ചോദ്യം: കോവിഡ്- 19മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോക്ടർമാർ എന്ന നിലയിൽ ഞങ്ങൾ പ്രത്യേക വസ്ത്രമാണ് ധരിക്കുന്നത്. അത് ഊരിവെക്കുകയെന്നത് പ്രയാസകരമാണ്. ആയതിനാൽ ഞങ്ങൾക്ക് നമസ്കാരം ജംഅ് ചെയ്യാമോ?
മറുപടി: നമസ്കാരത്തിന് ഇസ്‌ലാമിൽ ശ്രേഷ്ഠമായ സ്ഥാനമാണുള്ളത്. നമസ്കാരം ഇസ്‌ലാമിലെ അടിസ്ഥാന സ്തംഭങ്ങളിലെ രണ്ടാമത്തെ സ്തംഭമാണ്. കർമങ്ങളിൽ ആദ്യം ചോദിക്കപ്പെടുന്നതും നമസ്കാരത്തെ കുറിച്ചാണ്. അത് സൂക്ഷമതയോടെ നിലനിർത്തികൊണ്ടുപോകുന്നവൻ വിജയക്കുകയും സൗഭാഗ്യം ആസ്വദിക്കുകയും ചെയ്യുന്നതാണ്. അതിനെ നിസാരമായി കണ്ടവൻ പരാജിതനും നിരാശനുമായിരിക്കും. നമസ്കാരം നിലനിർത്തുകയെന്നത് നിർണിതമായ സമയത്ത് അത് നിർവഹിക്കുകയെന്നതാണ്. ശർഅ് നിശ്ചയിച്ച സമയത്തെ മുന്തിക്കാതെയും പിന്തിക്കാതെയുമാണ് നിർവഹിക്കേണ്ടത്. ഓരോ നമസ്കാരത്തിനും അതിന്റെ സമയമുണ്ട്. ആ സമയങ്ങളിലല്ലാതെ നിർവഹിച്ചാൽ അത് ശരിയാവുകയില്ല. ‘തീർച്ചയായും നമസ്കാരം സത്യവിശ്വാസികൾക്ക് സമയം നിർണയിക്കപ്പെട്ട ഒരു നിർബന്ധ ബാധ്യതയാകുന്നു.’ (അന്നിസാഅ്: 103) നമസ്കാരം അതിന്റെ സമയത്ത് നിർവഹിക്കുകയെന്നതാണ് അടിസ്ഥാനം.
Also read: ടി.വിക്ക് പുറകിൽ ഇമാമിനെ അനുഗമിച്ച് നമസ്കരിക്കുന്നതിന്റെ വിധി?
എന്നാൽ, യാത്ര, മഴ, ഭയം എന്നിവ കാരണമായി അടിസ്ഥാനത്തിൽ ഇളവ് വരുത്താവുന്നതാണ്. ചോദ്യത്തിൽ വന്നതുപോലെ, ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും, പ്രയാസം നീക്കുന്നതിനുമായി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ളുഹറും അസറും, മഗ്‌രിബും ഇശാഉം ഒരുമിച്ച് നമസ്കരിക്കുന്നതിൽ പ്രശ്നമില്ല. ഇത് നിബന്ധനകളെ അടിസ്ഥാനമാക്കികൊണ്ടാണ്. ഒന്നാമത്തേത് അതിന്റെ ആവശ്യമുണ്ടായിരിക്കണമെന്നതാണ്. പതിവ് ശീലമാക്കി മാറ്റരുതെന്നതാണ് രണ്ടാമത്തേത്. മദീനയിലായിരിക്കെ മഴയോ ഭയമോ ഇല്ലാതെ പ്രവാചകൻ ളുഹറും അസറും, മഗ്‌രിബും ഇശാഉം ഒരുമിച്ച് (ജംഅ്) നമസ്കരിച്ചിരുന്നു. ഇബ്നു അബ്ബാസ്(റ) ചോദിക്കപ്പെട്ടു: ‘എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത്? അദ്ദേഹം പറഞ്ഞു: അത് സമൂഹത്തിന് പ്രയാസമില്ലാതിരിക്കാൻ വേണ്ടിയാണ്.’
( ലോക പണ്ഡിതസഭ, ഖത്തർ ശാഖയുടെ ഫത്‌വ-റിസർച്ച് കമ്മിറ്റി സെക്രട്ടറി)