ഇസ്‌ലാമിലെ രണ്ട് ആഘോഷങ്ങളായ ഈദുല്‍ഫിത്‌റിന്റെയും ഈദുല്‍ അദ്ഹായുടെയും പശ്ചാത്തലത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന ദാനമാണല്ലോ ഫിത്ര്‍ സകാത്തും ഉദ്ഹിയ്യത്ത് മാംസവും. സാധാരണയായി മുസ്‌ലിംകള്‍ക്കാണിത് നല്‍കാറുള്ളത്. എന്നാല്‍ ആവശ്യത്തിലും അതിലധികവും ഇത്തരം വേളകളില്‍ മുസ്‌ലിം വീടുകളില്‍ അരിയും മാംസവുമെല്ലാം എത്തുമ്പോഴും പ്രദേശത്ത് തന്നെയുള്ള നിര്‍ധനരായ പല മുസ്‌ലിമേതര വിടുകളിലും ഇതിന് ആവശ്യക്കാരായ ധാരാളമാളുകളുണ്ടാവാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഇതരമതസ്ഥര്‍ക്കും മറ്റും ഫിത്ര്‍ സകാത്തും ഉദ്ഹിയ്യത് മാംസവും നല്‍കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ്? -ശഫീഖ് കൊടിഞ്ഞി-
സാമൂഹിക ഘടനയുടെ സന്തുലിതത്വം നിലനിര്‍ത്താനാവാശ്യമായ നിര്‍ദ്ദേശങ്ങളാണ് ഇസ്‌ലാം പൊതുവായി ദാനധര്‍മത്തിലൂടെ നല്‍കുന്നത്. ഇസ്‌ലാം നിയമമാക്കിയ നിര്‍ബന്ധ ദാനത്തിന്റയും ഐഛിക ദാനധര്‍മങ്ങളുടെയും അടിസ്ഥാനം ഇതാണ്. സമൂഹത്തില്‍ ഒരു വിഭാഗം സുഖലോലുപതയില്‍ ആര്‍മാദിക്കുമ്പോള്‍ തൊട്ടടുത്ത് പട്ടിണികിടക്കുന്ന മറ്റൊരു വിഭാഗമുണ്ടാവാന്‍ പാടുള്ളതല്ല എന്ന നിഷ്‌കര്‍ഷയാണ് ഇസ്‌ലാമിനുള്ളത്. ഇതിന്റെ ഏറ്റവും ലളിതമായ അധ്യാപനമാണ് ‘അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് തിന്നുന്നവന്‍ വിശ്വാസിയല്ല’ എന്ന പ്രവാചകാധ്യാപനം. ഈ വചനത്തിന് പ്രമുഖ സഹാബിയായിരുന്ന അബ്ദുല്ലാഹ് ബിന്‍ അംറ് കര്‍മതലത്തില്‍ നല്‍കിയ വിശദീകരണം മുജാഹിദ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘അബദുല്ലാഹ് ബിന്‍ അംറിന്റെ വീട്ടില്‍ ആടറുത്തു. അദ്ദേഹം ചോദിച്ചു. നമ്മുടെ യഹൂദിയായ അയല്‍ക്കാരന് നിങ്ങളതില്‍ നിന്നും കൊടുത്തോ? ഇക്കാര്യം അദ്ദേഹം ആവര്‍ത്തിച്ച് ചോദിച്ച് കൊണ്ടേയിരുന്നു. തുടര്‍ന്ന് പറഞ്ഞു. പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു. ‘അയല്‍വാസിയുടെ കാര്യത്തെക്കുറിച്ച് ജിബ്‌രീല്‍ എന്നെ ഉപദേശിച്ച് കൊണ്ടേയിരുന്നു. അയല്‍ക്കാരന് അനന്തരാവകാശം ലഭിച്ചേക്കുമെന്ന് പോലും ഞാന്‍ വിചാരിച്ചു പോയി.’ (തിര്‍മുദി: 1943)
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് നല്‍കുന്ന ഫിത്വ്ര്‍ സകാത്തിനെ നബിതിരുമേനി(സ) തന്നെ വിശദീകരിക്കുന്നു. ‘ഇന്നേ ദിവസമെങ്കിലും മറ്റുള്ളവരോട് ചോദിക്കുന്നതില്‍ നിന്നും അവരെ(ദരിദ്രരെ) സ്വയംപര്യാപ്തരാക്കുക’. ഇവിടെ മുസലിമെന്നോ, അമുസ്‌ലിമെന്നോ പ്രവാചകന്‍ വേര്‍തിരിച്ചിട്ടില്ല. മാത്രമല്ല മുസ്‌ലിമേതര വിഭാഗങ്ങള്‍ക്ക് അവ നല്‍കുന്നതില്‍ നിന്നും വിലക്കുന്ന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. സകാത്തിന്റെ അവകാശികള്‍ തന്നെയാണ് ഇതിനും അര്‍ഹതയുള്ളവരെന്ന് ചില പണ്ഡിതന്മാര്‍ വിശദീകരിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിച്ച സകാത്തിന്റെ എട്ടവകാശികളില്‍ ഏകദേശം മൂന്ന് വിഭാഗങ്ങളില്‍ (ദരിദ്രര്‍, അഗതികള്‍, ഹൃദയമിണക്കേണ്ടവര്‍) ഇസ്‌ലാമേതര വിഭാഗങ്ങള്‍ ഉള്‍പെടുമെന്നത് പ്രബലമായ അഭിപ്രായമാണ്. ഉമര്‍(റ)വും, ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ)വും ബൈതുല്‍ മാലില്‍ നിന്നും, സകാത്തില്‍ നിന്നും അമുസ്‌ലിംകള്‍ക്ക് സഹായം ചെയ്യാറുണ്ടായിരുന്നുവെന്നത് സുപ്രസിദ്ധമാണ്. (അല്‍അംവാല്‍ പേ: 46) അതിനാല്‍ തന്നെ ഫിത്വ്ര്‍ സകാത്ത് അമുസ്‌ലിംകള്‍ക്ക് കൊടുക്കാമെന്നാണ് അബൂ ഹനീഫയെപ്പോലുള്ളവര്‍ അഭിപ്രായപ്പെടുന്നത്. അംറ് ബിന്‍ മൈമൂന്‍ ഫിത്വ്ര്‍ സകാത്ത് ക്രൈസ്തവ പുരോഹിതന്മാര്‍ക്ക് നല്‍കാറുണ്ടായിരുന്നു.
ബലിമാംസത്തിന്റെ അവകാശികളെയും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളത് തന്നെയാണ്. ‘ബലിയൊട്ടകങ്ങളെ നാം നിങ്ങള്‍ക്കുള്ള ദൈവിക ചിഹ്നങ്ങളിലുള്‍പ്പെടുത്തിയിരിക്കുന്നു. നിശ്ചയമായും നിങ്ങള്‍ക്കവയില്‍ നന്മയുണ്ട്. അതിനാല്‍ നിങ്ങളവയെ അണിയായിനിര്‍ത്തി അല്ലാഹുവിന്റെ പേരുച്ചരിച്ച് ബലിയര്‍പ്പിക്കുക. അങ്ങനെ പാര്‍ശ്വങ്ങളിലേക്ക് അവ വീണുകഴിഞ്ഞാല്‍ നിങ്ങളവയുടെ മാംസം ഭക്ഷിക്കുക. ഉള്ളതുകൊണ്ട് തൃപ്തരായി കഴിയുന്നവരെയും ചോദിച്ചുവരുന്നവരെയും തീറ്റിക്കുക. അവയെ നാം നിങ്ങള്‍ക്ക് ഇവ്വിധം അധീനപ്പെടുത്തിത്തന്നിരിക്കുന്നു. നിങ്ങള്‍ നന്ദി കാണിക്കാനാണിത്.’ (അല്‍ഹജ്ജ് 36) ഇവിടെയും ചോദിക്കുന്നവരും ചോദിക്കാന്‍ മടിക്കുന്നവരുമായ ദരിദ്രരെയാണ് ബലിമാംസത്തിന്റെ അവകാശികളായി അല്ലാഹു വ്യക്തമാക്കിയിട്ടുള്ളത്. ശൈഖ് ഇബ്‌നു ബാസ് പറയുന്നു. ‘നമ്മോട് യുദ്ധത്തിലേര്‍പെട്ടിട്ടില്ലാത്ത നിഷേധി കരാര്‍ ചെയ്തവനെപ്പോലെയാണ്. അവന് ബലിമാംസത്തില്‍ നിന്നും ദാനധര്‍മങ്ങളില്‍ നിന്നും നല്‍കാവുന്നതാണ്.’ (മജ്മൂഅ് ഫതാവാ 18/48) ബലിമാംസത്തെക്കുറിച്ച് ഹമ്പലി പണ്ഡിതനായ ഇബ്‌നു ഖുദാമ പറയുന്നു. ‘അതില്‍ നിന്ന് നിഷേധിയെ ഭക്ഷിപ്പിക്കാവുന്നതാണ്. ഇത് തന്നെയാണ് ഹസന്‍, അബൂഥൗര്‍ തുടങ്ങിയവരുടെ അഭിപ്രായം.’
ഇസ്‌ലാമേതര വ്യക്തികള്‍ക്ക് നന്മചെയ്യുന്നത് ഇസ്‌ലാം വിലക്കുന്നില്ല. പ്രത്യേകിച്ചും സൗഹാര്‍ദ്ദപൂര്‍ണമായ അന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ അത് അനിവാര്യവുമാണ്. ബന്ദികള്‍ക്ക് അന്നം നല്‍കുന്നത് പുണ്യകരമാണെന്ന് വ്യക്തമാക്കുന്ന വചനം (ഇന്‍സാന്‍: 8) ഇവയില്‍ സുപ്രധാനമാണ്. കാരണം കേവലം അമുസ്‌ലിംകളല്ല, മറിച്ച് മുസ്‌ലിം ഉമ്മത്തിനോട് യുദ്ധം ചെയ്ത മുശരിക്കുകളില്‍ നിന്നായിരുന്നുവല്ലെ അധികബന്ദിതരും.
നിലനില്‍ക്കുന്ന കേരളീയ മഹല്ലുകളെ സംബന്ധിച്ച് രണ്ട് കാര്യങ്ങള്‍ പ്രത്യേകം പരിഗണനീയമാണ്. അവിടങ്ങളില്‍ മുസ്‌ലിംകളും മറ്റ് മതസ്ഥരും ഇടകലര്‍ന്നാണ് ജീവിക്കുന്നത് എന്നത് ഇതില്‍ പ്രഥമമാണ്. സകാത്തുല്‍ ഫിത്വ്‌റും, ബലിമാംസവും നാടുനീളെ വിതരണം ചെയ്യുമ്പോള്‍ അവര്‍ക്കിടയില്‍ മുസ്‌ലിമേതര കുടുംബങ്ങള്‍ പട്ടിണി കിടക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നത് ഇസ്‌ലാം വിളംബരം ചെയ്യുന്ന മൂല്യത്തിന് നിരക്കുന്നതല്ല. രണ്ടാമതായി പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിക്കുന്ന സഹോദരന്മാരെ തങ്ങളുടെ സന്തോഷവേളകളില്‍ അവഗണിക്കുകയോ, അവരുമായി അവ പങ്കുവെക്കാതിരിക്കുകയോ ചെയ്യുന്നത് അഭികാമ്യവുമല്ല.
ഈ ആശയത്തിന് വിരുദ്ധമായി, ഇത് വിലക്കുന്ന ധാരാളം അഭിപ്രായങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. അവയുടെതായ പ്രത്യേക സാഹചര്യങ്ങളോട് ചേര്‍ത്ത് അവയെ വായിക്കാന്‍ കൂടി നമുക്ക് സാധിക്കേണ്ടതുണ്ട്.