ചോദ്യം: പള്ളിയില്‍ ജമാഅത്തായി നമസ്‌കരിക്കുന്നതിന്റെ വിധിയെന്താണ്? പള്ളിക്ക് സമീപത്ത് താമസിക്കുന്നവനായിട്ടും ജമാഅത്തായി നമസ്‌കരിക്കാത്തവനുള്ള ശിക്ഷയെന്താണ്?
ഉത്തരം: നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍മശാസ്ത പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇമാം ശാഫിഈയെ പോലുള്ളവര്‍ പ്രബലമായ സുന്നത്തായിട്ടാണ് കാണുന്നത്. എന്നാല്‍ ചിലര്‍ ‘ഫര്‍ദ് കിഫായ’യായിട്ടാണ് (സാമൂഹിക ബാധ്യത) കാണുന്നത്. അതിനുള്ള അവരുടെ തെളിവ് സ്വഹീഹായ ഹദീസാണ്. ‘നമസ്‌കരിക്കുവാനും അതിന് ബാങ്കുവിളിക്കാന്‍ കല്‍പിക്കാനുമായി ഞാന്‍ കരുതി. അത് അങ്ങനെ നടക്കേണ്ടതുണ്ട്. പിന്നീട് ഒരുവനോട് ഇമാമായി നില്‍ക്കാന്‍ കല്‍പിച്ചു. തുടര്‍ന്ന് നമസ്‌കാരത്തിന് പള്ളിയിലെത്താത്തവരുടെ വീടുള്‍പ്പടെ കത്തിക്കാനും ഞാന്‍ കരുതി.’ ചിലര്‍ നമസ്‌കാരം ശരിയാക്കുന്നതിനുള്ള നിബന്ധനയായി ജമാഅത്തായി നമസ്‌കരിക്കണമെന്ന് ഈ ഹദീസ് മുന്നില്‍ വെച്ച് വീക്ഷിക്കുന്നു. ജമാഅത്തായ നമസ്‌കാരത്തിന്റെ ശ്രേഷ്ഠത പള്ളിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. ‘തനിച്ച് നമസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് ഇരട്ടി പ്രതിഫലമാണ് ജമാഅത്തായി നമസ്‌കരിക്കുന്നതിന്.’
അല്ലാഹുവിന്റെ ഭവനത്തില്‍ ജമാഅത്തായി നമസ്‌കരിക്കുന്നവന് അളവറ്റ പ്രതിഫലമാണ് ലഭിക്കുന്നത്. വീട്ടില്‍ നിന്ന് ശുദ്ധിവരുത്തി അല്ലാഹുവിന്റെ ഭവനത്തിലേക്ക് നടന്ന് നീങ്ങുമ്പോള്‍ ഓരോ കാലടിക്കും പ്രതിഫലം ലഭിക്കുകുയും, ചെയ്ത തെറ്റുകള്‍ പൊറുക്കപ്പെടുകയുമാണ്. പള്ളിയില്‍ ഇഅ്തികാഫിരിക്കുകയും, നമസ്‌കാരത്തിനായി കാത്തിരിക്കുകയും ചെയ്യുന്നത് മുഖേന അല്ലാഹുവിന്റെ മാലാഖമാര്‍ അവര്‍ക്ക് വേണ്ടി പാപമോചനത്തിനും കാരുണ്യത്തിനുമായി പ്രാര്‍ഥിക്കുന്നതാണ്. ഇപ്രകാരം ജമാഅത്തായി നമസ്‌കരിക്കുന്നതിലൂടെ ഒരുപാട് പ്രതിഫലം നേടിയെടുക്കാന്‍ കഴിയുന്നു. എന്നാല്‍, ഒരുവന്‍ പള്ളിയിലല്ലാതെ ജമാഅത്തായി നമസ്‌കരിക്കുകയാണെങ്കില്‍ അവന്റെ പ്രതിഫലം കുറഞ്ഞുപോകുന്നതാണ്.
അവലംബം: islamonline.net