Friday, March 29, 2024
Homeഖു‌‍ർആൻഇമാം മുസ്ഹഫിൽ നോക്കി ഓതൽ

ഇമാം മുസ്ഹഫിൽ നോക്കി ഓതൽ

ചോദ്യം- നമസ്കാരത്തില്‍ മുസ്ഹഫ് നോക്കി  ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അനുവദനീയമാണോ ?

ഉത്തരം-  ഇസ്ലാമിന്റെ പ്രധാന പ്രമാണങ്ങൾ ഖുർആനും സുന്നത്തും തുറാസും പണ്ഡിതാഭിപ്രായവുമൊക്കെയാണ്.ഈ വിഷയത്തിൽ ഖുർആൻ മൊത്തത്തിൽ പറയുന്ന ഒരു വാചകം മതി ഈ വിഷയത്തിലുള്ള മർമ്മം മനസ്സിലാക്കാൻ
لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ എന്ന വാചകത്തിലൂടെ റബ്ബ് പഠിപ്പിക്കുന്നത് ഒരാൾക്ക് കഴിയാത്തത് അവൻ ഏല്പിക്കില്ല എന്നാണല്ലോ ?!
സ്വഹീഹുൽ ബുഖാരിയിൽ ഇങ്ങിനെ വായിക്കാം : بأن عائشة رضي الله عنها: « كان يؤمها عبدها ذكوان من
المصحف»صحيح البخاري، كتاب: الأذان، باب: إمامة العبد والمولى (1/ 140)
ഇമാം സുന്നത്ത് നമസ്കാരങ്ങൾക്ക് (തറാവീഹ് / ഖിയാമുല്ലൈൽ) എന്നിവക്ക് നേതൃത്വം നല്കുമ്പോൾ ഖുർആനിൽ നിന്ന് നോക്കി ഓതേണ്ടിവന്നാൽ ഖുർആനിൽ നിന്ന് നോക്കിയോതുന്നതിൽ തെറ്റൊന്നുമില്ല എന്ന് മനസ്സിലാക്കാൻ ഈ ഹദീസ് തന്നെ ധാരാളം.
ആഇശ (റ) ക്ക് തറാവീഹിന് ഇമാമത്ത് നില്ക്കാറുണ്ടായിരുന്ന അവരുടെ അടിമയായ ദക് വാൻ (റ) ഖുർആനിൽ നോക്കി ഓതിയിരുന്നു എന്നാണ് ഉപരിസൂചിത ടെക്സ്റ്റ് സൂചിപ്പിക്കുന്നത് .

എന്നാല്‍ ഖുര്‍ആന്‍ നോക്കി ഓതുന്നത് കൊണ്ട് നമസ്കാരം നിഷ്ഫലമാക്കുമെന്നാണ് ഹനഫീ മദ്ഹബ്. അത് കറാഹതാണെന്നും ചില മദ്ഹബുകളില്‍ കാണാം. നമസ്കാരമേ ശരിയാവില്ല എന്ന പക്ഷക്കാരുമുണ്ട്.  അത്തരം വാദക്കാരാണ് തെളിവു് കൊണ്ടുവരേണ്ടത്.
1781 നമ്പർ ഫത് വയായി ഇബ്നു ബാസിന്റേതായി വന്നിട്ടുള്ളത് ഖുർആൻ മന:പ്പാഠമില്ലാത്ത ആരും ഉണ്ടാകാത്ത സന്ദർഭത്തിൽ ഫജ്റുപോലെ നീട്ടി ഓതേണ്ട സന്ദർഭത്തിലും അതാവാമെന്നാണ്. പേജ് മറിക്കൽ എന്നിവയിലൂടെ നമസ്ക്കാരത്തിന്റെ ഏകാഗ്രത നഷ്ടപ്പെടാതിരിക്കൽ അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. അങ്ങിനെയുള്ള സാഹചര്യത്തിൽ ഇമാമത്തിന് അനിവാര്യമായത് മന:പ്പാഠമാക്കാൻ ശ്രമിക്കലാണ് ഏറ്റവും അഭിലഷണീയം
وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا [الطلاق: 2]
ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അവനു അവന്‍ ഒരു പോംവഴി ഏര്‍പ്പെടുത്തിക്കൊടുക്കും
وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ مُدَّكِرٍ [القمر: 17]
തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

Also read: മക്കള്‍ക്കിടയിലെ വഴക്ക് നിങ്ങള്‍ക്കൊരു തലവേദനയാണോ?

അനിവാര്യ ഘട്ടത്തിലാണ് ഇപ്പറഞ്ഞ ആനുകൂല്യം അനുവദനീയമാവൂ. എന്നാൽ പള്ളികളെല്ലാം അടച്ചു പൂട്ടിയ ഇന്നത്തെ സാഹചര്യത്തിൽ എല്ലാ വീടുകളിലും തറാവീഹും ഖിയാമുല്ലൈലുമെല്ലാം മുടങ്ങാതിരിക്കാൻ നാമാദ്യം സൂചിപ്പിച്ച ദക് വാന്റെ സംഭവമാണ് അനുവദനീയതുടെ അങ്ങേയറ്റമായി കാണുന്നത്. ഓരോ വീട്ടിലും ഖുർആൻ നോക്കിയെങ്കിലും ഓതാൻ കഴിയുന്ന ഒരാളെങ്കിലും ഇല്ലാതിരിക്കില്ല. അത്തരം ഘട്ടത്തിൽ ഇമാം തന്റെ ശരീര ചലനങ്ങൾ, മുസ്ഹഫ് മറിക്കൽ എന്നിവ തന്റേയോ മറ്റുള്ളവരുടേയോ ഏകാഗ്രത നഷ്ടപ്പെടുത്താത്ത രീതിയിലാവണം ചെയ്യേണ്ടത്. ഒറ്റക്ക് നിന്ന് നമസ്ക്കരിക്കുമ്പോഴും മുഖ്തദിയാവുമ്പോഴുമെല്ലാം സുന്നത്ത് നമസ്ക്കാരങ്ങളിൽ നോക്കിയോതുന്നതിന് തടസ്സമില്ല എന്നു തന്നെയാണ് മനസ്സിലാവുന്നത്.
الله أعلم

Recent Posts

Related Posts

error: Content is protected !!