ചോദ്യം- മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി സ്വരൂപിച്ച് വെച്ചിട്ടുള്ള സംഖ്യക്ക് സകാത്ത് നല്കേണ്ടതുണ്ടോ?
ഉത്തരം – മനുഷ്യന് പലവിധ ആവശ്യങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും ഉണ്ടാകും. അതൊക്കെ പൂര്‍ത്തീകരിക്കാന്‍ വേണ്ടി പണം സ്വരൂപിച്ചു വെക്കേണ്ടിയും വരും. ഭവനനിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ഹജ്ജ് – ഉംറ യാത്രകള്‍, കുട്ടികളുടെ വിവാഹം, ഭാവിയില്‍ ഉണ്ടായേക്കാവുന്ന ചികില്‍സാചെലവുകള്‍, റിട്ടയര്‍മെന്‍റ് ലൈഫ് എന്നിങ്ങനെ പല ആവശ്യങ്ങളും ഉണ്ടാകാം. അതിനൊക്കെ പണം സ്വരൂപിക്കേണ്ടി വരും.
ഇസ്ലാമില്‍ സകാത്ത് ബാധകമാവുന്നത് പണത്തിനാണ്. പണം കയ്യിലുള്ള വ്യക്തി, അയാള്‍ കുട്ടിയോ അനാഥയോ വൃദ്ധനോ ഭ്രാന്തനോ രോഗിയോ ആരായാലും ആ പണത്തിന് സകാത്ത് നല്കണം. അത് എന്തിന് വേണ്ടി കൂട്ടിവെക്കുന്നു എന്നത് പ്രസക്തമല്ല. മുകളില്‍ പറഞ്ഞതോ അല്ലാത്തതോ ആയ ഏത് ആവശ്യത്തിന് വേണ്ടി കൂട്ടിവെക്കുന്നതാണെങ്കിലും നിസ്വാബ് (സകാത്ത് ബാധകമാവുന്ന മിനിമം സംഖ്യ – 85 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ മാര്‍ക്കറ്റ് വില) ഉണ്ടെങ്കില്‍ അയാള്‍ കൊല്ലം തോറും സകാത്ത് കൊടുത്തുകൊണ്ടേയിരിക്കണം.
രണ്ടര ശതമാനമാണ് പണത്തിന്‍റെ സകാത്ത്. മൊത്തം കയ്യിലുള്ള സംഖ്യയെ 40 ഭാഗമാക്കിയാല്‍ അതിന്‍റെ ഒരു ഭാഗമാണ് രണ്ടര ശതമാനം.
സകാത്ത് നല്കി ശുദ്ധമാക്കുന്ന സമ്പത്തില്‍ അല്ലാഹുവിന്‍റെ അനുഗ്രഹം ഉണ്ടാവും. സകാത്ത് നല്‍കിയില്ലെങ്കില്‍ സമ്പത്ത് മുഴുവന്‍ അശുദ്ധം എന്നാണ് പരിഗണിക്കപ്പെടുക. അശുദ്ധമായ ധനത്തില്‍ നിന്ന് ആഹരിക്കുന്നതും ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതും വിലക്കപ്പെട്ടതാണ്.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1