ചോദ്യം: കേരളത്തിലെ മിക്ക മഹല്ലുകളിലും ദാരിദ്ര്യം ഇന്ന് പ്രധാന വിഷയമല്ല. എല്ലാ വീട്ടിലും കേരളത്തിലെ മുഖ്യ ഭക്ഷണവിഭവമായ അരി ലഭ്യമാണ്. ബി.പി.എല്ലുകാര്‍ക്ക് റേഷന്‍ കടകള്‍ വഴി കുറഞ്ഞ രൂപക്ക് അരി ലഭ്യമാണ്. എന്നാല്‍ പെരുന്നാള്‍ ദിനത്തില്‍ വിശേഷവിഭവങ്ങളായ ബിരിയാണിയോ നെയ്‌ച്ചോറോ ഉണ്ടാക്കുന്ന അരി വാങ്ങാന്‍ കഴിയാത്ത ഒട്ടനവധി കുടുംബങ്ങള്‍ ഇന്നുമുണ്ട്. സാധാരണ അരി സുലഭമായിരിക്കെ ഫിത്വ് ര്‍ സകാത്തായി ഇത്തരം അരി നല്കുന്നതല്ലേ കൂടുതല്‍ നല്ലത്? അങ്ങനെയെങ്കില്‍ അതിന്റെ അളവ് എങ്ങനെ കണക്കാക്കാം?
ഉത്തരം: സകാത്തുല്‍ ഫിത്വ്‌റിനെപ്പറ്റി വന്ന ഒറ്റ ഹദീസിലും അരിയെപ്പറ്റി പരാമര്‍ശമില്ല. പ്രത്യുത ഗോതമ്പ്, യവം, പാല്‍ക്കട്ടി, ഈത്തപ്പഴം എന്നു തുടങ്ങി ആ കാലത്തെ ആഹാര വിഭവങ്ങള്‍ മാത്രമാണ് പരാമര്‍ശിക്കപ്പെടുന്നത്. അവയുടെ അളവ് ഒരു സ്വാഅ് എന്നാണ് വന്നിട്ടുള്ളത്. ഇന്നത്തെ കണക്കനുസരിച്ച് 2200 ഗ്രാം.
ഹദീസില്‍ പറഞ്ഞിട്ടുള്ള വിഭവങ്ങളോട് ഖിയാസാക്കിയാണ് ഇവിടെയുള്ള പണ്ഡിതന്മാര്‍ അരി മതിയാകുമെന്ന് പറഞ്ഞത്. തിരുമേനി അവ നിര്‍ബന്ധമാക്കിയതിന്റെ മുഖ്യന്യായം (الْعِلَّةُ) അവയെല്ലാം അവിടത്തെ മുഖ്യ ആഹാരങ്ങളില്‍ പെട്ടവയായിരുന്നു എന്നതാണ്. അതേ ന്യായം വെച്ച് നമ്മുടെ നാട്ടില്‍ അരി മതിയാകും.
ഏത് തരം അരി?
ഒരു ഗതിയുമില്ലാത്തവന്‍ നിര്‍ബന്ധിതാവസ്ഥയില്‍ വാങ്ങാറുള്ള താണ തരവുമല്ല, എന്നാല്‍ നല്ല വിലയുള്ള ഏറ്റവും മുന്തിയ തരവുമല്ല, ഇടത്തരം നിലവാരത്തിലുള്ള അരിയാണ് സകാത്തുല്‍ ഫിത്വ്‌റായി നല്‍കേണ്ടത്. കുറുവ, ജയ തുടങ്ങിയവ ഉദാഹരണം. എന്നാല്‍ ചോദ്യത്തില്‍ പറഞ്ഞ ബിരിയാണി അരി, ബസ്മതി തുടങ്ങിയവ നല്‍കിയാല്‍ അത്രയും നല്ലത്. അവ 2200 ഗ്രാം തന്നെ നല്‍കണമോ എന്ന ചോദ്യത്തിന് ഒരു സ്വാഅ് എന്ന് തിരുമേനി(സ) വ്യക്തമാക്കിയിരിക്കെ അത്ര തന്നെ നല്‍കണമെന്നാണ് ഒരഭിപ്രായം.
എന്നാല്‍ മുന്തിയ ഇനമാണെങ്കില്‍ പകുതി നല്‍കിയാല്‍ മതി എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഇമാം അബൂഹനീഫയുടെ മദ്ഹബ് അതാണ്. അബൂ സഈദുല്‍ ഖുദ്‌രി റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് അവരുടെ മുഖ്യ അവലംബം.
”അല്ലാഹുവിന്റെ റസൂല്‍ ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്ന കാലം മുതല്‍ സകാത്തുല്‍ ഫിത്വ്‌റായി ഞങ്ങള്‍ നല്‍കിയിരുന്നത് ഒരു സ്വാഅ് ഭക്ഷണം അല്ലെങ്കില്‍ ഒരു സ്വാഅ് യവം അല്ലെങ്കില്‍ ഒരു സ്വാഅ് ഈത്തപ്പഴം, അല്ലെങ്കില്‍ ഒരു സ്വാഅ് ഉണക്കമുന്തിരി എന്നിങ്ങനെയായിരുന്നു. അങ്ങനെയിരിക്കെ മുആവിയ(റ)യുടെ കാലത്ത് അദ്ദേഹം ഹജ്ജിനോ ഉംറക്കോ മറ്റോ ആയി വന്നപ്പോള്‍ മദീനയില്‍ വരികയും മിമ്പറില്‍ വെച്ച് ജനങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കുകയുമുണ്ടായി. കൂട്ടത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു, ‘രണ്ട് മുദ്ദ് (അര സ്വാഅ്) സിറിയന്‍ ഗോതമ്പ് ഒരു സ്വാഅ് ഈത്തപ്പഴത്തിന് തുല്യമാണെന്ന് ഞാന്‍ കാണുന്നു.’ അനന്തരം ജനങ്ങള്‍ അത് അംഗീകരിക്കുകയും സ്വീകരിക്കുകയുമുണ്ടായി. ഞാനാവട്ടെ പഴയപടിതന്നെ തുടരുകയും ചെയ്തു, മരിക്കുവോളം ഞാനങ്ങനെയേ ചെയ്യൂ എന്നും വെച്ചു” (മുസ്‌ലിം 2331).
ഇമാം നവവി പറഞ്ഞു: ഈ ഹദീസാണ് ഇമാം അബൂ ഹനീഫയുടെയും അദ്ദേഹത്തോട് യോജിക്കുന്നവരുടെയും ‘അര സ്വാഅ് മതി’ എന്ന അഭിപ്രായത്തിന് തെളിവ്. എന്നാല്‍ ഇത് കേവലം ഒരു സ്വഹാബിയുടെ കാഴ്ചപ്പാട് മാത്രമാണ് എന്നാണ് ഭൂരിപക്ഷത്തിന്റെ നിലപാട് (ശറഹു മുസ്‌ലിം: 1635).
وَهَذَا الْحَدِيث هُوَ الَّذِي يَعْتَمِدهُ أَبُو حَنِيفَة وَمُوَافِقُوهُ فِي جَوَاز نِصْف صَاع حِنْطَة ، وَالْجُمْهُور يُجِيبُونَ عَنْهُ بِأَنَّهُ قَوْل صَحَابِيّ.- شَرْحُ مُسْلِمٍ: 1635.
എന്നാല്‍ ഇത് കേവലം ഒരു സ്വഹാബിയുടെ അഭിപ്രായം മാത്രമായി കാണാന്‍ കഴിയില്ല. മദീനക്കാരുടെ മുമ്പില്‍ വെച്ച് അദ്ദേഹം ഇക്കാര്യം പറഞ്ഞപ്പോള്‍ ‘ജനങ്ങള്‍ അത് സ്വീകരിക്കുകയുണ്ടായി’ എന്ന് വളരെ വ്യക്തമായി പരാമര്‍ശിച്ചിരിക്കെ, ഈ അഭിപ്രായം പൊതുവെ എല്ലാവരും സ്വീകരിച്ചു എന്നാണ് മനസ്സിലാവുന്നത്.
സ്വഹാബിമാര്‍ ഉള്‍ക്കൊള്ളുന്ന മദീനക്കാര്‍ അത് പിന്‍പറ്റി എന്നര്‍ഥം. ഈ മദ്ഹബനുസരിച്ച് 2200 ഗ്രാം കുറുവയോ ജയയോ മറ്റോ നല്‍കുന്നതിന് പകരം 1100 ഗ്രാം ബിരിയാണി അരി നല്‍കിയാലും മതിയാകും. അഗതികള്‍ക്ക് അതാണുത്തമമെങ്കില്‍ അതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അര സ്വാഅ് മതിയെന്ന ഇമാം അബൂ ഹനീഫയുടെ മദ്ഹബും അതുതന്നെയാണെന്ന് സൂചിപ്പിച്ചല്ലോ. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ പിന്‍പറ്റുന്ന മദ്ഹബ് കൂടിയാണത്.
ഈ ഹദീസ് കൂടാതെ തന്നെ അര സ്വാഅ് എന്നും രണ്ട് മുദ്ദ് എന്നും വ്യക്തമാക്കുന്ന ധാരാളം സ്വീകാര്യ യോഗ്യമായ ഹദീസുകള്‍ വേറെയും വന്നിട്ടുണ്ട്, ഉദാഹരണമായി:
عَنْ الْحَسَنِ، قَالَ: خَطَبَ ابْنُ عَبَّاسٍ النَّاسَ فِي آخِرِ رَمَضَانَ، فَقَالَ: يَا أَهْلَ الْبَصْرَةِ، أَدُّوا زَكَاةَ صَوْمِكُمْ، قَالَ: فَجَعَلَ النَّاسُ يَنْظُرُ بَعْضُهُمْ إِلَى بَعْضٍ، فَقَالَ: مَنْ هَاهُنَا مِنْ أَهْلِ الْمَدِينَةِ؟ قُومُوا فَعَلِّمُوا إِخْوَانَكُمْ، فَإِنَّهُمْ لَا يَعْلَمُونَ « أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَرَضَ صَدَقَةَ رَمَضَانَ نِصْفَ صَاعٍ مِنْ بُرٍّ، أَوْ صَاعًا مِنْ شَعِيرٍ، أَوْ صَاعًا مِنْ تَمْرٍ، عَلَى الْعَبْدِ وَالْحُرِّ، وَالذَّكَرِ وَالْأُنْثَى ».- رَوَاهُ أَحْمَدُ: 3291، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: إِسْنَادُهُ حَسَنٌ
ഒരു റമദാനിന്റെ ഒടുവില്‍ ഇബ്‌നു അബ്ബാസ് ഖുത്വുബ നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു: ഓ, ബസ്വറക്കാരേ, നിങ്ങളുടെ നോമ്പിന്റെ സകാത് നിങ്ങള്‍ കൊടുത്തുവിട്ടുവീന്‍. അന്നേരം ജനങ്ങള്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കി, അപ്പോള്‍ ഇബ്‌നു അബ്ബാസ് പറഞ്ഞു: ഇവിടെ മദീനക്കാരായ വല്ലവരും ഉണ്ടോ? ഉണ്ടെങ്കില്‍ എഴുന്നേറ്റ് ചെന്ന് നിങ്ങളുടെ സഹോദരങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുത്താലും, കാരണം, റമദാനിന്റെ സകാതായി അല്ലാഹു വിന്റെ റസൂല്‍ (സ) അര സ്വാഅ് ഗോതമ്പ്, അല്ലെങ്കില്‍, ഒരു സ്വാഅ് ബാര്‍ലി, അതുമല്ലെങ്കില്‍ ഒരു സ്വാഅ് ഈത്തപ്പഴം അടിമക്കും സ്വതന്ത്രനും, ആണിനും പെണ്ണിനുമെല്ലാം ഫര്‍ളാക്കിയിട്ടുണ്ടെന്നത് അവര്‍ക്കറിഞ്ഞുകൂടാ?!. (അഹ്മദ്: 4476).
മറ്റൊരു ഹദീസ് കാണുക:
عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ، قَالَتْ: « كُنَّا نُؤَدِّي زَكَاةَ الْفِطْرِ عَلَى عَهْدِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مُدَّيْنِ مِنْ قَمْحٍ، بِالْمُدِّ الَّذِي تَقْتَاتُونَ بِهِ ».- رَوَاهُ أَحْمَدُ: 26936، 26995، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: حَدِيثٌ صَحِيحٌ وَهَذَا إِسْنَادٌ حَسَنٌ.
അസ്മാ (റ) പറയുന്നു: അല്ലാഹുവിന്റെ റസൂലിന്റെ കാലത്ത്, നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ എടുക്കുന്ന മുദ്ദനുസരിച്ചുള്ള രണ്ട് മുദ്ദ് ഗോതമ്പ് സകാതുല്‍ ഫിത്വ് റായി നല്‍കാറുണ്ടായിരുന്നു. ( അഹ്മദ്: 26936, 26995, ത്വഹാവിയുടെ ശര്‍ഹ് മുശ്കിലില്‍ ആസാര്‍: 3408).
عَنْ عَبْدِ اللَّهِ بْنِ ثَعْلَبَةَ قَالَ خَطَبَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ النَّاسَ قَبْلَ الْفِطْرِ بِيَوْمٍ أَوْ يَوْمَيْنِ فَقَالَ « أَدُّوا صَاعًا مِنْ بُرٍّ أَوْ قَمْحٍ بَيْنَ اثْنَيْنِ أَوْ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ عَنْ كُلِّ حُرٍّ وَعَبْدٍ وَصَغِيرٍ وَكَبِيرٍ ». – رَوَاهُ الدَّارَقُطْنِيُّ فِي “سُنَنِهِ”2، وَالطَّبَرَانِيُّ فِي “مُعْجَمِهِ”، وَهَذَا سَنَدٌ صَحِيحٌ قَوِيٌّ. نَصْبُ الرَّايَةِ.
الحَدِيثُ خَرَّجَهُ: الأَلْبَانِيُّ فِي سِلْسِلَةِ الأَحَادِيثِ الصَّحِيحَةِ، حَدِيثُ رَقْمٍ: ١١٧٧. وَفِي صَحِيحِ الجَامِعِ الصَّغِيرِ وَزِيَادَتِهِ، حَدِيثُ رَقْمٍ: ٢٤١.
അബ്ദുല്ലാഹിബിനു സഅലബ നിവേദനം ചെയ്യുന്നു: പെരുന്നാളിന്റെ ഒന്നോ, രണ്ടോ ദിവസം മുമ്പ് അല്ലാഹു വിന്റെ റസൂല്‍ ഖുത്വുബ നടത്തുകയുണ്ടായി, എന്നിട്ട് പറഞ്ഞു: എല്ലാ ഓരോ സ്വതന്ത്രനും അടിമക്കും, ചെറിയവര്‍ക്കും വലിയയവര്‍ക്കും വേണ്ടി, ഗോതമ്പാണെങ്കില്‍ രണ്ട് പേര്‍ക്കിടയില്‍ ഒരു സ്വാഅ് വീതമോ, അതല്ല ഈത്തപ്പഴമോ ബാര്‍ലിയോ ആണെങ്കില്‍ ഓരോ സ്വാഅ് വീതമോ നല്‍കാന്‍ ആഹ്വാനം ചെയ്യുകയുണ്ടായി. (ദാറ ഖുത്വിനി: 2141, അഹ്മദ്: 23663). ഇതിന്റെ സനദ് സ്വഹീഹും പ്രബലവുമാണെന്ന് നസ്വബുര്‍റായയില്‍: 2/ 407). ഇവയെല്ലാം ഉദ്ധരിച്ച ശേഷം, സകാതുല്‍ ഫിത്വ് റായി നല്‍കുന്നത് ഖംഹാണെങ്കില്‍ നിര്‍ബന്ധമുള്ള തോത് അര സ്വാഅ് ആണെന്ന് ശൈഖ് അല്‍ബാനി സമര്‍ഥിച്ചിരിക്കുന്നു. മാത്രമല്ല, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ വീക്ഷണം ഇതാണെന്നും (അല്‍ ഇഖ്തിയാറാത്), ഇമാം ഇബ്‌നുല്‍ ഖയ്യിം അതിനോട് ചായ്വ് പ്രകടിപ്പിച്ചതായും ശൈഖ് അല്‍ബാനി രേഖപ്പെടുത്തുന്നു. ( നോക്കുക: സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹ: ഹദീസ് നമ്പര്‍: 1177 ന്റെ അടിക്കുറിപ്പ്) .
وَقَالَ الشَّيْخُ الأَلْبَانِيُّ:
فَتَبَيَّنَ أَنَّهُ لَا دَلِيلَ فِي الحَدِيثِ عَلَى مَا ذَكَرَهُ المُؤَلَّفُ ثُمَّ إِنَّ صَنِيعَهُ يُشِيرُ إِلَى أَنَّهُ لَيْسَ لِمَذْهَبِ أَبِي حَنِيفَة القَائِلِ بِإِخْرَاجِ نِصْفِ صَاٍع مِنَ القَمْحِ دَلِيلٌ غَيْرَ مَا جَاءَ فِي حَدِيثِ أَبِي سَعِيدٍ مِنْ تَعْدِيلِ مُعَاوِيَةَ مُدَّيْنِ مِنَ القَمْحِ بِصَاعٍ مِنْ تَمْرٍ، وَلَيْسَ الأَمْرُ كَذَلِكَ بَلْ فِيهِ أَحَادِيثُ مَرْفُوعَةٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَصَحُّهَا حَدِيثُ أَسْمَاءَ بنتِ أَبِي بَكْرٍ، أَنَّهَا كَانَتْ تُخْرِجُ عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ أَهْلِهَا الْحُرِّ مِنْهُمْ، وَالْمَمْلُوكِ مُدَّيْنِ مِنْ حِنْطَةٍ أَوْ صَاعًا مِنْ تَمْرٍ بِالْمُدِّ الَّذِي يَقْتَاتُونَ بِهِ. – أَخْرَجَهُ الطَّحَاوِيُّ وَاللَّفْظُ لَهُ وَاِبْنُ أَبِي شَيْبَةَ وَأَحْمَدُ وَسَنَدُهُ صَحِيحٌ عَلَى شَرْطِ الشَّيْخَيْنِ. وَفِي البَابِ آثَارٌ مُرْسَلَةٌ وَمُسْنَدَةٌ يُقَوِّي بَعْضُهَا بَعْضًا كَمَا قَالَ اِبْنُ الْقَيِّمِ فِي “الزَّادِ” وَقَدْ سَاقَهَا فِيهِ.. فَلْيُرَاجِعْهَا مَنْ شَاءَ وَخَرَّجْتُهَا أَنَا فِي “التَّعْلِيقَاتِ الجِيَادُ”.. فَثَبَتَ مِنْ ذَلِكَ أَنَّ الوَاجِبَ فِي صَدَقَةِ الفِطْرِ مِنَ القَمْحِ نِصْفُ صَاعٍ، وَهُوَ اِخْتِيَارُ شَيْخِ الإِسْلَامِ اِبْنُ تَيْمِيَّةَ كَمَا فِي “الاِخْتِيَارَاتِ” (ص ٦٠) وَإِلَيْهِ مَالَ اِبْنُ القَيِّمِ كَمَا سَبْقَ وَهُوَ الحَقُّ إِنْ شَاءَ الله تَعَالَى.. اِنْتَهَى كَلَامُ المُحَدِّثِ الأَلْبَانِيِّ رَحِمَهُ الله.. تَمَامُ المِنَّةِ فِي التَّعْلِيقِ عَلَى فِقْهِ السَّنَةِ.
അര സ്വാഅ് മുന്തിയ ഇനം ഗോതമ്പ് മതി എന്ന പ്രമുഖ സ്വഹാബി മുആവിയ(റ)യുടെയും അദ്ദേഹത്തിന്റെ വീക്ഷണത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന മറ്റു സ്വഹാബിമാരുടെയും ആധാരം ഗോതമ്പല്ലാത്തവയുടെ മൂല്യം ഏതാണ്ട് തുല്യമാണെന്നടിസ്ഥാനത്തിലുള്ള ഇജ്തിഹാദാണ്. ഗോതമ്പാകട്ടെ അന്ന് വമ്പിച്ച വിലയുള്ള ധാന്യവുമായിരുന്നു.
ആയതിനാല്‍ അടിസ്ഥാനം നാട്ടിലെയോ വ്യക്തിയുടെയോ മുഖ്യാഹാരമേതാണോ അത് ഒരു സ്വാഅ് എന്നതായിരിക്കേണ്ടതാണ്. ഇനി ഗോതമ്പ് വിതരണം ചെയ്യണമെന്നുണ്ടെങ്കില്‍ അതിന് നല്ല വിലയുണ്ടെങ്കില്‍ അര സ്വാഅ് വിതരണം ചെയ്യുന്നതും സാധുവാകുന്നതാണ്. വിലയുടെ അടിസ്ഥാനത്തില്‍ ഗോതമ്പ് നല്‍കാമെന്ന സ്വഹാബിമാരുടെ ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണ് ഇത്.
സാധിക്കുമെങ്കില്‍ ഒരു സ്വാഅ് തന്നെ നല്‍കലാണ് സൂക്ഷ്മത. അഭിപ്രായവ്യത്യാസം ഒഴിവാക്കാനും സ്ഥിരപ്പെട്ട പ്രമാണങ്ങളെ പിന്‍പറ്റുന്നു എന്നര്‍ഥത്തിലും അതുതന്നെയാണ് നല്ലത്. സംശയമുള്ളത് വിട്ട് സംശയമില്ലാത്തത് സ്വീകരിക്കുക എന്ന തത്ത്വത്തിന്റെ തേട്ടവും അതുതന്നെയാണ്. അലി(റ) പറഞ്ഞതുപോലെ, ആര്‍ക്കെങ്കിലും അല്ലാഹു അനുഗ്രഹം വിശാലമാക്കിയിട്ടുണ്ടെങ്കില്‍ അവനും വിശാലത കാണിക്കട്ടെ. (ഫിഖ്ഹുസ്സകാത്ത് 2/408).