ചോദ്യം: എപ്പോഴാണ് ജംഅും കസ്‌റും അനുവദനീയമാകുന്നത്?
ഉത്തരം: നാല് റകഅത്തുള്ള നമസ്‌കാരം (الصلاة الرباعية) യാത്രക്കാര്‍ക്ക് കസ്‌റ് (القصر)- ചുരുക്കി നമസ്‌കരിക്കുന്നത് അനുവദനീയമാണ്. സ്ഥിരമായി താമസിക്കുന്ന സ്ഥലത്ത് നിന്ന് മാറി മറ്റൊരു സ്ഥലത്തേക്ക് പോവുകയും തിരിച്ചുവരികയും ചെയ്യുമ്പോഴാണ് കസ്‌റ് അനുവദനീയമാകുന്നത്. നാല് റകഅത്തുള്ള നമസ്‌കാരം രണ്ട് റകഅത്തായി നമസ്‌കരിക്കുന്നതിന് 80 കി.മീ കൂടുതല്‍ ദൂരം ഉണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്. യഹ്‌യബിന്‍ യസീദ് അല്‍ഹിനാഇയില്‍ നിന്ന് ശുഅ്ബ ഉദ്ധരിക്കുന്ന ഹദീസ് ഇമാം അഹ്മദിന്റെ മുസ്‌നദിലും, സ്വഹീഹ് മുസിലിമിലും, സുനന് അബീദാവൂദിലും വന്നിട്ടുണ്ട്. അദ്ദേഹം പറയുന്നു: ഞാന്‍ അനസിനോട് നമസ്‌കാരം ചുരുക്കി നിര്‍വഹിക്കുന്നതിനെ സംബന്ധിച്ച് ചോദിച്ചു. അപ്പോള്‍ അനസ് പറഞ്ഞു: പ്രവാചകന്‍(സ) യാത്രയില്‍ മൂന്ന് മൈലോ അല്ലെങ്കില്‍ മൂന്ന് ഫര്‍സഖോ ദൂരമുണ്ടെങ്കില്‍ രണ്ട് റകഅത്താണ് നമസ്‌കരിച്ചിരുന്നത്. യാത്രയില്‍ ജംഅും (الجمع)- ഒരുമിച്ച് നമസ്‌കരിക്കുന്നതും അനുവദനീയമാണ്. ളുഹറും അസറും അല്ലെങ്കില്‍ അസറും ളുഹറും, മഗ്‌രിബും ഇശാഉം അല്ലെങ്കില്‍ ഇശാഉം മഗ്‌രിബിയും ഒരുമിച്ച് നമസ്‌കരിക്കാവുന്നതാണ്. എന്നാല്‍, യാത്രയില്‍ ജംഅ് ചെയ്യേണ്ട ആവശ്യമില്ലെങ്കില്‍ ഓരോ നമസ്‌കാരവും അതിന്റെ സമയത്ത് നിര്‍വഹിക്കുന്നതാണ് ഉത്തമമായിട്ടുള്ളത്. ആവശ്യമാണെങ്കില്‍ ജംഅ് ചെയ്യുകയാണ് വേണ്ടത്.
അവലംബം: islamonline.net