Tuesday, June 18, 2024
Homeഇബാദത്ത്നമസ്കാരങ്ങൾ "ജംഅ് ' ചെയ്യൽ അനുവദനീയമാണോ ?

നമസ്കാരങ്ങൾ “ജംഅ് ‘ ചെയ്യൽ അനുവദനീയമാണോ ?

ചോദ്യം- ളുഹ്ർ മുതൽ മഗ്രിബ് വരെ നീണ്ടുനില്ക്കുന്ന ഒരു സമ്മേളനത്തിൽ പങ്കെടുക്കുന്ന ഒരാൾക്ക് ളുഹ്ർ, അസ്വ്ർ നമസ്കാരങ്ങൾ ജംഅ് ചെയ്ത് നമസ്കരിക്കാമോ?

ഉത്തരം- ന്യായമായ കാരണങ്ങളുണ്ടെങ്കിൽ ളുഹ്ർ, അസ്വ്ർ നമസ്കാരങ്ങൾ തമ്മിലും മഗ്രിബ്, ഇശാഅ് നമസ്കാരങ്ങൾ തമ്മിലും ജംഅ് ചെയ്ത് നമസ്കരിക്കുന്നതിന്ന് ഹമ്പലി മദ്ഹബിലെ പണ്ഡിതൻമാർ അനുമതി നല്കുന്നു. വലിയ ഒരു ലഘൂകരണമാണിത്. യാത്രയിലല്ലാതിരുന്നപ്പോഴും മഴയില്ലാതിരുന്നപ്പോഴും നബി (സ) ജംഅ് ചെയ്തു നമസ്കരിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഉദ്ദേശ്യം എന്തെന്ന് ഇബ്നു അബ്ബാസിനോട് അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “”തന്റെ സമുദായത്തിന്ന് ക്ലേശമുണ്ടാക്കാതിരിക്കുക എന്നാണ് തിരുമേനി ഉദ്ദേശിച്ചത്.”

ഫർദ് നമസ്കാരങ്ങൾ കൃത്യസമയത്ത് നിർവഹിക്കുന്നത് ബുദ്ധിമുട്ടായി അനുഭവപ്പെടുന്ന ഘട്ടങ്ങളിൽ ജംഅ് ചെയ്ത് നമസ്കരിക്കാവുന്നതാണ്. അതൊരു പതിവാക്കരുത് എന്നേ ഉള്ളൂ. രണ്ടു ദിവസവും മൂന്നുദിവസവും ഇടവിട്ടോ ഇടക്കിടെ വല്ല പ്രത്യേക ആവശ്യങ്ങൾ പ്രമാണിച്ചോ അത് ചെയ്തുകൂടാ. അപൂർവമായ ഘട്ടങ്ങളിലേ അതനുവദനീയമാകൂ. അതും വല്ലാത്ത ബുദ്ധിമുട്ടനുഭവപ്പെടുന്നുവെങ്കിൽ അതൊഴിവാക്കാൻ മാത്രം. ഉദാഹരണമായി, മഗ്രിബിന്നുമുമ്പ് തുടങ്ങി ഇശാഇന്നു ശേഷം അവസാനിക്കുന്ന ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടിവരുന്ന ഒരു ട്രാഫിക് പോലീസുകാരന്ന് മഗ്രിബ്, ഇശാഅ് നമസ്കാരങ്ങൾ സൗകര്യംപോലെ മഗ്രിബിന്റെ സമയത്തോ ഇശാഇന്റെ സമയത്തോ ജംഅ് ചെയ്ത് നമസ്കരിക്കാവുന്നതാണ്. അല്ലെങ്കിൽ രോഗിയുടെ അരികിൽനിന്ന് വിട്ടുപോവാൻ കഴിയാത്ത ഒാപ്പറേഷൻ പോലുള്ള ചികിത്സ നടത്തുന്ന ഒരു ഡോക്ടർക്കും ഇതാവാം. ഇസ്ലാമിന്റെ ആളുകൾക്ക് അനുവദിക്കപ്പെട്ട ഒരു ലഘൂകരണവും അവരുടെ ക്ലേശങ്ങൾ അകറ്റുവാനുള്ള ഒരു മാർഗവുമത്രെ ഇത്.

എന്നാൽ, വല്ല പ്രത്യേക കാര്യവുമായി ബന്ധപ്പെട്ട സമ്മേളനങ്ങളിൽ സംബന്ധിക്കുന്നവരെ സംബന്ധിച്ചിടത്തോളം ജംഅ് ചെയ്യുവാൻ മതിയായ കാരണമോ അനിവാര്യതയോ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അയാൾക്കവിടെ നമസ്കരിക്കാൻ ഉള്ള അവസരം കണ്ടെത്താൻ പ്രയാസമുണ്ടാവില്ല. സ്തീയാകട്ടെ, പുരുഷനാകട്ടെ അത്തരം ഇടങ്ങളിൽ വെച്ച് നമസ്കരിക്കുന്നതിൽ ലജ്ജ തോന്നാൻ പാടില്ലാത്തതാണ്. നമസ്കാരം നിർവഹിക്കുന്ന കാര്യത്തിൽ ലജ്ജ അനുവദനീയമല്ല എന്നു മാത്രമല്ല, നമസ്കാരത്തിന്റെ പ്രാധാന്യം മറ്റുള്ളവർക്ക് പഠിപ്പിച്ചുകൊടുക്കത്തക്കവിധം അയാളൊരു മാതൃകയാവേണ്ടത് നിർബന്ധവുമാണ്. കാരണം പ്രകടമാവേണ്ടുന്ന ദൈവിക ചിഹ്നങ്ങളിലൊന്നാണ് നമസ്കാരം. മുസ്ലിംകൾ അത് പരസ്യമായി ചെയ്യുകയും അതിനെ ആദരിക്കുകയും വേണം. “”ആർ അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുന്നുവോ, അവരുടേത് ദൈവഭക്തിയുള്ള ഹൃദയങ്ങളിൽ പെട്ടതാണ്” എന്ന് ഹജ്ജ് അധ്യായത്തിൽ അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നു.

മിക്ക മുസ്ലിം രാജ്യങ്ങളിലും നടക്കുന്ന ഒൗദ്യോഗിക യോഗങ്ങളുടെ ആക്ഷേപാർഹമായ വശം അവ നമസ്കാരസമയങ്ങളെ വിഴുങ്ങിക്കളയുന്നു എന്നതാണ്; വിശേഷിച്ചും മഗ്രിബ് നമസ്കാരം. അല്ലാഹുവോടുള്ള ബാധ്യതയെക്കുറിച്ചോ നമസ്കാരം കൃത്യസമയത്ത് നിർവഹിക്കുവാൻ വ്യഗ്രത കൊള്ളുന്ന വിശ്വാസിയുടെ വികാരങ്ങളെക്കുറിച്ചോ അവർക്കൊട്ടും ചിന്തയില്ല.

നമസ്കാരം കൃത്യമായി അനുഷ്ഠിക്കുന്നവർ ഇത്തരം സമ്മേളനങ്ങളിൽ സംബന്ധിക്കുകയാണെങ്കിൽ, നമസ്കാരസമയം ആഗതമായാൽ ഒന്നായെഴുന്നേറ്റ് നമസ്കരിച്ചിരുന്നുവെങ്കിൽ അത്തരം യോഗങ്ങൾ സംഘടിപ്പിക്കുന്നവർ നമസ്കാരത്തിന്റെ സമയത്തെപ്പറ്റി ഒരായിരം തവണ ആലോചിച്ചേനെ.

ഏതായാലും ഒരു നമസ്കാരം കൃത്യസമയത്ത് അനുഷ്ഠിക്കുവാൻ വലിയ പ്രയാസമോ ബുദ്ധിമുട്ടോ അനുഭവപ്പെടുന്നപക്ഷം അയാൾക്ക് മുമ്പു പറഞ്ഞപോലെ ജംഅ് ചെയ്ത് നമസ്കരിക്കാവുന്നതാണ്.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!