Thursday, April 18, 2024
Homeഅനുഷ്ഠാനംകാലുറ തടവൽ

കാലുറ തടവൽ

ചോദ്യം -വുദൂഅ് ചെയ്യുമ്പോൾ കാല് കഴുകുന്നതിനു പകരം കാലുറമേൽ തടവിയാൽ മതിയാകുമോ?

ഉത്തരം- കാലുറ ധരിക്കുമ്പോൾ വുദൂഅ് ഉണ്ടായിരിക്കുകയും പിന്നീട് വുദൂഅ് നഷ്ടപ്പെടുകയും ചെയ്താൽ വീണ്ടും വുദൂഅ് ചെയ്യുകയാണെങ്കിൽ കാലുറകളിൽ തടവിയാൽ മതിയാവും. യാത്രക്കാരനല്ലെങ്കിൽ ഒരു ദിവസവും യാത്രക്കാരനാണെങ്കിൽ മൂന്നു ദിവസവും ഇങ്ങനെ ചെയ്യാം. വുദൂഅ് ചെയ്യുന്നത് സുഗമമാക്കുന്ന ഒന്നാണിത്. കാലുറയഴിച്ച് തണുത്ത ജലത്തിൽ കാല് കഴുകുന്നത് ദുസ്സഹമായിത്തീരുന്ന ശൈത്യകാലങ്ങളിൽ വിശേഷിച്ചും. ഇസ്‌ലാം, കാര്യങ്ങൾ എളുപ്പമാക്കാൻ ശ്രമിക്കുന്ന മതമാണെന്ന കാര്യം സുവിദിതമാണല്ലോ. അത് അസൗകര്യങ്ങളും പ്രയാസങ്ങളും സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ല.

പത്തിലേറെ സഹാബികളിൽനിന്ന് ഉദ്ധരിക്കപ്പെട്ട കാര്യമാണിത്. അവരെല്ലാം കാലുറകളിൽ തടവുന്നത് സ്വീകാര്യമാണ് എന്ന് ഫത്‌വ നൽകുകയുണ്ടായി എന്നാൽ, ചില കർമശാസ്ത്ര പണ്ഡിതൻമാർ ഇതിന് കർശനമായ ചില ഉപാധികൾ നിശ്ചയിച്ചിരിക്കുന്നു. കാലുറ ധരിച്ച് നടക്കാൻ കഴിയുന്ന ആളാകണം. കാലുറമേൽ മുന്നുവിരൽക്കനത്തിൽ കീറലുണ്ടാകരുത് തുടങ്ങിയവ അതിൽ പെടുന്നു. യഥാർഥത്തിൽ ഇത്തരം ഉപാധികൾ നബിചര്യ വഴി സ്ഥിരീകരിക്കപ്പെട്ടവയല്ല. മറിച്ച്, സൗകര്യം മാത്രമാണ് ഇതിന്നടിസ്ഥാനം. കാലുറമേൽ തടവിയാൽ വുദൂഅ് സ്വീകാര്യമാവുമെന്ന് സഹാബികൾ ഫത്‌വ നൽകിയിട്ടുണ്ടെങ്കിൽ ഇളവ് അനുഭവിക്കാൻ മുസ്‌ലിമിന് അനുവാദമുണ്ട്. അസൗകര്യമായതുകൊണ്ടു മാത്രം നമസ്‌കാരം ഉപേക്ഷിക്കുന്ന ധാരാളം ആളുകളുണ്ട് ഇക്കാലത്ത്. അവരുടെ സങ്കീർണമായ വസ്ത്രധാരണരീതിയാണ് അസൗകര്യങ്ങളുടെ ഹേതു. ഉറച്ച വിശ്വാസമോ ആദമ്യമായ ഉൾപ്രേരണയോ ഇല്ലാത്ത അത്തരക്കാർക്ക് പാദരക്ഷയും കാലുറകളും അഴിച്ചുവെച്ച് വുദൂഅ് ചെയ്യുന്നത് ഒരു ഭാരമാണ്. ശുദ്ധിയോടെയാണ് അവ ധരിച്ചിട്ടുള്ളതെങ്കിൽ വുദൂഅ് ചെയ്യുമ്പോൾ അതിൻമേൽ തടവിയാൽ മതിയാകുമെന്ന് അവരോട് പറഞ്ഞാൽ അവർക്കത് വലിയൊരു സൗകര്യമാവും. ഇക്കാര്യം ഞാൻ പലപ്പോഴായി അനുഭവിച്ചറിഞ്ഞതാണ്.

ജനങ്ങൾക്ക് പരമാവധി സൗകര്യങ്ങൾ അനുവദിച്ചുകൊടുക്കേണ്ടത് പണ്ഡിതന്റെ ബാധ്യതയാകുന്നു. അയാൾ സമകാലീന സമൂഹത്തിന്റെ പ്രത്യേകതകൾ പരിഗണിക്കേണ്ടതുണ്ട്. ഇസ്‌ലാം വിശാലമനസ്‌കത പ്രദർശിപ്പിച്ചിട്ടുള്ള കാര്യങ്ങളിൽ സങ്കീർണത സൃഷ്ടിക്കുന്നതിനു പകരം സൗകര്യങ്ങൾ നൽകുക എന്നതാണ് എന്റെ സമീപന രീതി. ഈ രീതി സ്വീകരിക്കുവാൻ രണ്ടു കാരണങ്ങളുണ്ട്.

ഒന്ന്: നിയമനിർമാണത്തിൽ സൗകര്യത്തിന് പരിഗണന നൽകുക എന്നത് ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ ആത്മാവാണ്. വുദൂഇനെപ്പറ്റി പറയുന്ന സൂക്തം അല്ലാഹു ഉപസംഹരിക്കുന്നതു നോക്കൂ: ”നിങ്ങൾക്ക് പ്രയാസങ്ങളുണ്ടാക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല; മറിച്ച്, നിങ്ങളെ ശുദ്ധീകരിക്കുവാനും തന്റെ അനുഗ്രഹം നിങ്ങളിൽ പൂർത്തീകരിക്കുവാനുമാണ് അവൻ ഉദ്ദേശിക്കുന്നത്. നിങ്ങൾ നന്ദിയുള്ളവരായേക്കാം.”( അൽമാഇദ-6 ) വ്രതാനുഷ്ഠാനം സംബന്ധിച്ച് അല്ലാഹു പറയുന്നു: ”അല്ലാഹു നിങ്ങൾക്ക് എളുപ്പമാണുദ്ദേശിക്കുന്നത്; നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കണമെന്ന് അവൻ ഉദ്ദേശിക്കുന്നില്ല.”

രണ്ട്: വഴിതെറ്റിക്കുന്ന ഏറെ പ്രലോഭനങ്ങൾ നിറഞ്ഞതാണ് കാലഘട്ടം. മതനിഷ്ഠയോടെ ജീവിക്കുന്നവന് തീക്കൊള്ളി പിടിക്കുന്നവന്റെ അനുഭവം. അതിനാൽ, മതനിഷ്ഠയോടെ ജീവിക്കുവാൻ ജനങ്ങളെ സഹായിക്കുകയാണ് പണ്ഡിതരുടെ ബാധ്യത. ജനങ്ങൾ മതത്തെ വെറുക്കാനിടയാക്കുന്ന വിധം അവർ പെരുമാറിക്കൂടാ. കാർക്കശ്യം അവരിൽ വെറുപ്പുളവാക്കും. ലഘൂകരണം അവരെ മതത്തോട് അടുപ്പിക്കുകയേ ഉള്ളൂ. മതത്തോട് വെറുപ്പും മടുപ്പും ഉളവാക്കുവാൻ കാരണക്കാരാകുന്നവർ അല്ലാഹുവിന്റെ മുമ്പിൽ അതിന്റെ ഉത്തരവാദിത്വം ഏൽക്കേണ്ടിവരും. അതിനാൽ, ഓരോ മുസൽമാനോടും എനിക്ക് പറയുവാനുള്ളത് ഇതാണ്: ഇസ്‌ലാം എളുപ്പത്തിന്റെ മതമാണ്. പ്രയാസത്തിന്റെയല്ല. അല്ലാഹു ഈ സമുദായത്തിൽനിന്ന് പ്രയാസങ്ങളകറ്റിയിരിക്കുന്നു. ഇസ്‌ലാമിന്റെ നിർബന്ധബാധ്യതകളിലൊന്നുംതന്നെ ഒരു ബുദ്ധിമുട്ടും ദർശിക്കാനാവില്ല.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!