Monday, May 13, 2024
Homeഅനുഷ്ഠാനംനമസ്കാരംനമസ്ക്കാരത്തിൽ നോക്കി ഓതാമോ?

നമസ്ക്കാരത്തിൽ നോക്കി ഓതാമോ?

ചോദ്യം: മുസ്ഹഫ്, മൊബൈല് തുടങ്ങിയവയില് നോക്കി ഇമാമിന് ഓതാമോ?

നമസ്ക്കാരത്തിൽ നോക്കിയോതാമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാരാണ്. എങ്കിലും ഹൃദിസ്ഥമാക്കിയവർ ഇല്ലാതിരിക്കുകയും, കാണാതെ ഓതിയാൽ തെറ്റുകൾ കൂടി നമസ്ക്കാരത്തിൽ ഏകാഗ്രത നഷ്ടപ്പെടുമെന്ന് ആശങ്കിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ നോക്കിയോ താമെന്ന അഭിപ്രായം സ്വീകരിക്കാവുന്നതാണ്. വിശിഷ്യാ, തറാവീഹ് പോലെ ദീർഘമായി ഓതി നമസ്ക്കരിക്കുന്ന സുന്നത്ത് നമസ്ക്കാരങ്ങളിൽ.

മഹതി ആഇശാ(റ)യുടെ അടിമയായിരുന്ന ദക്‌വാന് മുസ്ഹഫ് നോക്കി ഓതിക്കൊണ്ട് അവര്ക്ക് ഇമാമായി നിന്ന് നമസ്‌കരിക്കാറുണ്ടായിരുന്നു എന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹില് ഉദ്ധരിച്ചിട്ടുണ്ട്.- (1/178).

بَابُ إِمَامَةِ الْعَبْدِ وَالْمَوْلَى وَكَانَتْ عَائِشَةُ يَؤُمُّهَا عَبْدُهَا ذَكْوَانُ مِنْ الْمُصْحَفِ.- الْبُخَارِيُّ.

Also read: റമദാനില്‍ അനുഷ്ടിക്കുവാന്‍ പത്ത് പുണ്യകര്‍മ്മങ്ങള്‍

അതിന്റെ വ്യാഖ്യാനത്തില് ഇമാം ഇബ്‌നു ഹജര് ഇങ്ങനെ പറയുന്നത് കാണാം:

നമസ്‌കരിക്കുന്നയാള്ക്ക് മുസ്ഹഫ് നോക്കി ഓതുന്നതിന് ചിലര് ഇത് തെളിവാക്കിയിട്ടുണ്ട്. എന്നാല് നമസ്‌കാരത്തില് അധികമായി ചെയ്യുന്ന കര്മമായി ഗണിച്ചുകൊണ്ട് മറ്റുചിലരത് വിലക്കുകയും ചെയ്തിട്ടുണ്ട്.-(ഫത്ഹുല് ബാരി: 2/185).

وَقَالَ الْحَافِظُ ابْنُ حَجَرٍ: عَنْ اِبْن أَبِي مُلَيْكَةَ أَنَّ عَائِشَة كَانَ يَؤُمُّهَا غُلَامهَا ذَكْوَانُ فِي الْمُصْحَف، وَوَصَلَهُ اِبْن أَبِي شَيْبَة قَالَ حَدَّثَنَا وَكِيع عَنْ هِشَام بْن عُرْوَة عَنْ أَبِي بَكْر بْن أَبِي مُلَيْكَة عَنْ عَائِشَة أَنَّهَا أَعْتَقَتْ غُلَامًا لَهَا عَنْ دُبُرٍ، فَكَانَ يَؤُمُّهَا فِي رَمَضَانَ فِي الْمُصْحَفِ. وَوَصَلَهُ الشَّافِعِيّ وَعَبْد الرَّزَّاق مِنْ طَرِيق أُخْرَى عَنْ اِبْن أَبِي مُلَيْكَة أَنَّهُ كَانَ يَأْتِي عَائِشَة بِأَعْلَى الْوَادِي – هُوَ وَأَبُوهُ وَعُبَيْد بْن عُمَيْر وَالْمِسْوَر بْن مَخْرَمَةَ وَنَاس كَثِير – فَيَؤُمُّهُمْ أَبُو عَمْرو مَوْلَى عَائِشَة وَهُوَ يَوْمَئِذٍ غُلَام لَمْ يَعْتِقْ، وَأَبُو عَمْرو الْمَذْكُور هُوَ ذَكْوَانُ، وَإِلَى صِحَّة إِمَامَة الْعَبْد ذَهَبَ الْجُمْهُور.-فَتْحُ الْبَارِي: بَابُ إِمَامَةِ الْعَبْدِ وَالْمَوْلَى.

സുന്നത്ത് നമസ്‌കാരമെന്നോ ഫര്ദ് നമസ്‌കാരമെന്നോ വ്യത്യാസമില്ലാതെ നമസ്‌കാരത്തില് മുസ്ഹഫ് നോക്കി ഓതാന് പാടില്ലെന്നാണ് ഹനഫീ വീക്ഷണം. നേരെമറിച്ച് അതനുവദനീയമാണ് എന്നാണ് ശാഫിഈ വീക്ഷണം. എന്നാല് സുന്നത്ത് നമസ്‌കാരങ്ങളില് അത് അനുവദനീയമാണെന്നും ഫര്ദില് അങ്ങനെ പറ്റില്ലെന്നുമാണ് മാലികീ വീക്ഷണം.

Also read: നോമ്പിന്‍റെ ഫിദ്‌യമാസപ്പിറവി തീരുമാനിക്കുന്നതിൽ ഏതിനാണ് മുൻഗണന

ഇതെല്ലാം വെച്ച് കൊണ്ട് അവശ്യ സന്ദര്ഭങ്ങളില് മുസ്ഹഫ് നോക്കി ഓതിക്കൊണ്ട് നമസ്‌കരിക്കാമെന്നാണ് പണ്ഡിതന്മാർ ഫത്‌വ നല്കിയിട്ടുള്ളത്. തുടര്ച്ചയായി ചെയ്യുന്ന അധിക കര്മങ്ങളേ നമസ്‌കാരത്തെ ബാധിക്കുകയുള്ളൂ എന്നും, ഇവിടെ അതില്ലെന്നുമാണ് അവരുടെ വാദം. തദ്വിഷയകമായി ആയിശ (റ) യുടെ മാതൃക അവര് ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്.

സ്വഹാബിമാർ അങ്ങനെ ചെയ്യാറുണ്ടായിരുന്നു എന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. അനസ് (റ) വിന്റെ പിന്നില് ഒരു പയ്യന് മുസ്ഹഫ് പിടിച്ച് നമസ്‌കരിക്കാറുണ്ടായിരുന്നുവെന്നും വല്ല ആയത്തും കിട്ടാതെവരുമ്പോൾ അവന് തിരുത്തി കൊടുക്കുമായിരുന്നു എന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.- (മുസ്വന്നഫ് അബീ ശൈബ: 1/194).

كَانَ أَنَسٌ يُصَلِّي وَغُلاَمُهُ يُمْسِكُ الْمُصْحَفَ خَلْفَهُ فَإِذَا تَعَايَا فِي آيَةٍ فَتَحَ عَلَيْهِ.- رَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ: 7300.

ഇങ്ങനെ മുസ്ഹഫ് നിവര്ത്തുന്നതും ഇടക്ക് പേജുകള് മറിക്കുന്നതും തുടര്ച്ചയായി ചെയ്യാതിരുന്നാല് നമസ്‌കാരം ബാത്വിലാവുകയില്ല എന്ന് ശാഫിഈ മദ്ഹബിന്റെ ഗ്രന്ഥങ്ങളിലും കാണാം (ശര്വാനി: 2/152, മുഗ്‌നി: 3/31).

Also read: നോമ്പിന്‍റെ ഫിദ്‌യ

ഇമാം ഇബ്നു ഖുദാമ പറയുന്നു: ഞങ്ങളില് ഏറ്റവും ഉത്തമരായവര് മുസ്ഹഫ് നോക്കി ഓതാറുണ്ടായിരുന്നു എന്ന് ഇമാം സുഹ്‌രി പ്രസ്താവിച്ചിട്ടുണ്ട്.-(മുഗ്നി, അല് മൗസൂഅല് ഫിഖ്ഹിയ്യ: 33/57).

ചുരുക്കത്തില് മനഃപാഠമുള്ളവര് അത് കൂടുതല് ദൃഢമാക്കി മുസ്ഹഫ് കൂടാതെ തന്നെ ഓതുകയാണ് വേണ്ടത്. എന്നാല് അങ്ങനെയുള്ളവര് ഇല്ലാത്ത അവസ്ഥയില് ഓതാനറിയുന്നവര് തറാവീഹ് പോലുള്ള സുന്നത്ത് നമസ്‌കാരങ്ങളില് മുസ്ഹഫ് നോക്കി ഓതാം എന്ന വീക്ഷണമനുസരിച്ച് പ്രവര്ത്തിക്കുകയുമാണ് നല്ലത്. അത് മൊബൈല് ഫോണ് ഉപയോഗിച്ചായാലും തരക്കേടില്ല. പക്ഷെ ചലനങ്ങള് പരമാവധി കുറച്ചുകൊണ്ട് നമസ്‌കാരത്തിന്റെ സുപ്രധാന ഘടകമായ ഖുശൂഇന് (ഏകാഗ്രതയും ഭക്തിയും) ഭംഗം വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്.

Recent Posts

Related Posts

error: Content is protected !!