Home അനുഷ്ഠാനം സകാത്ത് പള്ളികൾക്ക് സകാത്ത്?

പള്ളികൾക്ക് സകാത്ത്?

ചോദ്യം: ഞങ്ങളുടെ മഹല്ലിൽ മിക്കയാളുകളും സമ്പന്നരല്ലെങ്കിലും സകാതിന് അർഹരല്ല, ഏതാണ്ടെല്ലാവരും സ്വയം പര്യാപ്തരാണ്. അതിനാൽ എന്റെ സകാത് മഹല്ല് പള്ളി പരിപാലനത്തിന് കൊടുത്തു കൂടേ? സകാത്തിന്റെ അവകാശികളെ എണ്ണിപ്പറഞ്ഞ കൂട്ടത്തിൽ ” ഫീ സബീലില്ലാഹ് ” (അല്ലാഹുവിന്റെ മാർഗം) എന്നതിൽ ഇത് പെടുത്തി കൂടേ?

മറുപടി: സമ്പത്തിന്റെ യഥാർഥ ഉടമസ്ഥനായ അല്ലാഹു സമ്പത്ത് നൽകിയനുഗ്രഹിച്ചവരുടെ ബാധ്യതയാണ് അതിൽ നിന്ന് സമ്പത്തിന്റെ അഭീഷ്ടമനുസരിച്ച് ചെലവഴിക്കുക എന്നത്. അത് മുത്തഖീങ്ങളുടെ മൗലിക സ്വഭാവമായിട്ടാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്. ഈ ഗണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സകാത്ത്. സകാത്ത് ഒരു സാമ്പത്തികദാനമാണ്. സാമ്പത്തികദാനം ഐഛികവും നിർബന്ധവുമുണ്ട്. സകാത്ത് നിർബന്ധദാനമാണ്, ഐഛികദാനം ആർക്കും നൽകാം, മനുഷ്യനും മനുഷ്യതര ജീവിക്കും മുസ്ലിമിനും അമുസ്ലിമിനും നൽകാം. എന്നാൽ സകാത്ത് മുസ്ലിംകളിൽ നിന്നു സംഭരിച്ച് മുസ്ലിംകൾക്കു മാത്രം നൽകുന്ന ധനമാണ്. അത് അമുസ്ലിംകളിൽ നിന്ന് പിടിച്ചെടുക്കാനോ അമുസ്ലിംകൾക്ക് നൽകാനോ പാടില്ല. അതുകൊണ്ടാണ് മുസ്ലിംകളിൽനിന്നു പിടിച്ചെടുത്ത് അവരിലെ ആവശ്യക്കാർക്കുതന്നെ തിരിച്ചുനൽകുന്ന സകാത്ത് അല്ലാഹ അവർക്കു നിർബന്ധമാക്കിയിട്ടുണ്ടെന്നു പറയാൻ മുആദ് (റ) വിനോട് നബി (സ) ആജ്ഞാപിച്ചത്. മുസ്ലിംകളിൽ തന്നെ പ്രവാചക കുടുംബത്തിൽപെട്ടവർക്ക് സകാത്ത് കൊടുക്കാനോ അവർക്കു വാങ്ങാനോ പാടില്ല.

അവകാശികൾക്ക് വിതരണം ചെയ്യുന്നിടത്ത് നബി(സ) കാണിച്ച സൂക്ഷ്മത പ്രസ്താവ്യമാണ്. ഒരിക്കൽ ഒരു ഗ്രാമീണൻ സ്വദഖയിലെ തന്റെ ഓഹരി കിട്ടുമോയെന്നറിയാൻ നബി(സ)യെ സമീപിച്ചപ്പോൾ നബി(സ) അദ്ദേഹത്തോട് പ്രതിവചിച്ചത് ശ്രദ്ധേയമാണ്:

അല്ലാഹു സകാത്ത് വിഷയകമായി ഏതെങ്കിലും നബിയുടെയോ മറ്റാരുടെയോ വിധി തൃപ്തിപ്പെടുന്നില്ല. അവൻ അതിനെ എട്ടു ഭാഗങ്ങളായി ഭാഗിച്ചിരിക്കുന്നു. നിങ്ങൾ ആ വിഭാഗങ്ങളിൽ പെട്ടയാളാണെങ്കിൽ ഞാൻ താങ്കൾക്ക് താങ്കളുടെ അവകാശം തന്നിരിക്കും.’ -(അബൂദാവൂദ്: 1632).
عَنْ عَبْدِ الرَّحْمَنِ بْنِ زِيَادٍ أَنَّهُ سَمِعَ زِيَادَ بْنَ نُعَيْمٍ الْحَضْرَمِىَّ أَنَّهُ سَمِعَ زِيَادَ بْنَ الْحَارِثِ الصُّدَائِىَّ قَالَ: أَتَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَبَايَعْتُهُ فَذَكَرَ حَدِيثًا طَوِيلاً قَالَ فَأَتَاهُ رَجُلٌ فَقَالَ أَعْطِنِى مِنَ الصَّدَقَةِ. فَقَالَ لَهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « إِنَّ اللَّهَ تَعَالَى لَمْ يَرْضَ بِحُكْمِ نَبِىٍّ وَلاَ غَيْرِهِ فِى الصَّدَقَاتِ حَتَّى حَكَمَ فِيهَا هُوَ فَجَزَّأَهَا ثَمَانِيَةَ أَجْزَاءٍ فَإِنْ كُنْتَ مِنْ تِلْكَ الأَجْزَاءِ أَعْطَيْتُكَ حَقَّكَ ».- رَوَاهُ أَبُو دَاوُد: 1632.
ഈ ഒരു സംഭവത്തിൽനിന്നു തന്നെ നബി(സ)യുടെ കാലത്തെ സകാത്ത് വിതരണത്തിലെ സൂക്ഷ്മത എത്രമാത്രമായിരുന്നുവെന്ന് മനസ്സിലാക്കാം. ഇഷ്ടക്കാർക്ക് കൊടുക്കാത്ത, അനർഹരിലേക്ക് അൽപംപോലും എത്തിപ്പെടാത്ത അതിസൂക്ഷ്മത.

കൂട്ടത്തിൽ സകാത് നൽകേണ്ടത് എട്ടു വിഭാഗങ്ങൾക്കാണെന്ന് പറഞ്ഞപ്പോൾ മറ്റാർക്കും പാടില്ലെന്ന് ദ്യോതിപ്പിക്കുന്ന ശൈലിയിലാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അതിനാൽ ആ വൃത്തത്തിന് പുറത്ത് സകാത്ത് നൽകിയാൽ അത് സകാത്തായി പരിഗണിക്കപ്പെടുകയില്ല. വിശദീകരിച്ച ഫുഖഹാക്കളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒരു പറ്റം പണ്ഡിതന്മാർ ചേർന്ന് തയ്യാറാക്കിയ ഫിഖ്ഹ് വിജ്ഞാന കോശത്തിൽ പറയുന്നത് കാണുക:

ഉടമപ്പെടുത്തി കൊടുക്കാൻ സാധ്യമല്ലാത്ത കാരണം പള്ളി പണിയുന്നതിന് സകാത്ത് നൽകുന്നത് അനുവദനീയമല്ലെന്നാണ് ഫുഖഹാക്കളുടെ അഭിപ്രായം…… സകാതിന്റെ വകുപ്പുകളായി നേരത്തെ വ്യക്തമാക്കിയ വകുപ്പുകളിൽ അല്ലാതെ നന്മയുടെ മറ്റു മേഖലകളിൽ സക്കാത്ത് വിനിയോഗിക്കാൻ പാടുള്ളതല്ല എന്നാണ് ഫുഖഹാക്കൾ അഭിപ്രായപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ സക്കാത്ത് കൊണ്ട് വഴി വെട്ടുവാനോ, പള്ളിയോ കനാലോ നിർമ്മിക്കുവാനോ, കുളം കുഴിക്കുവാനോ, ജലസേചന പ്രവർത്തനങ്ങൾക്കോ ഒന്നും ഉപയോഗിക്കാവതല്പ. നിർണിതമായ വകുപ്പുകൾക്കപ്പുറം വിശാലമാക്കാൻ പാടുള്ളതല്ല.

ഈ കാര്യത്തിൽ പരിഗണനീയമായ ഒരഭിപ്രായ ഭിന്നതയും എടുത്തുപറയാവുന്ന ഒരാളിൽനിന്നും ശരിയായ വിധത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടില്ല.
ഇമാം റംലിയുടെ അഭിപ്രായത്തിൽ നിന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാക്കുന്നത് ഇത് ഇജ്മാഉഉള്ള കാര്യമാണ് എന്നാണ്. ഇതിനവർ രണ്ട് ന്യായങ്ങളാണ് സമർപ്പിക്കുന്നത്:

ഒന്ന്: അതിൽ തംലീക് ഇല്ല. അതായത് ആർക്കും ഉടമപ്പെടുത്തിക്കൊടുക്കലില്ല. കാരണം പള്ളിയും അതുപോലുള്ളതുമൊന്നും ഉടമപ്പെടുത്താവതല്ല. സകാതിൽ തംലീക് (ഉടമപ്പെടുത്തിക്കൊടുക്കൽ) നിർബന്ധമാണ് എന്ന ഉപാധി വെച്ചവർക്കാണിത്.

രണ്ട്: ആയത്തിൽ അവകാശികളെ പരിമിതപ്പെടുത്തിപ്പറഞ്ഞു എന്നതാണ്. ആയതിനാൽ പള്ളിയും മറ്റും എട്ടു വകുപ്പുകളിൽ പെടുന്നില്ല. അല്ലാഹു സകാത്തിനെ എട്ടു ഭാഗമാക്കി നിശ്ചയിച്ചിരിക്കുന്നു എന്ന ഹദീസ് നേരത്തെ ഉദ്ധരിച്ചിട്ടുണ്ട്. – (ഫിഖ്ഹ് വിജ്ഞാനകോശം).

ചുരുക്കത്തിൽ في سبيل الله (അല്ലാഹുവിന്റെ മാർഗം) എന്നതിനെ വിശാലമാക്കി ആ വകുപ്പിൽ എല്ലാം ഉൾപ്പെടുത്തിയാൽ എട്ടു വിഭാഗങ്ങൾക്ക് മാത്രമേ അത് വിതരണം ചെയ്യാവൂ എന്ന് അല്ലാഹു പറഞ്ഞത് നിരർഥകമാകും. വാക്യഘടന വച്ച് നോക്കിയാൽ തന്നെ ഇത് മനസ്സിലാവും. ഇനി ആശയതലത്തിൽ നോക്കിയാലും ഈ പറഞ്ഞതിന്റെ ന്യായം കൂടുതൽ വ്യക്തമാവും. കാരണം ദൈവസാമീപ്യം നേടാൻ പറ്റുന്ന എല്ലാമേഖലയും പൊതുവെ ഇവിടെ ഉദ്ദേശ്യമാണ് എന്ന് വച്ചാൽ സകാത്തിന്റെ യഥാർഥ അവകാശികളായ പലരും മാറ്റി നിറുത്തപ്പെടും . കാരണം സകാത് കൊണ്ട് പള്ളി നിർമ്മിക്കാമെങ്കിൽ പരലോകത്ത് വലിയ പ്രതിഫലം ലഭിക്കുന്ന അതിനായിരിക്കും എല്ലാവരും മുൻഗണന നൽകുക. അത്രമാത്രം മഹത്തായ പ്രതിഫലമാണ് പള്ളി നിർമ്മിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്.

ഉദാഹരണത്തിന് പള്ളി നിർമാണത്തിന്റെ പുണ്യം വ്യക്തമാക്കുന്ന ഒരു ഹദീസ് കാണുക:
മഹ്മൂദുബ്നു ലബീദിൽ നിന്ന്: ഉസ്മാനു ബ്നു അഫ്ഫാൻ മസ്ജിദുന്നബവി പുതുക്കി പണിയാൻ ആഗ്രഹിച്ചു. എന്നാൽ ജനങ്ങൾ അതു ഇഷ്ടപ്പെട്ടില്ല. കഅ്ബ നിലവിലുള്ള അവസ്ഥയിൽത്തന്നെ നിലനിർത്താൻ അവർ ആഗ്രഹിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: റസൂൽ പയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ‘ആരെങ്കിലും അല്ലാഹുവിനു വേണ്ടി ഒരു പള്ളി പണിതാൽ അതുപോലുള്ള ഒന്ന് സ്വർഗത്തിൽ അവനു വേണ്ടി അല്ലാഹുവും പണിയുന്നതാണ് ‘. – (മുസ്ലിം: 7652 ).
عَنْ مَحْمُودِ بْنِ لَبِيدٍ أَنَّ عُثْمَانَ بْنَ عَفَّانَ أَرَادَ بِنَاءَ الْمَسْجِدِ فَكَرِهَ النَّاسُ ذَلِكَ وَأَحَبُّوا أَنْ يَدَعَهُ عَلَى هَيْئَتِهِ فَقَالَ سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: « مَنْ بَنَى مَسْجِدًا لِلَّهِ بَنَى اللَّهُ لَهُ فِى الْجَنَّةِ مِثْلَهُ ».- رَوَاهُ مُسْلِمٌ: 7652.
അപ്പോൾ സകാതിന്റെ മറ്റു വകുപ്പുകളിലൊന്നും വിനിയോഗിച്ചാൽ കിട്ടാത്ത പ്രതിഫലവും പുണ്യവും പള്ളി നിർമ്മിക്കുന്നതിന് ലഭിക്കുമ്പോൾ അക്കാര്യം അവഗണിച്ച് മറ്റു വകുപ്പുകളിൽ ആരെങ്കിലും നയാ പൈസ നൽകുമോ?

Previous articleസ്ത്രീകൾ പുരുഷന്മാര്‍ക്ക് ഇമാമാകാമോ?
Next articleപന്നിയുടെ അവയവങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ അനുവദനീയമാണോ?
1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.
error: Content is protected !!