Home അനുഷ്ഠാനം കുട്ടികളുടെ നോമ്പ് എപ്പോൾ?

കുട്ടികളുടെ നോമ്പ് എപ്പോൾ?

ചോദ്യം- കുട്ടികൾ എപ്പോഴാണ് നോമ്പ് നോറ്റു തുടങ്ങേണ്ടത്?

ഉത്തരം- നബി (സ) പറയുന്നു: “”മൂന്ന് വിഭാഗങ്ങളിൽനിന്ന് പേന ഉയർത്തപ്പെട്ടിരിക്കുന്നു: കുട്ടി വലുതാവുന്നതുവരെ; ഉറങ്ങുന്നവൻ ഉണരുന്നതുവരെ; ഭ്രാന്തൻ സുഖം പ്രാപിക്കുന്നതുവരെ.” പേന ഉയർത്തപ്പെടുക എന്നതിനർഥം ബാധ്യതയിൽനിന്ന് ഒഴിവാക്കപ്പെടുക എന്നാണ്-ദൈവകല്പനകൾ ബാധകമാകാതിരിക്കുക. പക്ഷേ, മനുഷ്യപ്രകൃതിയെ പരിഗണിക്കുന്ന മതമാണ് ഇസ്ലാം. അതിനാൽ, ചെറുപ്പം തൊട്ടേ മനുഷ്യർ ഇസ്ലാമിന്റെ ആരാധനാ കർമങ്ങൾ അനുഷ്ഠിച്ചു തുടങ്ങണമെന്ന് അത് ആഗ്രഹിക്കുന്നു. അനുഷ്ഠാന കർമങ്ങളിൽ പരിചയവും പരിശീലനവും നേടുക എന്ന ഉദ്ദേശ്യമാണിതിന്നുള്ളത്. നമസ്കാരത്തെക്കുറിച്ച് തിരുദൂതർ പറയുന്നു: “”കുട്ടികൾക്ക് ഏഴു വയസ്സായാൽ അവരോട് നമസ്കരിക്കുവാൻ കല്പിക്കുക. പത്തു വയസ്സായാൽ അതിന്റെ പേരിൽ അവരെ അടിക്കുക.” വ്രതാനുഷ്ഠാനവും നമസ്കാരം പോലെ ഒരു നിർബന്ധ അനുഷ്ഠാനമാണ്. കുട്ടികളെ അത് ശീലിപ്പിക്കേണ്ടത് നിർബന്ധവുമാണ്. പക്ഷേ, എപ്പോൾ? ഏഴു വയസ്സു മുതൽ ആയിക്കൊള്ളണമെന്നില്ല. കാരണം, നോമ്പ് നമസ്കാരത്തേക്കാൾ പ്രയാസമുള്ളതാണ്. കുട്ടിയുടെ ശാരീരിക ശേഷിയാണതിന് നിദാനം. നോമ്പ് നോല്ക്കാൻ കുട്ടിക്ക് സാധിക്കും എന്ന് രക്ഷിതാക്കൾക്ക് തോന്നിയാൽ, റമദാനിലെ ചില ദിവസങ്ങളിൽ അത് പരിശീലിപ്പിച്ചു തുടങ്ങാം. വർഷം തോറും നോമ്പ് നോല്ക്കുന്ന ദിവസങ്ങളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടേ വരണം. പ്രായപൂർത്തിയെത്തുമ്പോഴേക്ക് മാസം മുഴുവൻ നോമ്പെടുക്കുവാനുള്ള പരിശീലനം കിട്ടിക്കഴിയും. ഇങ്ങനെയാണ് ചെറുപ്പം തൊട്ട് കുട്ടികൾക്ക് ഇസ്ലാമിക ശിക്ഷണം നല്കേണ്ടത്.

Previous articleകാരണമില്ലാതെ നോമ്പൊഴിവാക്കിയാൽ
Next articleനമസ്കാരം ഉപേക്ഷിക്കുന്നവന്റെ നോമ്പ്
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
error: Content is protected !!