Sunday, May 12, 2024
Homeഅനുഷ്ഠാനംസകാത്ത്കടം കൊടുത്ത സംഖ്യയുടെ സകാത്ത്

കടം കൊടുത്ത സംഖ്യയുടെ സകാത്ത്

ചോദ്യം: ഒരാൾ വർഷം മുമ്പ് ഒരാൾക്ക് കുറച്ച് സംഖ്യ കടം കൊടുത്തു. ഇത് വരെ മടക്കി കൊടുത്തില്ല. തിരിച്ച് കിട്ടാത്ത കടത്തിന് സക്കാത്ത് കൊടുക്കേണ്ടതുണ്ടോ?

ഉത്തരം – പണം കടം കൊടുക്കലും വാങ്ങലുമൊക്കെ മനുഷ്യര്‍ക്കിടയില്‍ സാധാരണമാണ്. പലപ്പോഴും ജീവിതത്തിന്റെ നിലനില്‍പ്പ് തന്നെ ഇങ്ങിനെയുള്ള സഹകരണത്തിലൂടെയാണ് സാധ്യമാവുന്നത്. അല്ലാഹു മനുഷ്യന് അനുഗ്രഹിച്ചു നല്കിയിട്ടുള്ള ധനം സഹജീവികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കൂടി വേണ്ടിയുള്ളതാണ്. അങ്ങിനെ ആവശ്യഘട്ടങ്ങളില്‍ കടം കൊടുക്കുന്നത് ഖര്‍ദുന്‍ ഹസന്‍ അഥവാ അല്ലാഹുവിനുള്ള കടം എന്നാണ് ഖുര്‍ആന്‍ വിവക്ഷിക്കുന്നത്. കടം ഇടപാടുകളുടെ വളരെ വിശദമായ നിയമവ്യവസ്ഥകള്‍ ഖുര്‍ആന്‍ സൂറ അല്‍ബഖറയുടെ അവസാനഭാഗത്ത് പ്രതിപാദിക്കുന്നു. അവധിയുള്ള കടം അത് എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തി വെക്കണം എന്നത് ഖുര്‍ആന്‍റെ ശക്തമായ കല്‍പ്പനയാണ്. ഇതില്‍ വരുത്തുന്ന വീഴ്ചകളാണ് പലപ്പോഴും അഭിപ്രായഭിന്നതകള്‍ക്കും ശത്രുതക്കുമൊക്കെ കാരണമാവുന്നത്.

അതോടൊപ്പം തന്നെ കടം കൊടുക്കുന്നത് വളരെ പുണ്യമുള്ള കാര്യമായി അല്ലാഹു പരിചയപ്പെടുത്തുകയും ചെയ്യുന്നു. ആവശ്യക്കാരനായ മനുഷ്യന് കടം കൊടുക്കുന്നത് അല്ലാഹുവിന് കടം കൊടുക്കുന്നതിന് സമാനമായിട്ടാണ് മനസ്സിലാക്കേണ്ടത്. കൊടുത്ത കടം ഈ ലോകത്ത് ഒട്ടും കുറയാതെ തിരികെ ലഭിക്കുകയും പരലോകത്ത് അല്ലാഹുവിന്‍റെ പ്രതിഫലം പത്തിരട്ടിയില്‍ കുറയാതെ ലഭിക്കുകയും ചെയ്യും.

കടം കൊടുക്കുന്നതിനെ പ്രേരിപ്പിക്കുന്ന ഖുര്‍ആന്‍ കടം വാങ്ങുന്നതിനെ പരമാവധി നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. ലഭിച്ചതില്‍ തൃപ്തനായി ഒതുങ്ങി ജീവിക്കാനാണ് വിശ്വാസി പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഒഴിവാക്കാനാവാത്ത ഘട്ടത്തില്‍ മാത്രമേ അവന്‍ മറ്റുള്ളവരെ ആശ്രയിക്കാന്‍ പാടുള്ളൂ; അതും തിരികെ കൊടുക്കാന്‍ കഴിയുന്ന പരിധിക്കുള്ളില്‍ മാത്രം. നിത്യജീവിതത്തില്‍ പരമാവധി ഞെരുങ്ങിയിട്ടാണെങ്കിലും കടം എത്രയും പെട്ടെന്ന് കൊടുത്തുതീര്‍ക്കുകയും വേണം. കടബാധിതനായി മരണപ്പെടുന്ന വിശ്വാസിയുടെ മയ്യിത്ത് നമസ്കരിക്കാന്‍ തിരുനബി (സ) വിസമ്മതിച്ചത് ഗൌരവത്തോടെ നാം ഓര്‍ക്കുക.

കടം കൊടുത്ത സംഖ്യയുടെ സകാത്ത് സംബന്ധമായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക.

1. കൈവായ്പയായി നടക്കുന്ന ഇടപാടുകള്‍: കടം കൊടുക്കുന്ന വ്യക്തി എപ്പോള്‍ ചോദിച്ചാലും തിരികെ തരാം എന്ന നിബന്ധനയില്‍ നടക്കുന്ന കൈവായ്പ്പകള്‍ക്ക്, കടം കൊടുത്ത വ്യക്തി ഈ സംഖ്യ അയാളുടെ മറ്റ് സമ്പത്തിനോട് ചേര്ത്ത് കൊല്ലം തോറും സകാത്ത് നല്‍കണം. കടം കൊടുത്ത വ്യക്തി ആ സംഖ്യ തിരികെ വാങ്ങാത്തത് അയാള്‍ക്ക് ആ പണം അത്യാവശ്യം ഇല്ലാത്ത അധികപണം ആയതുകൊണ്ടാണല്ലോ. അപ്പോള്‍ അയാളുടെ കയ്യില്‍ ഉള്ളതുപോലെ കൊല്ലം തോറും അയാള്‍ തന്നെ സകാത്ത് നല്‍കിക്കൊണ്ടിരിക്കണം.

2. ദീര്‍ഘകാല അവധി വെച്ചിട്ടുള്ള കടം: ഭവനനിര്‍മ്മാണം പോലെ ആവശ്യങ്ങള്‍ക്കായി ദീര്‍ഘകാലം അവധി വെച്ച് നല്‍കുന്ന കടത്തിന് കടം കൊടുത്ത വ്യക്തി ആ കാലയളവില്‍ സകാത്ത് നല്‍കേണ്ടതില്ല. കാരണം താല്‍ക്കാലികമായി ആ പണത്തിന്‍മേലുള്ള അയാളുടെ ഉടമസ്ഥാവകാശം നഷ്ടമായിരിക്കുകയാണല്ലോ. പൂര്‍ണ്ണഉടമസ്ഥതയിലുള്ള വാസ്തു ആയിരിക്കുക എന്നത് സകാത്ത് ബാധകമാവാനുള്ള ഒരു നിബന്ധനനയാണ്. കടം കൊടുത്ത സംഖ്യ അത് തിരികെ ലഭിക്കുന്നതുവരെ കടം കൊടുത്ത വ്യക്തിക്ക് കൈകാര്യം ചെയ്യാനോ പ്രയോജനം എടുക്കാനോ സാധിക്കാത്തതാണല്ലോ. അതിനാല്‍ അതിന് സകാത്ത് നല്കേണ്ടതില്ല.

3. കിട്ടാക്കടം: കൈവായ്പ്പയായി വാങ്ങിയ പണം തിരികെ ചോദിക്കുമ്പോഴോ, അവധി വെച്ച് നല്കിയ പണം അവധി കഴിഞ്ഞ് തിരികെ ലഭിക്കേണ്ട സമയത്തോ അത് തിരികെ നല്കാന്‍ വാങ്ങിയ വ്യക്തി ഏതെങ്കിലും കാരണത്താല്‍ അശക്തനായിരിക്കുകയോ അല്ലെങ്കില്‍ ബോധപൂര്‍വം നല്‍കാതിരിക്കുകയും ചെയ്യുന്ന കേസുകളില്‍, കടം കൊടുത്ത വ്യക്തി ആ സംഖ്യക്ക് സകാത്ത് നല്‍കേണ്ടതില്ല. എപ്പോഴാണോ അത് തിരികെ ലഭിക്കുന്നത് അപ്പോള്‍ ആ സംഖ്യ തന്‍റെ ആ വര്‍ഷത്തെ വരുമാനത്തില്‍ ചേര്‍ക്കുകയും വര്ഷം പൂര്‍ത്തിയാകുന്ന മുറക്ക് സകാത്ത് നല്കിയാല്‍ മതിയാകും.

കടം വാങ്ങിയ വ്യക്തി ഞെരുക്കം ഉള്ള അവസ്ഥയിലാണെങ്കില്‍ അയാള്‍ക്ക് സൌകര്യം ഉണ്ടാവുന്നത് വരെ സാവകാശം കൊടുക്കുക; അതിലും നല്ലത് ആ കടം സദഖ ആയി പരിഗണിക്കുന്നതാണ് നിങ്ങള്‍ക്ക് ഉത്തമം എന്ന ഖുര്‍ആനിക നിര്‍ദ്ദേശവും കൂടി ഓര്‍ത്തുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

“നിങ്ങളുടെ കടക്കാരന്‍ ഞെരുക്കത്തിലാണെങ്കില്‍ അയാള്‍ക്കു ക്ഷേമമാകുന്നതുവരെ അവധി കൊടുക്കുക. അതു ദാനമായി നല്‍കുന്നതാണ് ഏറെ ഉത്തമം; നിങ്ങള്‍ ഗ്രഹിക്കുന്നവരാണെങ്കില്‍” – സൂറ അല്‍ ബഖറ 280

📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

അബ്ദുസ്സലാം അഹ്മദ് നീർക്കുന്നം
അബ്ദുസ്സലാം അഹ്മദ്, ആലപ്പുഴ ജില്ലയില്‍ നീര്‍ക്കുന്നം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് “ഫഖീഹ് ഫിദ്ദീന്‍” ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് അറബി, വേള്‍ഡ് ഹിസ്റ്ററി ബിരുദം. 1991 മുതല്‍ 95 വരെ സൌദി അറേബ്യയില്‍ ജോലി ചെയ്തു. 1997 മുതല്‍ യു. ഏ. ഇ യില്‍ ജോലി ചെയ്യുന്നു. ഭാര്യയും 3 പെണ്‍കുട്ടികളും. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സിലബസ് കമ്മിറ്റി അംഗം, പരീക്ഷാ കണ്ട്രോളര്‍, അദ്ധ്യാപക പരിശീലനം, അദ്ധ്യാപനം, മദ്രസാ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍, എന്നിങ്ങനെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിലെ അനന്തരാവകാശം, സകാത്ത്, ഫിഖ്ഹ് വിഷയങ്ങളില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നു. ഇസ്ലാമിക വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുന്നു.

Recent Posts

Related Posts

error: Content is protected !!