എന്താണ് ജംഉം ഖസ്‌റും? ഇത് രണ്ടും ഒരുമിച്ചുള്ള കാര്യമാണോ? ജംഅ് ആക്കാവുന്നവര്‍ക്കൊക്കെ ഖസ്‌റും ആക്കാമോ?
രണ്ട് നേരത്തെ നമസ്‌കാരങ്ങള്‍ ഏതെങ്കിലും ഒന്നിന്റെ സമയത്ത് റക്അത്തുകള്‍ ചുരുക്കാതെ പൂര്‍ണമായും നമസ്‌കരിക്കുന്നതിനാണ് ജംഅ് എന്നു പറയുന്നത്. ഉദാഹരണം: ളുഹ്‌റിന്റെ സമയത്ത് നാല് റക്അത്ത് അസ്വറും, ഇതുപോലെ അസ്വര്‍ നമസ്‌കാര സമയത്ത് നാല് റക്അത്ത് ളുഹ്‌റും നമസ്‌കരിക്കുന്നതാണ് ജംഅ്. എന്നാല്‍, ഇങ്ങനെ അസ്വറും മഗ്‌രിബും ജംആക്കാവുന്നതല്ല. സുബ്ഹ് നമസ്‌കാരത്തിന് ഒരിളവും ബാധകവുമല്ല.
ഖസ്ര്! കൊണ്ടുള്ള ഉദ്ദേശ്യം നാല് റക്അത്തുള്ള നമസ്‌കാരം രണ്ട് റക്അത്താക്കി ചുരുക്കി നിര്‍വഹിക്കുക എന്നതാണ്. ഇത് യാത്രാവേളയില്‍ മാത്രം അനുവദനീയമായ ഒരിളവാണ്. ഈ ഇളവനുസരിച്ച് യാത്രാവേളയില്‍ ളുഹ്ര്!അസ്വര്‍ നമസ്‌കാരങ്ങള്‍ ഈരണ്ട് റക്അത്തായി ചുരുക്കി നിര്‍വഹിക്കാവുന്നതാണ്. ജംഅ്, ഖസ്ര്! എന്നീ രണ്ടിളവുകളും യാത്രാവേളയില്‍ അനുവദനീയമാണ്. ഇതനുസരിച്ച് ളുഹ്‌റിന്റെ സമയത്ത് ളുഹ്ര്! രണ്ട് റക്അത്തും ശേഷം അസ്വര്‍ രണ്ട് റക്അത്തുമായി നമസ്‌കരിക്കാം. ഇതേ പ്രകാരം അസ്വറിന്റെ കൂടെ ളുഹ്‌റും നിര്‍വഹിക്കാവുന്നതാണ്. ഇവിടെയെല്ലാം തന്നെ ആദ്യത്തെ നമസ്‌കാരമാണ് ആദ്യം നിര്‍വഹിക്കേണ്ടത്.
പലരും ധരിച്ചിരിക്കുന്നതു പോലെ ജംഉം ഖസ്‌റും എന്നത് ഒരേ പ്രക്രിയയുടെ പേരല്ല. രണ്ടും രണ്ടാണ്. രണ്ടിനും അതിന്റേതായ നിബന്ധനകളും പ്രത്യേകതകളുമുണ്ട്. യാത്രക്കാരന് മാത്രം ബാധകമായ ആനുകൂല്യമാണ് ഖസ്ര്!. ജംആകട്ടെ ന്യായമായ കാരണങ്ങളുള്ളവര്‍ക്കൊക്കെ ഉപയോഗപ്പെടുത്താവുന്ന ഇളവാണ്. ഇസ്‌ലാമിക വിധികളെപറ്റി ധാരണയില്ലാത്തവര്‍ പലരും, ഇത്തരം ഇളവുകളെ സംബന്ധിച്ച് അറിവില്ലാത്തതിനാല്‍ പല ഘട്ടങ്ങളിലും കര്‍മ്മങ്ങള്‍ ഉപേക്ഷിക്കുന്നതായി കാണാം. മറ്റു ചിലരാകട്ടെ, ഇസ്‌ലാം ഒരിക്കലും ഉദ്ദേശിക്കാത്ത ബുദ്ധിമുട്ടുകള്‍ സ്വയം വഹിക്കുകയും മറ്റുള്ളവരെ അതിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നു.
ജംആക്കുക എന്നതിന്റെ താല്‍പര്യമെന്താണ്?ആ ആനുകൂല്യം ആര്‍ക്കൊക്കെ?
രണ്ടു നേരത്തെ നമസ്‌കാരം ഒരു സമയത്ത് നമസ്‌കരിക്കലാണ് ജംആക്കുക (ചേര്‍ത്ത് നമസ്‌കരിക്കുക) എന്നാല്‍. ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് പകരം നമസ്‌കാരം ഖദാ (നഷ്ടപ്പെടുക) ആക്കുകയാണ് മിക്കവരും ചെയ്യാറുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ച യാത്രകള്‍ക്ക് തയാറെടുക്കുമ്പോള്‍ യാത്രാ ഷെഡ്യൂളില്‍ നമസ്‌കാരം അജണ്ടയിലുണ്ടായിരിക്കണം. യാത്രാ സൗകര്യങ്ങള്‍ വളരെ വികസിച്ച ഇക്കാലത്തും യാത്രക്കിടയില്‍ ആകസ്മികമായ പല തടസ്സങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. നേരത്തെ ജംഅ് ചെയ്യുന്നതാണ് സൗകര്യമെങ്കില്‍ അങ്ങനെയും, വൈകിപ്പിക്കുന്നതാണ് സൗകര്യമെങ്കില്‍ അങ്ങനെയും ചെയ്യാന്‍ പാകത്തില്‍ യാത്ര ക്രമീകരിക്കണം. വൈകിപ്പിച്ച് ജംഅ് ചെയ്യുന്നവര്‍ ആദ്യത്തെ നമസ്‌കാരത്തിന്റെ സമയം കഴിയും മുമ്പ് തന്നെ അത് അടുത്ത നമസ്‌കാരത്തോടൊപ്പം ജംആക്കുമെന്ന് മനസ്സില്‍ കരുതേണ്ടതാണ്. സമയത്തിന് നമസ്‌കരിക്കാന്‍ ന്യായമായ തടസ്സമുള്ളവര്‍ക്കും ജംഅ് ചെയ്യാവുന്നതാണ്.
യാത്രക്കാര്‍ക്ക് പുറമെ ഓപ്പറേഷന്‍ തിയേറ്ററിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശ്രദ്ധ തെറ്റാതെ രോഗിയുടെ അടുത്ത് നില്‍ക്കേണ്ടവര്‍, പരീക്ഷാ ഹാളില്‍ ബന്ധിതരായ വിദ്യാര്‍ത്ഥികളും അധ്യാപകരും, ഇന്റര്‍വ്യൂപോലുള്ള കാര്യങ്ങള്‍ക്കായി ധാരാളം സമയം ചെലവഴിക്കാന്‍ നിര്‍ബന്ധിതരായവര്‍, വാഹനം കാത്തുനില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം ഉപയോഗപ്പെടുത്താവുന്ന സൗകര്യമാണ് അല്ലാഹു നല്‍കിയ ജംഅ് എന്ന ഇളവ്.
ഇതു സംബന്ധമായി ഒരു തിരുവചനം അബ്ദുല്ലാഹിബ്‌നു അബ്ബാസില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്. മഴയോ മറ്റാശങ്കകളോ ഇല്ലാതെ തന്നെ തിരുമേനി (സ) മദീനയില്‍വെച്ച് ളുഹ്‌റും അസ്‌റും, മഗ്‌രിബും ഇശാഉം ജംആക്കി നമസ്‌കരിക്കുകയുണ്ടായി. തത്സംബന്ധമായി ഇബ്‌നു അബ്ബാസിനോടന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, തിരുമേനി തന്റെ ഉമ്മത്തിന് പ്രയാസമുണ്ടാക്കേണ്ട എന്നുദ്ദേശിച്ച് ചെയ്തതാണ് എന്നായിരുന്നു. ഈ ഹദീസ് അവലംബിച്ച് ഇമാം ഇബ്‌നു സീരീനെപോലുളള പ്രഗത്ഭ പണ്ഡിതന്മാര്‍ യാത്ര, രോഗം, മഴ തുടങ്ങിയ കാരണങ്ങള്‍ക്ക് പുറമെ മറ്റനിവാര്യമായ സാഹചര്യങ്ങളിലും ജംആക്കാമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതൊരു സ്ഥിരം ഏര്‍പ്പാടാവരുതെന്നും അവര്‍ നിബന്ധന വെച്ചിട്ടുണ്ട്. ഈ അഭിപ്രായത്തിനാണ് ഇമാം ഇബ്‌നുല്‍ മുന്‍ദിര്‍ മുന്‍ഗണന നല്‍കിയത്. ശറഹുമുസ്‌ലിമില്‍ ഇമാം നവവി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് (യാത്രക്കാരുടെ നമസ്‌കാരം: ശറഹു മുസ്‌ലിം).
സുബ്ഹ് നമസ്‌കാരത്തിന് ഇത്തരം ഇളവുകള്‍ ബാധകമല്ല. അതുപോലെ അസ്‌റും മഗ്‌രിബും ചേര്‍ത്ത് ജംആക്കാന്‍ പറ്റില്ല. അസ്ര്! നമസ്‌കാരത്തിനു മുമ്പ് പുറപ്പെടുകയും മഗ്‌രിബ് കഴിഞ്ഞേ ലക്ഷ്യസ്ഥാനത്തെത്തൂ എന്നു ബോധ്യമാവുകയും ചെയ്താല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ലഭ്യമായ സൗകര്യങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെ വെച്ച് അസ്ര്! നമസ്‌കരിക്കുക. അപ്പോള്‍ സാധ്യമാകുന്ന നിബന്ധനകള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. ബസ്സിലാണെങ്കില്‍ സീറ്റിലിരുന്നും വുദുവിന് സാധ്യമല്ലാത്തപക്ഷം തയമ്മും ചെയ്തും നമസ്‌കരിക്കുക. പലരെയും ഇത്തരം സന്ദര്‍ഭങ്ങളില്‍ ചില സംശയങ്ങള്‍ പിടികൂടാറുണ്ട്.
പ്രമുഖ കര്‍മ്മശാസ്ത്ര ഗ്രന്ഥമായ ‘കശ്ശാഫുല്‍ ഖിനാ ഇ’ല്‍ മുലയൂട്ടുന്ന സ്ത്രീക്ക് വരെ ജംആക്കാമെന്ന് പറയുന്നു. ശരീരത്തിലും വസ്ത്രത്തിലും കൂടെക്കൂടെ നജസാവുമെന്നതും, ഓരോ നമസ്‌കാരത്തിനും വൃത്തിയുള്ള വെവ്വേറെ വസ്ത്രം അണിയേണ്ടി വരുമെന്നതുമൊക്കെയാണ് അതിന് കാരണമായി വിശദീകരിച്ചിരിക്കുന്നത്. ആര്‍ത്തവവേളകളിലല്ലാത്ത സന്ദര്‍ഭങ്ങളിലും ചില സ്ത്രീകള്‍ക്ക് രക്തസ്രാവം ഉണ്ടാവാറുണ്ട്. ഇതൊരു രോഗമാണ്. രക്തസ്രാവമുള്ള സ്ത്രീകള്‍ക്ക് നമസ്‌കാരം ജംആക്കാമെന്ന് കുറിക്കുന്ന ഹദീസുകളും കാണാം. അത്തരം സ്ത്രീകള്‍ അഞ്ച് നേരവും കുളിച്ച് ശുദ്ധിയാവുക പ്രയാസമായതിനാല്‍ ളുഹറും അസറും അസറിന്റെ സമയത്തും മഗ്‌രിബും ഇശാഉം ഇശാഇന്റെ സമയത്തും നമസ്‌കരിച്ചാല്‍ മതി. ഹംന ബിന്‍ത് ജഹ്ശി(റ)നോട് തിരുമേനി അങ്ങനെ നിര്‍ദേശിച്ചതായി ഇമാം അഹ്മദ്, തിര്‍മിദി, ഇബ്‌നുമാജ തുടങ്ങിവര്‍ ഉദ്ധരിച്ച ഹദീസില്‍ കാണാം. മൂത്രവാര്‍ച്ച പോലുള്ള രോഗമുള്ളവരും ഇതില്‍ ഉള്‍പെടും. ഇങ്ങനെ പ്രയാസമനുഭവിക്കുന്നവര്‍ക്ക് അവരുടെ പ്രയാസം മനസ്സിലാക്കി ഇസ്‌ലാമിക ശരീഅത്ത് ധാരാളം ഇളവുകള്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഇത്തരം ഇളവുകള്‍ ഉപയോഗപ്പെടുത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നുവെന്നും തിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു. കാരണം അല്ലാഹു തന്നെയാണല്ലോ അതനുവദിച്ചുതരുന്നത്.
നമസ്‌കാരം ഖസ്‌റാക്കുന്നവര്‍ ഗൗരവപൂര്‍വം ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍:
1. യാത്ര പുറപ്പെട്ട ശേഷമേ ഖസ്‌റാക്കാനുള്ള ഇളവ് ഉപയോഗപ്പെടുത്താവൂ. യാത്ര അവസാനിച്ച ശേഷവും ഖസ്‌റാക്കാന്‍ പാടുള്ളതല്ല. ഇത് പക്ഷേ ജംആക്കുന്നവര്‍ക്ക് ബാധകമല്ല. യാത്ര പുറപ്പെടുന്നതിനു മുമ്പും യാത്ര അവസാനിപ്പിച്ചശേഷവുമെല്ലാം നമസ്‌കാരം ജംആക്കാവുന്നതാണ്.
2. യാത്ര എന്ന് പൊതുവെ പറയപ്പെടുന്ന ദൂരമെങ്കിലും വഴിദൂരമുള്ളവര്‍ക്കാണ് ഈ ഇളവുള്ളത്. ഇത്ര കിലോമീറ്റര്‍, ഇത്ര മൈല്‍ എന്ന് തുടങ്ങിയ കാര്യത്തില്‍ ഇരുപതിലധികം അഭിപ്രായങ്ങളാണുള്ളത് (ഫത്ഹുല്‍ ബാരി കാണുക). ഖുര്‍ആനിലും ഹദീസിലും യാത്ര എന്നു പറയുകയല്ലാതെ അതിന്റെ ദൂരം നിര്‍ണയിച്ചിട്ടില്ലാത്തതിനാലാണ് ഇങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുള്ളത്.
3. യാത്രക്കാരന്‍ പൂര്‍ണ്ണമായി നമസ്‌കരിക്കുന്നവന്റെ പിന്നില്‍ മഅ്മൂമായിട്ടാണ് നമസ്‌കരിക്കുന്നതെങ്കില്‍ അയാളും ഇമാമിനെപ്പോലെ നാലു റക്അത്തുതന്നെ നമസ്‌കരിക്കേണ്ടതാണ്.
ഖസ്‌റാക്കാനുള്ള ഇളവ് ഉപയോഗപ്പെടുത്തുന്നത് നല്ലതല്ലെന്നും, സമയത്തിന് നമസ്‌കരിക്കാന്‍ സാധിക്കാത്തവര്‍ അവ പിന്നീട് ‘ഖദാ’ വീട്ടുകയാണ് വേണ്ടതെന്നും പറയുന്നതിന് ശാഫിഈ മദ്ഹബില്‍ വല്ല അടിസ്ഥാനവുമുണ്ടോ?
യാത്രക്കാരുടെ നമസ്‌കാരത്തെപറ്റി വിശദീകരിച്ചുകൊണ്ട് ഇമാം നവവി പറയുന്നു: യാത്രയില്‍ ഖസ്‌റാക്കുന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. എന്നാല്‍ ഇമാം ശാഫിഈ, ഇമാം മാലിക് തുടങ്ങി ഭൂരിഭാഗം പണ്ഡിതന്മാരുടെയും വീക്ഷണം യാത്രക്കാര്‍ ഖസ്‌റാക്കുന്നതാണ് ഉത്തമം എന്നാണ് (ശറഹു മുസ്‌ലിം).
ശാഫിഈ മദ്ഹബിലെ ഏറ്റവും ബൃഹത്തായ ഗ്രന്ഥത്തില്‍ ഇമാം നവവി തന്നെ രേഖപ്പെടുത്തുന്നു: നമസ്‌കാരം ഖസ്‌റാക്കലും ആക്കാതിരിക്കലുമൊക്കെ അനുവദനീയമാണെന്നതാണ് നമ്മുടെ മദ്ഹബ്. തുടര്‍ന്നദ്ദേഹം പറയുന്നു: ഇങ്ങനെ ഖസ്‌റാക്കാമെന്നത് കറാഹത്തായി ആരെങ്കിലും മനസ്സിലാക്കുകയോ, അതല്ലെങ്കില്‍ ഇങ്ങനെ ഖസ്‌റാക്കുന്നത് അനുവദനീയമാണെന്ന കാര്യത്തില്‍ സന്ദേഹിക്കുകയോ ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം ഖസ്‌റാക്കുകയെന്നതാണ് ഏറ്റവും ശ്രേഷ്ഠകരമായിട്ടുള്ളത്. എന്ന് മാത്രമല്ല ഇത്തരം പശ്ചാത്തലത്തില്‍ പൂര്‍ണമായി നമസ്‌കരിക്കുന്നത് കറാഹത്താവുക കൂടി ചെയ്യും. ഖസ്‌റാക്കാനുള്ള വൈമനസ്യം നീങ്ങുവോളം ഈ കറാഹത്തിന്റെ വിധിയും തുടരും. ഇത്തരം ഘട്ടത്തില്‍ എല്ലാതരം ഇളവുകളുടെയും കാര്യം ഇപ്രകാരം തന്നെ. ഇതേ അഭിപ്രായം തന്നെയാണ് ഉസ്മാനുബ്‌നു അഫ്ഫാന്‍, സഅദുബ്‌നു അബീ വഖാസ്, ആഇശ തുടങ്ങിയ മഹാന്മാരായ സ്വഹാബികളുടെതും. കൂടാതെ ഇബ്‌നു മസ്ഊദ്, ഇബ്‌നു ഉമര്‍, ഇബ്‌നു അബ്ബാസ്, ഇമാം മാലിക്, ഇമാം അഹ്മദ് തുടങ്ങിയ പന്ത്രണ്ടോളം സ്വഹാബിമാരുടെയും മറ്റു പ്രഗത്ഭരായ പണ്ഡിതന്മാരുള്‍പ്പെടെയുള്ള ബഹുഭൂരിഭാഗത്തിന്റെയും അഭിപ്രായവും ഇതുതന്നെയാണെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു (യാത്രക്കാരന്റെ നമസ്‌കാരം എന്ന ഭാഗം, അല്‍ മജ്മൂഅ്).
യാത്രാവേളകളില്‍ നബി(സ)യുടെ പതിവ് എന്തായിരുന്നു? അവിടുന്ന് നമസ്‌കാരം ഖസ്‌റാക്കാറുണ്ടായിരുന്നോ?
തിരുചര്യയെ അക്ഷരംപ്രതി ചാണിനു ചാണായി പിന്‍പറ്റിയ മഹാനായ സ്വഹാബി അബ്ദുല്ലാഹിബ്‌നു ഉമര്‍ പറയുന്നു: ഞാന്‍ റസൂല്‍(സ), അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) തുടങ്ങിയവരോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. അവരാരും യാത്രയില്‍ രണ്ട് റക്അത്തിലധികം നമസ്‌കരിക്കാറുണ്ടായിരുന്നില്ല (ബുഖാരി: 1084, മുസ്‌ലിം: 695).
ലോകത്തേറ്റവും കൂടുതല്‍ ആളുകള്‍ പിന്‍പറ്റുന്ന ഹനഫി മദ്ഹബിന്റെ വീക്ഷണമാകട്ടെ, ഖസ്‌റാക്കുക എന്നത് കേവലം അനുവദനീയമോ അഭികാമ്യമോ മാത്രമല്ല വാജിബ് (നിര്‍ബന്ധം) തന്നെ ആണെന്നാണ്.
ഭയാശങ്കകളുള്ള സന്ദര്‍ഭത്തില്‍ മാത്രം നല്‍കപ്പെട്ട ഒരിളവാണ് ഖസ്ര്! എന്നായിരിന്നു മഹാനായ ഉമറി(റ)ന്റെ ധാരണ. പിന്നീട് ഇസ്‌ലാമിക സമൂഹം പൂര്‍ണമായും സുരക്ഷിതമായപ്പോള്‍ അദ്ദേഹം തിരുമേനിയോട് ഇനിയും നമസ്‌കാരം ഖസ്‌റാക്കുന്നതിന്റെ പ്രസക്തിയെപറ്റി ചോദിക്കുകയുണ്ടായി. അന്നേരം തിരുമേനി പ്രതികരിച്ചതിങ്ങനെ: ”അല്ലാഹു നിങ്ങളോട് കാണിച്ച ഒരു ഔദാര്യമാണത്. ആ ഔദാര്യം നിങ്ങള്‍ സ്വീകരിക്കുക” (മുസ്‌ലിം, 1605).
അതിനാല്‍ ആവശ്യമില്ലാത്ത വസ്‌വാസുകളുണ്ടാക്കി അത്തരം ഇളവുകള്‍ ഒഴിവാക്കേണ്ടതില്ല. കാരുണ്യവാനായ നാഥന്‍ നല്‍കിയ ആനുകൂല്യം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
സമയം തെറ്റിച്ച് നമസ്‌കരിക്കുന്നതിന്റെ വിധിയെന്ത്?
സമയബന്ധിതമായി നിര്‍വഹിക്കേണ്ടതും നിര്‍വഹിക്കാത്തപക്ഷം ഫലശൂന്യമാകുന്നതുമായ ആരാധനാ കര്‍മമാണ് നമസ്‌കാരം. അല്ലാഹു പറയുന്നു: ”നിശ്ചയം നമസ്‌കാരം വിശ്വാസികള്‍ക്ക് സമയബന്ധിതമായി നിര്‍ബന്ധമാക്കിയ കര്‍മമാകുന്നു” (അന്നിസാഅ്: 103).
ഈ സൂക്ത ശകലം യുദ്ധത്തിനിടയില്‍ നമസ്‌കാരത്തിന്റെ രൂപം വിശദീകരിക്കുന്നതിന്റെ അന്ത്യത്തിലാണ് വന്നിരിക്കുന്നത്. നമുക്കറിയാം, തിരുമേനിയുടെ കാലത്ത് നടന്ന യുദ്ധങ്ങളില്‍ മുസ്‌ലിംകളുടെയും ശത്രുക്കളുടെയും എണ്ണം തമ്മിലുള്ള അന്തരം. യുദ്ധസാമഗ്രികളുടെ കാര്യത്തിലും മുസ്‌ലിംകള്‍ ശത്രുക്കളേക്കാള്‍ എത്രയോ പിന്നിലായിരുന്നു. മുസ്‌ലിം സൈന്യം സദാ ജാഗരൂകരായിരുന്നില്ലെങ്കില്‍ ഇസ്‌ലാം തന്നെ തുടച്ചുനീക്കപ്പെടാവുന്ന ഒരു സന്ദര്‍ഭത്തില്‍, നമസ്‌കാരത്തിന് ഒരു ഒഴികഴിവും ഇല്ലെന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്. അത്തരം പ്രതിസന്ധികള്‍ക്കിടയിലും നമസ്‌കാരം മാറ്റിവെക്കുകയല്ല, മറിച്ച് യുദ്ധാന്തരീക്ഷം പരിഗണിച്ച് നമസ്‌കാര രൂപത്തില്‍ ചില മാറ്റങ്ങള്‍ ആകാമെന്ന് വ്യക്തമാക്കിയ ശേഷം അതിന്റെ രൂപം വിശദീകരിക്കുന്ന സൂക്തം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞതാണ് മേല്‍പ്പറഞ്ഞ വചനം എന്നത് ശ്രദ്ധേയമാണ്.
നമസ്‌കാരം ദീനിന്റെ സ്തംഭമാണ്. അതിനെ നിലനിര്‍ത്തിയവന്‍ ദീനിനെ നിലനിര്‍ത്തിയെന്നും അതുപേക്ഷിക്കുന്നവന്‍ ദീനിനെ ഉപേക്ഷിച്ചുവെന്നുമുള്ള കാര്യത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു: ”പിന്നെ ഇവര്‍ക്ക് ശേഷം പിഴച്ച പിന്‍ഗാമികളുണ്ടായി. അവര്‍ നമസ്‌കാരം പാഴാക്കി; ദേഹേഛകളെ പിന്‍പറ്റുകയും ചെയ്തു. ദുര്‍മാര്‍ഗത്തിന്റെ അനന്തഫലം അവര്‍ ഉടനെ കണ്ടുമുട്ടും” (മര്‍യം:59).
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ഇവിടെ നമസ്‌കാരം പാഴാക്കി എന്നതിന്റെ അര്‍ഥം പൂര്‍ണമായി ഒഴിവാക്കി എന്നല്ല, പ്രത്യുത നമസ്‌കാരം സമയം തെറ്റിച്ചു, വൈകിപ്പിച്ചു എന്നെല്ലാമാണ്. മഹാനായ താബിഈ പണ്ഡിതന്‍ ഇമാം സഈദുബ്‌നുല്‍ മുസയ്യബ് പറഞ്ഞു: ളുഹ്ര്! അസ്വറിന്റെ സമയത്തും, അസ്വര്‍ മഗ്‌രിബിന്റെ സമയത്തും, മഗ്‌രിബ് ഇശാഇന്റെ സമയത്തും, ഇശാഅ് സുബ്ഹിയുടെ സമയത്തും വൈകിപ്പിച്ചു നമസ്‌കരിക്കുന്നു എന്നാണ് പ്രസ്തുത ആയത്തിന്റെ ഉദ്ദേശ്യം. ഇങ്ങനെ ബോധപൂര്‍വം സ്ഥിരമായി ചെയ്യുന്നവര്‍ പശ്ചാത്തപിച്ചു മടങ്ങിയില്ലെങ്കില്‍ അവരുടെ സങ്കേതം ‘ഗയ്യ്’ ആയിരിക്കുമെന്ന് അല്ലാഹു താക്കീതുചെയ്തിരിക്കുന്നു. സൂറത്തു മര്‍യമിലെ മേല്‍ സൂക്തം അവസാനിക്കുന്നത് അവര്‍ ‘ഗയ്യ്’ കണ്ടുമുട്ടുമെന്ന് പറഞ്ഞാണ്. ആ ‘ഗയ്യി’നെ സംബന്ധിച്ചാണ് ഇമാം ഇങ്ങനെ വിശദീകരിക്കുന്നത്: ‘അത്യുഷ്ണവും അഗാധ ഗര്‍ത്തവും ഉള്ള നരകത്തിലെ താഴ്‌വരയാണത്.’ ചലവും ചോരയും അളിഞ്ഞൊഴുകുന്ന നരകഗര്‍ത്തങ്ങള്‍ എന്നും കാണാം. സഅദുബ്‌നു അബീവഖാസിന്റെ പുത്രന്‍ മുസ്അബ് പറയുന്നു: അവര്‍ നമസ്‌കാരത്തില്‍ അശ്രദ്ധ കാണിക്കുന്നവരാകുന്നു’ എന്ന ആയത്തിനെ സംബന്ധിച്ച് ഞാന്‍ പിതാവിനോട് ചോദിക്കുകയുണ്ടായി. പ്രിയ പിതാവേ, നമ്മിലാര്‍ക്കാണ് ശ്രദ്ധക്കുറവ് സംഭവിക്കാത്തത്? പലവിചാരങ്ങളും മനസ്സിലേക്ക് വരാത്ത ആരാണുള്ളത്? അപ്പോഴദ്ദേഹം പറഞ്ഞു: അതിന്റെ ഉദ്ദേശ്യം സമയബോധമില്ലായ്മ എന്നാകുന്നു. വെറുതെ സമയം വൈകിപ്പിച്ച് നമസ്‌കാരം സമയത്ത് നിര്‍വഹിക്കാതിരിക്കുന്നവരെപ്പറ്റിയാണ് ആ പറഞ്ഞത് (മജ്മഉസ്സവാഇദില്‍ ഇമാം ഹൈഥമി ഉദ്ധരിച്ചത്).
ശരീരത്തില്‍ ചേറും ചെളിയും പുരളുന്ന തരത്തില്‍ പാടത്തും പറമ്പിലും ജോലിയെടുക്കുന്നവര്‍ നമസ്‌കരിക്കാനായി ഓരോ തവണയും കുളിച്ചുശുദ്ധിയാവുക എന്നത് അപ്രായോഗികമാണ്. എന്താണ് പരിഹാരം?
ഇത്തരം സാഹചര്യങ്ങളില്‍, കുളിച്ച് വൃത്തിയായ വസ്ത്രങ്ങള്‍ മാറി മാത്രമേ നമസ്‌കരിക്കാവൂ എന്ന് ശഠിക്കേണ്ടതില്ല. ശരിയാണ്, ഏറ്റവും നല്ലതും വൃത്തിയുള്ളതുമായ ശരീരവും വസ്ത്രവും നമസ്‌കാര സ്ഥലവുമൊക്കെ വളരെ ഉത്തമമാണ്. അതിന്റെ പ്രാധാന്യം ഒട്ടും കുറച്ചു കാണുന്നില്ല. സാധ്യമായേടത്തോളം അതൊക്കെ പരിഗണിച്ചേ മതിയാവൂ. അത് പക്ഷേ നമസ്‌കാര സമയം തെറ്റിച്ച് ശിക്ഷാര്‍ഹരാകുന്നതിന് സന്ദര്‍ഭമൊരുക്കിക്കൂടാ.
ജോലിത്തിരക്കിനിടയില്‍ കുളിച്ച് നല്ല വസ്ത്രമണിഞ്ഞ് വീണ്ടും അഴുക്ക് പുരളുന്ന ജോലിയിലേര്‍പ്പെട്ട് വീണ്ടും കുളിച്ച് വസ്ത്രം മാറ്റി നമസ്‌കരിക്കേണ്ട ഗതികേടൊന്നും ഇസ്‌ലാം ഉണ്ടാക്കിവെച്ചിട്ടില്ല. ആകെ കൂടി ശ്രദ്ധിക്കേണ്ടത് നമസ്‌കാരത്തിന്റെ അനിവാര്യമായ നിബന്ധനകളായ ചെറിയ അശുദ്ധിയില്‍ നിന്നും വലിയ അശുദ്ധിയില്‍ നിന്നും മുക്തമായിട്ടുണ്ടോ എന്നും, ശരീരവും വസ്ത്രവും നമസ്‌കാര സ്ഥലവും നജസില്‍ നിന്നും ശുദ്ധമാണോ എന്നും ഉറപ്പുവരുത്തലാണ്. ഇവിടെ വുദു മുറിയുന്ന കാര്യങ്ങളാണ് ചെറിയ അശുദ്ധികൊണ്ടുദ്ദേശിക്കുന്നത്. കുളി നിര്‍ബന്ധമാകുന്ന കാര്യങ്ങളാണ് വലിയ അശുദ്ധികൊണ്ടുള്ള വിവക്ഷ.
ശരീരത്തില്‍ അല്‍പം പൊടിപാറിയിട്ടുണ്ട്, ചെളി തെറിച്ചിട്ടുണ്ട്, വിയര്‍ത്തിട്ടുണ്ട് എന്നതൊന്നും ഒരു തടസ്സമായിക്കൂടാ. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍, പ്രത്യേക നമസ്‌കാര കുപ്പായം തന്നെ വേണമെന്ന് ശഠിക്കേണ്ടതുമില്ല. മുഖവും മുന്‍കൈയും ഒഴിച്ചുള്ളതെല്ലാം മറയ്ക്കുന്ന ഏതു വസ്ത്രവുമാകാം. വുദുവെടുത്ത് ജോലി സ്ഥലത്ത് നിന്ന് ഒരല്‍പം മാറി ഖിബ്‌ലക്ക് നേരെ തിരിഞ്ഞ് നമസ്‌കരിച്ച് വീണ്ടും പണി തുടരാം. എവിടെയും എങ്ങനെയും നമസ്‌കരിക്കാം എന്നാണ് ഇപ്പറഞ്ഞതിന് അര്‍ത്ഥമെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഒരു പാട് ജോലിത്തിരക്കുള്ള സഹോദരിമാര്‍ എല്ലാ ജോലിയും കഴിഞ്ഞ്, കുളിച്ച് മാറിയേ നമസ്‌കരിക്കൂ എന്ന് ശഠിച്ച് നമസ്‌കാരം സമയത്തിന് നിര്‍വഹിക്കാതിരിക്കുക എന്നത് ശീലമാക്കുകയും ആ ശീലം തുടരുന്നതില്‍ യാതൊരു അസ്വസ്ഥതയും ഇല്ലാതിരിക്കുകയും ചെയ്യുന്ന പ്രവണത ഒട്ടും ശരിയല്ലായെന്ന് ബോധ്യപ്പെടുത്തുക മാത്രമേ ഇവിടെ ഉദ്ദേശിച്ചിട്ടുള്ളൂ.
വൂദു എടുക്കാനുള്ള സൗകര്യമോ തയമ്മും ചെയ്യാനുള്ള മണ്ണോ ലഭ്യമല്ലാതിരിക്കുകയും നമസ്‌കാരം ജംആക്കാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ എങ്ങനെ നമസ്‌കരിക്കും?
അല്ലാഹു പറയുന്നു: ”ഒരാളോടും തന്റെ കഴിവില്‍ പെടാത്തത് ചെയ്യാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചിട്ടില്ല” (അല്‍ബഖറ:286). നബി(സ) പറഞ്ഞു: നിങ്ങളോട് ഞാന്‍ വല്ലതും കല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളെ കൊണ്ട് കഴിയുന്നതിനനുസരിച്ച് നിങ്ങളത് ചെയ്യുക (ബുഖാരി). ഇതിന്റെ അടിസ്ഥാനത്തില്‍ സാധ്യമാകുന്ന രൂപത്തില്‍ നമസ്‌കരിക്കുകയാണ് ഇത്തരം സാഹചര്യങ്ങളില്‍ വേണ്ടത്. അല്ലാതെ നമസ്‌കാരം തീരെ ഒഴിവാക്കുകയല്ല. അതായിരുന്നു തിരുമേനിയുടെയും അനുചരന്മാരുടെയും ചര്യ. ഇത് വ്യക്തമാക്കുന്ന ഒരു ഹദീസ് ഇങ്ങനെ കാണാം: യഅ്‌ല ബിന്‍ മുര്‍റയില്‍ നിന്ന് നിവേദനം: നബി(സ)യും അനുയായികളും ഒരു ഇടുങ്ങിയ സ്ഥലത്ത് എത്തി. മഴ ചാറുന്നുണ്ട്. നിലമാകട്ടെ നനഞ്ഞു കുതിര്‍ന്നതും. നമസ്‌കാര സമയമായപ്പോള്‍ തിരുമേനി ബാങ്ക് കൊടുക്കാന്‍ കല്‍പ്പിച്ചു. ബാങ്കും ഇഖാമത്തും കൊടുത്തു. അനന്തരം തിരുമേനി തന്റെ വാഹനപ്പുറത്തിരുന്നുകൊണ്ട് തന്നെ അവരെയും കൊണ്ട് നമസ്‌കരിച്ചു. റുകൂഇനേക്കാള്‍ അല്‍പ്പം കൂടി കുനിഞ്ഞ് സുജൂദ് ചെയ്യുന്ന ആംഗ്യരൂപത്തിലായിരുന്നു ആ നമസ്‌കാരം.” വാഹനപ്പുറത്തിരുന്ന് ഫര്‍ദ് നമസ്‌കാരം നിര്‍വഹിക്കാമെന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു. നിര്‍ബന്ധമായും ചില നിബന്ധകള്‍ പാലിച്ചിരിക്കേണ്ടതാണെന്ന് കുറിക്കുന്ന തെളിവുകളെ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പരിഗണിക്കേണ്ടതില്ലെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു (നൈലുല്‍ ഔതാര്‍: ഇമാം ശൗകാനി).
ഉറക്കം, മറവി, രോഗം, അറിവില്ലായ്മ, നിര്‍ബന്ധിതാവസ്ഥ, യാത്ര തുടങ്ങിയവയെല്ലാം ഒരാള്‍ക്ക് ഇളവ് ലഭിക്കാനുള്ള ന്യായമായ കാരണങ്ങളായി ഇസ്‌ലാമിക ശരീഅത്ത് പരിഗണിച്ചിരിക്കുന്നു. പലരും ഇത്തരം ഇളവുകള്‍ ഒരിക്കലും ഉപയോഗപ്പെടുത്താന്‍ പറ്റാത്ത രൂപത്തിലുള്ള നിബന്ധനകള്‍ വെച്ചുകൊണ്ട് എല്ലാ ഇളവുകളെയും അസാധ്യവും അപ്രായോഗികവുമാക്കിയിരിക്കുകയാണ്. തത്ഫലമായി പല ദീനിനിഷ്ഠകളും പാലിക്കുന്നതില്‍ ഒരുപാടുപേര്‍ വിമുഖത കാണിക്കുന്നു. ഇത്തരം കടുത്ത നിബന്ധനകള്‍ കാരണം ഒരു യഥാര്‍ഥ മുസ്‌ലിമായി ജീവിക്കുക ഇക്കാലത്ത് നടപ്പുള്ള കാര്യമല്ലെന്നു പലര്‍ക്കും തോന്നിപ്പോകുന്നു. ഇസ്‌ലാമോ മഹാന്മാരായ പണ്ഡിതന്‍മാരോ ഇതിനൊന്നും ഉത്തരവാദികളാകുന്നില്ല.