ചോദ്യം: ശമ്പളത്തിന്റെ സകാത് എപ്പോഴാണ് കൊടുക്കേണ്ടത്? ശമ്പളം കിട്ടിയ ഉടനെ അതിന്റെ 2.5 % സകാത് കൊടുക്കണമെന്ന് ചിലര്‍ പറയുന്നു.
ഉത്തരം: ഒരാളുടെ കൈവശം പണം ഉണ്ടായി എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം അയാള്‍ സകാത് കൊടുക്കല്‍ നിര്‍ബന്ധമാണ് എന്ന് ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. എന്ന് വച്ചാല്‍ ഖുര്‍ആനോ സുന്നത്തോ, അതിന്റെ വെളിച്ചത്തില്‍ ശരീഅത്ത് വിധികള്‍ ക്രോഡീകരിച്ച മദ്ഹബിന്റെ ഇമാമുകളോ പഠിപ്പിച്ചിട്ടില്ല എന്നര്‍ഥം.
ഒരാളുടെ ഇസ്ലാം സ്വീകാര്യമാവണമെങ്കില്‍ അത്യന്താപേക്ഷിതവും, നിരസിച്ചാല്‍ കാഫിറാവുന്നതുമായ, ഇസ്ലാമിന്റെ അടിസ്ഥാന സതംഭങ്ങളില്‍ പെട്ട, സകാതിനെപ്പറ്റിയാണ് ഈ പറയുന്നത്. അതല്ലാതെ ഏതൊരു മുസ്ലിമും ചെയ്യേണ്ട ഐഛിക ദാന ധര്‍മ്മങ്ങളെപ്പറ്റിയല്ല.
ഇസ്ലാമിക പ്രമാണങ്ങളും, അവയുടെ വെളിച്ചത്തില്‍ ഇമാമുകള്‍ മനസ്സിലാക്കിയതുമനുസരിച്ച്, സകാത് നിര്‍ബന്ധമാവുന്നതിന്റെ പ്രധാന ശര്‍ത്വുകളില്‍ പെട്ടതാണ്:
1. നിസ്വാബ് തികയുക
2. വര്‍ഷം പൂര്‍ത്തിയാവുക എന്നീ നിബന്ധനകള്‍.
( കാര്‍ഷിക വിളകള്‍ക്ക് വര്‍ഷം തികയേണ്ടതില്ല, അവയുടെ സകാത് വിളവെടുപ്പ് ദിവസം തന്നെ നല്‍കണം എന്നാണ് അല്ലാഹു വിന്റെ നിര്‍ദ്ദേശം, അതു കൊണ്ട് തന്നെ ഒരു നെല്‍ കര്‍ഷകന്‍ തന്റെ നെല്ല് കൊയ്ത ഉടനെ സകാത് കൊടുത്തു കഴിഞ്ഞാല്‍ പിന്നെ എത്രകാലം ആ നെല്ല് പത്തായത്തില്‍ സൂക്ഷിച്ചാലും വീണ്ടും അതിന് സകാത് കൊടുക്കേണ്ടതില്ല. എന്നാല്‍ പൈസക്ക് കൈവശമിരിക്കുന്ന കാലത്തോളം വര്‍ഷം തോറും സകാത് കൊടുത്തു കൊണ്ടിരിക്കണം).
ശമ്പളത്തിന്റെ സകാതിനും, 1. നിസ്വാബ് എത്തുക 2. വര്‍ഷം തികയുക, എന്നീ രണ്ടു നിബന്ധനകള്‍ പുര്‍ത്തിയാകുമ്പോള്‍ മാത്രമേ സകാത് നിര്‍ബന്ധമാവുകയുള്ളൂ. വര്‍ഷം പൂര്‍ത്തിയാവേണ്ടതില്ല, കിട്ടിയ ഉടനെ കൊടുക്കണം എന്ന് ചിലര്‍ പറയാറുണ്ട്, പക്ഷെ അതിന് യാതൊരു പ്രാമാണികതയും ഇല്ല.
നിസ്വാബെത്തിയ തുക ഒരു വര്‍ഷം മുഴുവന്‍ ഇളകാതെ വെച്ചെങ്കിലേ സകാത് നിര്‍ബന്ധമാവൂ എന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല, പ്രത്യുത ഈ റമദാനില്‍ ഒരാളുടെ കൈവശം 253,725/ (85 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ (14-5-2019 )മാര്‍ക്കറ്റ് വില ) ഉണ്ടന്നിരിക്കട്ടെ, അങ്ങനെ അടുത്ത റമദാനില്‍ നോക്കുമ്പോഴും അയാളുടെ കയ്യില്‍ 253,725/ തുക ഉണ്ടങ്കില്‍ അയാള്‍ അതിന്റെ രണ്ടര ശതമാനം സകാത് കൊടുക്കണം. ഈ കാലയളവില്‍ മേല്‍ സംഖ്യ കൂടുകയും കുറയുകയുമൊക്കെ ചെയ്തിട്ടുണ്ടാവാം. പക്ഷെ അത് നോക്കേണ്ടതില്ല.
ഈ കാലയളവില്‍ അയാളുടെ ദൈനം ദിന ചെലവുകള്‍, കരണ്ട്, ഗ്യാസ്, യാത്ര, ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി പല ആവശ്യങ്ങള്‍ക്കും വേണ്ടി അദ്ദേഹം കാശ് ചെലവഴിച്ചിട്ടുണ്ടാവും, എന്നിട്ടും മേല്‍ സംഖ്യ അയാളുടെ കയ്യില്‍ മിച്ചമായിട്ടുണ്ടെങ്കില്‍ അയാളാണ്, ഇസ്ലാമിക വീക്ഷണത്തില്‍ ഐശ്വര്യവാന്‍ അഥവാ സകാത് കൊടുക്കാന്‍ ബാധ്യതയുള്ള സമ്പന്നന്‍ എന്ന് പറയുക.
കുറിപ്പുകള്‍:
1. ഇവിടെ വെള്ളിയാണ് മാനദണ്ഡമാക്കുന്നതെങ്കില്‍ 85 ഗ്രാം സ്വര്‍ണത്തിന്റെ ശരാശരി വിലയായ മേല്‍ സംഖ്യക്ക് പകരം 595 ഗ്രാം വെള്ളിയുടെ വില എത്രയാണോ അത്രയും സംഖ്യയാണ് പരിഗണിക്കേണ്ടത്. ഏതാണ്ട് 26,000/ വരും.
അപ്പോള്‍ നിസ്വാബ്, 253,725/ എന്നത് കേവലം 26,000/ ആയി ചുരുങ്ങും.
(സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഏകദേശ വിലയാണ് ഇവിടെ സൂചിപ്പിച്ചത് എപ്പോഴും വ്യത്യാസപ്പെടാം).
2. കറന്‍സിക്ക് സകാത് കൊടുക്കുമ്പോള്‍ സ്വര്‍ണമാണോ, വെള്ളിയാണോ പരിഗണിക്കേണ്ടത് എന്നത് തര്‍ക്ക വിഷയമാണ്. അധുനിക പണ്ഡിതന്മാര്‍ പൊതുവെ, സ്വര്‍ണത്തെയാണ് മാനദണ്ഡമാക്കിയിട്ടുള്ളത്.
3. സ്വര്‍ണത്തിന്റെ നിസ്വാബ് സാധാരണ പത്തര പവന്‍ എന്ന് പറയാറുണ്ട്, അത് തെറ്റാണ്, 85 ഗ്രാം എന്നതാണ് ശരി.
4. മാനദണ്ഡം സ്വര്‍ണമാണെന്നാണ്, ആധുനിക പണ്ഡിതന്‍മാരുടെയും ഫുഖഹാക്കളുടെയും, ഫിഖ് ഹ് കൗണ്‍സിലുകളുടെയും ഭൂരിപക്ഷാഭിപ്രായം.
പണ്ടുകാലത്ത് 20 ദീനാര്‍ = 200 ദിര്‍ഹം ആയിരുന്നു. 1:10 ഇങ്ങനെയായിരുന്നു അനുപാതം. എന്ന് വച്ചാല്‍ 20 ദീനാറുള്ളവനും 200 ദിര്‍ഹമുള്ളവനും സാമ്പത്തിക നിലവാരത്തില്‍ തുല്ല്യമായിരുന്നു എന്നര്‍ഥം. ഇന്ന് 85 ഗ്രം സ്വര്‍ണമുള്ള വനും, 595 ഗ്രാം വെള്ളിയുള്ളവനും അങ്ങനെയാണോ? ഇതാണ് ഇന്ന് ഭിന്നതക്ക് കാരണം.
5. ഹിജ്‌റ വര്‍ഷമാണ് ഇവിടെ പരിഗണനീയം.