Home അനുഷ്ഠാനം നമസ്കാരം ദുഹാ നമ്‌സകാരത്തിന്റെ പ്രാധാന്യം

ദുഹാ നമ്‌സകാരത്തിന്റെ പ്രാധാന്യം

ചോദ്യം: ദുഹാ നമസ്‌കാരത്തിന്റെ ശ്രേഷ്ഠതയെന്താണ്?

മറുപടി: പുണ്യകരമായ ഐച്ഛികകര്‍മമാണ് ദുഹാ നമസ്‌കാരം. അതിന് മഹത്തായ ശ്രേഷ്ഠതയുണ്ട്. അല്ലാഹുവിന്റെ റസൂല്‍(സ) പറയുന്നു: നിങ്ങളില്‍ ഓരോരുത്തരുടെയും ഓരോ അസ്ഥിസന്ധികളിലും നിങ്ങള്‍ക്ക് സ്വദഖയുണ്ട്. ഓരോ തസ്ബീഹിലും (അവന്റെ വിശുദ്ധിയെ വാഴ്ത്തുക), ഓരോ തഹ്‌മീദിലും (അവനെ സ്തുതിക്കുക), ഓരോ തഹ്‌ലീലിലും (ലാ ഇലാഹ ഇല്ലല്ല-അല്ലാഹുവല്ലാതെ ആരാധ്യനില്ല), ഓരോ നന്മ കല്‍പിക്കുന്നതിലും, ഓരോ തിന്മ വിരോധിക്കുന്നതിലും നിങ്ങള്‍ക്ക് സ്വദഖയുണ്ട്. ദുഹാ രണ്ട് റക്അത്ത് നമസ്‌കരിക്കുന്നത് അതിന് പകരമാകുന്നതാണ്. (അബൂദര്‍റില്‍ നിന്ന് അഹ്‌മദും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നു)

അല്ലാഹുവിന്റെ റസൂല്‍(സ) പറയുന്നു: അല്ലാഹു പറയുന്നു: ആദം സന്തതികളേ, പകലിന്റെ ആദ്യത്തില്‍ എനിക്ക് നാല് റക്അത്ത് നമസ്‌കരിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങളുടെ പരലോകം സംരക്ഷിക്കുന്നതാണ്. (നുഅയ്മ് അല്‍ഗത്ഫാനിയില്‍ നിന്ന് തുര്‍മുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇമാം അല്‍ബാനി സ്വഹീഹ് അല്‍ജാമിഇല്‍ ഹദീസ് സ്വഹീഹാണെന്ന് അഭിപ്രായപ്പെടുന്നു-4339)

അബ്ദുല്ലാഹി ബിന്‍ അംറ്(റ)വില്‍ നിവേദനം: അല്ലാഹുവിന്റെ റസൂല്‍ സൈന്യത്തെ നിയോഗിക്കുകയും, അവര്‍ ഗനീമത്ത് (യുദ്ധമുതല്‍) നേടുകയും, വേഗത്തില്‍ മടങ്ങുകയും ചെയ്തു. യുദ്ധം പെട്ടെന്ന് അവസാനിക്കുകയും, ധാരാളം ഗനീമത്തുകള്‍ നേടുകയും, വേഗത്തില്‍ മടങ്ങുകയും ചെയ്തതിനെ കുറിച്ച് ജനങ്ങള്‍ സംസാരിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: വേഗത്തില്‍ അവസാനിക്കുന്ന, ധാരാളം ഗനീമത്തുകള്‍ നേടിത്തരുന്ന, വേഗത്തില്‍ മടങ്ങാവുന്ന കാര്യത്തെ കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? ആര്‍ വുദൂ എടുക്കുകയും, ദുഹാ പ്രകീരത്തനത്തിന് (ദുഹാ നമസ്‌കാരത്തിന്) മസ്ജിദിലേക്ക് പോവുകയും ചെയ്യുന്നുവോ അവനാണ് വേഗത്തില്‍ യുദ്ധം അവസാനിപ്പിക്കുകയും ധാരാളം ഗനീമത്ത് നേടുകയും വേഗത്തില്‍ തിരിച്ചെത്തുകയും ചെയ്തവന്‍. (ഇമാം ത്വബ്റാനി റിപ്പോര്‍ട്ട് ചെയ്യുന്നു)

അത് അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞ അല്ലാഹുവിലേക്ക് നിരന്തരം പശ്ചാത്തപിച്ച് മടങ്ങുന്നവരുടെ (അവ്വാബൂന്‍) നമസ്‌കാരമാണ്. അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: പ്രഭാതത്തില്‍ ഒട്ടക കുഞ്ഞിന് ചൂടേല്‍ക്കുന്ന സമയമാണ് സ്വലാത്തു അവ്വാബീന്‍. (സൂര്യോദയത്തിന് ശേഷം ചൂട് കൂടിവരുന്ന സമയം മുതല്‍ സൂര്യന്‍ മധ്യത്തില്‍ നീങ്ങുന്ന ദുഹറിന്റെ സമയത്തിന് മുമ്പാണ് ദുഹാ നമസ്‌കാരത്തിന്റെ സമയം). ദുഹാ നമസ്‌കാരത്തിന്റെ ശ്രേഷ്ഠതയെ സംബന്ധിച്ച് ധാരാളം ഹദീസുകളും മുന്‍ഗാമികളുടെ വാക്കുകളും കാണാന്‍ കഴിയും. വിശ്വാസികള്‍ ദുഹാ നമസ്‌കാരം പതിവാക്കേണ്ടതുണ്ട്. അബൂ ഹുറൈറ(റ)യില്‍ നിന്ന് നിവേദനം: മാസത്തില്‍ മൂന്ന് നോമ്പ്, ദുഹാ നമസ്‌കാരത്തിന്റെ രണ്ട് റക്അത്ത്, ഉറങ്ങുന്നതിന് മുമ്പ് ഒറ്റകൊണ്ട് അവസാനിപ്പിക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ എന്റെ കൂട്ടുകാരന്‍ എന്നോട് ഉപദേശിച്ചു. (ബുഖാരി, മുസ്‌ലിം)

അവലംബം- ഇസ്ലാം വെബ്
വിവ. അർശദ് കാരക്കാട്

error: Content is protected !!