Home അനുഷ്ഠാനം നമസ്കാരം പള്ളിയില്‍ കിടന്നുറങ്ങാമോ?

പള്ളിയില്‍ കിടന്നുറങ്ങാമോ?

ചോദ്യം: പള്ളിയില്‍ കിടന്നുറങ്ങുന്നതിന്റെ വിധിയെന്താണ്?

ഉത്തരം: ‘ചില ഭവനങ്ങളിലെത്രെ (ആ വെളിച്ചമുള്ളത്). അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്റെ മഹത്വം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ചില ആളുകള്‍, അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു.’ (അന്നൂര്‍: 36-37).
പള്ളിയെന്നത് ഇബാദത്ത് ചെയ്യുന്നതിന് വേണ്ടിയുള്ള സ്ഥലമാണ്. അവിടെ ഭയഭക്തിയോടെ ഇബാദത്ത് ചെയ്യുന്നതിന് സ്വസ്ഥതയും ശാന്തതയും നിര്‍ബന്ധമായും നിലനിര്‍ത്തേണ്ടതുണ്ട്. മസ്ജിദുകളോടുള്ള ആദരവിന്റെ ഭാഗമായി കളിയും വിനോദങ്ങളുമെല്ലാം ഒഴിവാക്കേണ്ടതുമുണ്ട്. പള്ളിയിലിരുന്ന് ഖുര്‍ആന്‍ പാരായണം നടത്തുകയും, ഖുര്‍ആന്‍ പഠിക്കുകയും ചെയ്യുന്നവരെ അല്ലാഹുവിന്റെ മാലാഖമാര്‍ ഇഷ്ടപ്പെടുന്നുവെന്ന് ഹദീസ് വ്യക്തമാക്കുന്നു. മാലാഖമാര്‍ നല്ല അന്തരീക്ഷത്തിലാണ് ഉണ്ടായിരിക്കുക; ചീത്ത പരിസരത്ത് നിന്ന് ഓടിയകലുന്നതാണ്. അവര്‍ വന്നെത്തുമ്പോള്‍ അവരോടൊപ്പം അനുഗ്രഹവും കാരുണ്യവും വന്നെത്തുന്നു. ഇനി, അവര്‍ രക്ഷിതാവിങ്കലെത്തുമ്പോള്‍ ഈ നല്ലവരായ മനുഷ്യരെ സംബന്ധിച്ച് സാക്ഷ്യംവഹിക്കുകയും ചെയ്യുന്നു.

Also read: അപ്പോള്‍ മെറ്റാഫിസിക്‌സ് ചര്‍ച്ചകള്‍ ഇസ്‌ലാമില്‍ പ്രസക്തമല്ലേ?

പ്രവാചകന്‍(സ) പള്ളിയില്‍ മലര്‍ന്നുകിടന്ന് കാലിന്മേല്‍ കാല് കയറ്റി ഉറങ്ങാറുണ്ടെന്ന് സ്വഹീഹ് ബുഖാരിയിലും മുസ്‌ലിമിലും വന്നിട്ടുണ്ട്. മസ്ജിദുന്നബവിയില്‍ ചിലപ്പോള്‍ ഉമറും(റ) ഉസ്മാനും(റ) മലര്‍ന്നുകിടന്ന് ഉറങ്ങാറുണ്ടായിരുന്നുവെന്ന് അതുപോലെ സ്ഥിരപ്പെട്ടതാണ്. ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു: വിവാഹം കഴിച്ചിട്ടില്ലാത്ത ചെറുപ്പക്കാരനായ ഇബ്‌നു ഉമര്‍ പള്ളിയില്‍ കിടന്നുറങ്ങാറുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം കുറച്ച് ചെറുപ്പക്കാര്‍ രാത്രിയിലും ഉച്ചസമയത്തും ഉണ്ടാകുമായിരുന്നു. ഇമാം ബുഖാരി രേഖപ്പെടുത്തുന്നു: അലി(റ) ഫാത്വിമ(റ)യോട് ദേഷ്യപ്പെട്ടപ്പോള്‍ അവര്‍ പള്ളിയലേക്ക് പോവുകയും അവിടെ ഉറങ്ങുകയും ചെയ്തു. മസ്ജിദുന്നബവിയില്‍ സുഫ്ഫയുണ്ടായിരുന്നു- ദരിദ്രരായവരുടെ അഭയസ്ഥലം. സുഫ്ഫയില്‍ പ്രവാചകന്റെ അനുയായികള്‍ തങ്ങാറുണ്ടായിരുന്നു. അതുപോലെ, സഅദ് ബിന്‍ മുആദിനെ അഹ്‌സാബ് യുദ്ധ സമയത്ത് ചികിത്സക്കായി പ്രവാചകന്‍ കിടത്തിയിരുന്നത് മസ്ജിദിലായിരുന്നുവെന്ന് സ്വഹീഹ് ബുഖാരിയിലും മുസ്‌ലിമിലും സ്ഥിരപ്പെട്ടതാണ്. സുമാമത് ബിന്‍ ഉസാല്‍ ബന്ധിയായി പിടിക്കപ്പെട്ടപ്പോള്‍ പള്ളിയിലാണ് ബന്ധിക്കപ്പെട്ടിരുന്നത്(സുമാമത്ത് ബിന്‍ ഉസാല്‍ മുശ്‌രിക്കായിരുന്നു).

ഈ റിപ്പോര്‍ട്ടുകളെല്ലാം മുന്നില്‍വെച്ച് ഭൂരിപക്ഷം പണ്ഡിതന്മാര്‍ പള്ളിയില്‍ കിടന്നുറങ്ങുന്നത് അനുവദനീയമാണെന്ന് അഭിപ്രായപ്പെടുന്നു. മുശ്‌രിക്കിന് അനുവദനീയമാണെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ അനുവദനീയമാവുക മുസ്‌ലിമിനാണ്. എന്നാല്‍, നമസ്‌കാരത്തിന് തയാറെടുത്ത് പളളിയില്‍ വിശ്രമിക്കാനല്ലാതെ ഉറങ്ങുന്നതിനെ വെറുക്കപ്പെട്ട കാര്യമായിട്ടാണ് ഇബ്‌നു അബ്ബാസ്(റ) കാണുന്നത്. ഇബ്‌നു മസ്ഊദ്(റ) പള്ളിയില്‍ കിടന്നുറങ്ങുന്നതിനെ നിരുപാധികം വെറുക്കപ്പെട്ടതായി വീക്ഷിക്കുന്നു. ഇമാം മാലിക് താമസസൗകര്യമില്ലാത്തവര്‍ പള്ളിയില്‍ കിടക്കുന്നത് അനുവദനീയമാണെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍, വീടുണ്ടായിട്ടും പള്ളിയില്‍ കിടന്നുറങ്ങുന്നത് വെറുക്കപ്പെട്ടതാണ്.

Also read: ഹിജാസ് റെയിൽവേ പദ്ധതിയും ബോസ്നിയൻ മുസ് ലിംകളും

ഇതെല്ലാം പള്ളിയില്‍ കിടന്നുറങ്ങുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളാണ്. മലക്കുകളെ അല്ലാഹുവിന്റെ ഭവനത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന് കാരണമാകുന്ന ചീത്ത ഗന്ധങ്ങള്‍ പള്ളിയില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ, ഔറത്ത് വെളിപ്പെടാതിരിക്കാനും സൂക്ഷിക്കേണ്ടതുണ്ട്. സംഗ്രഹിച്ചുപറഞ്ഞാല്‍, പള്ളിയില്‍ ഉറങ്ങുന്നത് നിഷിദ്ധമാണെന്ന് പറയാന്‍ കഴിയുകയില്ല. എന്നാല്‍, പ്രയാസവും സങ്കീര്‍ണതയും സൃഷ്ടിക്കുകയാണെങ്കില്‍ അത് വെറുക്കപ്പെട്ടതാണ്. എന്നാല്‍, ആവശ്യമായ സന്ദര്‍ഭങ്ങളില്‍ പള്ളിയിലുറങ്ങുന്നതില്‍ പ്രശ്‌നമില്ല. ഉദാഹരണം: ഇഅ്തികാഫിരിക്കുക, കുറച്ചുസമയം വിശ്രമിക്കുക, താമസ സൗകര്യം ഇല്ലാതിരിക്കുക തുടങ്ങിയവ.

അവലംബം: islamonline.net

error: Content is protected !!