي الْإِفْطَارِ لِلْحَامِل وَالْمُرْضِع.

ഉപേക്ഷിക്കുന്ന ഓരോ നോമ്പിനും പകരം ഒരു അഗതിക്ക് ആഹാരം നല്കിയാല് മതിയാകും. 30 നോമ്പുപേക്ഷിക്കുന്നവര് 30 അഗതികള്ക്ക് ഒരു തവണയായോ, ഒരു അഗതിക്ക് 30 തവണയായോ സൗകര്യംപോലെ ആഹാരം നല്കാവുന്നതാണ്.

Also read: കൊറോണ കാലത്തെ സംഘ പരിവാര്‍

എന്നാല്, ഇങ്ങനെ നല്കാന് സാമ്പത്തിക ഞെരുക്കം മൂലം വല്ലവര്ക്കും സാധ്യമാകുന്നില്ലെങ്കില് അതില് ആശങ്കപ്പെടുകയോ ദുഃഖിക്കുകയോ വേണ്ടതില്ല. അല്ലാഹു പറഞ്ഞല്ലോ ‘ഒരാള്ക്ക് കഴിയാത്തത് അല്ലാഹു കല്പ്പിക്കുകയില്ല…’ (അല് ബഖറ 286, അത്ത്വലാഖ്:7). അത്തരക്കാര് ദിക്‌റുകളും പ്രാര്ഥനകളും വര്ധിപ്പിക്കുക, തൗബ പുതുക്കിക്കൊണ്ടിരിക്കുക, തങ്ങളാലാകുന്ന സല്കര്മങ്ങള്, ഖുര്ആന് പഠനം, പാരായണം മറ്റു ഉപകാരപ്രദമായ കാര്യങ്ങള് തുടങ്ങിയവ വര്ധിപ്പിക്കുക. മനസ്സു കൊണ്ട് നോമ്പുകാരനായിരിക്കുക; സര്വോപരി അല്ലാഹുവില് പ്രതീക്ഷയര്പ്പിക്കുക.

 

ചോദ്യം: കഴിഞ്ഞ വര്ഷത്തെ നോമ്പെടുക്കാന് സാധിച്ചില്ല. കുഞ്ഞിന് മുലയൂട്ടുന്നതിനാലും മറ്റ് പ്രയാസങ്ങളാലും ഈ റമദാന് മുമ്പ് നോറ്റുവീട്ടാനുമായില്ല. ഇനി എന്താണ് ചെയ്യുക?

ഉത്തരം: നഷ്ടപ്പെട്ട നോമ്പുകള് പിറ്റേ വര്ഷത്തെ റമദാനിന് മുമ്പ് തന്നെ നോറ്റുവീട്ടേണ്ടതാണ്. തനിക്ക് നോറ്റുവീട്ടേണ്ട നോമ്പുകള് ഉണ്ടാവാറുണ്ടെന്നും എന്നാല് ശഅ്ബാനിലല്ലാതെ തനിക്കത് നോറ്റുവീട്ടാന് കഴിയാറില്ലായിരുന്നു എന്നും ആഇശ (റ) പറഞ്ഞത് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട് (1930). ശഅ്ബാന് വരെ ഖദാ വീട്ടാന് അവസരമുണ്ടെന്നും അതിലപ്പുറം നീട്ടിവെക്കാവതല്ലെന്നും ഇത് തെളിവായി ഉദ്ധരിച്ച് ഇമാം ഇബ്‌നു ഹജര് വ്യക്തമാക്കുന്നു (ഫത്ഹുല് ബാരി: 6/209).

അടുത്ത റമദാന് മുമ്പ് ന്യായമായ കാരണം കൂടാതെ നോമ്പുകള് നോറ്റുവീട്ടിയില്ലെങ്കില്, പിന്നീടവ നോറ്റുവീട്ടുന്നതിന് പുറമേ ഒരഗതിക്ക് ഭക്ഷണം നല്കുക കൂടിവേണമെന്നാണ് ഇമാം മാലിക്, ശാഫിഈ, അഹ്മദ് തുടങ്ങിയ ഇമാമുമാരുടെ അഭിപ്രായം. അബൂഹുറയ്‌റ, ഇബ്‌നു അബ്ബാസ് തുടങ്ങിയ പ്രമുഖ സ്വഹാബിമാരുടെ ഫത്വ്‌വയാണ് അതിനു ആധാരം. എന്നാല് ഇമാം അബൂ ഹനീഫ, അത്തരക്കാര് നോറ്റുവീട്ടുക മാത്രമേ ചെയ്യേണ്ടതുള്ളൂ എന്ന അഭിപ്രായക്കാരനാണ് (അല് മജ്മൂഅ്: 6/266). ഇമാം ബുഖാരിയും, അതേ വീക്ഷണമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഇങ്ങനെ ന്യായമില്ലാതെ വീഴ്ച വരുത്തുകയും അലംഭാവം കാണിക്കുകയും ചെയ്താല് ഫിദ്‌യ കൊടുക്കുന്നത് നിര്ബന്ധമല്ലെങ്കില് പോലും അതുകൂടി ചെയ്യുന്നതാണ് ഉത്തമമെന്നും സ്വഹാബിമാരുടെ അഭിപ്രായത്തെ ആ അര്ഥത്തിലാണെടുക്കേണ്ടതെന്നുമാണ് ശൈഖ് ഖറദാവിയുടെ അഭിപ്രായം (ഫിഖ്ഹുസ്സിയാം).

ഇമാം ബുഖാരി പറയുന്നു:

وَقَالَ إِبْرَاهِيمُ إِذَا فَرَّطَ حَتَّى جَاءَ رَمَضَانُ آخَرُ يَصُومُهُمَا وَلَمْ يَرَ عَلَيْهِ طَعَامًا وَيُذْكَرُ عَنْ أَبِي هُرَيْرَةَ مُرْسَلًا وَابْنِ عَبَّاسٍ أَنَّهُ يُطْعِمُ وَلَمْ يَذْكُرْ اللَّهُ الْإِطْعَامَ إِنَّمَا قَالَ {فَعِدَّةٌ مِنْ أَيَّامٍ أُخَرَ}.- رَوَاهُ الْبُخَارِيُّ: بَابُ مَتَى يُقْضَى قَضَاءُ رَمَضَانَ.

നോമ്പ് നോറ്റുവിട്ടുന്നതിൽ ഉപേക്ഷ കാണിക്കുകയും അങ്ങനെ അടുത്ത റമദാൻ ആഗതമാവുകയും ചെയ്താൽ അത് രണ്ടും നോല്ക്കുക. ഭക്ഷണം കൊടുക്കേണ്ടതില്ല. ഇങ്ങനെയാണ് ഇമാം ഇബ്റാഹിം നഖഈ അഭിപ്രായപ്പെട്ടിരിക്കുന്നത്, എന്നാൽ അബൂ ഹുറയ്റയിൽ നിന്നും, ഇബ്നു അബ്ബാസിൽ നിന്നും ഉദ്ധരിക്കപ്പെടുന്നത് അങ്ങനെയുള്ളവര് ഭക്ഷണം നൽകുക കൂടി വേണമെന്നാണ്. അല്ലാഹുവാകട്ടെ മറ്റു ദിവസങ്ങളിൽ നോറ്റുവീട്ടണമെന്നേ പറഞ്ഞിട്ടുള്ളൂ, അല്ലാതെ ഭക്ഷണം നൽകുന്ന കാര്യം പരാമർശിച്ചിട്ടില്ല.-(ബുഖാരി: റമദാൻ ഖദാവീട്ടേണ്ടത് എപ്പോഴാണ് എന്ന അധ്യായം).

Also read: കൊറോണ കാലത്തെ നോമ്പും തറാവീഹ് നമസ്കാരവും

ഇതിന്റെ ചുവടെ ഹാഫിള് ഇബ്നു ഹജർ പറഞ്ഞു:

وَقَالَ الْحَافِظُ ابْنُ حَجَرٍ: عَنْ أَبِي هُرَيْرَة قَالَ: أَيّ إِنْسَان مَرِضَ فِي رَمَضَان ثُمَّ صَحَّ فَلَمْ يَقْضِهِ حَتَّى أَدْرَكَهُ رَمَضَانُ آخَرُ فَلْيَصُمْ الَّذِي حَدَثَ ثُمَّ يَقْضِ الْآخَرَ وَيُطْعِم مَعَ كُلّ يَوْم مِسْكِينًا ……..وَلَمْ يَثْبُت فِيهِ شَيْء مَرْفُوع وَإِنَّمَا جَاءَ فِيهِ عَنْ جَمَاعَة مِنْ الصَّحَابَة مِنْهُمْ مَنْ ذُكِرَ وَمِنْهُمْ عُمَر عِنْد عَبْد الرَّزَّاق ، وَنَقَلَ الطَّحَاوِيُّ عَنْ يَحْيَى بْن أَكْثَمَ قَالَ : وَجَدْته عَنْ سِتَّةٍ مِنْ الصَّحَابَة لَا أَعْلَم لَهُمْ فِيهِ مُخَالِفًا . اِنْتَهَى . وَهُوَ قَوْل الْجُمْهُور، وَخَالَفَ فِي ذَلِكَ إِبْرَاهِيم النَّخَعِيُّ وَأَبُو حَنِيفَة وَأَصْحَابه.-فَتْحُ الْبَارِي: بَابُ مَتَى يُقْضَى قَضَاءُ رَمَضَانَ.

അബൂ ഹുറയ്റയിൽ നിന്ന് നിവേദനം, ഏതൊരു മനുഷ്യൻ റമദാനിൽ രോഗിയാവുകയും, പിന്നീട് ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു, എന്നിട്ടവൻ അടുത്ത റമദാൻ വരുന്നത് വരെ നോറ്റു വീട്ടിയില്ല എങ്കിൽ അവൻ ആ റമദാൻ നോമ്പെടുക്കണം, പിന്നീട് മറ്റേത് നോറ്റുവീട്ടണം, ഓരോ നോമ്പിനും ഒരഗതിക്ക് ഭക്ഷണമൂട്ടുകയും വേണം. ….. ഇവ്വിഷയകമായി നബി (സ) യിൽ നിന്ന് യാതൊന്നും സ്ഥിരപ്പെട്ടിട്ടില്ല, എന്നാൽ ഒരു പറ്റം സ്വഹാബിമാരിൽ നിന്ന് വന്നിട്ടുണ്ട്, അതിൽ നേരത്തെ പറഞ്ഞവരുണ്ട്, ഉമറും അക്കൂട്ടത്തിൽപ്പെടുന്നു. കൂടാതെ ആറോളം സ്വഹാബിമാർ അങ്ങനെ അഭിപ്രായപ്പെട്ടതായും, ആരെങ്കിലും അവരോട് എതിർ പ്രകടിപ്പിച്ചതായി തനിക്കറിയില്ലെന്നും ഇമാം ത്വഹാവി രേഖപ്പെടുത്തുന്നു. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം ഇതു തന്നെ. എന്നാൽ ഇമാം ഇബ്റാഹീം നഖഈ ഇമാം അബൂ ഹനീഫയും അദ്ദേഹത്തിൻ്റെ കൂട്ടുകാരും ഇതിനോട് വിയോജിച്ചിരിക്കുന്നു. അവരിത് അംഗീകരിച്ചിട്ടില്ല.-(ഫത്ഹുൽ ബാരി: റമദാൻ ഖദാവീട്ടേണ്ടത് എപ്പോഴാണ് എന്ന അധ്യായം).

അബൂഹുറയ്റയുടെ ഈ അഭിപ്രായം ഇമാം ദാറ ഖുത്വിനി ഉദ്ധരിക്കുകയും, തുടർന്ന് ഇതിന്റെ നിവേദക പരമ്പര സ്വഹീഹാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു.-( ദാറ ഖുത്വിനി:.2344).

عَنْ أَبِي هُرَيْرَةَ فِي رَجُلٍ مَرِضَ فِي رَمَضَانَ، ثُمَّ صَحَّ فَلَمْ يَصُمْ حَتَّى أَدْرَكَهُ رَمَضَانُ آخَرُ قَالَ « يَصُومُ هَذَا مَعَ النَّاسِ وَيَصُومُ الَّذِي فَرَّطَ فِيهِ وَيُطْعِمُ لِكُلِّ يَوْمٍ مِسْكِينًا ».-رَوَاهُ الدَّارَقُطْنِيّ: 2344، وَقَالَ: إسْنَادٌ صَحِيحٌ مَوْقُوفٌ.

Also read: അവിവാഹിതരുടെ ചെവിയിലൊരു മന്ത്രം!

ശാഫിഈ മദ്ഹബിന്റെ വീക്ഷണം:

ഇമാം റംലി പറയുന്നു:

قَالَ الْإِمَامُ الرَّمْلِيّ: وَمَنْ أَخَّرَ قَضَاءَ رَمَضَانَ أَوْ شَيْئًا مِنْهُ، مَعَ إمْكَانِهِ بِأَنْ كَانَ صَحِيحًا مُقِيمًا، حَتَّى دَخَلَ رَمَضَانُ آخَرُ لَزِمَهُ مَعَ الْقَضَاءِ لِكُلِّ يَوْمٍ مُدٌّ، وَهُوَ آثِمٌ. كَمَا فِي الْمَجْمُوعِ لِخَبَرٍ فِيهِ ضَعِيفٍ، لَكِنَّهُ رُوِيَ مَوْقُوفًا عَلَى رَاوِيهِ بِإِسْنَادٍ صَحِيحٍ، وَيُعَضِّدُهُ إفْتَاءُ سِتَّةٍ مِنَ الصَّحَابَةِ وَلَا مُخَالِفَ لَهُمْ.-نِهَايَةُ الْمُحْتَاجِ: فَصْلٌ فِي فِدْيَةِ الصَّوْمِ الْوَاجِبِ.

നോറ്റു വീട്ടാൻ കഴിയുമാറ് ആരോഗ്യവാനായി നാട്ടിൽ തന്നെ ഉണ്ടായിരിക്കേ റമദാൻ മുഴുവനുമോ, അല്ലെങ്കിൽ അതിൽ നിന്ന് ഏതെങ്കിലുമോ നോറ്റു വീട്ടാതെ അടുത്ത റമദാൻ വന്നണയുന്നതു വരെ വൈകിപ്പിച്ചാൽ, അവനെ സംബന്ധിച്ചിടത്തോളം അതു നോറ്റു വീട്ടുന്നതോടൊപ്പം ഒരോ നോമ്പിനും ഒരു മുദ്ദ് വീതം നൽകൽ നിർബന്ധമാകും. അവൻ കുറ്റക്കാരനുമായിരിക്കും. തത്സംബന്ധമായി നബി യിൽ നിന്ന് ദുർബലമായതും, എന്നാൽ സ്വഹാബിമാരിൽ നിന്ന് സ്വഹീഹായ രൂപത്തിലും വന്ന ഹദീസുകുടെ അടിസ്ഥാനത്തിലാണ് ഇത്. യാതൊരെതിർപ്പുമില്ലാത്ത വിധം ആറോളം സ്വഹാബിമാരുടെ ഫത്‌വ ഇതിന് പിൻബലം നൽകുന്നുമുണ്ട്.- (നിഹായതുൽ മുഹ്താജ്: നിർബന്ധ നോമ്പിന്റെ ഫിദ്യ എന്ന അധ്യായം).

Recent Posts

Related Posts

error: Content is protected !!