ചോദ്യം- ഞാന്‍ കാലങ്ങളായി വാങ്ങി ഇട്ടിട്ടുള്ള ഭൂമിക്ക് സകാത്ത് നല്‍കേണ്ടതുണ്ടോ?
ഉത്തരം – ഭൂമിയുടെ സകാത്ത് അതിന്‍റെ നിയ്യത്തുമായി (ഉദ്ദേശ്യം) ബന്ധപ്പെട്ടിരിക്കുന്നു. ആ അടിസ്ഥാനത്തില്‍ ഭൂമിയെ പല ഇനങ്ങളായി നമുക്ക് തിരിക്കാം.
1. താമസത്തിന് വേണ്ടിയുള്ള സ്ഥലം. ഒരാളുടെ അടിസ്ഥാന ആവശ്യമായ വീട് നിര്‍മ്മിക്കാനായി വാങ്ങിയ സ്ഥലത്തിനും ആ വീടിനും സകാത്ത് നല്കേണ്ടതില്ല. വീട് ഓരോരുത്തരുടെയും ആവശ്യത്തിന് ഉതകുന്നതും അനാവശ്യമാവാത്തതും ആയിരിക്കണം. ധൂര്‍ത്തൂം ദുര്‍വ്യവും ഒരു കാര്യത്തിലും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
2. കൃഷി ഭൂമി. കൃഷി ചെയ്യാനായി വാങ്ങിയ ഭൂമിക്ക് സകാത്ത് നല്‍കേണ്ടതില്ല. അതില്‍ ചെലവാക്കിയ ജലസേചനസൌകര്യങ്ങള്‍, ജോലിക്കാര്‍ക്കുള്ള താമസസൌകര്യങ്ങള്‍, കൃഷി ഉപകരണങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ക്കും സകാത്ത് വേണ്ടതില്ല. കൃഷിയില്‍ നിന്ന് ലഭിക്കുന്ന വിളവിന്‍റെ 10% മോ (ജലസേചനം നടത്താതെ മഴ മൂലം മാത്രമുണ്ടാവുന്ന വിളവുകള്‍) 5% മോ (ജലസേചനം നടത്തുന്ന വിളവുകള്‍) സകാത്ത് നല്കണം. വിളവെടുക്കുന്ന ദിവസമാണ് സകാത്ത് നല്‍കേണ്ടത്. 650 കിലോ മധ്യമ നിലവാരത്തിലുള്ള അരിയുടെ വിലയാണ് സകാത്ത് ബാധമാകാവുന്ന സംഖ്യ.
3. വാടക ലഭിക്കുന്ന ഭൂമി. പാര്‍ക്കിംഗ്, കളിസ്ഥലം പോലെയുള്ള ആവശ്യങ്ങള്‍ക്കായി ഭൂമി തന്നെ വാടകയ്ക്ക് കൊടുത്തിരിക്കുന്നതാണെങ്കില്‍, ആ ഭൂമിക്ക് സകാത്ത് നല്‍കേണ്ടതില്ല. കിട്ടുന്ന വാടകയുടെ 10% സകാത്ത് നല്കണം. 650 കിലോ മധ്യമ നിലവാരത്തിലുള്ള അരിയുടെ വിലയാണ് സകാത്ത് ബാധമാകാവുന്ന സംഖ്യ.
4. വാടകയ്ക്ക് കൊടുത്തിരിക്കുന്ന ബില്‍ഡിംഗ്: ഇതില്‍ ഭൂമിക്കും ബില്‍ഡിംഗ് ഉണ്ടാക്കാന്‍ ചെലവാക്കിയ പണത്തിനും സകാത്ത് നല്‍കേണ്ടതില്ല. ബില്‍ഡിംഗില്‍ നിന്ന് ലഭിക്കുന്ന വാടകയ്ക്ക് 10% സകാത്ത് നല്കണം. 650 കിലോ മധ്യമ നിലവാരത്തിലുള്ള അരിയുടെ വിലയാണ് സകാത്ത് ബാധമാകാവുന്ന സംഖ്യ.
5. സമ്പാദ്യമെന്ന നിലയില്‍ വാങ്ങിയിട്ടിട്ടുള്ള ഭൂമി. കൊല്ലം തോറും അതിന്‍റെ മാര്‍ക്കറ്റ് വിലയുടെ രണ്ടര ശതമാനം സകാത്ത് നല്കണം. കാരണം ഈ പണം കയ്യില്‍ സൂക്ഷിച്ചിരിക്കുകയാണെങ്കില്‍ കൊല്ലം തോറും സകാത്ത് നല്‍കണമല്ലോ. ഭൂമി ഒരു സമ്പാദ്യമാക്കി സൂക്ഷിക്കുമ്പോള്‍ ഈ വിധിയാണ് ഏറ്റവും ന്യായമായിട്ടുള്ളത്.
6. വില്‍ക്കാന്‍ വേണ്ടി വാങ്ങിയിട്ടിരിക്കുന്ന ഭൂമി: നല്ല വില കിട്ടുമ്പോള്‍ വില്‍ക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് വാങ്ങിയിട്ടിട്ടുള്ള ഭൂമിക്ക് ഓരോ കൊല്ലവും മാര്‍ക്കറ്റ് വില കണക്കാക്കി അതിന്‍റെ രണ്ടര ശതമാനം സകാത്ത് നല്കണം.
7. റിയല്‍ എസ്റ്റേറ്റ് കച്ചവടം: ഭൂമി കച്ചവടം നടത്തുന്നവര്‍ അവരുടെ ഒരു കൊല്ലത്തെ ടേണ്‍ ഓവര്‍ നോക്കി അതിന്‍റെ രണ്ടര ശതമാനം സകാത്ത് നല്കണം.
8. അനന്തരമായി കിട്ടിയ ഭൂമി: സ്വന്തമായി ഒരു നിയ്യത്തുമില്ലാതെ ലഭിച്ച ഭൂമിയാണ് അനന്തരസ്വത്തായി കിട്ടുന്ന ഭൂമി. അതിന് സകാത്ത് ഇല്ല. അതില്‍ നിന്ന് വരുമാനം ഉണ്ടെങ്കില്‍, മുകളില്‍ പറഞ്ഞ ഏത് ഗണത്തിലാണോ പെടുന്നത് അതിനനുസരിച്ച് സകാത്ത് കണക്കാക്കുക.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1