ചോദ്യം: കമ്പനികളിലും മറ്റും ഷെയറുള്ളവരുടെ സകാത് എങ്ങനെയാണ് കണക്കാക്കുക?
ഉത്തരം: കമ്പനിയുടെ മൂലധനമാണല്ലോ ഷെയറുകള്‍. തുല്യമൂല്യമാണ് ഓഹരികള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. ഓഹരികള്‍ക്ക് സകാത്ത് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. ഓഹരികളുടെ സകാത്ത് എത്രയാണ്, നല്‍കേണ്ട രീതി എന്താണ് എന്ന കാര്യത്തില്‍ മാത്രമാണ് അഭിപ്രായവ്യത്യാസം. ഹി: 1404ല്‍ കുവൈത്തില്‍ ചേര്‍ന്ന ഒന്നാം സകാത്ത് കോണ്‍ഫറന്‍സ് പുറത്തിറക്കിയ ഫത്‌വ ഈ വിഷയത്തില്‍ വെളിച്ചം നല്‍കുന്നു. അതിന്റെ പ്രസക്തഭാഗം താഴെ:
ഷെയറുകളുടെയും കമ്പനിയുടെയും സകാത്ത് കണക്കാക്കുന്ന രീതി, കമ്പനിയാണ് സകാത്ത് നല്‍കുന്നതെങ്കില്‍ സാധാരണ വ്യക്തികള്‍ സകാത്ത് നല്‍കുന്നപോലെയാണത് പരിഗണിക്കുക. ധനത്തിന്റെ ഇനവും സ്വഭാവവുമനുസരിച്ച് ശര്‍ഈ തോതനുസരിച്ച് സകാത്ത് നല്‍കണം. കമ്പനി സകാത്ത് നല്‍കുന്നില്ലെങ്കില്‍ ഓഹരിയുടമകള്‍ അവരവരുടെ ഓഹരികളുടെ എണ്ണമനുസരിച്ച് സകാത്ത് നല്‍കണം.
രണ്ട് മാര്‍ഗങ്ങള്‍ അതിന് അവലംബിക്കാം:
ഒന്ന്: ഷെയറുകള്‍ വാങ്ങിയും വിറ്റും ബിസിനസ് നടത്തികൊണ്ടിരിക്കുന്നവര്‍ സകാത്ത് നിര്‍ബന്ധമാകുന്ന സമയത്തെ മാര്‍ക്കറ്റ് വില കണക്കാക്കി കൈവശമുള്ള ഷെയറുകള്‍ക്ക് 2.5 ശതമാനം മറ്റു കച്ചവട വസ്തുക്കളെപ്പോലെത്തന്നെ സകാത്ത് നല്‍കുക.
രണ്ട്: വാര്‍ഷികവരുമാനം മാത്രം ലഭിച്ചുകൊണ്ടിരിക്കുന്ന ഓഹരികളാണെങ്കില്‍, അഥവാ ലാഭവിഹിതം മാത്രം ലഭിക്കുന്ന ഓഹരികളാണെങ്കില്‍ താഴെ വരുന്ന രണ്ട് രീതി സ്വീകരിച്ച് സകാത്ത് സ്വീകരിക്കാം:
1. കമ്പനിയുടെ സകാത്ത് ബാധകമാകുന്ന വസ്തുക്കളില്‍നിന്ന് ഓരോ ഷെയറിന്റെയും നിര്‍ണയിക്കപ്പെട്ട ലാഭവിഹിതം കമ്പനിയില്‍നിന്നോ മറ്റോ അറിയാന്‍ കഴിയുമെങ്കില്‍ ആ സംഖ്യയുടെ 2.5 ശതമാനം സകാത്ത് നല്‍കുക.
2. ഷെയറിന്റെ മൂല്യം നടേ പറഞ്ഞവിധം അറിയാന്‍ കഴിയില്ലെങ്കില്‍ ഒന്നുകില്‍ ഓഹരിക്കാരന്‍ അയാളുടെ ഇതര സ്വത്തുക്കളുടെ കൂടെ ഷെയറിന്റെ ആദായവും കൂടി ചേര്‍ത്ത് സകാത്ത് നല്‍കുക. ഇതാണ് ഭൂരിപക്ഷാഭിപ്രായം.
മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ പറയുന്നത്, ഷെയറുകളില്‍നിന്നുള്ള ലാഭത്തിന്റെ 10 ശതമാനം അത് ലഭിച്ചാലുടന്‍ സകാത്ത് നല്‍കണമെന്നാണ്. കാര്‍ഷികോല്‍പന്നങ്ങളാണ് ഇവിടെ തുലനം ചെയ്തിട്ടുള്ളത്. ഇതാണ് സൂക്ഷ്മമായിട്ടുള്ളത്.
കൂട്ടുമുതല്‍ കമ്പനിയുടെ സകാത്ത്
നിശ്ചിത എണ്ണം വ്യക്തികളുടെ കൂട്ടുടമസ്ഥതയിലായിരിക്കും കമ്പനികള്‍. ഉടമസ്ഥര്‍ ഓരോരുത്തരും അവരവരുടെ വിഹിതത്തിന്റെ സകാത്ത് നല്‍കണം. വര്‍ഷാവസാനം കമ്പനിയുടെ സ്‌റ്റോക്ക് എടുത്ത് സാധനങ്ങള്‍ക്ക് മാര്‍ക്കറ്റ് വില നിശ്ചയിക്കുക. കമ്പനിയുടെ സ്ഥിരം ആസ്തിയും കൊടുക്കാനുള്ള കടവും കുറയ്ക്കുക. കിട്ടാനുള്ള കടം കൂട്ടുക. എന്നിട്ട് ലഭിക്കുന്ന സംഖ്യയുടെ 2.5 ശതമാനം സകാത്ത് നല്‍കുക.
കൂട്ടുമുതല്‍ (ജോയിന്റ് സ്‌റ്റോക്ക്) കമ്പനിയാണെങ്കില്‍ താഴെ കൊടുത്ത രണ്ടിലേതെങ്കിലുമൊരു വിധത്തില്‍ സകാത്ത് നല്‍കാം:
ഒന്ന്: കമ്പനിയുടെ ധനത്തിന്റെ സകാത്ത് കമ്പനി തന്നെ നേരിട്ട് കൊടുക്കുക.
അതിന് ഏതാനും ഉപാധികള്‍ പൂര്‍ത്തിയാകണം:
1. കമ്പനി നേരിട്ട് സകാത്ത് നല്‍കുന്നതാണെന്ന് കമ്പനിയുടെ നിയമാവലിയില്‍ രേഖപ്പെടുത്തിയിരിക്കണം.
2. കമ്പനിയുടെ ധനം സകാത്തിന് വിധേയമായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം ഉണ്ടായിരിക്കണം.
3. കമ്പനിയുടെ ജനറല്‍ ബോഡി അത്തരമൊരു കരാര്‍ ഉണ്ടാക്കിയിരിക്കണം.
4. ഓഹരിയുടമകള്‍ അവരുടെ ഓഹരിയുടെ സകാത്ത് നല്‍കാന്‍ കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്ററെ ചുമതലപ്പെടുത്തിയിരിക്കണം.
വ്യക്തികള്‍ സകാത്ത് കണക്കാക്കുന്ന വിധത്തില്‍ തന്നെയാവും കമ്പനിയുടെ സകാത്ത് കണക്കാക്കുക. അതായത് കമ്പനി സ്വത്തുക്കളുടെ വില കണക്കാക്കുക. കൊടുക്കാനുള്ള കടം അതില്‍നിന്ന് കുറക്കുക. കിട്ടാനുള്ള അവകാശങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക. സ്ഥിരം ആസ്തികള്‍ കുറച്ചതിനു ശേഷം ബാക്കിയുള്ളതില്‍നിന്ന് നിസ്വാബ് തികഞ്ഞാല്‍ 2.5 ശതമാനം സകാത്ത് നല്‍കുക.
രണ്ട്: മേല്‍പറഞ്ഞ നാല് ഉപാധികള്‍ നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കമ്പനിക്ക് സകാത്ത് നല്‍കാനുള്ള അവകാശമില്ല. പ്രത്യുത, ഓഹരിയുടമകളാണ് സകാത്ത് നല്‍കേണ്ടത്.
സ്ഥിരം ആസ്തികള്‍
സാമ്പത്തിക പദ്ധതികളുടെയും സംരംഭങ്ങളുടെയും ഭൗതികവും ഭൗതികേതരവുമായ സ്വത്ത് വകകളാണ് ആസ്തികള്‍. അത് വില്‍പനക്കുള്ളതല്ല, പ്രത്യുത ഉല്‍പാദനോപാധികളും വരുമാനോപാധികളുമാണ്.
പ്രധാന ആസ്തികള്‍ ഇവയാണ്:
1. വാഹനങ്ങള്‍, കമ്പ്യൂട്ടര്‍ പോലുള്ള ഉല്‍പാദനത്തിന് പ്രയോജനപ്പെടുത്തുന്നവ. ഇവക്ക് സകാത്ത് ബാധകമല്ല.
2. വാടകക്കെട്ടിടങ്ങള്‍, യന്ത്രസാമഗ്രികള്‍ പോലുള്ള ഉല്‍പാദനോപാധികളായ ഭൗതികസ്വത്തുക്കള്‍. ഈ അടിസ്ഥാന സ്വത്തുക്കള്‍ക്കും സകാത്ത് ബാധകമല്ല. എന്നാല്‍ അതില്‍ ഉല്‍പാദനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ അറ്റാദായത്തിന്റെ 2.5 ശതമാനം സകാത്ത് നല്‍കണം. അതോടൊപ്പം സകാത്ത്ദാതാവിന്റെ മറ്റ് ധനവും ഒപ്പം ചേര്‍ക്കണം.
സകാത്ത്‌വിഹിതം അറിയാനുള്ള മാര്‍ഗം
ആദ്യം ഓഹരിയുടമകളുടെ ബാധ്യതകള്‍ തിട്ടപ്പെടുത്തുക. സ്ഥിരം ആസ്തികളും (മുമ്പു പറഞ്ഞത്) അതില്‍നിന്ന് ഒഴിവാക്കുക. ബാക്കി സംഖ്യ ഷെയറുകളുടെ എണ്ണമനുസരിച്ച് വീതം വെക്കുക. അതില്‍നിന്ന് 2.5 ശതമാനം സകാത്ത് നല്‍കുക.
ഉദാഹരണം: ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നാസിറിന് 1000 ഓഹരികള്‍ ഉണ്ടെന്ന് കരുതുക. കമ്പനിയുടെ ആകെ ഷെയറുകള്‍ പതിനായിരം. 100 രൂപയായിരുന്നു ഒരു ഷെയറിന്റെ മുഖവില. വാര്‍ഷിക കണക്കെടുപ്പുസമയം ഷെയറിന്റെ മുദ്രിത മൂല്യം (ബുക് വാല്യു) 150 രൂപയായി വര്‍ധിച്ചു. അതായത് എല്ലാ ഓഹരിയുടമകളുടെയും ഓഹരിമൂല്യം പതിനഞ്ചു ലക്ഷം (15,00,000) രൂപയായി. കമ്പനിയുടെ സ്ഥിരം ആസ്തി 3,00,000 രൂപയാണ്. ബാക്കി 1,20,0000 രൂപ. ഇത് ആകെ 10,000 ഷെയറുകള്‍ക്ക് വീതം വെക്കുമ്പോള്‍ ഓരോ ഷെയറിനും 120 രൂപ മൂല്യമുണ്ടെന്നു കാണാം. അതിലാണ് സകാത്ത് നിര്‍ബന്ധമാകുന്നത്. അതായത് 1,20,000 (1000: 120) രൂപ ഓഹരിമൂല്യത്തിന്റെ 2.5 ശതമാനം നാസിര്‍ സകാത്ത് നല്‍കണം.
ചാന്ദ്രവര്‍ഷമാണ് സകാത്ത് കണക്കാക്കാന്‍ അടിസ്ഥാനമാക്കേണ്ടത്. ചാന്ദ്രവര്‍ഷം സൗരവര്‍ഷത്തേക്കാള്‍ ഏകദേശം 10 ദിവസം കുറവാണ്. അപ്പോള്‍ സകാത്ത് 2.577 ശതമാനം നല്‍കണം.
മറ്റൊരു എളുപ്പമാര്‍ഗത്തില്‍ ഇങ്ങനെ കണക്കുകൂട്ടാം: കമ്പനിയില്‍നിന്ന് ഷെയറിന്റെ മുദ്രിതമൂല്യവും (ബുക്‌വാല്യു) സ്ഥിരം ആസ്തിയുടെ വിഹിതവും ചോദിച്ചറിയാം. അല്ലെങ്കില്‍ കമ്പനിയുടെ വാര്‍ഷിക ബജറ്റില്‍നിന്നും ഓരോരുത്തരുടെയും ഷെയറിന്റെ സകാത്ത്‌വിഹിതം സുഗമമായി അറിയാവുന്നതാണ്. 150 രൂപയാണ് ഷെയറിന്റെ മുദ്രിത മൂല്യം എന്നും സ്ഥിരം ആസ്തികളുടെ വിഹിതം 10% എന്നും മനസ്സിലാക്കിയാല്‍ അത് കഴിച്ച് ബാക്കി ഷെയറിന്റെ മൂല്യത്തെ ആകെ ഷെയറിന്റെ എണ്ണം കൊണ്ട് ഗുണിച്ചാലും സകാത്ത് വിഹിതം കണ്ടെത്താം.
135 X 1000 = 1,35,000, 1,35,000 X 2.57 ശതമാനം = 3470. ഓരോ ഷെയറിന്റെയും സകാത്ത്‌തോത് (2.57 ശതമാനം).ഇങ്ങനെയായിരിക്കും: 135: 2.57 ശതമാനം = 3 .47 (3 രൂപ 47 പൈസ). അത് ആകെ ഓഹരിയുമായി ഗുണിക്കുക. ഇപ്രകാരം അറിയാന്‍ കഴിയില്ലെങ്കില്‍ അറ്റാദായത്തില്‍നിന്ന് 10 ശതമാനം സകാത്ത് നല്‍കുക. (അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍).